UPDATES

‘ഇങ്ങനെയാണോ ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്? ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്’

ബിജെപിയെ ‘ജയിപ്പിച്ച’ മേയര്‍ തെരഞ്ഞെടുപ്പിനെതിരേ സുപ്രിം കോടതി

                       

”ഇങ്ങനെയാണോ ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്? ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്”- ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ‘പ്രിസൈഡിംഗ് ഓഫീസര്‍ ബാലറ്റ് പേപ്പറുകള്‍ വളച്ചൊടിച്ചുവെന്ന ആരോപണത്തില്‍ ഇങ്ങനെയൊരു ചോദ്യം ഉന്നയിച്ചിരിക്കുന്നത് രാജ്യത്തെ പരമോന്നത നീതിപീഠം. ജനാധിപത്യത്തെ തുരങ്കം വയ്ക്കുന്ന ഗുരുതരമായ പ്രവര്‍ത്തികളാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് സുപ്രിം കോടതി അഭിപ്രായപ്പെട്ടത്. ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ആം ആദ്മി കൗണ്‍സിലറായ കുല്‍ദീപ് കുമാറാണ് മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. കോണ്‍ഗ്രസും എഎപിയും പിന്തുണയോടെ മത്സരിച്ച കുല്‍ദീപിന് 12 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന നോജ് സോങ്കറിനു 16 വോട്ടുകളാണ് ലഭിച്ചിരുന്നത്. 8 വോട്ടുകള്‍ പ്രിസൈഡിംഗ് ഓഫീസര്‍ അസാധുവായി തള്ളിക്കൊണ്ടു ബിജെപി സ്ഥാനാര്‍ഥി വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

കോണ്‍ഗ്രസ്-എഎപി സഖ്യം 20 വോട്ടു നേടിയെങ്കിലും സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച് സഖ്യത്തിലെ 8 കൗണ്‍സിലര്‍മാരുടെ വോട്ട് അസാധുവാക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നാരോപിച്ച കൗണ്‍സിലര്‍ കുല്‍ദീപ് കുമാര്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവിശ്യപെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇടക്കാല ആശ്വാസം ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തിങ്കളാഴ്ച ഹര്‍ജി കേട്ട ബെഞ്ച് തെരഞ്ഞെടുപ്പ് നടത്തിയ പ്രിസൈഡിംഗ് ഓഫീസര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. ഓഫീസര്‍ ബാലറ്റ് പേപ്പറുകള്‍ വളച്ചൊടിച്ചതായി കോടതി ചൂണ്ടികാണിച്ചു.

തെരഞ്ഞെടുപ്പില്‍ ബിജെപി പ്രിസൈഡിംഗ് ഓഫീസര്‍ പരസ്യമായി വോട്ട് നശിപ്പിക്കുകയും അസാധുവാക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ എഎപി തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ വീഡിയോ പരിശോധിച്ച കോടതി ജനാധിപത്യത്തെ പ്രിസൈഡിങ് ഓഫീസര്‍ പരിഹസിക്കുകയാണെന്ന് ആരോപിച്ചു. ‘ഇങ്ങനെയാണോ അദ്ദേഹം തെരഞ്ഞെടുപ്പ് നടത്തുന്നത്? ഇത് ജനാധിപത്യത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. ജനാധിപത്യത്തിന്റെ കൊലപാതകമാണ് നടന്നിരിക്കുന്നത്. ഈ മനുഷ്യനെ പ്രോസിക്യൂട്ട് ചെയ്യണം,’ തെളിവായി സമര്‍പ്പിച്ച വീഡിയോ കണ്ടതിന് ശേഷം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.

നടപടികളുടെ വീഡിയോ കണ്ട ചീഫ് ജസ്റ്റിസ് പ്രിസൈഡിംഗ് ഓഫീസറുടെ പെരുമാറ്റത്തില്‍ ഞെട്ടലും നിരാശയും പ്രകടിപ്പിച്ചു. പ്രിസൈഡിംഗ് ഓഫീസര്‍ സംശയാസ്പദമായി പെരുമാറുന്നത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. എന്തുകൊണ്ടാണ് അദ്ദേഹം കള്ളം ചെയ്തവരെ പോലെ ക്യാമറയുടെ മുന്നില്‍ നിന്ന് ഓടി മറയുന്നതെന്നും ചോദിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പ്രിസൈഡിംഗ് ഓഫീസര്‍ സംശയാസ്പദമായ പെരുമാറ്റം നിരീക്ഷിച്ചതായി സിജെഐ വ്യക്തമാക്കി. ഒരു ബാലറ്റ് പേപ്പറിന്റെ അടിയില്‍ ഒരു അടയാളം ഉണ്ടായിരുന്നപ്പോള്‍, ഉദ്യോഗസ്ഥന്‍ അത് പതിവുപോലെ ട്രേയില്‍ വക്കുന്നുണ്ട്. എന്നാല്‍, ബാലറ്റ് പേപ്പറിന് മുകളില്‍ അടയാളം ഉണ്ടെങ്കില്‍, ഓഫീസര്‍ ബാലറ്റ് വികൃതമാക്കി ക്യാമറയിലേക്ക് നോക്കുന്നുണ്ട്. ഈ നടപടികളെക്കുറിച്ച് സുപ്രീം കോടതിക്ക് അറിയാമെന്നും ജനാധിപത്യത്തെ തുരങ്കം വയ്ക്കുന്ന ഇത്തരം നടപടികള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. രാജ്യത്ത് സുസ്ഥിരത നിലനിര്‍ത്തുന്നതിന് നീതിയുക്തമായ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ചീഫ് ജസ്റ്റിസ് ഊന്നിപ്പറഞ്ഞു.

കുമാറിന്റെ ഹര്‍ജിയില്‍ നോട്ടീസ് പുറപ്പെടുവിച്ച കോടതി, ഫെബ്രുവരി 7 ന് നിശ്ചയിച്ചിരുന്ന ചണ്ഡീഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ തുടര്‍ന്നുള്ള യോഗം മാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. മേയര്‍ തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ രേഖകളും പിടിച്ചെടുക്കാനും പഞ്ചാബ് & ഹരിയാന ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെയും ബാലറ്റുകളുടെയും പക്കല്‍ സൂക്ഷിക്കണമെന്നും വീഡിയോഗ്രാഫി സംരക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടു. നിലവില്‍ രേഖകള്‍ കൈവശമുള്ള ചണ്ഡീഗഡ് യുടി ഡെപ്യൂട്ടി കമ്മീഷണര്‍ അവ തിങ്കളാഴ്ച വൈകുന്നേരം 5 മണിക്കകം ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറാനും ഉത്തരവിട്ടു. പ്രിസൈഡിംഗ് ഓഫീസറുടെ പെരുമാറ്റം വിശദീകരിക്കാന്‍ ഫെബ്രുവരി 19 ന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍