UPDATES

‘നിസ്‌കരിക്കാന്‍ പള്ളിയില്‍ പോണം, ഹോസ്റ്റലില്‍ പറ്റില്ല’

ജയ്ശ്രീറാം മുഴക്കി വന്നവരുടെ ആക്രമണത്തില്‍, ഗുജറാത്ത് സര്‍വകലാശാലയിലെ അഞ്ച് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

                       

നിസ്‌കാരം ചെയ്തതിന്റെ പേരില്‍ ഗുജറാത്ത് സര്‍വകലാശയിലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരേ ആക്രമണം. അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഒരാള്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. ദ ഇന്ത്യന്‍ എക്‌സ്പ്രസ് ഇതുമായി ബന്ധപ്പെട്ട് വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. 25 ഓളം പേരടങ്ങുന്ന സംഘമാണ് ‘ ജയം ശ്രീറാം’ മുഴക്കി ഹോസ്റ്റലില്‍ അതിക്രമിച്ചു കടന്നു കയറി വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. നിസ്‌കരിക്കാന്‍ പള്ളിയില്‍ പോകണമെന്നും ഹോസ്റ്റലില്‍ പറ്റില്ലെന്നും ആക്രോശിച്ചായിരുന്നു തങ്ങളെ ആക്രമിച്ചതെന്നാണ് പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ പൊലീസിനോട് പറഞ്ഞത്. അഹമ്മദാബാദ് സ്വദേശികളായ ഹിതേഷ് മേവദ, ഭരത് പട്ടേല്‍ എന്നിവരെ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും രണ്ടു പേരുടെയും പശ്ചാത്തലം ഇപ്പോള്‍ അറിവായിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. വിവിധ വകുപ്പുകള്‍ പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ശനിയാഴ്ച്ച രാത്രിയിലായിരുന്നു ആക്രമണം. ശ്രീലങ്കയില്‍ നിന്നും തുര്‍ക്ക്മനിസ്താനിലും നിന്നുള്ള വിദ്യാര്‍ത്ഥികളെയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബാക്കി മൂന്നു പേരില്‍ രണ്ട് പേര്‍ ആഫ്രിക്കക്കാരും ഒരാള്‍ അഫ്ഗാനിസ്താനിയുമാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ്(ഐസിസിആര്‍) സ്്‌കോളര്‍ഷിപ്പ് നേടി ഏകദേശം 300 വിദേശ വിദ്യാര്‍ത്ഥികള്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ പഠിക്കുന്നുണ്ട്. ഇവരെ കൂടാതെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും 1,100 വിദ്യാര്‍ത്ഥികളും ഇവിടെയുണ്ട്.

അക്രമവുമായി ബന്ധപ്പെട്ട ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍, അക്രമികള്‍ ഹോസ്റ്റല്‍ റൂമുകള്‍ തല്ലിത്തകര്‍ക്കുന്നതും വണ്ടികള്‍ നശിപ്പിക്കുന്നതുമൊക്കെ കാണാം. അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍ ജി എസ് മാലിക്കും, ഗുജറാത്ത് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നീരജ ഗുപതയും ഞായറാഴ്ച്ച രാവിലെ ഹോസ്റ്റല്‍ സന്ദര്‍ശിച്ചിരുന്നു.

‘ശനിയാഴ്ച്ച രാത്രി 10.30 ഓടെ ചില വിദേശ വിദ്യാര്‍ത്ഥികള്‍ നിസ്‌കരിച്ചുകൊണ്ടിരുന്ന സമയത്ത് 25 ഓളം പേര്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന്റെ എ ബ്ലോക്കിലേക്ക് കടന്നുകയറുകയും, നിസ്‌കരിച്ചുകൊണ്ടിരുന്നവരോട് ഇവിടെയെന്തിനാണ് നിസ്‌കരിക്കുന്നതെന്നും പള്ളിയിലേക്ക് പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു, ഇത് പിന്നീട് തര്‍ക്കത്തിലേക്കും കല്ലേറിലേക്കും അക്രമത്തിലേക്കും വഴിമാറുകയായിരുന്നുവെന്നാണ് കമ്മീഷണര്‍ മാലിക്കിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ ഏകദേശം 1.30 മണിയായിട്ടുണ്ട്. ഞാന്‍ എന്റെ റൂമിലിരിക്കുമ്പോഴാണ് ജയ് ശ്രീറാം വിളി കേള്‍ക്കുന്നത്. പുറത്തു വന്നു നോക്കിയപ്പോള്‍ മൂന്നാലുപേര്‍, അതിലൊരാള്‍ കാവി തുണിയ തലയില്‍ ചുറ്റിയിട്ടുണ്ട്, അവര്‍ വിദ്യാര്‍ത്ഥികളെ നിസ്‌കാരം ചെയ്യുന്നതില്‍ നിന്നും തടയുകയായിരുന്നു. ആദ്യം അവര്‍ വഴക്കുണ്ടാക്കുകയും പിന്നീട് വിദ്യാര്‍ത്ഥികളെ തല്ലുകയും ചെയ്തു. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അക്രമികളെ അവിടെ നിന്നും തുരത്തി. അവര്‍ ഉടന്‍ തന്നെ വേറെ ആളുകളെ വിളിച്ചു, ഒരു വലിയ ആള്‍ക്കൂട്ടം ഹോസ്റ്റലില്‍ എത്തി, അവരെല്ലാവരും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും ഹോസ്റ്റല്‍ റൂമുകളിലേക്ക് കല്ലേറ് നടത്തുകയും ചെയ്തു’- ഒരു അഫ്ഗാന്‍ വിദ്യാര്‍ത്ഥി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു.

മൂന്നു നില കെട്ടിടമാണ് ഹോസ്റ്റലിലെ എ ബ്ലോക്ക്. ഇവിടെ ഏകദേശം 75 വിദേശ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെ അക്രമികള്‍ തുരത്തിയോടിക്കുകയായിരുന്നുവെന്നും ഒരാളെ കത്തിയുപയോഗിച്ച് ആക്രമിച്ചുവെന്നുമൊക്കെ സംഭവത്തിന് ദൃക്‌സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ പറയുന്നുണ്ട്. ഭയചകിതരായ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ഹോസ്റ്റലിന്റെ ഒന്നാം നിലയില്‍ നിന്നും ചാടി രക്ഷപ്പെട്ടു. പലരും ഹോസ്റ്റലില്‍ നിന്ന് രക്ഷപ്പെട്ടോടി പുറത്തുള്ള ഹോട്ടലുകളില്‍ മുറിയെടുത്താണ് രാത്രി കഴിച്ചു കൂട്ടിയത്.

സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും വിദേശ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അവരെ കൂടുതല്‍ സുരക്ഷിതത്വമുള്ള ഹോസ്റ്റലിലേക്ക് മാറ്റുമെന്നുമാണ് വൈസ് ചാന്‍സലര്‍ ഗുപ്ത ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നത്. വൈസ് ചാന്‍സലര്‍ പറയുന്ന മറ്റൊരു കാര്യം, ഇപ്പോഴത്തെ അക്രമം നിസ്‌കാരവുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ളതല്ലെന്നും മുമ്പേ തന്നെ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ രണ്ടു സംഘങ്ങള്‍ തമ്മില്‍ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്ന് തനിക്ക് വിവരം കിട്ടിയിട്ടുണ്ടായിരുന്നുവെന്നുമാണ്. വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും നീരജ ഗുപ്ത പറയുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി, ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍