UPDATES

ഒരിക്കല്‍ ഇരുണ്ടു പോയ ജീവിതം ഇപ്പോള്‍ മിനിക്കു മുന്നില്‍ തിളങ്ങുകയാണ്

നേടണം എന്ന വാശിയില്‍ പോരാടി വിജയിച്ചൊരു വീട്ടമ്മയുടെ ജീവിത കഥ

                       

സാധാരാണ വീട്ടമ്മയില്‍ നിന്നും ഒരു വനിത സംരംഭകയിലേക്കുള്ള ദൂരം മിനി ഷാജി എന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള യാത്രയായിരുന്നില്ല. അച്ഛന്റെ ആകസ്മിക മരണം വരുത്തിയ സാമ്പത്തിക ബാധ്യതയെ മറികടക്കാനായിരുന്നു മിനി ബിസിനസിന്റെ ലോകത്തേക്ക് കാലെടുത്ത് വക്കുന്നത്. ‘സ്മാഡെറ്റ്’ എന്ന ലോണ്‍ഡ്രി സേവന സ്ഥാപനം പിറവിയെടുക്കുന്നത് അങ്ങനെയാണ്. താന്‍ കടന്നു വന്ന അതിജീവനത്തിന്റെ വഴികളും തരണം ചെയ്ത പ്രതിസന്ധികളെയും പറ്റി അഴിമുഖത്തോട് സംസാരിക്കുകയാണ് മിനി ഷാജി.

അച്ഛന്‍ പി കെ കൃഷ്ണന്‍ നായരുടെയും അമ്മ ജയയുടെയും ഏക മകളാണ് ഞാന്‍. ചെറുപ്പം മുതല്‍ തന്നെ അച്ഛന്റെ ആണ്‍കുട്ടിയായാണ് എന്നെ വളര്‍ത്തിയത്. നടപ്പിലും ഭാവത്തിലും ആണ്‍/പെണ്‍ വ്യത്യാസമില്ലാതായാണ് വളര്‍ത്തിയത്. അതുകൊണ്ടു തന്നെ പ്രതിസന്ധികള്‍ ജീവിതത്തില്‍ വരുമ്പോള്‍ ഒരിക്കല്‍ പോലും പേടിച്ചിരുന്നിട്ടില്ല. സധൈര്യം പോരാടുകയാണ് അന്നും ഇന്നും. അച്ഛന്‍ പകര്‍ന്നു തന്ന ആര്‍ജ്ജവമാണ് ഇന്നും എല്ലാത്തിനും കൂടെയുള്ളത്.

2011-ല്‍ ആണ് അച്ഛന്‍ ഞങ്ങളെ വിട്ട് പോയത്. അതെ വര്‍ഷം തന്നെയാണ് സ്മാഡെറ്റ് എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നതും. വീട്ടിലെ ചെടികള്‍ക്ക് വെള്ളം ഒഴിച്ച കൊണ്ടിരുന്നപ്പോഴാണ് അച്ഛന് പാമ്പു കടിയേല്‍ക്കുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ ന്യുമോണിയ ബാധിക്കുകയും 42 ദിവസങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയും ചെയ്തു. ആദ്യ ദിവസം മുതല്‍ 42 ദിവസം തുടര്‍ച്ചയായി തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞതിന്റെ ചെലവുകള്‍. ഞങ്ങളെ പോലുള്ള ഒരു സാധാരണ കുടുംബത്തെ സംബന്ധിച്ച് വളരെ വലുതായിരുന്നു. കൂടാതെ ഡയാലിസിസ് പോലെ ചെലവേറിയ പല ചികിത്സകളും വേണ്ടി വന്നിരുന്നു. ഒരു ശരാശരി കുടുംബത്തിന് താങ്ങാന്‍ പറ്റുന്നതിനും അപ്പുറത്തായിരുന്നു അശുപത്രി ബില്ലുകള്‍. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടി നിന്നിരുന്ന സമയത്താണ് ഒരു സംരംഭം തുടങ്ങണമെന്ന പഴയ മോഹം പൊടി തട്ടിയെടുക്കുന്നത്. ഒരിക്കല്‍ അതെനിക്കൊരു മോഹമായിരുന്നുവെങ്കിലും ആ സമയത്ത് അത് അത്യാവശ്യമായി തീര്‍ന്നു.

ഒരു ജോലി എന്നതിലുപരി നിലവിലുണ്ടായിരുന്ന എന്റെ സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യനുള്ള ഉപാധിയായിരുന്നു ആ സമയങ്ങളില്‍ എന്റെ മനസ്സില്‍ സ്മാഡെറ്റ് എന്ന സ്ഥാപനം. താരതമ്യേന അധികം മത്സരങ്ങള്‍ ഇല്ലാത്ത ഒരു മേഖല എന്ന രീതിയിലാണ് ലോണ്‍ഡ്രി സര്‍വീസിലേക്ക് കാലെടുത്ത് വക്കുന്നത്. അക്കാലത്ത് അങ്കമാലി ബ്ലോക്ക് ഓഫീസിലെ ഇന്‍ഡസ്ട്രിയല്‍ ഓഫിസര്‍ ആയിരുന്ന ചന്ദ്ര ബോസ് സാറാണ് സംരംഭം തുടങ്ങുന്നതിനു വേണ്ട ഉപദേശങ്ങളൊക്കെ തന്നത്. നിത്യ ജീവിതത്തില്‍ ആവശ്യം വരുന്ന ഒരു സ്ഥാപനം ആയിരിക്കണം എന്റേത് എന്ന നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. ഈ ചിന്തയുടെ അടിസ്ഥാനത്തിലാണ് സ്മാഡെറ്റ് എന്ന സ്ഥാപനം തുടങ്ങിയത്. ഓരോ ദിവസവും വേണ്ടുന്ന ഒരു സാധനമാകുമ്പോള്‍ കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടാകും എന്ന ബോധ്യമാണ് ലോണ്‍ഡ്രി സര്‍വീസ് എന്ന തീരുമാനത്തിലേക്ക് നയിച്ചത്.

എന്നെ സംബന്ധിച്ച് അത്രയും ബുദ്ധിമുട്ടുള്ള സമയമായിട്ടു പോലും എന്ത് റിസ്‌ക് എടുക്കാനും ഞാന്‍ തയ്യാറായിരുന്നു. തൊഴിലുറപ്പ് സ്ത്രീകള്‍ പണിക്കിറങ്ങുന്നത് പോലെ ഒരു ഫുള്‍ സ്ലീവ് ഷര്‍ട്ട് ഇട്ടാണ് ഞാന്‍ സ്ഥാപനത്തിലെ തുണികള്‍ അലക്കുന്നത് മുതല്‍ ഉണക്കുന്നതുവരെയുള്ള എല്ലാ ജോലികളും ചെയ്തിരുന്നത്. ഏകദേശം ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരാളെ ജോലിക്ക് നിയമിക്കുന്നത്. അതുവരെയും ഞാന്‍ എന്ന ഒറ്റയാള്‍ പട്ടാളമായിരുന്നു എല്ലാ ജോലികളും ചെയ്തിരുന്നത്.

ഒരു വീട് വാടകയ്‌ക്കെടുത്താണ് സ്മാഡെറ്റ്’ തുടങ്ങുന്നത്. ആ വീടിന് 6000 രൂപയോളം അന്നു വാടക കൊടുക്കണമായിരുന്നു. ബാങ്ക് ലോണ്‍ മറ്റു സാമ്പത്തിക ചിലവുകള്‍ ഒക്കെയുള്ള സമയത്താണ് ഞാന്‍ ഇതിനു മുന്നിട്ട് ഇറങ്ങുന്നത്. തുടക്കകാലത്തെ വരുമാനം 15000 രൂപ മാത്രമായിരുന്നു. പിന്നീടാണ് വീടിനോട് ചേര്‍ന്നുള്ള ഭാഗം ആവശ്യമായ രീതിയില്‍ പണി കഴിപ്പിച്ചെടുത്ത്. ഇപ്പോഴും സമാഡെറ്റ് വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് നില്‍ക്കുന്നതെങ്കിലും വിപുലീകരിക്കുന്നതിന്റെ ഭാഗമായി നെടുമ്പാശേരി എയര്‍പോര്‍ട്ടിനോട് ചേര്‍ന്ന് പുതിയ ബില്‍ഡിംഗിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരികയാണ്. എട്ടോളം ജോലിക്കാര്‍ നിലവില്‍ എനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

എന്റെ വിജയത്തില്‍ കുടുംബം വഹിച്ച പങ്ക് ഒരിക്കലും മറക്കാന്‍ സാധിക്കുന്നതല്ല. സ്ഥാപനം തുടങ്ങുന്ന സമയത്ത് എന്റെ മകന്‍ വളരെ കുഞ്ഞായിരുന്നു. എന്റെ അമ്മയായിരുന്നു ഞാന്‍ ഇല്ലാത്തപ്പോഴെല്ലാം അവന്റെയും വീടിന്റെയും മുഴുവന്‍ ഉത്തവാദിത്തങ്ങളും നോക്കിയിരുന്നത്. കാരണം എന്റെ മുഴുവന്‍ ശ്രദ്ധയും വേണ്ട സമയങ്ങളായിരുന്നു അതെല്ലാം. അതുപോലെ എന്നെ സഹായിച്ച വ്യക്തിയാണ് എന്റെ ഭര്‍ത്താവ് ഷാജി. ഓര്‍ഡറുകള്‍ കൃത്യസഥലങ്ങളില്‍ എത്തിച്ചിരുന്നത് അദ്ദേഹമായിരുന്നു. എന്റെ മകളായിരുന്നു ബില്ലുകളും മറ്റു കാര്യങ്ങളിലും ആദ്യ കാലങ്ങളില്‍ സഹായിച്ചിരുന്നത്. ഒരു കുടുംബം മുഴുവന്‍ ഒറ്റക്കെട്ടായി നിന്ന് സഹായിച്ചത് കൊണ്ടാണ് ഇന്ന് ഈ നിലയില്‍ എത്താനെനിക്ക് സാധിച്ചത്. ഇപ്പോള്‍ എനിക്ക് ഡ്രൈവറും വാഹനങ്ങളുമുണ്ട്. കുടുംബത്തില്‍ നിന്ന് ലഭിച്ച പിന്തുണ ഒരിക്കലും മറക്കാന്‍ സാധിക്കാത്തത് ആണ്.

ഒരു സംരംഭം തുടങ്ങുന്ന സമയത്ത് പല രീതിയിലുള്ള തടസങ്ങളും പ്രയാസങ്ങളും നമ്മളെ തേടിവരും. എന്നെ സംബന്ധിച്ചുണ്ടായ ഏറ്റവും വലിയ വെല്ലുവിളി ഒരു സ്ഥാപനത്തില്‍ നിന്നും ഓര്‍ഡര്‍ ലഭിക്കുന്നില്ല എന്നതായിരുന്നു. ഓരോ സ്ഥാപനവും ഏതെങ്കിലുമൊരു ലോണ്‍ഡ്രി സ്ഥാപനവുമായി കരാറില്‍ ഏര്‍പ്പെട്ടവരായിരിക്കും. അതിനാല്‍ തന്നെ പുതിയ ഒരു സ്ഥാപനത്തിനെ അതെ ജോലി ഏല്‍പ്പിക്കുകയെന്നത് അത്ര പെട്ടന്ന് ആരും അവലംബിക്കാത്ത കാര്യമാണ്. ഈ പ്രതിസന്ധിയെ മറികടക്കാന്‍ ഞാന്‍ ചെയ്തത് ഒരു ഹോട്ടലിനെ സമീപിക്കുമ്പോള്‍ അവിടെ നിലവില്‍ ഒരു യൂണിറ്റ് ചെയ്തത് ശരിയാകാതെ പോയ തുണികള്‍ എനിക്ക് തരാന്‍ ആവശ്യപ്പെടുകയായിരുന്നു. അത് വൃത്തിയാക്കിയ ശേഷം ഒരു മാസം പരീക്ഷണാടിസ്ഥാനത്തില്‍ എന്റെ സേവനത്തെ വിലയിരുത്താന്‍ പറഞ്ഞു. എന്നിട്ട് തൃപ്തിയുണ്ടായാല്‍ മാത്രം ഓര്‍ഡര്‍ തന്നാല്‍ മതിയെന്നാണു പറഞ്ഞത്. അങ്ങനെയാണ് എന്റെ ജോലി ഇഷ്ടപ്പെട്ടവര്‍ കൂടുതല്‍ ഓര്‍ഡര്‍ നല്‍കാന്‍ തുടങ്ങിയത്. അങ്കമാലിയില്‍ ഉള്ള ‘ഗ്രാന്‍ഡ് ഹോട്ടലില്‍’ നിന്നാണ് ആദ്യമായി ഓര്‍ഡര്‍ ലഭിക്കുന്നത്. ഇതല്ലാതെ എന്നെ ഈ മേഖലയില്‍ ഉയര്‍ച്ചയിലെത്താന്‍ സഹായിച്ചൊരു കാര്യം ഉപഭോക്താവ് ആവശ്യപ്പെടുന്ന സമയത്ത് തന്നെ ജോലി പൂര്‍ത്തിയാക്കി നല്‍കുക എന്നതാണ്.

ഞാന്‍ ഒരു സംരംഭക മാത്രമല്ല, ശ്രീ ശങ്കര സ്‌കൂള്‍ ഓഫ് ഡാന്‍സിലെ നൃത്ത വിദ്യാര്‍ത്ഥി കൂടിയാണ്. നൃത്താഭ്യാസത്തനൊപ്പം തന്നെ ശ്രീ ശങ്കരീയം തിരുവാതിര ഗ്രൂപ് വഴി വീട്ടമ്മമാരെ തിരുവാതിര പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. മനുഷ്യന്റെ ഇച്ഛാശക്തി ഉപയോഗിച്ചു നേടാന്‍ കഴിയാത്തതായി ഒന്നും തന്നെയില്ല. മനസിനെ പാകപ്പെടുത്തിയാല്‍ കാലവും സമയവും അനുകൂലമായി വരിക തന്നെ ചെയ്യും. നേടണം എന്ന വാശി നമ്മുടെ മസിലുണ്ടെങ്കില്‍ എന്തും നേടാന്‍ സാധിക്കും എന്നാണ് എന്റെ വിശ്വാസം.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍