UPDATES

ടെസ്‌ലയുടെ ‘ഗിയര്‍ കണ്‍ഫ്യൂഷന്‍’ ശതകോടീശ്വരിയുടെ ജീവനെടുത്തു

ഇലക്ട്രിക് കാറുകളുടെ സുരക്ഷാപ്രശ്‌നം വീണ്ടും ചര്‍ച്ചയാകുന്നു

                       

ഒരു ഷിപ്പിംഗ് ബിസിനസ്മാന്റെ അപകടമരണം ഇലക്ട്രിക് കാറുകളുടെ സുരക്ഷാപ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കിയിരിക്കുകയാണ്. ഷിപ്പിംഗ് കമ്പനിയായ ഫോര്‍മോസ്റ്റ് ഗ്രൂപ്പിന്റെ സിഇഒ ആഞ്ചെല ചാവോ ആണ് കാര്‍ വെള്ളത്തില്‍ വീണുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്. ഫെബ്രുവരി 11-ന് ആയിരുന്നു അഞ്ചെലയുടെ മരണ വാര്‍ത്ത പുറത്തുവന്നത്. അതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പിന്നാലെയാണ് വന്നത്. ഇലക്ട്രോണിക്‌സ് കാറുകളെ സംബന്ധിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നതാണ് ആഞ്ചെലയുടെ അപകട മരണം. ടെസ്‌ലയുടെ ഇലക്‌ട്രോണിക്‌സ് കാര്‍ ആയിരുന്നു അപകടത്തില്‍പ്പെട്ടത്.

ചൈനയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ബിസിനിസ് കുടുംബമായിരുന്നു ആഞ്ചെലയുടേത്. ജെയിംസ് സി-ചെങ്-ചാവോയുടെയും റൂത്ത് മുളന്‍ ചു ചാവോയുടെ മകളാണ് ശതകോടീശ്വരിയായ ആഞ്ചെല. ബ്രെയര്‍ കാപ്പിറ്റല്‍ സിഇഒയും വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റുമായ ജിം ബ്രെയര്‍ ആണ് ആഞ്ചെലയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് മൂന്നുവയസുള്ള മകനുണ്ട്. അമേരിക്കയിലെത്തിയശേഷം ജെയിംസ് സ്ഥാപിച്ച കമ്പനിയാണ് ഫോര്‍മോസ്റ്റ് ഗ്രൂപ്പ്. ആഞ്ചെലയുടെ മൂത്ത സഹോദരി എലെയ്ന്‍ ചാവോ ജോര്‍ജ് ബുഷ് ഭരണകാലത്ത് ലേബര്‍ സെക്രട്ടറിയായും ട്രംപിന്റെ കാലത്ത് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചുണ്ട്. യു എസ് സെനറ്ററും ന്യൂനപക്ഷ വിഭാഗ നേതാവുമായ മിച്ച് മക്‌കോണലാണ് എലെയ്‌ന്റെ ഭര്‍ത്താവ്.

ഫെബ്രുവരി ഒമ്പതിന് വാരാന്ത്യ അവധി ആഘോഷിക്കാന്‍ 50 കാരിയായ ആഞ്ചെലയും സുഹൃത്തുക്കളും ടെക്‌സാസിലെ ഓസ്റ്റനിലുള്ള അവരുടെ ഫാം ഹൗസില്‍ ഒത്തുകൂടിയിരുന്നു. അന്ന് രാത്രി ഏകദേശം 11.30 ഓടെ വീട്ടിലേക്ക് പോകാനായി ആഞ്ചേല ഇറങ്ങി. സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് കാറില്‍ കയറിയ ആഞ്ചേല, തന്റെ ടെസ്‌ലയുമായി അബദ്ധത്തില്‍ അതേ പറമ്പിലുണ്ടായിരുന്ന കുളത്തിലേക്ക് വീഴുകയായിരുന്നു. കാറിനുള്ളില്‍ ഇരുന്ന് ആഞ്ചേല ഫാം ഹൗസിലെ ഗസ്റ്റ് ഹൗസില്‍ തങ്ങിയിരുന്ന സുഹൃത്തിനെ ഫോണ്‍ വിളിച്ച് അപകടത്തെക്കുറിച്ച് പറഞ്ഞിരുന്നു. തുടര്‍ന്നുള്ള ഒരു മണിക്കൂര്‍ ആഞ്ചെലയെ പുറത്തെടുക്കാനുള്ള പരിശ്രമങ്ങളായിരുന്നു. ചില്ല് തകര്‍ത്ത് പുറത്തെടുക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. ഒടുവില്‍ രക്ഷാപ്രവര്‍ത്തകര്‍ കാര്‍ കുളത്തില്‍ നിന്നും പൊക്കി കരയിലെടുക്കുമ്പോഴേക്കും കാറില്‍ വെള്ളം നിറഞ്ഞ് ആഞ്ചേല മരണത്തിന് കീഴടങ്ങിയിരുന്നു. ഒഴിഞ്ഞ പ്രദേശത്തായിരുന്നു ആഞ്ചെലയുടെ ഫാം ഹൗസ് എന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അങ്ങോട്ടേക്ക് എത്തിച്ചേരുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. മാത്രമല്ല, കാര്‍ കരയിലേക്ക് എടുക്കാന്‍ ടൗ ട്രക്കില്‍ ബന്ധിപ്പിക്കുന്ന കേബിളുകളുടെ അഭാവവും രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു.

കാറിന്റെ ചില്ല് തകര്‍ക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ അതിലൂടെ ആഞ്ചെലയെ പുറത്തെത്തിക്കാനും ജീവന്‍ രക്ഷിക്കാനും സാധിക്കുമായിരുന്നു. ഇന്ന്, ആഢംബര കാറുകളുടയെല്ലാം ചില്ലുകള്‍ കട്ടികൂടിയ ലാമിനേറ്റഡ് ഗ്ലാസ് കൊണ്ടുള്ളതാണ്. ഉപഭോക്താക്കളുടെ സുരക്ഷയെക്കരുതിയാണ് ഇത്തരം ഗ്ലാസുകള്‍ ഉപയോഗിക്കുന്നതെങ്കിലും ആഞ്ചെലയുടെ കാര്യത്തില്‍ ചില്ലുകള്‍ വില്ലന്മാരാവുകയായിരുന്നു.

ദ വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്, മുന്നോട്ടു പോകുന്നതിന് പകരം, ആഞ്ചെല റിവേഴ്‌സ് ഗിയര്‍ ആണ് ഇട്ടതെന്നാണ്. ആഞ്ചെലയ്ക്ക് ഈ അബദ്ധം സംഭവിച്ചത് ടെസ്‌ലയുടെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ഗിയര്‍ ഷിഫ്റ്റ് ഡിസൈന്‍ മൂലമാണെന്നാണ് ആരോപണം. മുമ്പും പലര്‍ക്കും ഇതേ അബദ്ധം സംഭവിച്ചിട്ടുണ്ടെന്നാണ് പരാതി. ഡ്രൈവറെ കുഴപ്പിക്കുന്ന തരത്തിലുള്ള ഡിസൈന്‍ ആണ് ഗിയര്‍ഷിഫ്റ്റിന് നല്‍കിയിരിക്കുന്നതെന്നാണ് ഉപഭോക്താക്കള്‍ ആരോപിക്കുന്നത്. ഡിസൈനിലെ പിഴവുകളും റിവേഴ്‌സ് ഗിയര്‍ മാറിപ്പോകുന്ന പ്രശ്‌നങ്ങളും ടെസ്ല കാര്‍ ഉപഭോക്താക്കള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആശങ്കയാണെന്നാണ് ബിസിനസ് ഇന്‍സൈഡര്‍ എഴുതുന്നത്. റിവേഴ്‌സ് ഗിയറുമായി ബന്ധപ്പെട്ട് യു എസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കിട്ടിയ പന്ത്രണ്ട് പരാതികള്‍ ബിസിനസ് ഇന്‍സൈഡര്‍ പരിശോധിച്ചിരുന്നു. ടച്ച് സ്‌ക്രീന്‍, ഇന്‍ഡികേറ്റര്‍, പി.ആര്‍.എന്‍.ഡി(പാര്‍ക്ക്, റിവേഴ്‌സ്,ന്യൂട്രല്‍, ഡ്രൈവ്, ലോ) എന്നിവയെക്കുറിച്ച് വലിയ പരാതികള്‍ ഉയര്‍ത്തുന്നതാണ് ടെസ്‌ലയുടെ 2021 നു ശേഷമിറങ്ങിയ കാറുകള്‍. മറ്റൊരു പരാതി ടെസ്‌ല കാറുകളില്‍ ഓട്ടോപൈലറ്റ് മോഡില്‍ പ്രവര്‍ത്തിക്കുന്ന ഫാന്റം ബ്രേക്കിംഗ് സംവിധാനത്തെക്കുറിച്ചാണ്(മുന്നില്‍ എന്തെങ്കിലും തടസം ഉണ്ടെന്ന് കരുതി സെന്‍സര്‍ വഴി കാര്‍ ഓട്ടോമാറ്റിക്കലി ബ്രേക്ക് ഇടുന്ന സംവിധാനമാണ് ഫാന്റം ബ്രേക്കിംഗ്). ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് പോലും ഇത്തരത്തില്‍ ഓട്ടോമാറ്റിക്കായി ബ്രേക്ക് ഇടുന്നതുമൂലം അപകടങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

ആഞ്ചെല ചാവോയ്ക്ക് സംഭവിച്ചതിന് സമാനമായി ബെംഗളൂരുവില്‍ നടന്നൊരു അപകടം ദ ഇന്ത്യന്‍ എക്‌സ്പ്രസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. 2023 മേയില്‍ 22 കാരിയായ ഒരു എഞ്ചിനീയര്‍ അണ്ടര്‍ പാസിലെ വെള്ളക്കെട്ടില്‍ അകപ്പെട്ട കാറിനുള്ളില്‍ നിന്നും രക്ഷപ്പെടാനാകാതെ മരിച്ചു പോയിരുന്നു. കനത്ത മഴയെ തുടര്‍ന്ന് നഗരഹൃദയത്തിലെ കെ ആര്‍ സര്‍ക്കിളിലുള്ള അണ്ടര്‍പാസ് ആള്‍പൊക്കത്തില്‍ വെള്ളം നിറഞ്ഞിരുന്നു. ഇവിടേയ്ക്ക് അറിയാതെ വന്നുപെട്ട കാറിലായിരുന്നു ഇന്‍ഫോസിസില്‍ ഉദ്യോഗസ്ഥയായിരുന്ന ഭാനുരേഖയെന്ന പെണ്‍കുട്ടിയുമുണ്ടായിരുന്നത്. ഡ്രൈവര്‍ ഉള്‍പ്പെടെ മൊത്തം ഏഴുപേര്‍ വാഹനത്തിലുണ്ടായിരുന്നു. ആറുപേരെയും പ്രദേശവാസികള്‍ രക്ഷപ്പെടുത്തിയെങ്കിലും ഭാനുരേഖയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

വെള്ളത്തില്‍ വീണുപോകുന്ന വാഹനങ്ങളില്‍ കുടുങ്ങുന്നത് ഏറ്റവും അപകടകരമായ അവസ്ഥയാണ്. വിന്‍ഡോ ഗ്ലാസുകള്‍ തകര്‍ത്ത് പുറത്തുവരാന്‍ ഉള്ളിലുള്ളവര്‍ക്ക് പരമാവധി കിട്ടുന്ന സമയം 30 സെക്കന്‍ഡ് മുതല്‍ രണ്ട് മിനിട്ട് വരെയാണെന്നാണ് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളത്തില്‍ വീഴുന്നൊരു കാര്‍ രണ്ട് മിനിട്ടിനുള്ളില്‍ പൂര്‍ണമായി മുങ്ങിപ്പോകുമെന്നാണ് കണക്ക്. വെള്ളത്തില്‍ വീണ കാറിന്റെ ഇലക്ട്രിക് വിന്‍ഡോകള്‍ 60 സെക്കന്‍ഡ് കഴിഞ്ഞാല്‍ പിന്നെ താഴ്ത്താന്‍ സാധിക്കില്ല. ആ സമയത്തിനു മുമ്പ് പുറത്തു കടക്കണം. വെള്ളത്തില്‍ വീണ കാറിന്റെ ഡോറുകളും വിന്‍ഡോകളും ജലസമ്മര്‍ദ്ദത്താല്‍ തുറക്കുക വളരെ ബുദ്ധിമുട്ടായിരിക്കും. മുങ്ങിക്കൊണ്ടിരിക്കുന്ന കാറിനുള്ളില്‍ ഇരുന്ന് സഹായത്തിനായി മറ്റൊരാളെ വിളിക്കുന്നത്(ആഞ്ചെല ചാവോ ചെയ്തതുപോലെ) നിങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താന്‍ മാത്രമെ ഉപകരിക്കൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒട്ടും സമയം പഴാക്കാതെ ചെയ്യേണ്ടത്, സീറ്റ് ബല്‍റ്റ് ഊരി, വിന്‍ഡോ ഗ്ലാസ് താഴ്ത്തി പുറത്തു കടക്കാനാണ്. വിന്‍ഡോയുടെ ബട്ടണ്‍ ജാം ആയെങ്കില്‍ എങ്ങനെയെങ്കിലും ചില്ല് തകര്‍ക്കാന്‍ ശ്രമിക്കണം. ഇത് ദുര്‍ഘടം പിടിച്ച ജോലിയായിരിക്കും. വിന്‍ഡ്‌സ്‌ക്രീന്‍(മുന്‍വശത്തെ ചില്ല്) തകര്‍ക്കാന്‍ ശ്രമിക്കാതിരിക്കുക. കാരണം, ഇത് ഏറ്റവും കട്ടിയേറിയ ഗ്ലാസ് കൊണ്ടായിരിക്കും നിര്‍മിച്ചിരിക്കുക. അതിനാല്‍ തകര്‍ക്കുന്നത് അസാധ്യമായിരിക്കും, അത്രയും സമയം നിങ്ങള്‍ക്ക് നഷ്ടപ്പെടുകയും ചെയ്യും. നിങ്ങള്‍ പുറത്തിറങ്ങുന്നതിനു മുമ്പ് അകത്ത് വെള്ളം നിറഞ്ഞാല്‍ കുറച്ചു സമയം കാത്തിരിക്കുക, കാറിന് അകത്തും പുറത്തുമുള്ള ജല സമ്മര്‍ദ്ദം തുല്യമാക്കുന്നതിന് വഴിയൊരുക്കുകയും ഡോറുകള്‍ തുറക്കുന്നത് എളുപ്പമാക്കുകയും ചെയ്യും. ഈ കാത്തിരിപ്പിന്റെ സമയത്ത് നിങ്ങളൊരിക്കലും പരിഭ്രാന്തരാകരുത്. കാറിനുള്ളില്‍ നിറച്ച് വെള്ളമായിരിക്കും, പക്ഷേ നിങ്ങള്‍ ഭയപ്പെടാതെ, ശ്വാസം അടക്കിപ്പിടിച്ച് കാത്തിരിക്കണം. എപ്പോഴും ശ്രമിക്കേണ്ടത്, ജലനിരപ്പ് കാര്‍ വിന്‍ഡോയ്ക്ക് താഴെയായിരിക്കുമ്പോള്‍ രക്ഷപ്പെടാനായിരിക്കണം. അതാണ് ഏറ്റവും സുരക്ഷിതമായ രക്ഷാസമയം എന്നാണ് വിദഗ്ധരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്.

Share on

മറ്റുവാര്‍ത്തകള്‍