രാജ്യത്തെ ഏറ്റവും നീളം കൂടിയ ആകാശപ്പാതയുടെ നിര്‍മ്മാണം പുരോഗമിക്കുന്ന എന്‍.എച്ച് 66-ലെ അരൂര്‍-തുറവൂര്‍ ദേശീയപാത ഇന്ന് യാത്രക്കാര്‍ക്ക് ഒരു പേടിസ്വപ്നമാണ്. 12.752 കിലോമീറ്റര്‍ ദൂരത്തില്‍ 1668.50 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ആറുവരി എലിവേറ്റഡ് ഹൈവേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍, റോഡിന്റെ ശോച്യാവസ്ഥയും സുരക്ഷാ വീഴ്ചകളും കാരണം ഈ പാതയില്‍ ഇതുവരെ നാല്‍പ്പതിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും, എന്തുകൊണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ ചുമതല കാരാറുകാര്‍ക്ക് നല്‍കി ദേശീയപാത അധികൃതരും സര്‍ക്കാരും നോക്കിനില്‍ക്കുന്നു എന്ന ചോദ്യമാണ് ബാക്കിയാകുന്നത്.
നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങളിലെ ഗുരുതരമായ പാളിച്ചകളാണ് അപകടങ്ങള്‍ തുടര്‍ക്കഥയാകാന്‍ പ്രധാന കാരണം. ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനിടെ ജാക്കി തെന്നിമാറി കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ താഴെ വീണതാണ് ഇന്ന് പുലര്‍ച്ചെ നടന്ന ദാരുണമായ സംഭവത്തിന് കാരണം. ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന് മുകളിലേക്ക് ഗര്‍ഡര്‍ പതിച്ച് ഡ്രൈവര്‍ ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് മരണപ്പെട്ടത്. എണ്‍പത് ടണ്‍ ഭാരമുള്ള ഗാര്‍ഡര്‍ ആണ് നിലം പതിച്ചത്. ഇതിന് മുന്‍പും സമാനമായ അപകടങ്ങള്‍ ഈ നിര്‍മ്മാണ മേഖലയില്‍ ഉണ്ടായിട്ടുണ്ട്.
അപകടം ഉണ്ടായാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള ക്രമീകരണങ്ങള്‍ പോലും നിര്‍മാണമേഖലയില്‍ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. പിക്കപ്പ് വാനിന് മുകളില്‍ ഗര്‍ഡര്‍ പതിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവ മാറ്റി മൃതദേഹം പുറത്തെടുക്കാന്‍ കഴിഞ്ഞത്. ഗര്‍ഡര്‍ മാറ്റാര്‍ ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലാതിരുന്നതാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായത്.

സാധാരണ ലോഞ്ചിങ് ഗാന്‍ട്രിയുടെ സഹായത്തോടെയാണ് കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത്. എന്നാല്‍ ഇവിടെ ടോള്‍ പ്ലാസയുള്ളതിനാല്‍, രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ചാണ് 32 മീറ്റര്‍ നീളവും 80 ടണ്‍ ഭാരവുമുള്ള കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത്. തൂണുകള്‍ക്ക് മുകളിലെ ഹൈഡ്രോളിക് ജാക്കികള്‍ക്ക മുകളില്‍ ഗര്‍ഡറുകള്‍ കയറ്റി ഇവിടെ നിന്ന് ബീയറിങിന് മുകളിലേക്ക് ഉയര്‍ത്തിമാറ്റുന്നതിനിടെ രണ്ട് തൂണുകളില്‍ ഒരു ഭാഗത്ത് ഉണ്ടായിരുന്ന ഷൈഡ്രോളിക് ജാക്കി തകരാറിലായതോടെ കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ ചരിയുകയും താഴേക്ക് പതിക്കുകയുമായിരുന്നു.
അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണത്തിനിടെ ഗര്‍ഡറുകള്‍ വീണുണ്ടാകുന്ന നാലാമത്തെ അപകടമാണിത്. ഇക്കഴിഞ്ഞ ആഗസ്റ്റില്‍, 50 ടണ്‍ ഭാരമുള്ള ‘സ്‌കൈ ബീം’ (ഭീമന്‍ ഇരുമ്പ് പാളി) ക്രെയിനില്‍ നിന്ന് റോഡിലേക്ക് വീഴുകയുണ്ടായി. ക്രെയിനിന്റെ സഹായത്തോടെ റോപ്പിലൂടെ താഴെയിറക്കുമ്പോള്‍ കൊളുത്തുതെറ്റി 50 ടണ്‍ ഭാരമുള്ള സ്‌കൈ ബീം റോഡിന് കുറുകെ വീണെങ്കിലും ആര്‍ക്കും പരുക്ക് പറ്റിയിരുന്നില്ല. എന്നാല്‍ ബീം കയറ്റാന്‍ ഇട്ടിരുന്ന പുള്ളര്‍ ലോറി രണ്ടായി ചിതറിപ്പോകുകയായിരുന്നു.
നിര്‍മ്മാണ സാമഗ്രികളായ കോണ്‍ക്രീറ്റ് കട്ടകളും, വെല്‍ഡിങ് തീപ്പൊരികളും വാഹനങ്ങളുടെയും കാല്‍നട യാത്രക്കാരുടെയും ദേഹത്ത് വീഴുന്നത് നിത്യസംഭവമാണ്. മാസങ്ങള്‍ക്ക് മുമ്പ് ഗര്‍ഡറുമായി വന്ന ട്രെയിലര്‍ ലോറി കുഴിയില്‍ വീണ് മറിഞ്ഞു. വലിയ ഗര്‍ഡറുകള്‍ സ്ഥാപിക്കുമ്പോള്‍ റോഡ് പൂര്‍ണ്ണമായും ബ്ലോക്ക് ചെയ്ത് പണി നടത്തണമെന്ന നിര്‍ദ്ദേശം പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഗതാഗത നിയന്ത്രണത്തിന് ആവശ്യത്തിന് പോലീസുകാരോ കമ്പനി ജീവനക്കാരോ ഉണ്ടാകാറില്ല. ആംബുലന്‍സുകള്‍ പോലും മണിക്കൂറുകളാണ് ബ്ലോക്കില്‍ പെടുന്നത്. ഗതാഗതക്കുരുക്കില്‍ പെട്ട് ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയുടെ ജീവന്‍ വരെ നഷ്ടമായിട്ടുണ്ട്.
പൊതുജന സുരക്ഷ ഉറപ്പാക്കുന്നതില്‍ ദേശീയപാത അതോറിറ്റിക്കും കരാര്‍ കമ്പനിക്കും വലിയ വീഴ്ച സംഭവിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ തുടര്‍ച്ചയായ അപകടങ്ങള്‍.
12.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എലിവേറ്റഡ് ഹൈവേയുടെ നിര്‍മ്മാണം നടക്കുമ്പോള്‍, യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ യാതൊരു ബദല്‍ സംവിധാനങ്ങളും ഒരുക്കാതെയാണ് പണി മുന്നോട്ട് പോകുന്നത്. സുരക്ഷ ഉറപ്പാക്കാന്‍ ചരക്ക് വാഹനങ്ങള്‍ വഴിതിരിച്ചു വിടാന്‍ നടപടി എടുക്കുന്നുണ്ടെങ്കിലും, രാത്രിയില്‍ ഗതാഗതം ശരിയായ രീതിയില്‍ നിയന്ത്രിക്കപ്പെടുന്നില്ല. നിര്‍മ്മാണത്തിന്റെ ഭാഗമായി ദേശീയപാത കുണ്ടും കുഴിയുമായി തകര്‍ന്ന് തരിപ്പണമായിട്ടും യാതൊരു നടപടിയും ഇതിനോടകം ഉണ്ടായിട്ടില്ല.
റോഡിലെ കുഴികളില്‍ വീണ് ഇരുചക്ര, കാല്‍നട യാത്രികര്‍ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്. റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരെ പലവട്ടം ഹൈക്കോടതി പോലും സ്വരം കടുപ്പിച്ചിട്ടും നടപടി എടുക്കേണ്ട എന്‍എച്ച് അധികൃതരും ഉയരപ്പാത കരാറുകാരും ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും പുല്ലുവിലയാണ് നല്‍കുന്നത്.
കൃത്യമായ വഴിതിരിച്ചുവിടലുകള്‍ ഇല്ലാത്തതും, റോഡിന്റെ ശോചനീയാവസ്ഥയും, സുരക്ഷിതമല്ലാത്ത നിര്‍മ്മാണരീതികളും ഈ ഭാഗത്ത് പതിവ് അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നത്. യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനങ്ങള്‍ ഒരുക്കിയ ശേഷമാകണം നിര്‍മാണം നടക്കേണ്ടതെന്ന കാര്യം പോലും മറന്നാണ് കരാറുകാര്‍ രാപകലില്ലാതെ അലക്ഷ്യമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
റോഡില്‍ കുഴികള്‍ ഉണ്ടാകുകയും, സര്‍വീസ് റോഡുകളുടെ ശോചനീയാവസ്ഥയും തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമാകുന്നു. മഴക്കാലത്ത് റോഡിലെ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതും അപകടങ്ങള്‍ വര്‍ധിപ്പിച്ചു. രാത്രികാലങ്ങളില്‍ നിര്‍മ്മാണ മേഖലയില്‍ മതിയായ വെളിച്ചമില്ലാത്തത് അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍ മഴ മാറിയതോടെ ഈ ഭാഗത്ത് പൊടിശല്യവും രൂക്ഷമാണ്.
2023 ഫെബ്രുവരിയിലാണ് അരൂര്‍- തുറവൂര്‍ ഉയരപ്പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇതിനോടകം 40 ലധികം ആളുകളാണ് വിവിധ അപകടങ്ങളിലായി ഈ മേഖലയില്‍ മരിച്ചത്. ഇതില്‍ 39 പേര്‍ ഈ മേഖലയില്‍ വാഹനാപകടങ്ങളില്‍ മരണപ്പെട്ടു. ഇതിലേറെയും ഇരുചക്രവാഹന യാത്രികരും സ്ത്രീകളുമാണ്. കൂടാതെ തൊഴിലാളികളായ മൂന്ന് പേരും മരിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ നാസിക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അശോക് ബില്‍കോണ്‍ കമ്പനിയാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്. 1668.50 കോടി രൂപയാണ് പദ്ധതി ചെലവ്. അരൂര്‍ മുതല്‍ തുറവൂര്‍ വരെ 12.752 കിലോ മീറ്ററില്‍ ദൂരത്തിലാണ് ആറ് വരിപ്പാതയുടെ നിര്‍മാണം നടക്കുന്നത്.
ഉയരപ്പാതയുടെ നിര്‍മാണം നിലവില്‍ 75 ശതമാനവും പൂര്‍ത്തിയായി. 2026 ഫെബ്രുവരിയില്‍ കരാര്‍ പ്രകാരം കാലാവധി അവസാനിക്കാനിരിക്കെയാണ് നാടിനെ നടുക്കി വീണ്ടും ദുരന്തം ഉണ്ടായത്. അശാസ്ത്രീയമായ നിര്‍മ്മാണ രീതികളും, കരാറുകാരുടെയും ദേശീയപാത അതോറിറ്റിയുടെയും സുരക്ഷാ സംവിധാനങ്ങളിലെ അനാസ്ഥയും, തകര്‍ന്ന സര്‍വീസ് റോഡുകളിലെ യാത്രദുരിതവും ചേര്‍ന്നതാണ് അരൂര്‍-തുറവൂര്‍ പാതയെ മരണപ്പാതയാക്കി മാറ്റിയത്.
Content Summary: Aroor-Thuravoor national highway turns into a death trap; more than 40 lives lost in three years