UPDATES

4000 ജീവനക്കാരെ പിരിച്ചു വിടാന്‍ ബൈജൂസ്

ചെലവ് ചുരുക്കാന്‍ പുതിയ സിഇഒ-യുടെ മാസ്റ്റര്‍ പ്ലാന്‍

                       

വന്‍ സാമ്പത്തിക പ്രതിസന്ധികളും, ക്രമക്കേട് ആരോപണങ്ങളും നേരിടുന്ന ബൈജൂസ് കരാര്‍ അടിസ്ഥാനത്തിലുള്ളവര്‍ ഉള്‍പ്പെടെ 4000 ജീവനക്കാരെ ഒഴിവാക്കാന്‍ തീരുമാനിക്കുന്നതായി വിവരം. കമ്പനിയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ചുമതലയേറ്റതിനു പിന്നാലെയാണ് പുതിയ നീക്കത്തിനൊരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ എഡ്യൂക്കേഷണല്‍ ടെക് സ്റ്റാര്‍ട്ടപ്പ് എന്ന വിശേഷണം പേറി ആഗോള തലത്തില്‍ ഖ്യാതി നേടിയ ബൈജൂസില്‍ നിന്നും അതിന്റെ സീനിയര്‍ എക്‌സിക്യൂട്ടീവ് പദവിയുള്ള ജീവനക്കാര്‍ വരെ പുറത്തു പോകുമെന്നാണ് അറിയുന്നത്. ചെലവ് വെട്ടിക്കുറയ്ക്കലാണ് കാരണമായി പറഞ്ഞു കേള്‍ക്കുന്നത്. കാരാര്‍ ജീവനക്കരെ പിരിച്ചു വിടുന്നതിനൊപ്പം നിലവിലെ ജീവനക്കരുടെ പ്രകടനം മെച്ചപ്പെടുത്താനും കമ്പനി ലക്ഷ്യം വച്ചിട്ടുണ്ടെന്നാണ് ദ മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുതിയ സിഇഒ അര്‍ജുന്‍ മോഹന്‍ ചൊവ്വാഴ്ച ചില മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ജീവനക്കാരെ ഔദ്യോഗികമായി പുറത്താക്കിയിട്ടില്ലെങ്കിലും അവരില്‍ പലരെയും അവരുടെ ടീമുകളെയും പിരിച്ചുവിടല്‍ ബാധിക്കും. ഈ ആഴച്ച അവസാനമോ അടുത്ത ആഴച്ച ആദ്യമോ മാത്രമേ പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിക്കാന്‍ സാധ്യതയുള്ളൂ.

ബൈജൂസ് ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ജീവനക്കാരുടെയും റീജിയണല്‍ സെയില്‍സ് ഓഫീസുകളിലെ ജീവനക്കാരുടെയും ആധിക്യം കുറയ്ക്കുകയാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് വിവരം. 19 റീജിയണല്‍ ഓഫീസുകളില്‍ നിന്ന്, കമ്പനിക്ക് ഇനി നാല്-അഞ്ച് സ്ഥലങ്ങളില്‍ മാത്രമേ ഓഫീസുകള്‍ ഉണ്ടാകൂ. ഈ മാസം 20 നാണ് അര്‍ജുന്‍ മോഹനെ ഇന്ത്യ മേധാവിയായി നിയമിച്ചത്. മുന്‍ അപ്ഗ്രേഡ് എക്സിക്യൂട്ടീവ് കൂടിയായ അര്‍ജുന്‍ മോഹന്‍ കമ്പനിയുടെ 75 ശതമാനത്തിലധികം വരുമാനത്തിന്റെ ഉത്തരവാദിത്തം നോക്കേണ്ടതായുണ്ട്.

ബിസിനസ്സ് ലാഭകരമാക്കുന്നതിനും ചെലവ് ചുരുക്കുന്നതിന്റെയും ലളിതവും കാര്യക്ഷമവുമായ പുനക്രമീകരണത്തിന്റെ വഴികളിലേക്ക് കടക്കുകയാണ് ബൈജൂസ്. കമ്പനിയുടെ ഇന്ത്യ സിഇഒ അര്‍ജുന്‍ മോഹന്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കുമെന്നും ബൈജുസിന്റെ വക്താവ് പ്രസ്താവനയില്‍ പറയുന്നുണ്ട്. മാതൃക കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡില്‍, അനുബന്ധ ജീവനക്കാരെ മാറ്റി നിര്‍ത്തി, കരാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 19,000-ത്തിലധികം ജീവനക്കാര്‍ ഓഗസ്റ്റ് അവസാനം വരെയുണ്ടായിരുന്നു. പിരിച്ചുവിടല്‍ നടപടികള്‍ പൂര്‍ത്തിയായാല്‍, മൊത്തം ജീവനക്കാരുടെ എണ്ണം 15,000 ആയി കുറയും. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സെയില്‍സ് ടീമിലെ കരാര്‍ ജീവനക്കാരെ ബാധിക്കുന്ന ജോലികള്‍ വെട്ടിക്കുറക്കുന്ന നടപടികള്‍ സ്വീകരിച്ചിരുന്നു. ഓണ്‍-ഗൗണ്ട് സെയില്‍സ് ടീമിലെ കരാര്‍ ജീവനക്കാരെയാണ് പിരിച്ചുവിടല്‍ പ്രധാനമായും ബാധിച്ചത്. 2021 നവംബറില്‍ യുഎസില്‍ നിന്ന് സമാഹരിച്ച 1.2 ബില്യണ്‍ ഡോളറിന്റെ ടേം ലോണ്‍ ബിയുടെ കടം നല്‍കിയവര്‍ക്കെതിരെ ബൈജൂസ് കേസ് ഫയല്‍ ചെയ്ത സമയത്താണ് ചിലവ് കുറക്കുന്നതിനായുള്ള ഈ നടപടികള്‍ വരുന്നത്. 2020-2021 ലെ കണക്കുകള്‍ പ്രകാരം കമ്പനിക്ക് 4,588 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഒരു ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ സാധ്യതയുള്ള പുതിയ ഓഹരി ഉടമകളുമായി ബൈജു രവീന്ദ്രന്‍ അന്ന് ചര്‍ച്ച നടത്തിയിരുന്നു.

കൂടാതെ യുഎസ് ആസ്ഥാനമായുള്ള വിദ്യാഭ്യാസ ഗെയിമിംഗ് കമ്പനിയായ ഓസ്‌മോ വാങ്ങുന്നതിനായി 2019-ല്‍ ബൈജു 120 മില്യണ്‍ ഡോളര്‍ സ്റ്റോക്കും പണവും നല്‍കിയിരുന്നു. 1.2 ബില്യണ്‍ ഡോളര്‍ തിരിച്ചടയ്ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഗ്ലാസ് ട്രസ്റ്റ് കമ്പനിയും നിക്ഷേപകനായ തിമോത്തി ആര്‍ പോളും ബൈജുവിന്റെ ആല്‍ഫ, ടാന്‍ജിബിള്‍ പ്ലേ, ഇന്‍കോര്‍പ്പറേറ്റ്, റിജു എന്നിവര്‍ക്കെതിരെ കേസും നിലവിലുണ്ട്.

12 വര്‍ഷം മുന്‍പ്, 2011-ലാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ ബംഗളൂരുവില്‍ ബൈജൂസ് സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ടത്. 2012ല്‍ ‘വിദ്യാര്‍ഥ’ എന്ന കമ്പനിയെ ഏറ്റെടുത്താണ് ബൈജൂസ് ഏറ്റെടുക്കലിലൂടെ വിപുലീകരണം ആരംഭിക്കുന്നത്. പിന്നീട് 2022 വരെയുള്ള കാലയളവിനുള്ളില്‍ 20 ഓളം ഏറ്റെടുക്കലുകളാണ് ബൈജൂസ് നടത്തിയത്. ഇവയെല്ലാം തന്നെ കോടികളുടെ ആസ്തികള്‍ വിലമതിക്കുന്ന ഏറ്റെടുക്കലുകളിയിരുന്നു.

2017ല്‍ 100 കോടി ഡോളര്‍ അഥവാ 8,200 കോടി രൂപ നിക്ഷേപക മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് എന്ന യൂണീകോണ്‍ പട്ടം സ്വന്തമാക്കിയ ബൈജൂസ് പിന്നീടങ്ങോട്ട് കുതിച്ചുചാട്ടമാണ് നടത്തിയത്. 2020 ജനുവരിയില്‍ 800 കോടി കോടി ഡോളറായിരുന്ന (65,500 കോടി രൂപ) ബൈജൂസിന്റെ മൂല്യം. 2021 ഏപ്രിലില്‍ 1,500 കോടി ഡോളറിലെത്തിയിരുന്നു (1.23 ലക്ഷം കോടി രൂപ).

ട്യൂട്ടര്‍വിസ്ത, മാത്ത് അഡ്വഞ്ചേഴ്സ്, ഒസ്മോ, വൈറ്റ്ഹാറ്റ് ജൂനിയര്‍, ലാബിന്‍ ആപ്പ്, സ്‌കോളര്‍, ഹാഷ്ലേണ്‍, ആകാശ് എജ്യൂക്കേഷന്‍ സര്‍വീസസ്, എപിക്, ഗ്രേറ്റ് ലേണിംഗ്, ഗ്രേഡപ്പ്, ടിങ്കര്‍, ജിയോജിബ്ര തുടങ്ങിയവയാണ് ബൈജൂസ് ഏറ്റെടുത്ത പ്രമുഖ കമ്പനികള്‍. ഈ കമ്പനികള്‍ ഉള്‍പ്പടെ നിക്ഷേപം നടത്തിയ മറ്റു കമ്പനികളും വിറ്റഴിച്ചും കട ബാധ്യത കുറക്കുന്നതിനും ബൈജൂസ് നടപടിയെടുത്തിരുന്നു. അമേരിക്കന്‍ വായ്പാദാതാക്കളില്‍ നിന്നെടുത്ത മുതലും പലിശയും തീര്‍ക്കുക എന്നതായിരുന്നു ഈ വിറ്റഴിക്കലിന്റെ പ്രധാന ഉദ്ദേശ്യം. 120 കോടി ഡോളറിന്റെ (ഏകദേശം 9,800 കോടി രൂപ)ബാധ്യതയായിരുന്നു ബൈജൂസിനുണ്ടായിരുന്നത്.

Share on

മറ്റുവാര്‍ത്തകള്‍