UPDATES

‘ഇവിടെ ആശുപത്രികള്‍ സെമിത്തേരികളാകുന്നു, അടക്കം ചെയ്യാനാകാത്ത മനുഷ്യശരീരങ്ങള്‍ നായ്ക്കള്‍ ഭക്ഷിക്കുന്നു…’

ഇതുവരെ കൊല്ലപ്പെട്ട 11,000 പേരില്‍ 40 ശതമാനവും കുഞ്ഞുങ്ങളാണ്, എന്നിട്ടും ഇസ്രയേല്‍ പറയുന്ന അവര്‍ ഹമാസിനെതിരേയാണ് യുദ്ധം ചെയ്യുന്നതെന്ന്

                       

ഇന്ത്യയിലെ കുട്ടികള്‍ ഇന്നു വളരെ സന്തോഷത്തിലാണ്. വെള്ളക്കുപ്പായം അണിഞ്ഞ്, പനിനീര്‍പൂവ് കുപ്പായക്കുടുക്കില്‍ കോര്‍ത്ത്, മാതാപിതാക്കള്‍ക്ക് കൈകള്‍ വീശി യാത്ര പറഞ്ഞ് അവര്‍ സ്‌കൂളിലേക്ക് പോകുന്നു; ഇന്ത്യ ഇന്ന് ശിശുദിനം ആഘോഷിക്കുകയാണ്…

ഇന്ത്യയില്‍ നിന്നും ഏകദേശം 4,572 കിലോമീറ്റര്‍ അകലെയുള്ളൊരു നാട്ടിലെ കുഞ്ഞുങ്ങളുടെ അവസ്ഥയങ്ങനെയല്ല. അവിടം ഇപ്പോള്‍ കുഞ്ഞുങ്ങളുടെ ശവപ്പറമ്പാണ്. ഗാസയെക്കുറിച്ച് അങ്ങനയല്ലാതെ മറ്റെന്ത് പറയാന്‍?

ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ പോലും മരണത്തിലേക്ക് തള്ളിയിടപ്പെടുന്നു.

മനുഷ്യരുടെ ജീവന്‍ രക്ഷിക്കാനുള്ള കേന്ദ്രങ്ങളാണ് ആശുപത്രികള്‍. ഗാസയിലങ്ങനെയല്ല. അവിടെ ആശുപത്രികള്‍ സെമിത്തേരികളായി മാറുന്നു.

ഇസ്രയേല്‍ ടാങ്കുകള്‍ ഇവിടെയുള്ള ആശുപത്രികളുടെ ഗേറ്റുകള്‍ കടന്നും ഉരുണ്ട് അകത്തേക്ക് കയറുകയാണ്. ആ ഇരുമ്പ് ചക്രങ്ങള്‍ മനുഷ്യത്വത്തെക്കൂടി ചതച്ചരച്ചാണ് ഉരുളുന്നത്.

ഈയടുത്ത ദിവസങ്ങളിലായി അല്‍-ഷിഫ ആശുപത്രിയില്‍-ഗാസയിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയാണത്-മരണപ്പെട്ടത് 32 പേരാണ്. അതില്‍ മൂന്നു നവജാത ശിശുക്കളും ഏഴ് മുതിര്‍ന്നവരും മരിക്കാന്‍ കാരണം, ഒക്‌സിജന്‍ കിട്ടാതെ വന്നതുകൊണ്ടായിരുന്നു.

ഡയലാസിസ് വേണ്ടി വരുന്ന കുറെ രോഗികളുണ്ട്. അവരുടെയെല്ലാം ആരോഗ്യസ്ഥിതി വളരെ മോശമാണ്. ആവശ്യമായ ചികിത്സ കൊടുക്കാന്‍ വഴിയില്ല. അവരെയും മരണം വന്നു കൂട്ടിക്കൊണ്ടു പോകുന്നത് നിസ്സഹയാരായി നോക്കിനില്‍ക്കാനല്ലാതെ, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മറ്റൊന്നും ചെയ്യാനാകില്ല.

അല്‍-ഷിഫയില്‍ നിലവില്‍ 650 ഓളം മനുഷ്യര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലുണ്ട്. അവര്‍ക്കാര്‍ക്കും വേണ്ട ചികിത്സ കൊടുക്കാന്‍ സാധിക്കുന്നില്ല. വൈദ്യുതിയും ഇന്ധനവും ഇല്ലാത്തതിനാല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാതെ വരുന്നതോടെ ഇന്‍ക്യുബേറ്ററുകളില്‍ പ്രവേശിപ്പിക്കേണ്ട നവജാത ശിശുക്കളെ മരണം തട്ടിയുടുക്കുകയാണ്.

ആശുപത്രികള്‍ പോലും വെറുതെ വിടുന്നില്ല ഇസ്രയേല്‍ സൈന്യം എന്നതാണ് സത്യം. ലോകത്തോട് അവര്‍ പറയുന്നതല്ല യാഥാര്‍ത്ഥ്യമെന്നാണ് ഗാസയിലെ ആരോഗ്യപ്രവര്‍ത്തകര്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറയുന്നത്.

ഇന്ധനവും മറ്റ് സൗകര്യങ്ങളും ആശുപത്രികള്‍ക്ക് ഏര്‍പ്പാടാക്കി കൊടുക്കുന്നു എന്നാണ് ഇസ്രയേല്‍ സൈന്യം ബിബിസിയുടെ ചോദ്യത്തിന് നല്‍കിയിരുന്ന മറുപടി. എന്നാല്‍, അല്‍-ഷിഫ ആശുപത്രിയിലെ ഡോക്ടര്‍ ബിബിസിയോട് പറഞ്ഞത്, ഞങ്ങള്‍ അവരോട് സഹായം ചോദിച്ചു പോയതല്ലാതെ, സഹായം വാഗ്ദാനം ചെയ്ത് അവരിങ്ങോട്ട് വന്നിട്ടില്ലെന്നാണ്. ചോദിച്ച സഹായത്തിന് അവര്‍ ഇതുവരെയായിട്ടും പ്രതികരിച്ചിട്ടില്ലെന്നും ഇസ്രയേല്‍ സൈന്യത്തിന്റെ നുണകള്‍ പൊളിച്ചു കൊണ്ട് ഡോക്ടര്‍മാര്‍ പറയുന്നു.

നവജാത ശിശുക്കളെയെങ്കിലും ആശുപത്രിയില്‍ നിന്നും മറ്റെങ്ങോട്ടെങ്കിലും മാറ്റുന്ന കാര്യത്തില്‍ ചര്‍ച്ച നടത്തുന്നുണ്ട്. അതില്‍പോലും തീരുമാനം ആയിട്ടില്ല എന്നാണ് ഡോക്ടര്‍മാര്‍ നിരാശയോടെ പറഞ്ഞത്.

അല്‍-ഷിഫ ആശുപത്രി മാനേജര്‍ ഡോക്ടര്‍ മൊഹമ്മദ് അബു സെല്‍മിയ ബിബിസിയോട് പറയുന്ന കാര്യങ്ങള്‍ വൈകാരികമായി നിങ്ങളെ ബുദ്ധുമുട്ടുക്കുന്നതായിരിക്കാം;

ആശുപത്രിയില്‍ 150 ഓളം മൃതദേഹങ്ങളുണ്ട്. അവരെ അടക്കം ചെയ്യാന്‍ വഴിയില്ല. സഹായം ചോദിച്ച് റെഡ്‌ക്രോസിനെ സമീപിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യമല്ലെന്ന മറുപടിയാണ് കിട്ടിയത്.

മനുഷ്യ ശരീരഭാഗങ്ങള്‍ നായ്ക്കള്‍ കടിച്ചു തിന്നുന്നതിന് വരെ സാക്ഷികളാകേണ്ടി വരുന്ന ഗതികേടിലാണ് ഗാസയിലെ ഡോക്ടര്‍മാര്‍…

അല്‍-ഷിഫയുടെ പ്രധാന കവാടത്തിന് പുറത്തിപ്പോള്‍ ഇസ്രയേല്‍ ടാങ്കുകളുടെ മുരള്‍ച്ചയാണ്. അതൊരു ആശുപത്രിയായിട്ടല്ല ഇസ്രയേലികള്‍ കാണുന്നത്. അവര്‍ പറയുന്നത്, ഹമാസ് പോരാളികളുടെ ആസ്ഥാനമായിട്ടുള്ള തുരങ്കങ്ങള്‍ ഈ ആശുപത്രിയുടെ കീഴെയാണെന്നാണ്. ഹമാസ് സാധാരണക്കാരെ മനുഷ്യകവചങ്ങളാക്കി ഉപയോഗിക്കുകയാണെന്നാണ്. അതിന്റെ പേരിലാണ് ജനിച്ചു വീണ കുഞ്ഞുങ്ങളെയുള്‍പ്പെടെ കൊന്നു തള്ളുന്നത്. ഇസ്രയേലിന്റെ ഇത്തരം ആരോപണങ്ങള്‍ ഹമാസ് തള്ളിക്കളയുകയാണ്. ആശുപത്രികള്‍ ആക്രമിക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേലി സൈന്യത്തോട് ‘അപേക്ഷിച്ചിട്ടുണ്ട്’.

തങ്ങളുടെ 1,200 ഓളം പേരെ ഹമാസ് കൊന്നതിന്റെ പേരില്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രതികാരത്തില്‍ ഗാസയില്‍ ഇതുവരെ 11,000 പേര്‍ കൊലപ്പെട്ടിട്ടുണ്ടെന്നാണ് ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. കൊല്ലപ്പട്ടതില്‍ 40 ശതമാനം കുട്ടികളാണ്. ഇപ്പോഴും ഇസ്രയേല്‍ പറയുന്നത്, അവര്‍ ഹമാസ് അംഗങ്ങളെയാണ് വേട്ടയാടുന്നതെന്നാണ്!

മൂന്നില്‍ രണ്ട് പലസ്തീനികളും ഗാസയില്‍ നിരാലംബരായി തീര്‍ന്നു. അവരുടെ വീടുകള്‍ വെറും മണല്‍ക്കൂമ്പാരങ്ങളായി. വടക്കന്‍ ഗാസയില്‍ നിന്നും മനുഷ്യരെയെല്ലാം ഇസ്രയേലി സൈന്യം കുടിയൊഴിപ്പിച്ചു. അവരൊക്കെയും തെരുവോരങ്ങളില്‍ അഭയത്തിനായി അലയുകയാണ്. എന്നിട്ടും ഇസ്രയേല്‍ പറയുന്നത്, അവരുടെ യുദ്ധം ഹമാസിനോട് മാത്രമാണെന്നാണ്!

Share on

മറ്റുവാര്‍ത്തകള്‍