December 09, 2024 |
Share on

ജോലിക്ക് കൂലി കൊടുക്കുന്നതിലും കേരളം മുന്നില്‍

ഗുജറാത്തിലും മധ്യപ്രദേശിലും ഒരു കര്‍ഷക കുടുംബത്തിന് ഒരു മാസം തികച്ച് ഭക്ഷണം കഴിക്കാനുള്ള വരുമാനം പോലും കിട്ടുന്നില്ല

ഇന്ത്യയുടെ ‘മാതൃക സംസ്ഥാന’മായി ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന ഗുജറാത്തില്‍ ദിവസക്കൂലി വെറും 241.9 രൂപ! ബിജെപി ഭരിക്കുന്ന, വീണ്ടും ഭരിക്കാന്‍ തെരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറെടുക്കുന്ന മധ്യപ്രദേശില്‍ വെറും 229.2 രൂപയും. രാജ്യത്തെ ഏറ്റവും കുറഞ്ഞ ദിവസക്കൂലിയാണ് മധ്യപ്രദേശില്‍. ദേശീയ ശരാരി വെറും 345.7 രൂപയായിരിക്കുന്നിടത്താണ് അതിലും താഴെയായി ഈ രണ്ട് സംസ്ഥാനങ്ങളിലും ഇത്രയും കുറഞ്ഞ കൂലി ജനത്തിന് കിട്ടുന്നത്. റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കാണിത്.

മധ്യപ്രദേശില്‍ ഒരു ഗ്രാമീണ കര്‍ഷ തൊഴിലാളി മാസത്തില്‍ 25 ദിവസമെങ്കിലും ജോലിയെടുക്കുകയാണെങ്കില്‍ അവന് മാസം കിട്ടുക വെറും 5730 രൂപയാണ്. നാലോ അഞ്ചോ പേരടുങ്ങുന്ന ഒരു കുടുംബത്തിന് അവരുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഒട്ടും പര്യാപ്തമല്ലാത്ത തുക. ഗുജറാത്തില്‍ മാസ വരുമാനം നോക്കിയാല്‍ 6,047 രൂപ.

അതേസമയം, കേരളത്തിലെ ഒരു ഗ്രാമീണ കര്‍ഷക തൊഴിലാളിക്ക് ദിവസം കിടുന്നത് 764.3 രൂപയാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ദിവസക്കൂലി. കേരളത്തില്‍ ഒരു ഗ്രാമീണ കര്‍ഷകന് മാസം കിട്ടുന്നത് 19,107 രൂപയാണ്. മധ്യപ്രദേശിലെ കര്‍ഷകനുമായി തട്ടിച്ചു നോക്കുമ്പോള്‍, 13,377 രൂപയുടെ വ്യത്യാസം! ഗുജറാത്തിലെ കര്‍ഷകനുമായുള്ള വ്യത്യാസം 13,060.

രാജ്യത്ത് ഉയരുന്ന വിലക്കയറ്റത്തിന്റെ പശ്ചാതലത്തില്‍ അടിസ്ഥാന ജനത്തിന് തൊഴിലെടുത്താല്‍ കിട്ടുന്ന കൂലിയിലെ ഈ കുറവ് അവരുടെ ജീവിതം എത്രത്തോളം ദുസ്സഹമാണെന്നത് കാണിച്ചു തരുന്നുണ്ട്. ദിവസ വേതന ശരാരി നിശ്ചയിച്ച റേറ്റിംഗ് സ്ഥാപനമായ ക്രിസിലിന്റെ(crisil) കണക്കുകൂട്ടല്‍ പ്രകാരം ഈ വര്‍ഷം സെപ്തംബറില്‍ ഒരു വെജിറ്റേറിയന്‍ താലിക്ക് 27.9 രൂപയും നോണ്‍-വെജിറ്റേറയിന്‍ താലിക്ക് 61.4 രൂപയുമാണ് ചെലവ് വരുന്നത്. അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തില്‍ സസ്യാഹാരം മാത്രം പാകം ചെയ്യുകയാണെങ്കിലും ഒരു ദിവസം 140 രൂപയാകും. മാസം 8,400 രൂപയും. മധ്യപ്രദേശിലും ഗുജറാത്തിലുമുള്ള ഒരു സാധാരണ കര്‍ഷക കുടുംബത്തിന് ഒരു മാസം തികച്ച് അവര്‍ക്കാവശ്യമായ ഭക്ഷണം ഉണ്ടാക്കാനുള്ള വക പോലും ജോലി ചെയ്താല്‍ കിട്ടുന്നില്ല.

കോവിഡ് മഹാമാരിയുടെ ആഘാതമാണ് പ്രധാനമായും ഇന്ത്യന്‍ ഗ്രാമങ്ങളെ ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2021-22 സാമ്പത്തിക വര്‍ഷം കോവിഡ് മൂലം തൊഴില്‍ ഇല്ലായ്മ കൂടുകയും അതുമൂലം വരുമാനത്തില്‍ വലിയ ഇടിവ് നേരിടേണ്ടി വരികയും ചെയ്തു. ഇതിനൊപ്പമാണ് ഉയര്‍ന്ന പണപ്പെരുപ്പവും പലിശനിരക്കും വില്ലന്മാരായി വന്നത്. ഈ പ്രതിസന്ധി 2022-23 സാമ്പത്തിക കാലത്തെയും സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

ദരിദ്രനാരായണന്മാരായ ഗ്രാമീണരുള്ള മറ്റു സംസ്ഥാനങ്ങളിലൊന്ന് ഉത്തര്‍പ്രദേശാണ്. അവിടെ ഗ്രാമീണരായ കര്‍ഷക തൊഴിലാളിക്ക് കിട്ടുന്ന ദിവസക്കൂലി 309.3 രൂപയാണ്. കേരളത്തെക്കാള്‍ 455 രൂപയുടെ കുറവ്. ഒഡീഷയില്‍ കിട്ടുന്നത് 285.1 രൂപയും. രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക സംസ്ഥാനമായ മഹാരാഷ്ട്രയിലെ ഒരു പുരുഷ തൊഴിലാളിക്ക് ദിവസം കിട്ടുന്നത് വെറും 303.5 രൂപയാണ്.

മറ്റേത് ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ ഉയര്‍ന്ന കൂലിയാണ് കേരളത്തിലെ ദിവസവേതനക്കാരായ തൊഴിലാളികള്‍ക്ക് ലഭിക്കുന്നതെന്നാണ് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേ കേരളത്തില്‍ തന്നെയാണ് 25 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികളിലും അര്‍ഹമായ കൂലി നേടി ജോലി ചെയ്യുന്നതെന്നുകൂടി ആര്‍ബിഐ ചൂണ്ടിക്കാണിക്കുന്നുണ്ട്. അയല്‍നാടായ തമിഴ്‌നാട്ടിലും കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞതാണെങ്കിലും കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ മോശമല്ലാത്ത കൂലിയാണു കിട്ടുന്നത്. 481.5 ആണ് തമിഴ്‌നാട്ടിലെ ദിവസക്കൂലി. 2023 മാര്‍ച്ച് വരെയുള്ള കണക്ക് പ്രകാരം, ജമ്മു-കശ്മീരില്‍ 517.9 ഉം ഹരിയാനയില്‍ 451 രൂപയും ദിവസക്കൂലിയായി കിട്ടുന്നുണ്ട്.

കാര്‍ഷികേതര മേഖലകളിലും ആര്‍ബിഐ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കുറവ് ദിവസവേതനം മധ്യപ്രദേശിലാണ്. കാര്‍ഷികേതര ജോലിയെടുക്കുന്ന ഒരു പുരുഷ തൊഴിലാളിക്ക് മധ്യപ്രദേശില്‍ ദിവസേന കിട്ടുന്നത് വെറും 246.3 രൂപയാണ്. ഗുജറാത്തില്‍ 273.1 ഉം. ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ ത്രിപുരയില്‍ 280.6 ഉം. ദേശീയ ശരാശരിയായ 348 ലും താഴെയാണ് ഈ മൂന്നു സംസ്ഥാനങ്ങളിലെയും കൂലി.

കാര്‍ഷികേതര മേഖലയിലും കേരളം തന്നെയാണ് തൊഴിലാളികള്‍ക്ക് കൂടുതല്‍ കൂലി കൊടുക്കുന്നതില്‍ മുന്നില്‍. 696.6 രൂപയാണ് കേരളത്തില്‍ ഒരു തൊഴിലാളിക്ക് കാര്‍ഷികേതര മേഖലയില്‍ നിന്നും ദിവസേന കിട്ടുന്നത്. പിന്നിലുള്ളത് ജമ്മു-കശ്മീരാണ്-517.9 രൂപ. തമിഴ്‌നാട്-481.5, ഹരിയാന-451 എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍.

നിര്‍മാണ തൊഴിലാളികളുടെ കൂലിയനത്തിലും മധ്യപ്രദേശും ഗുജറാത്തും ദേശീയ ശരാശരിയെക്കാള്‍ താഴെയാണ്. ഗുജറാത്തില്‍ ഒരു നിര്‍മാണ തൊഴിലാളിക്ക് ദിവസം കിട്ടുന്നത് വെറും 323.2 രൂപയാണ്, മധ്യപ്രദേശില്‍ അതിലും കുറവാണ്-278.7 രൂപ. ബിജെപി ഭരിക്കുന്ന ത്രിപുരയില്‍ കിട്ടുന്നത് 286.1 രൂപയും. ദേശീയ ശരാരി 393.3 രൂപയായിടത്താണ് ഇത്രയും കുറഞ്ഞ കൂലി.

നിര്‍മാണ മേഖലയിലും കേരളം തന്നെ മുന്നില്‍. 852.5 രൂപ ഒരു നിര്‍മാണ തൊഴിലാളിക്ക് ദിവസം കിട്ടും. ജമ്മു-കശ്മീര്‍(534.5), തമിഴ്‌നാട്(500.9), ഹിമാചല്‍പ്രദേശ്(498.3)എന്നിങ്ങനെയാണ് കേരളത്തിന് പിന്നിലുള്ള സംസ്ഥാനങ്ങളിലെ കണക്ക്.

കാര്‍ഷിക-കാര്‍ഷികേതര തൊഴിലാളികളുടെ വേതന വളര്‍ച്ച 2022-23 കാലയളവില്‍ യഥാക്രമം 5.8 %, 4.9% എന്നിങ്ങനെയായി കുറഞ്ഞുവെന്നാണ് 2022-23 ലെ റിസര്‍വ് ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം തന്നെ, കാര്‍ഷിക-കാര്‍ഷികേതര തൊഴിലാളികളുടെ വേതന വളര്‍ച്ചയുടെ വേഗതയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 2023 മാര്‍ച്ചില്‍ മോഡറേറ്റ് ചെയ്യുന്നതിനുമുമ്പ് യഥാക്രമം 2023 ജനുവരിയില്‍ 7.7 ശതമാനവും നവംബറില്‍ 5.6 ശതമാനവുമായി ഉയര്‍ന്നുവെന്നാണ് ആര്‍ ബി ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. കാലാവസ്ഥ വ്യതിയാനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഗ്രാമീണമേഖലയിലെ തൊഴില്‍വരുമാനത്തെയും ബാധിക്കുന്നുണ്ടെന്നാണ് ക്രിസില്‍ പഠനത്തില്‍ പറയുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പങ്കാളിത്തത്തില്‍ കുറവ് വരുന്നത് തൊഴില്‍ വീക്ഷണകോണില്‍ നിന്നും നിരീക്ഷിച്ചാല്‍ ഗ്രാമീണസമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന അടയാളമാണെങ്കിലും കുറഞ്ഞ വേതനമാണ് തിരിച്ചടിയാകുന്നത്.

×