UPDATES

‘ഇവിടെ ഓരോ പത്തു മിനിട്ടിലും ഒരു കുഞ്ഞ് കൊല്ലപ്പെടുന്നു’

ഒരു തലമുറ തന്നെയാണ് ഇവിടെ ഇല്ലാതാകുന്നത്

                       

മാലക് 11 വയസുകാരിയിരുന്നു, യാസ്മിന് 6 ഉം നൂറിന് 3 ഉം ആയിരുന്നു പ്രായം. അവരുടെ ഏക സഹോദരനായിരുന്നു മാലിക്. 10 വയസുണ്ടായിരുന്നു.

യൂസഫ് ഷറഫിന് ഒരാഴ്ച്ചയ്ക്ക് മേല്‍ വേണ്ടി വന്നു, തന്റെ നാല് മക്കളുടെയും മൃതദേഹങ്ങള്‍ തകര്‍ന്നടിഞ്ഞ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുക്കാന്‍.

ഗാസയിപ്പോള്‍ വലിയൊരു ശവപ്പറമ്പാണ്. എന്നിട്ടും യൂസഫിനെ പോലെ നിര്‍ഭാഗ്യരായ അച്ഛന്മാര്‍ മക്കളെ അടക്കാന്‍ സ്ഥലമില്ലാതെ അലയുകയാണ്.

കിടപ്പാടം നഷ്ടപ്പെട്ട പലസ്തീനികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ പോയതായിരുന്നു ഒക്ടോബര്‍ 25 ന് യൂസഫ്. അതിനിടയിലാണ് അയാള്‍ക്ക് ഫോണ്‍ വന്നത്. ഇസ്രയേല്‍ റോക്കറ്റ് അവരുടെ താമസസ്ഥലത്ത് പതിച്ചിരിക്കുന്നു. ഓടിപ്പാഞ്ഞെത്തുമ്പോള്‍ മൂന്നുനില കെട്ടിടം കുറെ കല്ലും മണ്ണുമായി തീര്‍ന്നിരുന്നു. ആ 38 കാരന് എല്ലാം നഷ്ടപ്പെട്ടു.

ഭാര്യ, നാല് മക്കള്‍, മാതാപിതാക്കള്‍, മൂന്നു സഹോദരന്മാര്‍, രണ്ട് സഹോദരിമാര്‍, രണ്ട് അമ്മാവന്മാര്‍, അവരുടെ ഭാര്യമാര്‍… യൂസഫിന്റെ സ്വന്തക്കാരും ബന്ധുക്കാരുമായി 30 പേരോളം ആ മൂന്നു നില അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്നു. എല്ലാവരും മരിച്ചു. ആ കൂട്ടത്തിലാണ് മാലകും, യാസ്മിനും നൂറിനും മാലിക്കും പിന്നെ 16 കാരി ലാനയും 11 കാരി ഹാലയും 9 വയസുള്ള ജാനയും ആറ് വയസുകാരി ജൂറിയും 4 വയസുള്ള തുലീനും രണ്ട് വയസുള്ള കരീമും ഒബെയ്ദ എന്ന ഒരു വയസുകാരിയുമൊക്കെ കൊല്ലപ്പെടുന്നത്. 16 വര്‍ഷം കാത്തിരുന്നാണ് യൂസഫിന്റെ സഹോദരന് രണ്ട് കുഞ്ഞുങ്ങളെ കിട്ടുന്നത്. അവരും ഇനിയീ ലോകത്തില്ല…

‘ നിങ്ങള്‍ക്ക് എന്റെ വേദന മനസിലാകുമോ?’

യൂസഫ് വാഷിംഗ്ടണ്‍ പോസ്റ്റിനോട് ഫോണില്‍ കൂടി തന്റെ അവസ്ഥ വിവരിക്കുന്ന കൂട്ടത്തില്‍ ചോദിക്കുന്ന ചോദ്യമാണ്.

യൂസഫിനെ പോലുള്ളവരുടെ വേദന ആര്‍ക്കെങ്കിലും മനസിലാകുന്നുണ്ടോ?

തങ്ങള്‍ക്ക് മുമ്പേ മക്കള്‍ മരിച്ചു പോകുന്ന അച്ഛനമ്മമാരോളം ദൗര്‍ഭാഗ്യമുള്ളവര്‍ വേറെയില്ല.

ഒക്ടോബര്‍ 7 മുതലുള്ള കണക്കെടുത്താല്‍ 3,700 കുഞ്ഞുങ്ങള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഒരു തലമുറ തന്നെയാണ് ഇവിടെ ഇല്ലാതാകുന്നത്.

ഗാസയില്‍ ഇപ്പോള്‍ കൊല്ലപ്പെടുന്ന അഞ്ചു പേരില്‍ രണ്ടും കുട്ടികളാണെന്നാണ് പലസ്തീന്‍ മേഖലയിലെ സേവ് ദ ചില്‍ഡ്രന്‍ ഡയറക്ടര്‍ ജാസണ്‍ ലീ ദ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറയുന്നത്. കെട്ടിടാവശിഷ്ടങ്ങളില്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്ന ആയിരത്തോളം കുഞ്ഞുങ്ങളെ ഒഴിവാക്കി കൊണ്ടുള്ള കണക്കാണിത്. ജാസണ്‍ പറയുന്ന ഏറ്റവും ഭയാനകമായ വിവരം ഇതാണ്;

‘ഗാസയില്‍ ഓരോ പത്തു മിനിട്ടിലും ഒരു കുഞ്ഞ് കൊല്ലപ്പെടുന്നു’

ഹമാസിനെതിരേ ഇസ്രയേല്‍ നടത്തുന്ന അഞ്ചാമത്തെ യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത്. രക്തരൂക്ഷിതമായ ഈ സംഘര്‍ഷം ഒരു മാസം പിന്നിടാറാകുമ്പോള്‍ ഇതുവരെ 9,000 ഗാസ പൗരന്മാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അതില്‍ പകുതിയിലടുത്ത് കുഞ്ഞുങ്ങളാണ്.

‘ ആയിരക്കണക്കിന് കുട്ടികള്‍ കൊല്ലപ്പെടുന്നൊരു യുദ്ധത്തില്‍ ആരും തന്നെ വിജയിക്കുന്നില്ല’ എന്നാണ് ഐക്യരാഷ്ട്ര സഭയുടെ ബാലാവകാശ സമിതി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

സേവ് ദ ചില്‍ഡ്രന്‍ എന്ന ആഗോള ചാരിറ്റി ഗ്രൂപ്പ് പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം, ലോകത്തെ എല്ലാ സംഘര്‍ഷ മേഖലകളിലെയും 2019 മുതലുള്ള കണക്കെടുത്താല്‍ കുട്ടികള്‍ കൊല്ലപ്പെടുന്നതില്‍ ലോകത്തിലെ മൊത്തം കണക്കിനെക്കാള്‍ കൂടുതലാണ് ഗാസയില്‍. സേവ് ദ ചില്‍ഡ്രന്റെ കണക്ക് പ്രകാരം മൂന്നാഴ്ച്ച കൊണ്ട് 3,324 കുട്ടികളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരുമെന്ന ഭയവും റിപ്പോര്‍ട്ടിലുണ്ട്. ഗാസ നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തത്തിന്റെ തീവ്രത കൂടുതലും നേരിടേണ്ടി വരുന്നത് കുഞ്ഞുങ്ങള്‍ക്കാണ്. ദീര്‍ഘകാല മാനസികപ്രശ്‌നങ്ങള്‍ക്കാണ് കുട്ടികള്‍ വിധേയരാകുന്നത്. യുദ്ധമേല്‍പ്പിക്കുന്ന മുറിവുകള്‍ ശരീരത്തും മനസിലും ഇല്ലാത്താവരായി ആരുമില്ല ഗാസയിലെ കുട്ടികളുടെ കൂട്ടത്തില്‍.

അവരുടെ സ്‌കൂളുകളിലും ആശുപത്രികളിലും വച്ചാണ് കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നതെന്നാണ് മറ്റൊരു ദൗര്‍ഭാഗ്യം.

അവര്‍ ഭീകരതയെ ദിവസവും നേരിടേണ്ടി വരുന്നു. പട്ടിണിയും ആശ്രയമില്ലായ്മയും അതിനു പുറമെ വരുന്ന ദുരിതങ്ങളാണ്. ഏതൊരു ദുരന്തത്തിന്റെയും ആദ്യത്തെ ഇരകള്‍ എവിടെയും കുഞ്ഞുങ്ങളാണ്. ഗാസയില്‍ അവര്‍ മറ്റെല്ലായിടത്തേക്കാളും വലുതായി മനുഷ്യത്വമില്ലായ്മയ്ക്ക് വിധേയരാകുന്നുവെന്നും സേവ് ദ ചില്‍ഡ്രന്‍ പറയുന്നു. മറ്റെല്ലാവര്‍ക്കും ഇതൊരു ജീവനുള്ള നരകവും കുഞ്ഞുങ്ങളുടെ ശവപ്പറമ്പും ആണെന്നാണ് യുനിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍ ഗാസയെ അടയാളപ്പെടുത്തിയത്.

ഗാസയിലെ കുഞ്ഞുങ്ങളിലധികവും ഒന്നിലധികം യുദ്ധങ്ങള്‍ നേരിട്ടവരാണ്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രമായ നഗര മേഖലയിലൊന്നായ ഈ മുനമ്പിലുള്ള 2.3 മില്യണ്‍ ജനങ്ങളില്‍ പകുതിയും 18 വയസില്‍ താഴെയുള്ളവരാണ്. 2007 ന് ശേഷം ജനിച്ച കുട്ടികളില്‍ അധികവും ഈ മുനമ്പ് വിട്ടു പോകാന്‍ വഴിയടഞ്ഞു പോയവരാണ്. കാരണം, 2007-ല്‍ ആണ് ഹമാസ് ഗാസയുടെ അധികാരത്തിലേറുന്നത്. അന്നു മുതല്‍ ഇസ്രയേല്‍ ഗാസയുടെ മേല്‍ കനത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി, ആ നാടിനെ ഒരു തുറന്ന ജയിലാക്കി. ഈ കുട്ടികളില്‍ ബഹുഭൂരിപക്ഷവും പട്ടിണിയിലാണ് വളരുന്നത്. അവരില്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് ആവശ്യമായ വിദ്യാഭ്യാസം കിട്ടുന്നതും ആരോഗ്യസംരക്ഷണം കിട്ടുന്നതും ശുദ്ധജലം കിട്ടുന്നതും.

പഠിക്കാനിരിക്കേണ്ട ഡസ്‌കുകള്‍ക്കടിയിലാണ് ഈ കുട്ടികള്‍ ഇപ്പോള്‍ പേടിച്ചു വിറച്ചു ഉറങ്ങാന്‍ കിടക്കുന്നത്.

ഇസ്രയേലിന്റെ ബോംബ് വീണ് വീടുകള്‍ തകര്‍ന്ന പോയ കുട്ടികള്‍ ഇപ്പോള്‍ തെരുവുകളിലാണ് ജീവിക്കുന്നത്. അവശ്യത്തിന് ഭക്ഷണമില്ല, വെള്ളമില്ല, മരുന്നില്ല; ഗാസയിലെവിടെയും സ്ഥിതി ഇതാണ്. കുഞ്ഞുങ്ങളും ഇതിന്റെയെല്ലാം ഫലം അനുഭവിക്കണം. രോഗങ്ങളും അവരെ കീഴ്‌പ്പെടുത്തുന്നുണ്ട്.

മുറിവേറ്റ് കൊണ്ടുവരുന്ന കുഞ്ഞുങ്ങളില്‍ വളരെ കുറിച്ചു പേരെ മാത്രമെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാന്‍ കഴിയാറുള്ളൂ എന്നാണ് ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയിലെ പീഡിയാട്രിക് തലവനായ ഡോ. അഹമ്മദ് അല്‍-ഫറാ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറയുന്നത്.

അതിമാരകമായ സ്‌ഫോടനശേഷിയുള്ള മിസൈലുകളാണ് ഇസ്രയേല്‍ അയക്കുന്നത്. കുട്ടികള്‍ക്കുണ്ടാകുന്നത് ഗുരുതരമായ മുറിവുകളാണ് ശരീരഭാഗങ്ങള്‍ ഛേദിക്കപ്പെട്ടോ, ആഴത്തിലുള്ള മുറിവുകളുമായോ, പൊള്ളലേറ്റോ ആന്തരികരക്തസ്രാവത്തോടെയോ ഒക്കെയായിരിക്കും കുട്ടികളെ കൊണ്ടുവരിക. ശരീരം മൊത്തം പൊള്ളലേറ്റ, കരളിലും തലച്ചോറിലും രക്തസ്രാവം നിലയ്ക്കാത്ത കുട്ടികള്‍ ആശുപത്രിയിലുണ്ടെന്ന് ഡോക്ടര്‍ പറയുന്നു.

പല യുദ്ധങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തവണത്തേത് അതിഭീകരമാണെന്നാണ് ഗാസയിലെ വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ഇതുപോലെ മുറിവേറ്റവരെ ഇതുവരെ തങ്ങള്‍ കണ്ടിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഇസ്രയേല്‍ പല തവണയായി ആശുപത്രികളില്‍ നിന്നും ഒഴിഞ്ഞു പോകാന്‍ ആരോഗ്യപ്രവര്‍ത്തകരോട് ആവശ്യപ്പെടുകയാണ്. ഹമാസ് അംഗങ്ങള്‍ ആശുപത്രികള്‍ ഒളിത്താവളങ്ങള്‍ ആക്കിയിട്ടുണ്ടെന്ന കണക്കുകൂട്ടലില്‍ അവ തകര്‍ക്കാന്‍ വേണ്ടിയാണ് മുന്നറിപ്പ്. പക്ഷേ, തങ്ങളുടെ രോഗികളെ വിട്ട് പോകില്ലെന്ന ഉറച്ച നിലപാടിലാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ.

കൃത്യമായി ചികിത്സ കിട്ടേണ്ട നൂറു കണക്കിന് കുഞ്ഞുങ്ങളുണ്ടിവിടെ, ഞങ്ങള്‍ നോക്കാനില്ലെങ്കില്‍ അവര്‍ തെരുവുകളില്‍ കിടന്ന് തന്നെ മരിച്ചു പോകും, എന്നാണ് ഡോക്ടര്‍മാര്‍ ദ പോസ്റ്റിനോട് പറയുന്നത്.

എല്ലാ അമ്മമാര്‍ക്കും അവരുടെ മക്കളുടെ ഭാവിയെക്കരുതി ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരിക്കും, ഗാസയിലെ അമ്മമാര്‍ക്ക് ഒരു സ്വപ്‌നമേയുള്ളൂ; തങ്ങള്‍ മരിക്കുവോളമെങ്കിലും തങ്ങളുടെ കുഞ്ഞുങ്ങള്‍ ജീവനോടെയുണ്ടാകണമെന്ന്…

Share on

മറ്റുവാര്‍ത്തകള്‍