UPDATES

സയന്‍സ്/ടെക്നോളജി

തൊഴിലിടങ്ങളിലെ കൂട്ട പിരിച്ചുവിടലിനു കാരണം എഐയോ?

പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിലിടങ്ങളിൽ ആധിപത്യം സ്ഥാപിക്കുന്നതെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

                       

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ ഐ) തൊഴിലിടങ്ങളിലേക്കുള്ള അധിനിവേശം ലോകം വളരെ ആശങ്കയോടെ നോക്കി കാണുന്ന ഒന്നാണ്. പ്രോഗ്രാം ചെയ്താൽ മനുഷ്യനെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള എ ഐയുടെ കഴിവ് തൊഴിലിടങ്ങൾ കയ്യടക്കുന്നതിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്.  നിലവിൽ മനുഷ്യ ശക്തി ആവശ്യമായി വരുന്ന പല  മേഘലകളിലും എഐ വേരുറപ്പിക്കുമെന്ന്  വിദഗ്ധർ മുൻകൂട്ടി പ്രവചിച്ചിരുന്നു. എന്നാൽ  പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിലിടങ്ങളിൽ ആധിപത്യം സ്ഥാപിക്കുന്നതെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻറെ കടന്ന് വരവോടു കൂടി ആഗോള തലത്തിൽ നിലവിൽ മനുഷ്യൻ ചെയ്യുന്ന ജോലികളിൽ ഏകദേശം 40% ശതമാനത്തോളം ജോലികൾ ചെയ്യാൻ എഐ സജ്ജമായിരിക്കുന്നുവെന്ന്   ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.

എന്നാൽ എ ഐയുടെ പ്രഭാവം എല്ലാ രാജ്യങ്ങളിലും ഒരേ രീതിയിൽ ആയിരിക്കില്ല എന്നാണ് ഐ എം എഫിന്റെ വിലയിരുത്തൽ. വികസിത രാജ്യങ്ങളാണ് വികസ്വര രാജ്യങ്ങളെക്കാൾ തൊഴിലിടങ്ങളിലേക്കുള്ള എ ഐ യുടെ കടന്ന് വരവോടെ വെല്ലുവിളികൾ നേരിടേണ്ടിവരികയെന്ന്  റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.

എ ഐ യുടെ ഈ അധിനിവേശം തൊഴിലിടങ്ങളിൽ നിലനിൽക്കുന്ന അസമത്വങ്ങളെ കൂടുതൽ രൂക്ഷമാക്കുന്ന തരത്തിലുള്ളതാണെന്നും. സാങ്കേതികതയുടെ അതിപ്രസരം മൂലമുണ്ടാകുന്ന പിരിമുറുക്കങ്ങൾ ഒഴിവാക്കുന്നതിന് പുതിയ നയങ്ങൾ ഭരണകർത്താക്കൾ മുൻകൂട്ടി കാണേണ്ടതിന്റെയും അതോടൊപ്പം ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കേണ്ടതിന്റെയും അനിവാര്യതയെ കുറിച്ച് ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ഗിയോണിയേവ തന്റെ ബ്ലോഗ് പോസ്റ്റിലൂടെ പങ്കു വച്ചിരുന്നു.

എഐ യുടെ അധിനിവേശം പ്രാഥമികമായി ഉയർന്ന വരുമാനമുളള തൊഴിലാളികൾക്കും വലിയ മൂലധനമുള്ള കമ്പനികൾക്കും മാത്രം പ്രയോജനപ്പെടുന്നതെന്നും കൂടാതെ, താഴെക്കിടയിലുള്ള തൊഴിലാളികൾക്ക് ഉയർച്ച നല്കാതിരിക്കാൻ ഇടവരുത്തുകയും ചെയ്യുന്നതാണെന്നും ക്രിസ്റ്റലീന പറയുന്നു. അതോടൊപ്പം എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉയർന്ന നിലയിലുള്ള വ്യാപാരസ്ഥാപനങ്ങളുടെ ഉൽപ്പാദനക്ഷമതയും വരുമാന സാധ്യതയും വർദ്ധിപ്പിക്കാനാകുമെന്നതിനാൽ അത് അവരുടെ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധികൾക്ക് ഒരു പരിഹാരമാവുകയും ഒപ്പം വലിയ ലാഭത്തിലേക്ക് എത്തിക്കുകയും ചെയ്യും. എന്നാൽ താഴെ തട്ടിലുള്ളവർക്ക് ഇതിൽ നിന്ന് യാതൊരു പ്രയോചനവുമുണ്ടാക്കുന്നില്ല. ഇത് സമൂഹത്തിൽ ധനികരും നിർധനരും തമ്മിൽ വലിയ അന്തരമുണ്ടാകാൻ കാരണമാകും. ഈ സാഹചര്യം സാമൂഹിക അസമത്വങ്ങളിലേക്ക് വഴി വക്കുകയും ചെയ്യുമെന്നും ക്രിസ്റ്റലീന ഗിയോണിയേവ  പോസ്റ്റിലൂടെ പറയുന്നു.

ഈ പ്രതിസന്ധിയെ തരണം ചെയ്യുന്നതിനായി മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന തൊഴിലാളികളെ പിന്തുണക്കണമെന്നും, തൊഴിലാളികൾക്കുള്ള പുനർപരിശീലന പരിപാടികൾ പോലുള്ള സമഗ്രമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും രാജ്യങ്ങളോട് ശുപാർശ ചെയ്തു. കൂടാതെ ചില തൊഴിലുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുകൊണ്ട് പൂർണ്ണമായും യന്ത്രവത്കരിക്കാൻ കഴിയുമെങ്കിലും തുടക്കത്തിൽ മിക്ക എ ഐ അധിഷ്ഠിത ജോലികൾക്കും മനുഷ്യന്റെ മേൽനോട്ടം ആവശ്യമായി വരുമെന്നും ക്രിസ്റ്റലീന പറയുന്നുണ്ട്.

2024 ജനുവരി മൂന്നാം വാരത്തിൽ സ്വിറ്റ്സർലൻഡിലെ ദാവോസ് നഗരത്തിൽ വച്ച് നടക്കുന്ന ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ വാർഷിക യോഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും തൊഴിലിടങ്ങളും മറ്റ് മേഘലകളിലും എഐ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും പ്രധാന ചർച്ചാ വിഷയമാണ്.

ആഗോളതലത്തിൽ എഐയെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യക വർധിച്ചു വരുകയാണ്. അപകടസാധ്യതകൾ വിലയിരുത്തേണ്ടതിനൊപ്പം സുതാര്യതയുൾപ്പടെ സാങ്കേതികവിദ്യയുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന നിയമ നിർമാണത്തെ കുറിച്ച് യൂറോപ്യൻ യൂണിയൻ 2023 ഡിസംബറിൽ ഒരു താത്കാലിക കരാറിലെത്തിയിരുന്നു. അതേസമയം ഫെഡറൽ തലത്തിൽ എഐയെ എങ്ങനെ നിയന്ത്രിക്കണം എന്ന വിഷയം യു എസ് വിലയിരുത്തി വരികയാണ്.

2024 ജനുവരി മാസം കഴിയുമ്പോഴേക്കും ഗൂഗിൾ, ആമസോൺ ഉൾപ്പെടെയുള്ള വലിയ ടെക് കമ്പനികളിൽ നിന്ന് വ്യാപകമായി തൊഴിലാളികളെ പിരിച്ചുവിടുന്ന പ്രവണതയാണ് കാണുന്നത്. പിരിച്ചുവിടലുകൾ വളരെ സാധാരണമാകുന്ന ഈ സാഹചര്യത്തിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന പ്രശ്നം ഭാവിയിൽ ഏത് രീതിയിലായിരിക്കും മനുഷ്യനെ ബാധിക്കുന്നത് എന്ന കാര്യത്തിൽ വലിയ ആശങ്കയിലാണ് ലോകം.

Share on

മറ്റുവാര്‍ത്തകള്‍