UPDATES

പരിസ്ഥിതി/കാലാവസ്ഥ

ലക്ഷകണക്കിന് മഞ്ഞ് ഞണ്ടുകളുടെ തിരോധാനം; ഒടുവില്‍ കാരണം കണ്ടെത്തി

അമിതമായ മീന്‍പിടുത്തമാണ് കാരണമെന്നായിരുന്നു ആദ്യനിഗമനം

                       

അലാസ്‌കയില്‍ ലക്ഷണക്കിന് മഞ്ഞ് ഞണ്ടുകളുടെ(സ്‌നോ ഞണ്ടുകള്‍) പെട്ടെന്നുള്ള തിരോധാനം ശാസ്ത്രലോകത്തെ ഒരേസമയം അത്ഭുതപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്തിരുന്നു. കൂട്ടത്തോടെയുള്ള അപ്രത്യക്ഷമാകാല്‍ എന്തുകൊണ്ടാണെന്നു കണ്ടെത്താനുള്ള തിടുക്കമായിരുന്നു തുടര്‍ന്ന്. സമുദ്ര താപനിലയാണ് മഞ്ഞ് ഞണ്ടുകളുടെ പെട്ടെന്നുള്ള തിരോധാനത്തിനു ഹേതുവായതെന്ന പുതിയ പഠന റിപ്പോര്‍ട്ടുകള്‍ ശാസ്ത്രജ്ഞരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും ഞെട്ടിച്ചിരിക്കുകയാണ്.

അമിതമായ മീന്‍ പിടുത്തമാണ് ഞണ്ടുകള്‍ക്ക് ഭീഷണിയായതെന്നായിരുന്നു ആദ്യത്തെ നിഗമനം. സമുദ്ര താപനിലയിലെ വ്യതിയാനം മൂലം ഞണ്ടുകളുടെ കലോറി ആവശ്യങ്ങള്‍ കൂടുതലാവുകയും ഇത് പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വന്നതോടെ ഉണ്ടായ ഭക്ഷ്യലഭ്യത അവരുടെ കൂട്ടനാശത്തിന് കാരണമായി എന്നാണ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനിലെ ശാസ്ത്രജ്ഞരുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

2018, 2019 വര്‍ഷങ്ങളില്‍ സമുദ്ര താപനില റെക്കോര്‍ഡ് വര്‍ദ്ധനവില്‍ എത്തിയിരുന്നു. ഇത് ആദ്യം മഞ്ഞ് ഞണ്ടുകളുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടത്തിന് കാരണമായിരുന്നു. എന്നാല്‍ 2022 ലെ കണക്കുകള്‍ പരിശോധിച്ചാല്‍ 10 ലക്ഷം ഞണ്ടുകളുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.

സമുദ്രത്തിലെ താപനില അസന്തുലിതമാകുമ്പോള്‍ സംഭവിക്കുന്ന സമുദ്ര താപ തരംഗം പവിഴ പുറ്റുകളെയും സമുദ്ര ജീവികളെയും സാരമായി ബാധിക്കുന്നുണ്ട്. ആവാസവ്യവസ്ഥ തകര്‍ക്കുകയും സമ്മര്‍ദ്ദം സൃഷ്ടിക്കുകയും സമുദ്ര ജീവിതത്തെ ദുര്‍ബലമാക്കുകയും ചെയ്യുന്നു. കൂടാതെ ഭക്ഷ്യ ശൃംഖലയുടെ താളം തെറ്റിക്കുകയും ചെയ്യുന്നു. ആഗോളതാപനത്തിന്റെ അനന്തര ഫലമായുണ്ടാകുന്ന അധിക താപം 90 ശതമാനവും സമുദ്രം ആഗിരണം ചെയ്യുന്നതിനാലുണ്ടാകുന്ന കാലാവസ്ഥാ പ്രതിസന്ധിയുടെ ഫലമാണ് ഈ പ്രതിഭാസം.

ആര്‍ട്ടിക് താപനിലയില്‍ മറ്റു താപനിലകളേക്കാള്‍ നാലിരട്ടി ചൂട് വര്‍ധിച്ചതായി ശാസ്ത്രജ്ഞര്‍ പറയുന്നു. ആഗോളതാപനം മൂലമുണ്ടായ കടല്‍ മഞ്ഞിന്റെ അഭാവം സമുദ്രത്തിന്റെ അടിത്തട്ടിലെ തണുത്ത കുഴികളില്‍ ജീവിക്കുന്ന ആര്‍ട്ടിക് സ്പീഷിസുകളുടെ കുറവിന് കാരണമായിട്ടുണ്ട്.

കുറഞ്ഞ തണുപ്പും ചൂടുമുള്ള വെള്ളം മഞ്ഞ് ഞണ്ടുകളുടെ ആവാസവ്യവസ്ഥ വാസയോഗ്യമല്ലാതാക്കിയെന്നും, അവയുടെ കൂട്ടത്തോടെയുള്ള നാശത്തിന് കാരണമായെന്നും ശാസ്ത്രലോകം പറയുന്നു.

സ്‌നോ ഞണ്ട് ക്ഷാമം സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. 150 മില്യണിലധികം മൂല്യമുള്ള അലാസ്‌കയിലെ വാണിജ്യ മത്സ്യബന്ധന വ്യവസായത്തില്‍ ഞണ്ടുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സ്‌നോ ഞണ്ടുകള്‍ കുറവായതിനാല്‍ വരുമാനം വെട്ടിക്കുറയ്ക്കപ്പെടുകയും അതുവഴി ഉപജീവനം നടത്തുന്നവര്‍ക്ക് സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടി വരികയും ചെയ്യുന്നു.

Share on

മറ്റുവാര്‍ത്തകള്‍