‘മൂന്നാം വട്ടവും മോദി സര്‍ക്കാര്‍’ എന്നാണ് ബിജെപി മുദ്രാവാക്യം. ഭരണത്തുടര്‍ച്ച അവര്‍ ഉറപ്പിക്കുന്നു. പ്രതിപക്ഷം ദുര്‍ബലരാണ്. എന്നിട്ടും ബിജെപി ഭയത്തിലാണോ? എതിരാളികളെ പേടിക്കുകയാണോ? ഈ ഭയം തകരാറിലാക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെയാണ്. പ്രതിപക്ഷ നേതാക്കളെ ഓരോരുത്തരെയായി അറസ്റ്റ് ചെയ്യുന്നു. കേന്ദ്ര ഏജന്‍സികള്‍ അജ്ഞാനുവര്‍ത്തികളാകുന്നു. ഇലക്ടറല്‍ ബോണ്ട് വിവരങ്ങളില്‍ ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ എതുവിധമാണ് രാഷ്ട്രീയത്തില്‍ ഉപകരണങ്ങളാക്കപ്പെടുന്നതെന്ന് കണ്ടതാണ്. ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച് അവരുടെ അന്വേഷണത്തില്‍ (10 വര്‍ഷത്തിനിടയില്‍ കേസ് പേടിച്ച് ബിജെപിയിലേക്ക് ചാടിയത് പ്രതിപക്ഷത്തെ 25 പ്രമുഖര്‍) പറയുന്നത്, കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ കേസും അന്വേഷണവും പേടിച്ച് 25 പ്രമുഖ നേതാക്കളാണ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ബിജെപിയില്‍ എത്തിയതെന്നാണ്. ഇവരില്‍ 23 പേര്‍ക്കും പാര്‍ട്ടി മാറ്റം കേസ്/ പരിശോധനകളില്‍ നിന്നും ആശ്വാസം പ്രദാനം ചെയ്യുകയും ചെയ്തു.
‘ജനാധിപത്യത്തിന്റെ മാതാവ്’ ഇപ്പോള്‍ ഈ അവസ്ഥയിലാണ്.
ഇന്ത്യയില്‍ നടക്കുന്ന പൗരാവകാശ ലംഘനങ്ങളെ വിമര്‍ശിച്ചു ജര്‍മനിയും, അമേരിക്കയും രംഗത്തു വന്നത് ലോകത്തിന് മുന്നില്‍ ഇന്ത്യക്ക് നാണക്കേടായി. ഇപ്പോഴിതാ ഫിനാന്‍ഷ്യല്‍ ടൈംസ് എന്ന ആഗോള മാധ്യമം എഡിറ്റോറിയല്‍ എഴുതിയിരിക്കുന്നതും ഇന്ത്യന്‍ ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധത ചൂണ്ടിക്കാട്ടിയാണ്.
The mother of democracy is not in good shape” എന്നാണ് ലോക പ്രശസ്ത ബ്രിട്ടീഷ് മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസ് അവരുടെ എഡിറ്റോറിയലിന് തലക്കെട്ട് കൊടുത്തിരിക്കുന്നത്. ജനാധിപത്യത്തെക്കുറിച്ചുള്ള പ്രസംഗവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വിടവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് എഫ് ടി (ഫിനാന്‍ഷ്യല്‍ ടൈംസ്) പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിക്കുന്ന വിശേഷണമായിട്ടാണ്, ജനാധിപത്യത്തിന്റെ മാതാവ്’ എന്ന വാചകം തങ്ങള്‍ പ്രയോഗിച്ചിരിക്കുന്നതെന്നും എഫ് ടി വിശദീകരിക്കുന്നുണ്ട്. എതിര്‍പ്പുകളെയും അഭിപ്രായസ്വാതന്ത്ര്യത്തെയും ഞെരിച്ചമര്‍ത്തുകയാണ് നരേന്ദ്ര മോദിയുടെ ബിജെപി ഭരണത്തിന്റെ ‘ പ്രത്യേകത’ യെന്നും പത്രം തുറന്നടിക്കുന്നു. 2019 ല്‍ രണ്ടാം മോദി സര്‍ക്കാരിന്റെ കാലം മുതലാണ് ഈ പ്രവണത വര്‍ദ്ധിച്ചതെന്നും പത്രം എഴുതുന്നു. അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ളവരുടെ അറസ്റ്റും, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാങ്ക് അകൗണ്ട് മരവിപ്പിച്ചതുമായ കാര്യങ്ങള്‍ ഫിനാന്‍ഷ്യല്‍ ടൈംസ് എഡിറ്റോറിയലില്‍ പറയുന്നുണ്ട്. രാഷ്ട്രീയക്കാര്‍ക്കു പുറമെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍, അക്കാദമീഷ്യന്മാര്‍, ചിന്തകന്‍മാര്‍, പൗരാവകാശ സംഘങ്ങള്‍ തുടങ്ങിവരെ നികുതി വകുപ്പോ, അല്ലെങ്കില്‍ നിയമ സംവിധാനങ്ങളോ ഉപദ്രവിക്കുന്നത് പതിവായിരിക്കുന്നു. ബിജെപിയുടെ ഹിന്ദു ദേശീയത ഇന്ത്യയുടെ മതേതര ജനാധിപത്യ പാരമ്പര്യത്തെ ഇല്ലാതാക്കുന്നു- ഒരു അന്താരാഷ്ട്ര മാധ്യമത്തിന്റെ വിമര്‍ശനങ്ങളാണ്.
ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍, കേന്ദ്ര സര്‍ക്കാരിനും അവര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സികള്‍ക്കുമെതിരേ പരാതി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ തന്നെയാണ് ബ്രിട്ടീഷ് മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസും സമാന ആക്ഷേപങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ബിജെപി ഇപ്പോള്‍ ഒരു വാഷിംഗ് മെഷീനായി പ്രവര്‍ത്തിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ പരിഹാസം. ബിജെപിയില്‍ ചേര്‍ന്നാല്‍ അവരുടെ മേലുള്ള കേസുകളും അന്വേഷണങ്ങളും ഇല്ലാതാവുകയാണെന്നാണ് പ്രതിപക്ഷം പറയുന്നത്. മാര്‍ച്ച് 31 ന് ഡല്‍ഹി രാംലീല മൈതാനത്ത് പ്രതിപക്ഷ സഖ്യമായ ‘ ഇന്ത്യ’ സംഘടിപ്പിച്ച ‘ ലോക്തന്ത്ര ബച്ചാവോ മഹാറാലി’യെ കുറിച്ചും എഫ് ടി എഡിറ്റോറിയയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പിന്തുണയര്‍പ്പിച്ചും, മോദി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള പ്രതിഷേധവുമായിട്ടാണ് മഹാറാലി സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദി മാച്ച് ഫിക്‌സിംഗ് നടത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണവും, എതിരാളികളെ ഒതുക്കാനോ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനോ മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സര്‍ക്കാര്‍ ഏജന്‍സികളെയും അധികാരികളെയും ഉപയോഗിച്ചുവെന്ന ആരോപണം ബിജെപി നിഷേധിച്ച കാര്യവുമൊക്കെ എഡിറ്റോറിയയില്‍ പറയുന്നുണ്ട്. മൂന്നാം തവണയും അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വേകള്‍ ഒരുപോലെ പ്രവചിക്കുമ്പോഴും, എതിര്‍ശബ്ദങ്ങളെ എന്തിനാണ് ഇങ്ങനെ ഞെരുക്കുന്നത് എന്നാണ് അമ്പരപ്പോടെ ഫിനാന്‍ഷ്യല്‍ ടൈംസ് മോദി സര്‍ക്കാരിനോട് ചോദിക്കുന്നത്.
ഇന്ത്യ ഇന്ന് ലോകത്തിലെ വലുതും ഊര്‍ജസ്വലവുമായൊരു സാമ്പത്തിക വ്യവസ്ഥകളില്‍ ഒന്നെന്ന നിലയില്‍ അതിന്റെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും അനുയോജ്യമാംവിധം ജനാധിപത്യത്തെ കൈകാര്യം ചെയ്യണമെന്നും പത്രം ഉപദേശിക്കുന്നു.
പ്രധാനമന്ത്രി മോദിയുടെ ജനാധിപത്യ പ്രസംഗങ്ങളും യാഥാര്‍ത്ഥ്യവും തമ്മില്‍ വ്യക്തമായ വിടവുണ്ടെന്നും, ഇത് കേവലം ജനങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളുമായി മാത്രം ബന്ധപ്പെട്ടുള്ളതല്ലെന്നും ഒരു ജനാധിപത്യ, നിയമാധിഷ്ഠിത രാഷ്ട്രമെന്ന നിലയില്‍ ലോക രാഷ്ട്രങ്ങള്‍ക്കു മുന്നിലുള്ള അതിന്റെ പ്രതിച്ഛായയെ തന്നെ ബാധിക്കുമെന്നും പത്രം പറയുന്നു. കെജ് രിവാളിന്റെ അറസ്റ്റില്‍ അമേരിക്ക കാണിച്ച ആശങ്ക ഇന്ത്യയെ അലോസരപ്പെടുത്തിയിരുന്നു. തങ്ങളുടെ വിയോജിപ്പ് ഇന്ത്യ അറിയിക്കുകയും ചെയ്തിരുന്നു. ആ വിഷയവം ഫിനാന്‍ഷ്യല്‍ ടൈംസ് എഡിറ്റോറിയയില്‍ പരാമര്‍ശിക്കുന്നുണ്ട്. ‘രാഷ്ട്രീയ സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ വളര്‍ച്ചയുടെയും അഭിവൃദ്ധിയുടെയും മികച്ച താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനും, ആഗോള സമൂഹത്തിലെ മുന്‍നിര അംഗമെന്ന നിലയില്‍ രാജ്യത്തിന്റെ പങ്ക് വര്‍ദ്ധിപ്പിക്കാനുള്ള മോദി സര്‍ക്കാരിന്റെ അഭിലാഷങ്ങള്‍ക്കും അനിവാര്യമാണെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് ഓര്‍മിപ്പിക്കുന്നത്.