UPDATES

സയന്‍സ്/ടെക്നോളജി

രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മൈക്രോസോഫ്റ്റ് ഗെയിമിംഗ് വിഭാഗം

ആക്ടിവിഷൻ ബ്ലിസാർഡ്, എക്‌സ്‌ബോക്‌സ് തുടങ്ങിയവയിൽ നിന്നുള്ള ഗെയിമിംഗ് ഡിവിഷനിലെ ഏകദേശം 1,900 പേരെ പിരിച്ചു വിടാൻ ഒരുങ്ങുന്നു എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

                       

സാമ്പത്തിക പ്രതിസന്ധി പല ടെക്ക് ഭീമന്മാരുടെയും കഴുത്ത് ഞെരിക്കുന്ന വില്ലനാണ്. അത്തരം ബുദ്ധിമുട്ടുകളെ അതിജീവിക്കാൻ പല കമ്പനികളും അവലംബിക്കുന്ന മാർഗമാണ് സ്ഥാപനത്തിലെ തൊഴിലാളികളെ പിരിച്ചുവിടുകയെന്നത്. ഗൂഗിൾ, ഫേസ്ബുക് തുടങ്ങി നിരവധി കമ്പനികളാണ് 2023 ൽ വലിയ തോതിൽ തൊഴിലകളെ പിരിച്ചു വിട്ടത്. ഇപ്പോഴിതാ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കമ്പനിയായ മൈക്രോസോഫ്റ്റും അതേ പാത പിന്തുടർന്നിരിക്കുകയാണ്.

ടെക്ക് ഭീമനായ മൈക്രോസോഫ്റ്റും പിരിച്ചുവിടൽ നടപടികൾ സ്വീകരിച്ചിരിക്കുകയാണെന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ വ്യക്തമാക്കുന്നത്. 2023 ൽ മൈക്രോ സോഫ്റ്റ് ഏറ്റെടുത്ത ഗെയിമിംഗ് കമ്പനികളായ ആക്ടിവിഷൻ ബ്ലിസാർഡ്, എക്‌സ്‌ബോക്‌സ് തുടങ്ങിയവയിൽ നിന്നുള്ള ഗെയിമിംഗ് ഡിവിഷനിലെ ഏകദേശം 1,900 പേരെ പിരിച്ചു വിടാൻ ഒരുങ്ങുന്നു എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മൈക്രോസോഫ്റ്റ് ഗെയിമിംഗ് വിഭാഗത്തിൽ 22,000 ജീവനക്കാരുണ്ടായിരുന്നു. 2023 ഒക്ടോബറിലാണ് “കോൾ ഓഫ് ഡ്യൂട്ടി” നിർമ്മാതാക്കളായ ആക്റ്റിവിഷൻ ബ്ലിസാർഡിനെ 69 ബില്യൺ ഡോളർ നൽകി മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്. മൈക്രോസോഫ്റ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്ക ലായിരുന്നുവിത്.

കൺസ്യൂമർ ന്യൂസ് ആൻഡ് ബിസിനസ് (സി എൻ ബി സി) ചാനലിന്റെ റിപ്പോർട്ട് പ്രകാരം അധിക ചിലവുകൾ കുറക്കുന്നതിനാണ് കൂടുതൽ പ്രയോഗക്ഷമമായി പ്രവർത്തിക്കുന്നതിനും വേണ്ടിയാണ് നിലവിലെ പിരിച്ചു വിടലെന്നു മൈക്രോസോഫ്റ്റ് ഗെയിമിംഗ് സിഇഒ ഫിൽ സ്പെൻസർ പറഞ്ഞു. മൈക്രോ ക്രോസോഫ്റ്റിൽ നിന്ന് സി എൻ ബി സിക്ക് ലഭിച്ച മെമ്മോയിൽ കമ്പനിയിൽ ഉണ്ടായ പിരിച്ചുവിടലുകൾ വേദനാജനകമാണെന്ന് ഫിൽ സ്പെൻസർ സൂചിപ്പിച്ചതായി റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. മൈക്രോ സോഫ്റ്റ് ഏറ്റെടുത്ത ഗെയിമിംഗ് കമ്പനികളായ ആക്ടിവിഷൻ ബ്ലിസാർഡ്, സെനിമാക്‌സ്, എക്‌സ്‌ബോക്‌സ് തുടങ്ങിയവയുടെ വൻ വിജയത്തിൽ പ്രധാന സ്ഥാനം വഹിച്ചവരും കൂടിയായാണ് പിരിച്ചു വിടുന്ന ഗെയിമിംഗ് ടീം അംഗങ്ങൾ എന്നും കമ്പനിക്കുണ്ടായ നേട്ടങ്ങളിലിലെല്ലാം തന്നെ അഭിമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ വളർച്ച കൈവരിക്കുന്നതിനായി മറ്റു മേഖലകളിൽ നിക്ഷേപങ്ങൾ നടത്താൻ ഒരുങ്ങുകയാണെന്നും ലോകമെമ്പാടുമുള്ള ഗെയ്മിംഗ് ആസ്വാദകർക്ക് കൂടുതൽ ഗെയിമുകൾ എത്തിക്കാൻ ഒരുങ്ങുകയാണ് എന്നും ഫിൽ സ്പെൻസർ കൂട്ടിച്ചേർത്തു. ഒപ്പം ആഗോളതലത്തിൽ ഗെയിം ഓഫറുകൾ വികസിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ വികസിപ്പിക്കുന്നതിനായുള്ള മൈക്രോസോഫ്റ്റിന്റെ തീരുമാനങ്ങളെ കുറിച്ചും ഫിൽ സ്‌പെൻസർ പറഞ്ഞു.

2024 ഗെയിമിംഗ് മേഖലയ്ക്ക് അത്ര സുഖകരമല്ലാത്ത വർഷമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള  അമേരിക്കൻ വീഡിയോ ഗെയിം ഡെവലപ്പറായ ‘റയറ്റ് ഗെയിംസ്’ ജനുവരി ആദ്യവാരത്തിൽ 530 ജീവനക്കാരെ പിരിച്ചുവിടുകയും റയറ്റ് ഫോർജ് എന്ന സ്ഥാപനം അടച്ച് പൂട്ടുകയും ചെയ്തിരുന്നു. സമാനമായ രീതിയിൽ ഗിയർബോക്‌സിൻ്റെ ഉടമസ്ഥതയിലുള്ള 2017-ൽ സ്ഥാപിതമായ ഗെയിം ഡെവലപ്‌മെൻ്റ് സ്റ്റുഡിയോ ആയ ‘ലോസ്റ്റ് ബോയ്സ് ഇൻ്ററാക്ടീവ്’ 400 ല്‍ അധികം ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ആമസോണിൻ്റെ ഉടമസ്ഥതയിലുള്ള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ട്വിച്ചിൽ 500 പേരെയാണ് 2024 -ൽ പിരിച്ചുവിട്ടത്. കാലിഫോർണിയയിലെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ വീഡിയോ ഗെയിം കമ്പനിയായ ഇലക്ട്രോണിക് ആർട്സ് 1000 ത്തോളം ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. കണക്കുകൾ പ്രകാരം 2023 -ൽ ഗെയിമിംഗ് ഇൻഡസ്‌ട്രിയിലെ ആകെ തൊഴിൽ നഷ്‌ടപെട്ടവരുടെ എണ്ണം 10,000-ലധികമാണ്, എന്നിരുന്നാലും യഥാർത്ഥ കണക്കുകൾ ഇതിലും കൂടുതലാണെന്ന് കരുതപ്പെടുന്നത്. ജീവിത ചിലവുകൾ ഉയർന്നതും കൊവിഡ് പാൻഡമിക്കും ഗെയിമിംഗ് വ്യവസായത്തിൽ ഗണ്യമായ കുറവുണ്ടാക്കിയത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Share on

മറ്റുവാര്‍ത്തകള്‍