UPDATES

എന്താണ് സന്ദേശ്ഖാലിയില്‍ നടക്കുന്നത്?

ലൈംഗികാതിക്രമം മുതല്‍ ഖാലിസ്ഥാനി ആരോപണം വരെ

                       

പശ്ചിമ ബംഗാളിലെ സുന്ദര്‍ബന്‍ ഡല്‍റ്റ പ്രദേശം ഉള്‍പ്പെടുന്ന നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സന്ദേശ്ഖാലി. ഏകദേശം നാലരമാസം മുമ്പ് ആരംഭിച്ച ചില പ്രശ്‌നങ്ങള്‍ ഇന്ന് സന്ദേശ്ഖാലിയെ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുകയാണ്. എന്താണ് സന്ദേശ്ഖാലിയില്‍ സംഭവിക്കുന്നത്?

ഇഡി വരുന്നു

ഈ വര്‍ഷം ജനുവരി അഞ്ചിനാണ് ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഒരു സംഘം സന്ദേശ്ഖാലി-1 ബ്ലോക്കില്‍ വണ്ടിയിറങ്ങുന്നത്. അവരുടെ ലക്ഷ്യം ഷെയ്ഖ് ഷാജഹാനായിരുന്നു. ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തനായ പ്രാദേശിക നേതാവ്. സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തിനുള്ളില്‍ നടക്കുന്ന അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇഡി സംഘം ഷെയ്ഖ് ഷാജഹാന്റെ വീട്ടില്‍ റെയ്ഡിനെത്തിയത്.

റെയ്ഡിനെത്തിയ ഇഡി സംഘത്തെ ഷാജഹാന്റെ അനുയായികള്‍ തടഞ്ഞു. ഉദ്യോഗസ്ഥരെ അക്രമിച്ചു. ഇഡിയുടെ കൈയില്‍പ്പെടാതെ അവര്‍ തങ്ങളുടെ നേതാവിനെ രക്ഷപ്പെടുത്തി. ഷെയ്ഖ് ഷാജഹാന്‍ ഇപ്പോഴും ഒളിവിലാണ്.

ഇഡി സംഘത്തെ ആക്രമിച്ചതും തൃണമൂല്‍ നേതാവിന്റെ ഒളിച്ചോട്ടവുമൊക്കെ സന്ദേശ്ഖാലിയെ വലിയ വാര്‍ത്തയാക്കി. അതിനു പിന്നാലെയാണ് മറ്റ് ചില ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നത്.

തെരുവിലിറങ്ങിയ സ്ത്രീകള്‍

ഗ്രാമത്തിലെ സ്ത്രീകള്‍ ചൂലും വടികളുമായി സന്ദേശ്ഖാലിയിലെ പ്രധാന റോഡ് ഉപരോധിച്ചു. അവരുടെ ആവശ്യം ഷാജഹാനെയും അയാളുടെ അടുത്ത അനുയായികളായ ഷിബ പ്രസാദ് ഹസ്‌റയെയും ഉത്തം സര്‍ദാറിനെയും എത്രയും വേഗം അറസ്റ്റ് ചെയ്യുകയെന്നതായിരുന്നു. നേതാവും അനുയായികളും ചേര്‍ന്ന് തങ്ങളോട് നടത്തിയ ലൈംഗിക അതിക്രമങ്ങളായിരുന്നു ആ സ്ത്രീകള്‍ വിളിച്ചു പറഞ്ഞത്. ‘രാത്രിയില്‍ മാത്രം വിളിക്കുന്ന യോഗങ്ങള്‍, സാരി പിടിച്ചു വലിക്കലും, ദേഹത്ത് തൊടലും’

തൊട്ടടുത്ത ദിവസം സ്ത്രീകളുടെ പ്രതിഷേധം കൂടുതല്‍ രൂക്ഷമായി. ഹസ്‌റയുടെ കോഴി വളര്‍ത്തല്‍ കേന്ദ്രം അവര്‍ ചുട്ടെരിച്ചു. തങ്ങളോട് മോശമായി പെരുമാറിയത് മാത്രമായിരുന്നില്ല, തങ്ങളുടെ ഭൂമി തട്ടിയെടുത്തവരെന്ന പരാതി കൂടി തൃണമൂലിന്റെ പ്രാദേശിക നേതാക്കള്‍ക്കെതിരേ അവര്‍ക്കുണ്ടായിരുന്നു.

ഒരിക്കല്‍ സിപിഎം കോട്ട, ഇപ്പോള്‍ തൃണമൂലിന്റെയും

ഈ വാര്‍ത്തകളൊക്കെ പുറത്തു വന്നതോടെയാണ് ഷെയ്ഖ് ഷാജഹാനും അയാളുടെ അനുയായികളും സന്ദേശ് ഖാലിയില്‍ ഒരു സ്വതന്ത്ര സാമ്രാജ്യം കെട്ടിയുണ്ടാക്കിയിരിക്കുകയായിരുന്നു എന്ന വിവരങ്ങള്‍ രാജ്യമറിയുന്നത്.

ഗംഗ-മേഘ്‌ന-ബ്രഹ്‌മപുത്ര നദികള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്ന സുന്ദര്‍ബെന്‍ ഡെല്‍റ്റ പ്രദേശത്തെ നൂറുകണക്കിന് ദ്വീപുകളില്‍ ഒന്നാണ് സന്ദേശ്ഖാലി. വേലിയേറ്റ ജലപാതകള്‍, നദികള്‍, കനാലുകള്‍, കണ്ടല്‍ക്കാടുകള്‍, തോടുകള്‍ എന്നിവയാല്‍ ചുറ്റപ്പെട്ടൊരു ജനവാസ മേഖല. 2011 ലെ സെന്‍സ് പ്രകാരം സന്ദേശ്ഖാലി-I ബ്ലോക്കില്‍ ഹിന്ദുക്കള്‍(49 ശതമാനം), മുസ്ലിങ്ങള്‍(30 ശതമാനം), ക്രിസ്ത്യാനികള്‍(15 ശതമാനം) എന്നിങ്ങനെയാമ് കണക്ക്. ഹിന്ദു സമുദായത്തില്‍ 30 ശതമാനത്തോളം എസ് സി വിഭാഗവും, 26 ശതമാനം എസ് ടി വിഭാഗവുമാണ്. എസ് സി/ എസ് ടി വിഭാഗത്തില്‍പ്പെട്ട കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും നാടാണ് സന്ദേശഖാലി. 1946-47 കാലത്ത് നടന്ന കര്‍ഷക പോരാട്ടമായ തേഭാഗ മൂവ്‌മെന്റിന്റെ ആസ്ഥാനം സന്ദേശ്ഖാലിയായിരുന്നു. 2010 വരെ സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്നു ഇവിടം. ഇന്ത്യ വിഭജന കാലത്ത് കിഴക്കന്‍ ബംഗാളില്‍ നിന്നു കുടിയേറിയവരും അവിടെയുണ്ടായിരുന്നു. ഇടതുപക്ഷ സര്‍ക്കാര്‍ ബംഗാള്‍ ഭരിച്ചിരുന്ന കാലത്താണ് ഇവര്‍ക്കുള്‍പ്പെടെ സന്ദേശഖാലിയിലെ ജനങ്ങള്‍ക്ക് പട്ടയവിതരണം നടത്തിയത്.

എന്നാല്‍ 2011-ലെ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ കമ്യൂണിസ്റ്റ് ഭരണത്തിന് അവസാനം കുറിച്ചപ്പോള്‍, സന്ദേശ്ഖാലിയും പാര്‍ട്ടിയില്‍ നിന്നകന്നിരുന്നു. 2016-ലെ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും സന്ദേശ് ഖാലി തൃണമൂലിന്റെ ശക്തികേന്ദ്രമായി പരിണമിച്ചിരുന്നു. 30 ശതമാനത്തോളം മുസ്ലിം വോട്ട് തൃണമൂലിന്റെ വോട്ട് ബാങ്കിനെ ശക്തിപ്പെടുത്തുന്നതായിരുന്നു.

ഷെയ്ഖ് ഷാജഹന്റെ ചൂഷണം

2013 ലാണ് ഷെയ്ഖ് ഷാജഹാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നത്.

മത്സ്യത്തൊഴിലാളി ക്ഷേമത്തിനായി രൂപീകരിച്ച ജില്ല മത്സ്യ കര്‍മദക്ഷ്യയുടെ ചുമതലക്കാരനായി ഷാജഹാന്‍. ഈ അധികാരത്തിന്റെ ബലത്തില്‍ ഷാജഹാനും അയാളുടെ പാര്‍ട്ടി അണികളായ അനുയായികളും ചേര്‍ന്ന് ഗ്രാമീണരെ മുതലെടുക്കാന്‍ തുടങ്ങി. ജനങ്ങളുടെ ഭൂമി മത്സ്യ ഫാമുകള്‍ നിര്‍മിക്കാനെന്ന പേരില്‍ അയാള്‍ സ്വന്തമാക്കി. ഭൂമി കൊടുത്തവര്‍ക്ക് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ലഭിച്ചതുമില്ല.

ജനങ്ങള്‍ക്ക് തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന് മനസിലായെങ്കിലും ഷാജഹാനെ ചോദ്യം ചെയ്യാനുള്ള ധൈര്യമുണ്ടായിരുന്നില്ല. പരാതി കൊടുക്കാമെന്നു വിചാരിച്ചാലും പൊലീസ് അയാള്‍ക്കൊപ്പമായിരുന്നു. ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രധാന നേതാവിനെതിരേ തിരിയാന്‍ പൊലീസിനും കഴിയില്ലായിരുന്നു. എന്നാല്‍, കാര്യങ്ങള്‍ തിരിയുന്നത് പ്രതിഷേധക്കാരായ സ്ത്രീകള്‍ ഷാജഹാന്റെ സഹായി ഹസ്‌റയുടെ കോഴിഫാം തീയിട്ടതോടെയാണ്. പൊലീസ് സ്ഥലത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു. സ്ത്രീകള്‍ക്കെതിരേ തൃണമൂല്‍ ഗൂണ്ടാ സംഘങ്ങള്‍ പരസ്യമായി ഭീഷണി മുഴക്കി. കാര്യങ്ങള്‍ കൂടുതല്‍ വഷളായി തുടങ്ങിയതോടെ പൊലീസ് സര്‍ദാറിനെയും ഹസ്‌റയെയും അറസ്റ്റ് ചെയ്തു. ഷാജഹന്‍ അപ്പോഴും ഒളിവില്‍ തന്നെയായിരുന്നു. സ്ത്രീകള്‍ തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ പറഞ്ഞിട്ടും ഗൗനിക്കാതിരുന്ന പൊലീസിന് ഒടുവില്‍ പ്രാദേശിക തൃണമൂല്‍ നേതാക്കള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടി വന്നു.

രാഷ്ട്രീയാവസരം

സന്ദേശ്ഖാലിയില്‍ കനലെരിഞ്ഞു തുടങ്ങിയത് മനസിലാക്കിയ ബിജെപി അതാളിക്കത്തിക്കാന്‍ രംഗത്തിറങ്ങി.

സംസ്ഥാന ഗവര്‍ണര്‍ സി വി ആനന്ദബോസ് സന്ദേശ്ഖാലി സന്ദര്‍ശിച്ചു. ഞെട്ടിക്കുന്ന കാര്യങ്ങളാണ് അവിടെ നടക്കുന്നതെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ‘ രാജ്ഭവന്റെ വാതില്‍ എപ്പോഴും തുറന്നു കിടക്കും, ഇരയാക്കപ്പെട്ട സ്ത്രീകള്‍ക്ക് അവിടെ വന്നു താമസിക്കാം’ എന്ന ഗവര്‍ണറുടെ പ്രഖ്യാപനം കാര്യങ്ങള്‍ കൂടുതല്‍ വൈകാരികമാക്കി. തീര്‍ന്നില്ല, സന്ദേശഖാലിയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കി.

ഗവര്‍ണര്‍ക്ക് പിന്നാലെ പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവും ബിജെപിയുടെ സംസ്ഥാന മുഖവുമായ സുവേന്ദു അധികാരിയും സന്ദേശ്ഖാലിയില്‍ എത്തി. ‘ ഇവിടെ ജനാധിപത്യം” ഇല്ലെന്നായിരുന്നു അധികാരിയുടെ പരാതി. സിപിഎമ്മും അവസരം പാഴാക്കിയില്ല. സ്ഥലം സന്ദര്‍ശിച്ച പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞത്, സന്ദേശ്ഖാലിയില്‍ പ്രാദേശിക തൃണമൂല്‍ നേതാക്കളുടെ ഭീകരവാഴ്ച്ചയാണ് നടക്കുന്നതെന്നായിരുന്നു.

മമതയുടെ പ്രതിരോധം

പ്രതിപക്ഷം കയറിക്കളിക്കാന്‍ തുടങ്ങിയെന്നു മനസിലായതോടെ മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ പ്രതിരോധത്തിന് രംഗത്തിറങ്ങി. കലാപം സൃഷ്ടിക്കാന്‍ ബിജെപി അവരുടെ ആളുകളെ സന്ദേശ്ഖാലിയില്‍ ഇറക്കിയിരിക്കുകയാണെന്നും ആദിവാസി-മുസ്ലിം സംഘര്‍ഷം ബിജെപി കെട്ടിച്ചമച്ച കഥയാണെന്നും മമത നിയമസഭയില്‍ ആരോപിച്ചു.

‘ ഇത് ആദ്യമായിട്ടില്ല. ആര്‍എസ്എസ്സിന് അവിടെ വേരിറക്കമുണ്ട്. ഏഴോ എട്ടോ വര്‍ഷങ്ങള്‍ക്ക് മുമ്പ് അവിടെ വര്‍ഗീയ കലാപം നടന്നിട്ടുണ്ട്. സരസ്വതി പൂജയ്ക്കിടയില്‍ കലാപം ഉണ്ടാകാതെ സാഹചര്യം ഞങ്ങള്‍ കൈകാര്യം ചെയ്തു. അവര്‍ക്ക് മറ്റുപല കുടിലതന്ത്രങ്ങളും ഉണ്ടായിരുന്നതാണ്’ മമത ബിജെപിക്കെതിരേ ഉയര്‍ത്തുന്ന ആരോപണങ്ങളാണ്.

സന്ദേശ്ഖാലി വിഷയം കല്‍ക്കട്ട ഹൈക്കോടതിയുടെ മുന്നിലും എത്തി. കോടതി ആശ്ചര്യപ്പെട്ടത്, ഈ പ്രശ്‌നത്തിനെല്ലാം പ്രധാന കാരണമായ വ്യക്തി(ഷാജഹാന്‍) ഇപ്പോഴും പിടിക്കപ്പെടാത്തതെന്തന്നതിലായിരുന്നു.

‘ ഖാലിസ്ഥാനി’ വിവാദം

സന്ദേശ്ഖാലിയില്‍ ഉണ്ടായിരിക്കുന്ന ഏറ്റവും പുതിയ വിവാദം ‘ ഖാലിസ്ഥാന്‍ ആരോപണ’ മാണ്. ബിജെപിക്കാര്‍ ഒരു സിഖ് ഐപിഎസ് ഓഫിസറെ ഖാലിസ്ഥാനി എന്നു വിളിച്ചതാണ് വിവാദത്തിനാധാരം. സന്ദേശ്ഖാലിയില്‍ പ്രവേശിക്കുന്നത് തടഞ്ഞ എസ്എസ്പി(ഐബി) ജസ്പ്രീതി സിംഗിനെതിരെയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ ഖാലിസ്ഥാനി വിളി.

തൃണമൂലിത് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയാണ്. മമത തന്നെ രംഗത്തു വന്നു. വിഭാഗീയതുടെ രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. സിഖുകാരെ അപമാനിക്കുകയും സംസ്ഥാനത്തിന്റെ സാമൂഹിക ഐക്യം തര്‍ക്കുകയുമാണ് ബിജെപി ചെയ്യുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബിജെപി നേതാവ് സുവേന്ദു അധികാരിയോട് പൊലീസ് സേന തങ്ങളുടെ പരാതി അറിയിച്ചു. എന്നാല്‍ അത്തരം പ്രയോഗങ്ങള്‍ നടത്തിയിട്ടില്ലെന്നാണ് അധികാരി പറയുന്നത്.

Share on

മറ്റുവാര്‍ത്തകള്‍