UPDATES

10 വര്‍ഷത്തിനിടയില്‍ കേസ് പേടിച്ച് ബിജെപിയിലേക്ക് ചാടിയത് പ്രതിപക്ഷത്തെ 25 പ്രമുഖര്‍

25-ല്‍ പത്തും കോണ്‍ഗ്രസുകാര്‍

                       

2014 മുതലുള്ള കണക്കെടുത്താല്‍, അഴമിതി കേസുകളില്‍ കുടുങ്ങുമെന്ന ഭീഷണിയില്‍ സ്വന്തം പാര്‍ട്ടികള്‍ വിട്ട് ബിജെപിയിലേക്ക് ചാടിയത് പ്രതിപക്ഷത്തെ 25 പ്രമുഖര്‍. ഇതില്‍ പത്തു പേരും കോണ്‍ഗ്രസുകാരാണ്. ശിവ്‌സേനയില്‍ നിന്നും എന്‍സിപിയില്‍ നിന്നും നാല് പേര്‍ വീതവും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും മൂന്നു പേരും, തെലങ്കുദേശം പാര്‍ട്ടിയില്‍ നിന്നും രണ്ടു പേരും സമാജ് വാദി പാര്‍ട്ടി, വൈഎസ്ആര്‍സിപി, എന്നിവിടങ്ങളില്‍ നിന്നും ഓരോ ആളു വീതവുമാണ് ബിജെപിയില്‍ അഭയം തേടി പോയത്. 25 ല്‍ 23 പേര്‍ക്കും പാര്‍ട്ടി മാറിയത് കേസില്‍ ആശ്വാസം നല്‍കിയെന്നും ദ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നു കേസുകള്‍ ഇതിനോടകം അന്വേഷണ ഏജന്‍സികള്‍ അവസാനിപ്പിച്ചിട്ടുണ്ട്. 20 കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ നിശബ്ദത പാലിക്കുകയാണ്. ആറ് പ്രതിപക്ഷ നേതാക്കന്മാര്‍ കേസും അറസ്റ്റും ഭയന്ന് ബിജെപിയില്‍ ചേരുന്നത് കഴിഞ്ഞാഴ്ച്ചയാണ്; പൊതു തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ച്ചകള്‍ മാത്രം ബാക്കി നില്‍ക്കേ!

സാധാരണ കുറ്റാരോപിതരായ പ്രതിപക്ഷ നേതാക്കന്മാര്‍ക്കെതിരേ ഉണ്ടാകുന്നതില്‍ നിന്നും വ്യത്യസ്തമായ നടപടികളാണ് 2014 ന് ശേഷം, അതായത് എന്‍ഡിഎ അധികാരത്തില്‍ വന്നതിനുശേഷം കാണുന്നത്. 2014 ന് ശേഷം സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ കേസുകള്‍ നേരിട്ട 95 ശതമാനം രാഷ്ട്രീയക്കാര്‍ക്കെതിരേയും നടപടിയെടുത്തത് നിയമപരാമായിരുന്നില്ലെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്. പ്രതിപക്ഷം ഇതിനെ ‘ വാഷിംഗ് മെഷീന്‍’ എന്നാണ് പരിഹസിച്ചത്. അതായത്, കേസ് നേരിടുന്നവര്‍ പാര്‍ട്ടി മാറി ബിജെപിയില്‍ എത്തിയാല്‍ പിന്നീടവര്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടി വരുന്നില്ല.

ഇത് പുതിയൊരു കളിയല്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. മുന്‍പേ ഇതിങ്ങനെ തന്നെയായിരുന്നു. യുപിഎ ഭരണകാലത്തും. സമാജ് വാദി തലവന്‍ മുലായം സിംഗിനും, ബിഎസ്പി നേതാവ് മായാവതിക്കും എതിരെയുള്ള സിബിഐ കേസുകള്‍ കോടതിയില്‍ എത്തിയപ്പോള്‍ എന്താണ് സംഭവിച്ചതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നുണ്ട്. അന്ന് ഭരണത്തില്‍ കോണ്‍ഗ്രസായിരുന്നു.

കേസ് കാണിച്ച് രാഷ്ട്രീയക്കാരെ ഭീഷണിപ്പെടുത്തി പാര്‍ട്ടി മാറ്റുന്ന പരിപാടി ഏറ്റവുമധികമായി കണ്ടത് മഹാരാഷ്ട്രയില്‍ ആണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. 2022-ല്‍ മഹാ ആഘാഡി സര്‍ക്കാരിനെ മഹാരാഷ്ട്രയില്‍ നിന്നും താഴെയിറക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. ശിവ്‌സേന പിളര്‍ത്തി, മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ താഴെയിറക്കി. പകരം മറ്റൊരു സേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയൊക്കൊണ്ട് സര്‍ക്കാര്‍ രൂപീകരിക്കുക മാത്രമല്ല, പാര്‍ട്ടി തന്നെ ഹൈജാക്ക് ചെയ്‌തെടുപ്പിക്കുകയും ചെയ്തു. പിന്നാലെ, എന്‍സിപിയും പിളര്‍ത്തി. അജിത്ത് പവാറിനെയും പ്രഫുല്‍ പട്ടേലിനെയും കൂടെ കൂട്ടി ശരദ് പവറിനെ തളര്‍ത്തി. അഴിമതി കേസുകളില്‍ മുങ്ങി നിന്നിരുന്ന അജിത് പവാര്‍ ഇപ്പോള്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാണ്. പ്രഫുല്‍ പട്ടേലിനും ക്ലീന്‍ ചിറ്റ് കിട്ടി.

അജിത്ത് പവാറിനെതിരേ മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ചാര്‍ജ് ചെയ്തിരുന്ന കേസ് 2020 ഒക്ടോബറില്‍ ക്ലോസ് ചെയ്തിരുന്നു. അന്ന് സംസ്ഥാനം ഭരിച്ചിരുന്നത് കോണ്‍ഗ്രസ്-ശിവ്‌സേന-എന്‍സിപി സഖ്യമായിരുന്നു. എന്നാല്‍ മഹാ അഘാഡി സര്‍ക്കാര്‍ തകര്‍ന്ന് ബിജെപി പിന്തുണയുള്ള ഷിന്‍ഡേ സര്‍ക്കാര്‍ വന്നതോടെ അജിത്തിന്റെ കേസ് വീണ്ടും തുറന്നു. പിന്നീട് ഈ കേസ് ഈ വര്‍ഷം മാര്‍ച്ചില്‍ ക്ലോസ് ചെയ്യുമ്പോള്‍ അജിത്തും എന്‍സിപിയുടെ നല്ല ഭാഗവും ബിജെപി പാളയത്തില്‍ എത്തിയിരുന്നു. ഇഡി കേസും അവസാനിച്ചു.

എയര്‍ ഇന്ത്യ ലയനവുമായി ബന്ധപ്പെട്ട് 2017 ല്‍ സിബിഐയും 2019 ല്‍ ഇഡിയും പ്രതി ചേര്‍ത്ത നേതാവാണ് പ്രഫുല്‍ പട്ടേല്‍, 2023 ല്‍ എന്‍ഡിഎയുടെ ഭാഗമായി. 2024 മാര്‍ച്ചില്‍ പട്ടേലിനെതിരായ കേസ് സിബിഐ ക്ലോസ് ചെയ്തു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവായിരുന്നു സുവേന്ദു അധികാരി. നാരദ ഒളി കാമറ ഓപ്പറേഷന്‍ കേസില്‍ കുറ്റാരോപിതനായ അധികാരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ 2019 മുതല്‍ ലോക്‌സഭ സ്പീക്കറുടെ അനുമതി കാത്തിരിക്കുകയായിരുന്നു സിബിഐ. എന്നാല്‍, 2020 ല്‍ സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നതോടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടു.

ശാരദ ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ കോണ്‍ഗ്രസ് നേതാവായിരുന്നു ഹിമന്ത ബിശ്വ ശര്‍മ. 2014-ല്‍(മോദി അധികാരത്തില്‍ വന്നതിനു പിന്നാലെ) സിബിഐ ശര്‍മയെ ചോദ്യം ചെയ്യുകയും, വീട്ടില്‍ റെയ്ഡ് നടത്തുകയുമൊക്കെ ചെയ്തിരുന്നു. എന്നാല്‍ 2015 മുതല്‍ അന്വേഷണ ഏജന്‍സികളുടെ യാതൊരു ഉപദ്രവും ശര്‍മയ്ക്ക് നേരിടേണ്ടി വന്നില്ല. കാരണം, ശര്‍മ ബിജെപിയില്‍ ചേര്‍ന്നു. ഇന്നിപ്പോള്‍ അസമില്‍ മുഖ്യമന്ത്രിയുമാണ്.

മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായിരുന്നു അശോക് ചവാന്‍. ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണ കേസില്‍ സിബിഐ, ഇഡി നടപടികളില്‍ സുപ്രിം കോടതിയുടെ സ്റ്റേ നിലനില്‍ക്കെയാണ് ഈ വര്‍ഷം ചവാന്‍ കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് ബിജെപിയില്‍ എത്തിയത്.

ബിജെപിയില്‍ വന്നാല്‍ കേസ് ഇല്ലാതാകുമെന്ന വിശ്വാസം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലാത്തത് രണ്ടു പേരുടെ കാര്യത്തില്‍ മാത്രമാണെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്. ഒരാള്‍ കോണ്‍ഗ്രസിന്റെ മുന്‍ എംപി ജ്യോതി മിര്‍ധയും മറ്റെയാള്‍ ടിഡിപി എംപി വൈ എസ് ചൗധരിയും. രണ്ടു പേര്‍ക്കുമെതിരായ കേസുകള്‍ ഇഡി ഇപ്പോഴും കൊണ്ടു നടക്കുന്നുണ്ട്.

ശിവ്‌സേന നേതാവ് പ്രതാപ് സര്‍നായ്ക്കിനെതിരേ ഇഡി 2020ല്‍ ഇഡി കേസ് എടുത്തു. 2021 ല്‍ കേസ് അവസാനിപ്പിച്ച, 2022 ജൂണില്‍ പ്രതാപ് സര്‍നായിക്ക് ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം എന്‍ഡിഎയില്‍ എത്തി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി പലതവണ റെയ്ഡ് നടത്തിയ നേതാവായിരുന്നു എന്‍സിപിയുടെ ഹസന്‍ മുഷറിഫ്. 2023 ല്‍ അജിത് പവാറിനൊപ്പം ഹസനും എന്‍ഡിഎയില്‍ എത്തി. അതോടെ റെയ്ഡുകളും അന്വേഷണങ്ങളും നിലച്ചു.

ഭാവ്‌ന ഗവാലി ശിവ്‌സേനയുടെ എംപിയായിരുന്നു. കള്ളപ്പണ കേസില്‍ ഇഡി റെയ്ഡുകള്‍ നേരിടേണ്ടി വന്നു. സഹായികള്‍ അറസ്റ്റിലായി. ഭാവ്‌നയുടെ നേതൃത്വത്തില്‍ നടക്കുന്ന ട്രസ്റ്റില്‍ നിന്നും അനധികൃതമായി സൂക്ഷിച്ച പണം കണ്ടെത്തി. 2021 നവംബറില്‍ ട്രസ്റ്റിനും സഹായികള്‍ക്കുമെതിരേ കേസ് ചാര്‍ജ് ചെയ്തു. 2022 ജൂണില്‍ ഭാവ്‌ന എന്‍ഡിഎയുടെ ഭാഗമായി. ഇപ്പോള്‍ കേസ് പരിപൂര്‍ണമായി നിലച്ച അവസ്ഥയിലാണ്.

ശിവ്‌സേന എംഎല്‍എ യാമിനിയും ഭര്‍ത്താവും ബിസിനസുകാരനുമായ യശ്വന്തും ഇഡി അടക്കമുള്ള വിവിധ ഏജന്‍സികളുടെ അന്വേഷണ പരിധിയിലുള്ളവരായിരുന്നു. ഫെമ അടക്കം കുറ്റം ചുമത്തപ്പെട്ടവര്‍. 2022 ല്‍ ഷിന്‍ഡെയ്‌ക്കൊപ്പം എന്‍ഡിഎയില്‍ പോയി. കേസുകളെല്ലാം ഇപ്പോള്‍ അനക്കമില്ലാതെ കിടക്കുന്നു.

ടിഡിപി നേതാവായ സി എം രമേഷ് 2019 ല്‍ ബിജെപിയില്‍ ചേര്‍ന്നതിനു ശേഷം യാതൊരുവിധത്തിലുമുള്ള ആദായ നികുതി വകുപ്പ് പരിശോധനകളും കേസുകളും നേരിടേണ്ടി വരുന്നില്ല.

പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ മകന്‍ രണീന്ദര്‍ സിംഗിനെ ലോണ്‍ തടപ്പ് അടക്കുമുള്ള കേസുകളില്‍ ഇഡി ചോദ്യം ചെയ്തതാണ്. 2021 ല്‍ അമരീന്ദര്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍, തൊട്ടടുത്ത വര്‍ഷം രണീന്ദര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇപ്പോള്‍ കേസുകളൊന്നും ഭയക്കുന്നില്ല.

സമാജ്‌വാദ് പാര്‍ട്ടി നേതാവ് സഞ്ജയ് സേഥ് ആദായനികുതി വകുപ്പിന്റെ പരിശോധനകള്‍ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. 2019 ല്‍ സഞ്ജയ് ബിജെപിയില്‍ ചേര്‍ന്നു. 2024 ല്‍ സഞ്ജയിനെ ബിജെപി രാജ്യസഭ എംപിയാക്കി. കേസികളൊന്നും അവസാനിപ്പിച്ചിട്ടില്ലെങ്കിലും ഒന്നിനും അനക്കമില്ല.

വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ എംപിയായിരുന്നു കെ ഗീത. 2015 ല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഗീതയ്ക്കും ഭര്‍ത്താവിനുമെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 2019 ല്‍ ബിജെപിയില്‍ ചേര്‍ന്നു. 2022 ല്‍ പ്രത്യേക കോടതി ഗീതയെയും ഭര്‍ത്താവിനെയും അഞ്ചു വര്‍ഷത്തെ തടവിന് വിധിച്ചു. 2022 ല്‍ തെലങ്കാന ഹൈക്കോടതി ശിക്ഷ സ്‌റ്റേ ചെയ്യുകയും ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയും ചെയ്തു. സിബിഐ ഇതുവരെ ആ കോടതി വിധിയെ ചോദ്യം ചെയ്തിട്ടില്ല.

തൃണമൂല്‍ നേതാവായിരുന്ന സോവന്‍ ചാറ്റര്‍ജിയ്‌ക്കെതിരേ 2017 ലാണ് നാരദ ഒളികാമറ ഓപ്പറേഷനില്‍ സിബിഐ കേസ് എടുക്കുന്നത്. കൊല്‍ക്കത്ത മേയര്‍ ആയിരുന്ന ചാറ്റര്‍ജി കേസിനെ തുടര്‍ന്ന് 2018 ല്‍ രാജിവച്ചു. 2019 ല്‍ ബിജെപിയില്‍ ചേര്‍ന്നു. മത്സരിക്കാന്‍ ടിക്കറ്റ് കിട്ടാത്തിന്റെ പേരില്‍ 2021 ല്‍ ബിജെപിയില്‍ നിന്നും രാജിവച്ചു. 2021 ല്‍ സിബിഐ അറസ്റ്റ് ചെയ്തു.

മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായിരുന്നു ഛഗന്‍ ഭുജ്ബാല്‍. 2016 മാര്‍ച്ചില്‍ ഇഡി അറസ്റ്റ് ചെയ്തു. രണ്ടു വര്‍ഷം ജയിലില്‍ കിടക്കേണ്ടി വന്നു. 2023 ല്‍ അജിത്ത് പവാറിനൊപ്പം എന്‍ഡിഎയില്‍ എത്തി.

മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൃപാശങ്കര്‍ സിംഗിനെതിരേ അനധികൃത സ്വത്ത് സമ്പാദനത്തിനായിരുന്നു കേസ്. 2019 ല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. 2021 മുതല്‍ ബിജെപിക്കാരന്‍. ഇഡി കേസുകളെല്ലാം ഇപ്പോള്‍ തണുത്തുറഞ്ഞിരിക്കുന്നു.

ദിഗംബര്‍ കാമത്ത് കോണ്‍ഗ്രസ് വിട്ട് 2022 ല്‍ ബിജെപിയില്‍ ചേര്‍ന്നു. ഗോവയില്‍ ഈ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിരുന്നു. കേസ് ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും കാമത്തിന് വലിയ ശല്യമൊന്നുമില്ല.

സിബിഐ, ഇഡി കേസ് നേരിടുന്ന നവീന്‍ ജിന്‍ഡാല്‍ 2024 മാര്‍ച്ചില്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ച് ബിജെപിയില്‍ എത്തി. ഇഡി റെയ്ഡ് നേരിട്ട തൃണമൂലിന്റെ തപസ് റോയ് 2024 മാര്‍ച്ചിലാണ് ബിജെപിയില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസ് നേതാവ് അര്‍ച്ചന പാട്ടീലിന്റെ ഭര്‍ത്താവിന്റെ കമ്പനികളില്‍ ഐടി റെയ്ഡുകള്‍ നടന്നു. 2024 മാര്‍ച്ചില്‍ ബിജെപിയില്‍ ചേര്‍ന്നു. ഇപ്പോള്‍ കേസില്ല. ജാര്‍ഖണ്ഡിലെ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി മധു കോഡയ്‌ക്കെതിരേ സിബി ഐ കേസുകള്‍ വരുന്നു. ശിക്ഷിക്കപ്പെടുന്നു. 2024 ഫെബ്രുവരിയില്‍ ഭാര്യ ഗീത കോഡ ബിജെപിയില്‍ എത്തുന്നു.

കോണ്‍ഗ്രസ് നേതാവായിരുന്നു ബാബ സിദിഖീ ചേരി വികസനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തി കേസില്‍ കുടുങ്ങുന്നു. ഇഡി അന്വനേഷണം നടക്കുന്നു. 2024 ല്‍ കോണ്‍ഗ്രസ് വിട്ട് അജിത്ത് പവാറിന്റെ കൂടി എന്‍ഡിഎയില്‍ എത്തുന്നു.

കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതി മിര്‍ദ്ധ ഇഡി കേസുകള്‍ ശക്തമായതോടെ 2024 ല്‍ ബിജെപിയില്‍ ചേര്‍ന്നു. ടിഡിപിയുടെ മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ സുജന ചൗധരി ഇഡി അദ്ദേഹത്തിനെതിരേ കേസ് എടുക്കുകയും 315 കോടിയുടെ സ്വത്തുക്കള്‍ കണ്ടെത്തുകയും ചെയ്തതിന് പിന്നാലെ 2019 ലാണ് ബിജെപിയില്‍ ചേര്‍ന്നത്.

എന്നാല്‍ പാര്‍ട്ടി മാറുന്നതുകൊണ്ടല്ല കേസുകളിലും മാറ്റം വരുന്നതെന്നാണ് സിബി ഐയും ഇഡിയും ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കുന്നത്. ചില കേസുകളില്‍ കാലതമാസം ഉണ്ടാകുന്നതിന് പല കാരണങ്ങള്‍ ഉണ്ടാകുമെന്ന് സിബിഐയില്‍ നിന്നുള്ള പ്രതികരണം കിട്ടുമ്പോള്‍, ഇഡി പറയുന്നത്, മറ്റ് ഏജന്‍സികള്‍ ക്ലോസ് ചെയ്ത കേസുകള്‍ അന്വേഷിക്കേണ്ടു വരുന്നത് വളരെ ബുദ്ധിമുട്ടാണെന്നാണ്. എങ്കില്‍ പോലും പല കേസുകളിലും ഞങ്ങള്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്, അന്വേഷണം നടക്കുന്നകേസുകളില്‍ ആവശ്യമുണ്ടെങ്കില്‍ നടപടിയെടുക്കും-ഇഡിയില്‍ നിന്നുള്ള വിശദീകരണമാണ്.

Share on

മറ്റുവാര്‍ത്തകള്‍