UPDATES

‘പഠിക്കാന്‍ വന്നവര്‍ പഠിച്ചിട്ടു പോണം, എസ് എഫ് ഐ ഇവിടെ പണ്ടേയുള്ളതാണെന്നുമായിരുന്നു മറുപടി’

പൂക്കോട് വെറ്റിനറി കോളേജിലെ എഐഎസ്എഫ് സെക്രട്ടറി ആകാശ് ഉണ്ണിത്താന്‍ സംസാരിക്കുന്നു

                       

പൂക്കോട് വെറ്റിനറി കോളേജില്‍ എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്ന് എ ഐ എസ് എഫ്. ഒരു വിഭാഗം അധ്യാപകരും എസ് എഫ് ഐയും ചേര്‍ന്ന് എ ഐ എസ് എഫിന് കോളേജില്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം നല്‍കുന്നില്ലെന്നാണ് പരാതി. സിദ്ധാര്‍ത്ഥന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ കോളജിലെ എ ഐ എസ് എഫ് യൂണിറ്റ് സെക്രട്ടറി ആകാശ് ആര്‍ ഉണ്ണിത്താന്‍ അഴിമുഖവുമായി സംസാരിക്കുന്നു.

പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ എഐഎസ്എഫിന്റെ യൂണിറ്റ് ആരംഭിക്കാന്‍ ശ്രമിച്ചപ്പോള്‍, അനുവദിക്കില്ലെന്ന നിലപാടായിരുന്നു എസ് എഫ് ഐയ്ക്കുണ്ടായിരുന്നത്. കോളേജിനകത്ത് നിന്നുമാത്രമല്ല, എസ് എഫ് ഐയുടെ ജില്ലാ നേതൃത്വത്തിലെ പ്രവര്‍ത്തകരും എ ഐ എസ് എഫിന്റെ യൂണിറ്റ് തുടങ്ങുന്നത് എതിര്‍ത്തു. ‘ഇതൊന്നും ഇവിടെ പറ്റില്ല’ എന്നാണ് അവര്‍ പറഞ്ഞത്. ഇതേ ആവശ്യവുമായി സര്‍വകലാശാല അധികൃതരെ സമീപിച്ചപ്പോഴും അവസ്ഥ മറിച്ചായിരുന്നില്ല. യൂണിറ്റ് ആരംഭിക്കേണ്ട ഉത്തരവാദിത്തം എനിക്കായതുകൊണ്ട് നല്ല രീതിയിലുള്ള സമ്മര്‍ദ്ദം പല ഭാഗത്ത് നിന്നുണ്ടായിരുന്നു. എ ഐ എസ് എഫ് പേരിനൊരു സഘടനയായി മാത്രം നില്‍ക്കേണ്ട ഒന്നല്ല, ശക്തമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. പക്ഷേ അതിന് തടയിടുന്നത് എസ് എഫ് ഐയുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തികളാണ്.

യൂണിറ്റ് ആരംഭിക്കണം എന്ന ആവശ്യവുമായി അധ്യാപകരെ സമീപിച്ചപ്പോള്‍ ആദ്യം ലഭിച്ച മറുപടി ‘ഇവിടെ പഠിക്കാന്‍ വന്നവര്‍ പഠിച്ചിട്ട് പോയാല്‍ മതി’ എന്ന തരത്തിലായിരുന്നു. മറ്റ് സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടല്ലോ എന്ന എന്റെ മറു ചോദ്യത്തിന് അവര്‍ പറഞ്ഞത്, എസ് എഫ് ഐ കാലങ്ങളായി ഇവിടെയുള്ളതാണ് എന്നാണ്. എ ഐ എസ് എഫിന്റെ യൂണിറ്റ് സ്ഥാപിക്കണം എന്ന ആവശ്യത്തില്‍ തന്നെ ഉറച്ച് നിന്നപ്പോള്‍, ഞാന്‍ ധിക്കാരിയായി മാറി. പലരുടെയും ഭാഗത്ത് നിന്നുണ്ടായ ഇത്തരം പ്രവണതകളും സമീപനവും മാനസിക സമ്മര്‍ദ്ദം നല്‍കിയവയായിരുന്നു. പഠിച്ച് മുന്നേറണം എന്ന നല്ല ഉദ്ദേശത്തോടെ ഉപദേശിച്ച അധ്യാപകരും കൂട്ടത്തില്‍ ഉണ്ടായിരുന്നു’- ആകാശ് ഉണ്ണിത്താന്‍ പറയുന്നു.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികളായവരില്‍ നാല് പേര്‍ മാത്രമേ എസ് എഫ് ഐ പ്രവര്‍ത്തകരായുള്ളു എന്ന തരത്തിലുള്ള വാര്‍ത്തകളോട് ആകാശ് പ്രതികരിക്കുന്നത് ഇങ്ങനെയാണ്; ‘ആ നാല് പേര്‍ എസ് എഫ് യുടെ പ്രധാന ഭാരവാഹിത്വം വഹിക്കുന്നവരാണ്. ബാക്കിയുള്ളവരും എസ്എഫ്‌ഐയുടെ പ്രവര്‍ത്തകരാണ്’.

സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ മാധ്യമങ്ങളില്‍ വരുന്ന പ്രചാരണങ്ങള്‍ അതിശയോക്തി കലര്‍ന്നതും പെരുപ്പിച്ച് കാണിക്കുന്നവയും അടിസ്ഥാനരഹിതവുമാണെന്നും എ ഐ എസ് എഫ് യൂണിറ്റ് സെക്രട്ടറി പറയുന്നു. ‘മൂന്ന് ദിവസം മുറിയിലടച്ചിട്ടു സിദ്ധാര്‍ത്ഥനെ ഉപദ്രവിച്ചൂ, 150 ഓളം കുട്ടികള്‍ സിദ്ധാര്‍ത്ഥനെ മര്‍ദ്ദിക്കുന്നത് നോക്കി നിന്നു എന്നൊക്കെയുള്ള കാര്യങ്ങളൊന്നും അവിടെ നടന്നിട്ടില്ല’- ആകാശിന്റെ വാക്കുകള്‍.

‘യഥാര്‍ത്ഥത്തില്‍ നേതൃത്വം മോശമായതുകൊണ്ടാണ് ഇത്തരം പ്രവര്‍ത്തികള്‍ കോളേജില്‍ അരങ്ങേറുന്നത്. കേസിലെ ഒന്നാംപ്രതി സിന്‍ജോ ജോണ്‍സണ്‍ എസ്എഫ്‌ഐയുടെ ഭാരവാഹിത്വം വഹിക്കുന്നില്ല. എങ്കിലും സിന്‍ജോ എസ്എഫ്‌ഐ പ്രവര്‍ത്തകനാണ്’- ആകാശ് പറയുന്നു.

നിഷ്പക്ഷരായവര്‍ അവിടെ ഉണ്ടെങ്കില്‍ തന്നെയും എസ്എഫ്‌ഐയോടും അവരുടെ പ്രവര്‍ത്തനങ്ങളോടും ചേര്‍ന്ന് പോവുകയാണ് പതിവ്. എതിര്‍ക്കാനും മത്സരിക്കാനും മറുഭാഗത്ത് ആരും തന്നെ ഇല്ല എന്നതാണ് ഇതിന് കാരണം. ഇതിനെല്ലാം സാക്ഷികളായ കുട്ടികള്‍ കാര്യങ്ങളറിഞ്ഞിട്ടും പ്രതികരിക്കാതിരുന്നതും, എല്ലാം മറച്ച് വച്ചതും, ഇപ്പോള്‍ മൗനം പാലിക്കുന്നതും വളരെ മോശപ്പെട്ട പ്രവണതയാണ്. പ്രതികരണ ശേഷി നഷ്ടപെട്ട സമൂഹം ഉണ്ടാകുന്നത് കൊണ്ട് ലോകത്തിന് യാതൊരു ഗുണവുമുണ്ടാകില്ല എന്നതാണ് വാസ്തവം’– എ ഐ എസ് എഫ് നേതാവിന്റെ വാക്കുകള്‍.

ഇനിയൊരു സിദ്ധാര്‍ത്ഥന്‍ ഉണ്ടാകാതിരിക്കാനും, സ്വാതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനും ശക്തമായ നിയമ നിര്‍മാണം സര്‍ക്കാര്‍ നടത്തണമെന്നാണ് എഐഎസ്എഫ് ആവശ്യപ്പെടുന്നതെന്നാണ് ആകാശ് ഉണ്ണിത്താന്‍ അഴിമുഖത്തോട് പറയുന്നത്. മറിച്ചാണ് സ്ഥിയെങ്കില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം മാതാപിതാക്കള്‍ക്കു പേടി സ്വപനമാകുമെന്നും വിദ്യാര്‍ത്ഥി നേതാവ് ഓര്‍മപ്പെടുത്തുന്നു.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍