UPDATES

ഫിനാന്‍സ്/ ബിസിനസ്‌

പുതുവര്‍ഷത്തില്‍ ബ്ലാക് റോക്ക് പ്രഹരം; കഷ്ടകാലം മാറാതെ ബൈജൂസ്

മൂലധനം സമാഹരിക്കുന്നതിലെ ബുദ്ധിമുട്ടുകൾ, ശമ്പള കുടിശ്ശിക , വലിയ കടം ബാധ്യതകളോടൊപ്പം നിരവധി നിയമപോരാട്ടങ്ങൾക്കിടയിലാണ് ബൈജൂസ്.

                       

ഒരു കാലത്ത് ലോക ശ്രദ്ധ പിടിച്ച് പറ്റിയ ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായിരുന്ന ബൈജൂസ് കുറച്ചു കാലങ്ങളായി കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണ്. ബൈജൂസിന്റെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്ന പുതിയൊരു സംഭവവികാസം കൂടി ഉണ്ടായിരിക്കുകയാണ്. സ്ഥാപനത്തിന്റെ ആദ്യകാല നിക്ഷേപകരായിരുന്ന ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജറായ ബ്ലാക്ക് റോക്ക്(അമേരിക്കന്‍ ബഹുരാഷ്ട്ര നിക്ഷേപ കമ്പനി) ബൈജൂസിന്റെ ഓഹരി 95% ശതമാനമായി വെട്ടി കുറച്ചതായി പുതിയ റിപ്പോര്‍ട്ടുകള്‍ മാധ്യമ സ്ഥാപനമായ ടെക് ക്രഞ്ച് പുറത്ത് വിട്ടു. 2022-ല്‍ ബൈജൂസിനുണ്ടായിരുന്ന 22 ബില്യണ്‍ ഡോളര്‍ മൂല്യമാണ് ബ്ലാക് റോക്ക് ഒരു ബില്യണാക്കി കുറച്ചത്. ഇന്ത്യന്‍ സ്റ്റാര്‍ട്ട്-അപ്പുകളില്‍ തന്നെ ഏറ്റവും മികച്ച ഉദാഹരണമായി കണക്കാക്കപ്പെട്ടിരുന്ന ബൈജൂസിനെ സംബന്ധിച്ച് ബ്ലാക്ക് റോക്കിന്റെ ഈ നീക്കം വലിയ തിരിച്ചടിയാണ്.

ഇതാദ്യമായല്ല ബ്ലാക്ക് റോക്കിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കമുണ്ടാകുന്നത്. ഇതിനു മുന്‍പ് 2023 ഏപ്രിലില്‍, ബ്ലാക്ക് റോക്ക് ബൈജൂസിന്റെ മൂല്യം ഏകദേശം 11.5 ബില്യണ്‍ ഡോളറാക്കികൊണ്ട് നേര്‍ പകുതിയായി വെട്ടി കുറച്ചിരുന്നു. എന്നാല്‍ ബ്ലാക്ക് റോക്കിന്റെ ഈ നീക്കത്തോട് ബൈജൂസ് ഇത് വരെ പ്രതികരണം ഒന്നും അറിയിച്ചിട്ടില്ല. ഇത് വരെ നേരിട്ടതില്‍ വച്ച് കടുപ്പമേറിയ പ്രതിസന്ധിയാണ് ബൈജൂസിനെ തേടിയെത്തിയിരിക്കുന്നത്. ഈ അടുത്താണ് ബൈജൂസിന്റെ ഡച്ച് നിക്ഷേപക കമ്പനിയായ പ്രോസസ് 9% ശതമാനമുണ്ടായിരുന്ന മൂല്യം വെട്ടിക്കുറച്ച് 3 ബില്യണ്‍ ഡോളര്‍ മാത്രമാക്കിയെന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

മൂലധനം സമാഹരിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍, ശമ്പള കുടിശ്ശിക, വലിയ കടം ബാധ്യതകളോടൊപ്പം നിരവധി നിയമപോരാട്ടങ്ങള്‍ക്കിടയിലാണ് ബൈജൂസ്. 2022 ലെ സാമ്പത്തിക വര്‍ഷത്തില്‍ തങ്ങളുടെ വരുമാന ലക്ഷ്യം നഷ്ടപ്പെട്ടതായി കമ്പനി കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. ഒറ്റ വര്‍ഷം കൊണ്ട് മുഴുവന്‍ ആസ്തിയില്‍ 29,770 കോടി രൂപയുടെ ഇടിവാണ് ബൈജൂസിനുണ്ടായിരിക്കുന്നത്. ഈ വര്‍ഷം ലോകത്ത് തന്നെ ഏറ്റവുമധികം ആസ്തി ഇടിവ് നേരിട്ട ഒരു സംരംഭകനായി ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ മാറുകയായിരുന്നു.

ബൈജൂസിന്റെ സിഎഫ്ഒ (ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍) അജയ് ഗോയല്‍ ഏഴ് മാസം മുന്‍പ് ജോലി ഉപേക്ഷിച്ച് മറ്റൊരു എഡ്‌ടെക് സ്ഥാപനമായ വേദാന്തയില്‍ ചേര്‍ന്നതോടെ ബൈജൂസിന്റെ സ്ഥിതി കൂടുതല്‍ ഗുരുതരമായികൊണ്ടിരിക്കുകയാണ്. 2023 ജൂലൈയില്‍, നിക്ഷേപകരായ പ്രോസസ് ബൈജൂസില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനും നിക്ഷേപകരുടെ ഉപദേശം ശ്രദ്ധിക്കുന്നതില്‍ പരാജയപ്പെട്ടതിലും പരസ്യമായി വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു.

2021-22ല്‍ തിങ്ക് ആന്‍ഡ് ലേണില്‍ ബൈജൂസിന്റെ നഷ്ടം ഏകദേശം 8,200 കോടി രൂപ കടന്നതായാണ് കണക്കുകള്‍. 2020-ല്‍ ബൈജൂസ് 300 മില്യണ്‍ ഡോളര്‍ മുടക്കി വാങ്ങിയ വൈറ്റ്ഹാറ്റ് ജൂനിയര്‍ വഴി ഉണ്ടായതാണ് നഷ്ടത്തിന്റെ പകുതിയിലധികവും. 2023 ഡിസംബറില്‍ നടന്ന ബൈജൂസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍, സ്ഥാപകനും സി ഇ ഒയുമായ ബൈജു രവീന്ദ്രനോട് കമ്പനിയുടെ സാമ്പത്തിക സ്ഥിതികളെ കുറിച്ച് വിശദീകരണം നല്‍കണമെന്ന് ഓഹരി ഉടമകള്‍ ആവശ്യപെട്ടിരുന്നു. നിലവിലുള്ള നിക്ഷേപകരില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം നേരിട്ടികൊണ്ടിരിക്കുകയാണ് ബൈജു രവീന്ദ്രന്‍ എന്നാണ് പുറത്ത് വരുന്ന റിപോര്‍ട്ടുകള്‍.

നിലവിലുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധികളെ അടുത്ത 45-60 ദിവസങ്ങളില്‍ പരിഹരിക്കാനാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് രവീന്ദ്രന്‍ 2023 ഡിസംബര്‍ 5 ന് പറഞ്ഞിരുന്നതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുവരെ ഉണ്ടായതു വച്ച് ഏറ്റവും ഭയപ്പെടുത്തുന്ന തിരിച്ചടിയാണ് കഴിഞ്ഞ വര്‍ഷം ബൈജൂ രവീന്ദ്രന്‍ നേരിട്ടത്. 2022 ല്‍ കുടുംബാംഗങ്ങള്‍ക്കുള്‍പ്പെടെ മൊത്തം 30,600 കോടി രൂപയുടെ ആസ്തി ഉണ്ടായിരുന്ന ബൈജൂ രവീന്ദ്രന്റെ ആസ്തി ഇപ്പോള്‍ 833 കോടി രൂപയാണ്. ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പാഠമാണ് ബിസിനസ് തകര്‍ച്ചയില്‍ നിന്ന് താന്‍ പഠിച്ചതെന്നും എന്നാല്‍ ഇനിയും മുന്നേറുമെന്നും ബൈജു രവീന്ദ്രന്‍ അടുത്തിടെ തുറന്ന് പറഞ്ഞതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍