UPDATES

സയന്‍സ്/ടെക്നോളജി

ടെസ്‌ലയിൽ കൂട്ട പിരിച്ചു വിടൽ

10 ശതമാനം ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ഇലോൺ മസ്ക്

                       

തങ്ങളുടെ 10 ശതമാനത്തിലധികം തൊഴിലാളികളെ പിരിച്ച് വിടാനൊരുങ്ങി ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ല. ഇത് ഒരു അനിവാര്യമായ മാറ്റമാണെന്നും, പ്രാബല്യത്തിൽ വരേണ്ടത് അത്യാവശ്യമാണെന്നും ഇലോൺ മസ്ക് തന്റെ ജീവനക്കാരോട് പറഞ്ഞതായി വാർത്താ വെബ്‌സൈറ്റായ ഇലക്‌ട്രെക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിൽപന കുറഞ്ഞതാണ് കൂട്ടപിരിച്ചുവിടൽ നടത്താൻ ടെസ്‍ല​യെ പ്രേരിപ്പിക്കുന്ന ഘടകം.

വിപണി മൂല്യമനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമ്മാതാവിന് ഡിസംബർ വരെ ആഗോളതലത്തിൽ 140,473 ജീവനക്കാരുണ്ടെന്നാണ് ടെസ്‌ലയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നത്. എന്നാൽ വിഷയത്തെ സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ടു കൊണ്ടുള്ള മാധ്യമങ്ങളുടെ അഭ്യർത്ഥനയോട് ടെസ്‌ല ഇതുവരെ പ്രതികരിച്ചിട്ടില്ല.

‘ഞങ്ങൾ സ്ഥാപനത്തെ കുറിച്ച് സമഗ്രമായ അവലോകനം നടത്തുകയും, ആഗോളതലത്തിൽ ഞങ്ങളുടെ തൊഴിലകളുടെ എണ്ണം 10 ശതമാനത്തിലധികം കുറയ്ക്കാനുള്ള തീരുമാനം കൈകൊണ്ടിരിക്കുകയുമാണ്. ബുദ്ധിമുട്ടുള്ള തീരുമാനമാണ് പക്ഷെ ഈ തീരുമാനം നടപ്പിലാക്കേണ്ടത് അനിവാര്യമായി തീർന്നിരിക്കുകയാണ്. ഞാൻ കൂടുതൽ വെറുക്കുന്ന മറ്റൊരു നീക്കമില്ല, പക്ഷേ ഇത് ചെയ്തേ മതിയാകു. അടുത്ത വളർച്ചാ ഘട്ടത്തിൽ പുതുമയുള്ളവരും കാര്യക്ഷമമായും പ്രവർത്തിക്കാൻ ഈ തീരുമാനം കമ്പനിയെ പ്രാപ്തരാക്കുന്നതാണ്.’ എന്നാണ് ഇലോൺ മസ്കിൽ നിന്നുള്ള ഇമെയിൽ പറയുന്നത്

മറ്റെല്ലാ ജീവനക്കാരെയും പിരിച്ചുവിട്ടപ്പോൾ സംഭവിച്ചത് പോലെ, തൻ്റെ ഇമെയിലുകളും പിന്നീട് ലോക്ക് ഔട്ട് ചെയ്യപ്പെട്ടതായി തീരുമാനത്തിലൂടെ t ജോലി നഷ്ടപെട്ട ടെസ്‌ല ജീവനക്കാരൻ ബിബിസിയോട് പറഞ്ഞു.

18 വർഷത്തിന് ശേഷം സ്ഥാപനം വിടാനുള്ള ബുദ്ധിമുട്ടുള്ള തീരുമാനമാണ് താൻ സ്വീകരിച്ചിരിക്കുന്നതെന്ന് ടെസ്‌ലയുടെ എക്‌സിക്യൂട്ടീവ് ടീമിലൊരാളായ ആൻഡ്രൂ ഡ്രൂ ബാഗ്‌ലിനോ, തിങ്കളാഴ്ച എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു. ടെസ്‌ലയുടെ വെബ്‌സൈറ്റിലെ രേഖകൾ പ്രകാരം, 2019 മുതൽ ടെസ്‌ലയുടെ പവർട്രെയിൻ ആൻഡ് എനർജി എഞ്ചിനീയറിംഗ് ടീമിൻ്റെ സീനിയർ വൈസ് പ്രസിഡൻ്റായി ആൻഡ്രൂ ഡ്രൂ ബാഗ്‌ലിനോ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പബ്ലിക് പോളിസിയും ബിസിനസ് ഡെവലപ്‌മെന്റ് വിഭാഗത്തിലെ മറ്റൊരു എക്‌സിക്യൂട്ടീവായ രോഹൻ പട്ടേലും ടെസ്‌ലയിൽ നിന്ന് വിടപറയാൻ ഒരുങ്ങുകയാണ്. സ്ഥാപനത്തിൽ വലിയ സംരംഭങ്ങൾ നയിക്കാൻ അവസരം നൽകിയതിനും അദ്ദേഹത്തെ സ്വയം ശാക്തീകരിക്കാൻ അവസരം നൽകിയതിനും രോഹൻ പട്ടേൽ ഇലോൺ മസ്‌കിനോട് വ്യക്തിപരമായി നന്ദി പറഞ്ഞു. വെല്ലുവിളികൾ നേരിടുമ്പോൾ പോലും ടീമിൻ്റെ ഒരിക്കലും വിട്ടുകൊടുക്കാത്ത മനോഭാവവും വിഭവസമൃദ്ധവും നിശ്ചയദാർഢ്യവും കഴിവുമാണ് ടെസ്‌ലയെ ജോലി ചെയ്യാനുള്ള മികച്ച ഇടമാക്കുന്നതെന്ന് താൻ കരുതുന്നതായും രോഹൻ പറഞ്ഞു.

 

റണ്ണിംഗ് പോയിൻ്റ് ക്യാപിറ്റൽ അഡൈ്വസേഴ്‌സിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് ഓഫീസർ മൈക്കൽ ആഷ്‌ലി ഷുൽമാൻ വിശ്വസിക്കുന്നത്, ടെസ്‌ല പ്രധാന വളർച്ചാ ഘട്ടത്തിൽ കാര്യമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് എന്നാണ്. ജോലി വെട്ടിക്കുറയ്ക്കൽ പ്രഖ്യാപനത്തേക്കാൾ കൂടുതൽ ആശങ്കാജനകമായ സൂചനയായാണ് ആഷ്‌ലി കാണുന്നത്.

ഓരോ അഞ്ച് വർഷം കൂടുമ്പോഴും അടുത്ത ഘട്ടത്തിലേക്കുള്ള വളർച്ചക്ക് വേണ്ടി കമ്പനിയെ പുനഃക്രമീകരിക്കാറുണ്ടെന്ന് പിരിച്ച് വിടൽ വാർത്തക്ക് പിന്നാലെ ഇലോൺ മസ്ക് എക്‌സിൽ കുറിച്ചിരുന്നു.

 

പുതിയ മോഡലുകൾ വികസിപ്പിച്ചെടുക്കുന്നതിനാലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയിലും ടെസ്‌ല നിക്ഷേപം നടത്തുമ്പോൾ നേരിടുന്ന സമ്മർദ്ദങ്ങളുടെ പ്രതിഫലനമായാണ് എന്നിവിടങ്ങളിൽ നിന്നുള്ള വിശകലന വിദഗ്ധർ ടെസ്‌ലയുടെ ജോലി വെട്ടിക്കുറയ്ക്കലിനെ അനുമാനിക്കുന്നത്. 2022ലും സമാനമായി ഇലോൺ മസ്ക് ജീവനക്കാരെ പിരിച്ച് വിട്ടിരുന്നു 2021ന്റെ അവസാനം ഒരു ലക്ഷത്തോളം ജീവനക്കാരാണ് ടെസ്‍ലയിൽ ഉണ്ടായിരുന്നതെങ്കിൽ 2023ൽ അത് 140,000മായി ഉയർന്നിരുന്നു.

ഏപ്രിൽ മാസം അവസാനത്തിൽ ആദ്യ പാദ വരുമാനം റിപ്പോർട്ട് ചെയ്യാൻ ടെസ്‌ല തയ്യാറെടുക്കുകയാണ്, എന്നാൽ ഇതിനോടകം തന്നെ ടെസ്‌ലയുടെ വാഹന വിതരണത്തിൽ ഇടിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാല് വർഷത്തിനിടയിൽ ആദ്യമായാണ് ടെസ്‌ലയുടെ വിപണി പ്രതീക്ഷകൾക്ക് താഴേക്ക് വരുന്നത്. ചില വിദഗ്ധർ ടെസ്‌ലയുടെ അവസ്ഥയെ പ്രക്ഷുബ്ധം എന്നാണ് വിശേഷിപ്പിച്ചത്.

മാർച്ചിൽ ടെസ്‌ല ഷാങ്ഹായിലെ ഗിഗാഫാക്‌ടറിയിൽ തങ്ങളുടെ ഉൽപ്പാദനം കുറച്ചിരുന്നു, ഓസ്റ്റിനിലെ പ്രൊഡക്ഷൻ ലൈനിൽ ഷിഫ്റ്റുകൾ കുറവായിരിക്കുമെന്ന് ടെസ്‌ല സൈബർട്രക്കിൽ ജോലി ചെയ്യുന്ന ജീവനക്കാരോട് ഏപ്രിൽ രണ്ടാം ആഴ്ച വ്യക്തമാക്കിയിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ആവശ്യകത കുറയുന്നതിൻ്റെ ആഘാതം ടെസ്‌ലയിൽ പ്രകടമാകുന്നു എന്നതിന്റെ സൂചനകളാണ് റിപോർട്ടുകൾ നൽകുന്നത്.

അതേസമയം, വില കുറഞ്ഞ കാർ നിർമിക്കാനുള്ള പദ്ധതി കമ്പനി ഉപേക്ഷിച്ചതാണ് കൂട്ട പിരിച്ചുവിടലിന് കാരണമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട്. എന്നാൽ, പദ്ധതി കമ്പനി ഉപേക്ഷിച്ചുവെന്ന റിപ്പോർട്ടുകൾ ഇലോൺ മസ്‌ക് നിഷേധിച്ചു, ജനങ്ങൾക്ക് താങ്ങാനാവുന്ന ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുക എന്ന തൻ്റെ ദീർഘകാല ലക്ഷ്യങ്ങളിലൊന്നാണ് എന്നും വ്യക്തമാക്കിയിരുന്നു.

തിങ്കളാഴ്ച നടന്ന പ്രീമാർക്കറ്റ് ട്രേഡിംഗിൽ ടെസ്‌ലയുടെ ഓഹരികൾ 0.8% ഇടിവ് നേരിട്ടു

 

Share on

മറ്റുവാര്‍ത്തകള്‍