UPDATES

‘ഭായ്’ ഒടുവില്‍ പിടിയില്‍

സന്ദേശ്ഖാലിയിലെ ‘ വില്ലന്‍’ അറസ്റ്റിലായത് തൃണമൂലിന് മുന്നില്‍ മറ്റു വഴികളില്ലാതായതോടെ

                       

പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ സന്ദേശ്ഖാലി വിവാദത്തിലെ ‘ വില്ലന്‍’ ഒടുവില്‍ അറസ്റ്റില്‍. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയില്‍ നടന്ന ലൈംഗിക ചൂഷണങ്ങളുടെയും ഭൂമി തട്ടിയെടുക്കലിന്റെയും മുഖ്യകാരണക്കാരന്‍ എന്നോരോപിക്കപ്പെടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഴിമതി കേസിന്റെ ഭാഗമായി ഇഡി ഷാജഹാന്റെ വീട്ടില്‍ റെയ്ഡിന് വന്നിരുന്നു. എന്നാല്‍ ഷാജഹാന്റെ അനുയായികള്‍ ഇഡി ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് ആക്രമിച്ചു. ഷാജഹാനെ രക്ഷപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അന്നു തൊട്ട് ഷാജഹാന്‍ ഒളിവിലായിരുന്നു. സന്ദേശ് ഖാലിയിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്ന ഷാജഹാനെ ഭയന്നിരുന്ന സ്ത്രീകള്‍, അയാള്‍ ഒളിവില്‍ പോയതിനു പിന്നാലെ ഗുരുതര ആരോപണങ്ങളുമായി രംഗത്തു വന്നു. ഷാജഹാനും അനുയായികളും തങ്ങളോട് കാണിച്ച ലൈംഗികാതിക്രമങ്ങളും, ഭൂമി തട്ടിയെടുക്കാന്‍ കാണിച്ച ചതികളും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ വെളിപ്പെടുത്തി. ഷാജഹാനെയും അനുയായികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അവരുടെ പ്രതിഷേധം അക്രമാസക്തമായി. വിഷയം ബിജെപി രാഷ്ട്രീയ ആയുധമാക്കിയതോടെ സന്ദേശ്ഖാലി തൃണമൂല്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. ഹൈക്കോടതി വരെ ഇടപ്പെട്ട വിഷയത്തില്‍, മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലെന്നു മനസിലായതോടെയാണ് 55 ദിവസങ്ങള്‍ക്ക് ശേഷം ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ആരാണ് ഷെയ്ക് ഷാജഹാന്‍

‘ ഭായ്’ എന്നാണ് 42 കാരനായ ഷാജഹാന്‍ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സന്ദേശ് ഖാലിയില്‍ മീന്‍പിടുത്തവും ഇഷ്ടിക ചൂളയിലെ ജോലിയുമായിരുന്നു തുടക്ക കാലത്തു ഖാന്റെ ജീവിത മാര്‍ഗം. ഒരു തൊഴിലാളിയില്‍ നിന്നും രാഷ്ട്രീയക്കാരനായി വളരുകയായിരുന്നു ഷാജഹാന്‍. ഇഷ്ടിക ചൂളയിലെ തൊഴിലാളി നേതാവ് ആയിട്ടായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പ്പ്. 2004 കാലമായിരുന്നു അത്. സിപിഎമ്മിനൊപ്പമായിരുന്നു അന്ന്. പിന്നീട് ബംഗാളില്‍ രാഷ്ട്രീയമാറ്റം ഉണ്ടായപ്പോള്‍ ഷാജഹനും അതിനനുസരിച്ച് മാറുകയായിരുന്നു.

എന്താണ് സന്ദേശ്ഖാലിയില്‍ നടക്കുന്നത്?

പ്രസംഗിക്കാനുള്ള കഴിവും, അതുപോലെ സംഘടനാശേഷിയുമായിരുന്നു ഷാജഹന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് സഹായകമായത്. 2012-ലാണ് ഷാജഹനെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നോട്ടമിടുന്നത്. മുകുള്‍ റോയ്, ജ്യോതിപ്രിയോ മുള്ളിക്ക് പോലുള്ള തലമുതിര്‍ന്ന നേതാക്കളുടെ അനുഗ്രഹാശ്ശിസുകളോടെ ഷാജഹാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുള്ളിക്കിന്റെ അടുത്തയാളായി മാറിയതോടെ പാര്‍ട്ടിയില്‍ അയാളുടെ സ്ഥാനവും പടിപടിയായി ഉയര്‍ന്നു. വൈകാതെ അയാള്‍ തൃണമൂലിന്റെ സന്ദേശ്ഖാലി യൂണിറ്റിന്റെ പ്രസിഡന്റായി അവരോധിതനായി, കഴിഞ്ഞ വര്‍ഷം ജില്ല പരിഷദ് തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു. അതോടെ ഷെയ്ഖ് ഷാജഹാന്‍ സന്ദേശ്ഖാലിയിലെ സര്‍വ്വാധികാരിയായി.

പ്രാദേശിക പ്രശ്‌നങ്ങളില്‍, അത് കുടുംബവഴക്കോ, ഭൂമി പ്രശ്‌നമോ എന്തു തന്നെയായാലും അതിന്റെയെല്ലാം മധ്യസ്ഥന്‍ ഷാജഹാനായിരുന്നു. ഒരുവശത്ത് അയാളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ കൂടുമ്പോള്‍ തന്നെ മറുവശത്ത് അയാള്‍ ചില നേട്ടങ്ങളും സ്വന്തമാക്കി. കുട്ടിക്കടത്ത് തടയുന്നതിലും 2019ല്‍ സര്‍ബീരിയ അഗര്‍ഹത്തി ഗ്രാമപഞ്ചായത്തിന് ശിശുസൗഹൃദ പഞ്ചായത്തായി അംഗീകാരം കിട്ടുന്നതിലും അയാളുടെ പങ്ക് അഭിനന്ദിക്കപ്പെട്ടു.

തൃണമൂല്‍ നേതൃത്വത്തെ സംബന്ധിച്ച് ഷാജഹാന്‍ ബിജെപിയുടെ ഭീഷണി നേരിടാന്‍ കരുത്തുള്ളൊരാളായിരുന്നു. 2019 ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തൃണമൂല്‍-ബിജെപി സംഘര്‍ഷത്തില്‍ ഇരുഭാഗത്തും കൊലപാതകങ്ങള്‍ നടന്നിരുന്നു. എഫ് ഐ ആറുകള്‍ പറയുന്നത് പല കൊലപാതകങ്ങളും ഷാജഹാന്റെ ആസൂത്രണത്തോടെ നടന്നവയായിരുന്നുവെന്നാണ്.

‘രാത്രിയില്‍ മാത്രം വിളിക്കുന്ന യോഗങ്ങള്‍, സാരി പിടിച്ചു വലിക്കലും, ദേഹത്ത് തൊടലും’

തൃണമൂലിന്റെ അണികളായിരുന്നവര്‍ തന്നെയാണ് ഇപ്പോള്‍ ഷെയ്ഖ് ഷാജഹാനെതിരേ രംഗത്തു വന്നിരിക്കുന്നതും. അയാളും കൂട്ടാളികളും തങ്ങളെ പാര്‍ട്ടി യോഗത്തിനെന്നു പറഞ്ഞു വിളിച്ചു വരുത്തി കാണിച്ച ലൈംഗികാതിക്രമങ്ങളും, വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി തങ്ങളുടെ ഭൂമി തട്ടിയെടുത്തതുമൊക്കെ ഓരോരുത്തരായി വിളിച്ചു പറയുന്നുണ്ട്. പൊലീസിനോട് പരാതിപ്പെട്ടാലും ഷാജഹാനെതിരേ അവര്‍ ഒന്നും ചെയ്യില്ലെന്ന് അറിയാവുന്നതുകൊണ്ടും, പരാതിപ്പെട്ടാല്‍ ഷാജഹാന്‍ പ്രതികാരം ചെയ്യുമെന്ന് ഭയന്നതുകൊണ്ടുമാണ് ആരും ഒന്നും ഇതുവരെ പറയാതിരുന്നതെന്നാണ് സ്ത്രീകള്‍ പറയുന്നത്. ഒടുവില്‍ അയാള്‍ ഒളിച്ചോടി എന്നു മനസിലായതിനുശേഷം മാത്രമാണ് എല്ലാവരും രംഗത്തിറങ്ങിയത്. ഷാജഹാന്റെ അടുത്ത അനുയായി ഷിബ പ്രസാദ് ഹസ്‌റയുടെ കോഴി ഫാം സ്ത്രീകള്‍ കത്തിച്ചു കളഞ്ഞിരുന്നു. ചൂലുകളും വടികളുമായിട്ടായിരുന്നു സത്രീകള്‍ തെരുവിലിറങ്ങിയത്. പ്രശ്‌നം രൂക്ഷമായതിനു പിന്നാലെ ഷാജഹാന്റെ അനുയായികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപ്പോഴും ‘ഭായ്’ ഒളിവില്‍ തന്നെയായിരുന്നു. ഇപ്പോഴിതാ ഗത്യന്തരമില്ലാതെ അയാളെയും അറസ്റ്റ് ചെയ്യേണ്ടി വന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈയൊരു അറസ്റ്റ് കൊണ്ട് സന്ദേശ്ഖാലി വിഷയം ആറിത്തണുക്കുമെന്നാണ് മമതയും കൂട്ടരും കണക്കുകൂട്ടുന്നത്.

Share on

മറ്റുവാര്‍ത്തകള്‍