February 17, 2025 |
Share on

ഇരകളാക്കപ്പെട്ടത് പത്തും പന്ത്രണ്ടും വയസുള്ള കുഞ്ഞുങ്ങള്‍, കസ്റ്റമേഴ്‌സ് ഡിഎസ്പി മുതല്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍വരെ

അരുണാചല്‍ പ്രദേശില്‍ കുട്ടിക്കടത്ത്-സെക്‌സ് റാക്കറ്റ് സംഘം പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്നു നിര്‍ബന്ധിത ബാല വേശ്യാവൃത്തിയിലേക്ക് തള്ളി വിട്ടിരുന്ന ഒരു വന്‍ സംഘം അരുണാചല്‍ പ്രദേശില്‍ അറസ്റ്റിലായി. ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട്, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങിയ ഉന്നതന്മാരടക്കം പിടിയിലായിട്ടുണ്ട്. മൊത്തം 21 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. arunachal pradesh child trafficking and prostitution 

കഴിഞ്ഞ പത്തു ദിവസമായി നടത്തി വരുന്ന ഓപ്പറേഷന്റെ ഭാഗമായി തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്നുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രായപൂര്‍ത്തിയാകാത്ത അഞ്ചു പെണ്‍കുഞ്ഞുങ്ങളെയും പൊലീസ് രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയ കുട്ടികളില്‍ ഒരാളുടെ പ്രായം പത്തു വയസാണ്. പന്ത്രണ്ട് വയസുള്ളൊരു പെണ്‍കുട്ടിയും, പതിനഞ്ച് വയസുള്ള മൂന്നു പെണ്‍കുട്ടികളും രക്ഷപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. അസമിലെ ഗ്രാമങ്ങളില്‍ നിന്നാണ് പെണ്‍കുട്ടികളെ ഇറ്റാനഗറിലേക്ക് കടത്തിക്കൊണ്ടു വന്നിരുന്നത്. പൊലീസ് പറയുന്നതനുസരിച്ച്, പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളെ, അവര്‍ക്ക് എട്ടു വയസുള്ളപ്പോള്‍ ഇറ്റാനഗറിലേക്ക് കടത്തിക്കൊണ്ടു വന്നതാണ്.

പിടികൂടിയ 21 പ്രതികളില്‍ പത്തുപേര്‍ കുട്ടികളെ കടത്തിക്കൊണ്ടു വരുന്നവരും, കസ്റ്റമേഴ്‌സിനെ ഒപ്പിക്കുന്നവരും, കുട്ടികളെ ആവശ്യക്കാരുടെ അടുത്ത് എത്തിക്കുന്നവരുമൊക്കെയാണ്. ബാക്കിയുള്ള 11 പേര്‍ ‘ ആവശ്യക്കാര്‍’ ആണെന്നാണ് പൊലീസ് പറയുന്നവര്‍. ഇവരാണ് കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചത്. അരുണാചല്‍ പൊലീസ് വകുപ്പിലെ ഡിഎസ്പി ബുലന്ദ് മാലിക്ക്, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സെന്‍ലര്‍ റോണ്യ, പൊലീസ് കോണ്‍സ്റ്റബിള്‍ തോയ് ബഗ്ര, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ തക്കാം ലാംഗ്ദിപ്, റൂറല്‍ വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്‍ിലെ ജൂനിയര്‍ എഞ്ചിനീയര്‍ മിച്ചി താബിന്‍ എന്നിവരൊക്കെ പിടിയിലായ ‘ കസ്റ്റമേഴ്‌സ്’ ആണ്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ അറസ്റ്റിലായവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. പിടിയിലായ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ അവരവരുടെ വകുപ്പ് മേധാവികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് കാപ്പിറ്റല്‍ പൊലീസ് എസ് പി രോഹിത് രാജ്ബിര്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞത്.

മേയ് നാലിനാണ് കുട്ടികളെ തട്ടിക്കൊണ്ടു വന്ന് വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നതായുള്ള വിവരം തങ്ങള്‍ക്ക് കിട്ടുന്നതെന്നാണ് എസ് പി രോഹിത് രാജ്ബിര്‍ സിംഗ് പറയുന്നത്. ആദ്യം കിട്ടിയത്, സമീപ സംസ്ഥാനത്ത് നിന്നും രണ്ടു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുവന്നു വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്നതായുള്ള വിവരമായിരുന്നുവെന്നാണ് സിംഗ് പറയുന്നത്. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍, വിവിധ സ്ഥലങ്ങളില്‍ നിന്നായി നാല് പെണ്‍കുട്ടികളെ രക്ഷപ്പെടുത്താന്‍ സാധിച്ചു. കുട്ടിക്കടത്തിന് ചുക്കാന്‍ പിടിച്ചിരുന്നത് രണ്ടു സഹോദരിമാരായിരുന്നുവെന്നാണ് എസ് പി സിംഗ് പറയുന്നത്. ഒരാള്‍, ഇറ്റാനഗറില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തി വരുന്ന പുഷ്പാഞ്ജലി മിലിയും, അടുത്തയാള്‍ ഗുവാഹത്തിയില്‍ താമസിക്കുന്ന പൂര്‍ണിമ മിലിയും. ഇവര്‍ രണ്ടുപേരും അസമിലെ ധേമാജി ജില്ലയില്‍ നിന്നുള്ളവരാണെന്നും പൊലീസ് പറയുന്നു. സഹോദരിമാര്‍, അവരുടെ സ്വന്തം ജില്ലയിലെ ദരിദ്രമായ കുടുംബങ്ങളെയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. അവിടുത്തെ കുട്ടികളെ തങ്ങള്‍ കൊണ്ടു പോയി രക്ഷപ്പെടുത്താമെന്ന വാഗ്ദാനം മാതാപിതാക്കള്‍ നല്‍കും. സഹോദരിമാരെ വിശ്വസിക്കുന്ന മാതാപിതാക്കള്‍ അവര്‍ക്കൊപ്പം അയക്കുന്ന കുട്ടികളാണ് പിന്നീട് ദുരിതക്കയത്തിലേക്ക് വീഴുന്നത്. പല സമയങ്ങളിലായാണ് ഇവര്‍ കുട്ടികളെ കൊണ്ടു പോകുന്നത്. ഒരു കുട്ടിയെ കൊണ്ടുപോയത് 2020 ലാണ്. മറ്റൊരു കുട്ടിയെ കൊണ്ടു പോകുന്നത് 2022 ലും. ഇത്തരത്തില്‍ കൊണ്ടു പോകുന്ന കുട്ടികളെ ഒന്നോ രണ്ടോ മാസം ബ്യൂട്ടി പാര്‍ലറിലെ ജോലിക്ക് നിര്‍ത്തും. അതുകഴിഞ്ഞാല്‍ കുട്ടികളെ നിര്‍ബന്ധിച്ച് വേശ്യാവൃത്തിക്ക് ഉപയോഗിക്കും. 2020 ല്‍ അസമില്‍ നിന്നും കൊണ്ടു പോയ ഒരു കുട്ടിക്ക് പ്രായം എട്ടു വയസായിരുന്നു. ആ കുഞ്ഞ് ഓടിപ്പോകാന്‍ ശ്രമിച്ചെങ്കിലും വീണ്ടും പിടിയിലായതായി പൊലീസ് പറയുന്നു.

പ്രതികള്‍ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. അതില്‍ പെണ്‍കുഞ്ഞുങ്ങളുടെ ഫോട്ടോയും ഒപ്പം വിലയും കസ്റ്റമേഴ്‌സിനായി ഷെയര്‍ ചെയ്യുമായിരുന്നുവെന്നാണ് എസ് പി രോഹിത് രാജ്ബിര്‍ സിംഗ് പറയുന്നത്. നിരവധി ആളുകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഉണ്ടായിരുന്നു. മേയ് നാലിന് നടന്ന ആദ്യഘട്ട അറസ്റ്റിന് പിന്നാലെ പലരും ഗ്രൂപ്പില്‍ നിന്നും ഒഴിവാകുകയും ഗ്രൂപ്പുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തതായി എസ് പി പറയുന്നു. പ്രതികള്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍, വേശ്യാവൃത്തിക്ക് ഉപയോഗിച്ച സ്ഥലങ്ങള്‍ തുടങ്ങി പല തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ആദ്യഘട്ടത്തില്‍ 18 പേരെ അറസ്റ്റ് ചെയ്യാനും നാല് കുട്ടികള രക്ഷപ്പെടുത്താനുമാണ് പൊലീസിന് കഴിഞ്ഞത്. പിന്നാലെ മൂന്നുപേരെക്കൂടി പിടികൂടി. ചിംപുവില്‍ ഹോട്ടല്‍ നടത്തിവരുന്നവരായിരുന്നു പിടിയിലായത്. ഇവരില്‍ ദുലാല്‍ ബസുമാത്രേ, ദിപാലി ബസുമാേ്രത എന്നീ ദമ്പതിമാരും ഉള്‍പ്പെട്ടിരുന്നു. ഈ ഭാര്യാഭര്‍ത്താക്കന്മാരുടെ സ്വന്തം സ്ഥലം അസമിലെ ഉദല്‍ഗുരിയാണ്. ഇവരുടെ കൈയില്‍ നിന്നും ഒരു പതിനഞ്ചുകാരിയെയും പൊലീസ് രക്ഷപ്പെടുത്തി. ഈ പെണ്‍കുട്ടി അസം സ്വദേശിയാണ്. കുട്ടിക്കാലത്ത് തന്നെ അവളെ ദമ്പതിമാര്‍ കൂടെ കൊണ്ടുവന്നതാണ്. നല്ലൊരു ജീവിതം തരപ്പെടുത്താമെന്ന് മാതാപിതാക്കള്‍ക്ക് വാഗ്ദാനം ചെയ്തായിരുന്നു കൂടെ കൊണ്ടു വന്നത്. കുറച്ചു കാലം കൂടെ നിര്‍ത്തിയശേഷം, അവര്‍ കാത്തിരുന്ന സമയമായപ്പോള്‍ ആ പെണ്‍കുട്ടിയെ നിര്‍ബന്ധിത വേശ്യാവൃത്തിയിലേക്കു തള്ളിവിട്ടു.

രക്ഷപ്പെടുത്തിയ കുട്ടികള്‍ നിലവില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഹോമുകളില്‍ കഴിയുകയാണെന്ന് എസ് പി രോഹിത് രാജ്ബിര്‍ സിംഗ് പറയുന്നു. കുട്ടികള്‍ക്ക് ആവശ്യമായ ചികിത്സകളും അതോടൊപ്പം കൗണ്‍സിലിംഗുകളും ഏര്‍പ്പെടുത്തുന്നുണ്ടെന്നും എസ് പി പറഞ്ഞു.

Content Summary; Arunachal pradesh, child trafficking and prostitution police arrested including government officials and rescued minor girls

×