UPDATES

തമിഴര്‍ക്കു മുന്നില്‍ മാപ്പ് പറഞ്ഞ് ബിജെപി മന്ത്രി

രാമേശ്വരം കഫെ സ്‌ഫോടനത്തില്‍ തമിഴ് വിരുദ്ധ പരാമര്‍ശം

                       

തങ്ങള്‍ക്കെതിരേ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ച ബിജെപി നേതാവിനെക്കൊണ്ട് മാപ്പ് പറയിപ്പിച്ചിരിക്കുകയാണ് തമിഴ് ജനത. ബെംഗളൂരു രാമേശ്വരം കഫെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയും കര്‍ണാടകത്തില്‍ നിന്നുള്ള ബിജെപി നേതാവുമായ ശോഭ കരന്ദ്‌ലാജെ നടത്തിയ പ്രസ്താവനയാണ് വലിയ വിവാദമായത്. രാമേശ്വരം കഫെയില്‍ ബോംബ് വച്ചത് തമിഴരാണെന്നായിരുന്നു ശോഭയുടെ ആരോപണം, അവിടെ നിന്നും(തമിഴ്‌നാട്ടില്‍ നിന്നും) പരിശീലം കിട്ടിയവര്‍ ഇവിടെ(ബെംഗളൂരുവില്‍) ബോംബ് വയ്ക്കുകയാണെന്നു കുറ്റപ്പെടുത്തിക്കൊണ്ടാണ് അവര്‍ പരസ്യമായി സംസാരിച്ചത്. കേരളത്തിനെതിരേയും അവരുടെ വിദ്വേഷവാക്കുകള്‍ ഉണ്ടായിരുന്നു. കേരളത്തില്‍ നിന്നുള്ളൊരാള്‍ ഇവിടെ വന്ന് മൂന്നു സ്ത്രീകള്‍ക്കു നേരെ ആസിഡ് ആക്രമണം നടത്തിയെന്നായിരുന്നു ആക്ഷേപം. മംഗളൂരുവില്‍ മലയാളി യുവാവ് മൂന്നു കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരേ ആസിഡ് ആക്രമണം നടത്തിയ സംഭവം പരാമര്‍ശിച്ചായിരുന്നു ശോഭയുടെ കേരളത്തോടുള്ള അധിക്ഷേപം.

തമിഴനെതിരായ ആക്ഷേപം തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് തമിഴര്‍ക്കെതിരേ ആരോപണം ഉന്നയിച്ചതെന്നായിരുന്നു ശോഭയോടുള്ള ചോദ്യം. സംഭവത്തില്‍ ഇടപെട്ട മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ശോഭ കരന്ദ്‌ലാജെയ്‌ക്കെതിരേ വിദ്വേഷ പ്രസംഗത്തിന് കേസ് എടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ‘ ഒന്നുകില്‍ എന്‍ഐഎ ഉദ്യോഗസ്ഥനോ, അല്ലെങ്കില്‍ രാമേശ്വരം കഫെ സ്‌ഫോടനവുമായി ബന്ധമുള്ളൊരാള്‍ക്കോ മാത്രമെ ഇത്തരം അവകാശവാദം ഉന്നയിക്കാന്‍ കഴിയൂ’ എന്നായിരുന്നു ശോഭയ്ക്കുള്ള സ്റ്റാലിന്റെ മറുപടി. ഐക്യത്തിനും സമാധാനത്തിനും വിഘാതം സൃഷ്ടിക്കുന്ന പ്രസ്താവന നടത്തിയ ബിജെപി നേതാവിനെതിരേ സാധ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

ബിജെപിയുടെ വിഭജന രാഷ്ട്രീയമാണ് ശോഭയുടെ വാക്കുകളിലൂടെ പ്രകടമായതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശോഭ കരന്ദ്‌ലാജെയ്‌ക്കേതിരേ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബിജെപി പയറ്റുന്ന പരിതാപകരമായ വിഭജന രാഷ്ട്രീയത്തിന്റെ അധഃപതനമാണ് ശോഭ കരന്ദ്‌ലാജെയുടെ വാക്കുകളെന്നാണ് ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിന്‍ കുറ്റപ്പെടുത്തിയത്. ബിജെപിയുടെ ഇത്തരം ജല്പനങ്ങള്‍ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും സഹോദരി-സഹോദരന്മാര്‍ തള്ളിക്കളയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഉദയനിധി പറഞ്ഞു. എന്‍ ഐ എ ശോഭയ്‌ക്കെതിരേ അന്വേഷണം നടത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും തന്റെ എക്‌സ് പോസ്റ്റിലൂടെ ഉദയനിധി ആവശ്യപ്പെട്ടിട്ടുണ്ട്.

എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് രാമേശ്വരം കഫെ സ്‌ഫോടനവുമായി ബന്ധപ്പെടുത്തി തമിഴര്‍ക്കെതിരേ ആരോപണം ഉന്നയിച്ചതെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ചോദ്യം. സോഷ്യല്‍ മീഡിയയിലൂടെ ബിജെപി നേതാവിനെതിരേ തമിഴരുടെ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. കഫെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ ഐ എ തമിഴ്‌നാട്ടിലും തെലങ്കാനയിലും പരിശോധന നടത്തിയതിന്റെ വാര്‍ത്തകളായിരുന്നു ശോഭ തെളിവായി കാണിച്ചത്.

സ്റ്റാലിനെതിരേയും അവര്‍ രംഗത്തെത്തി. സ്റ്റാലിന്‍ പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്നും, തമിഴ്‌നാട്ടില്‍ ഹിന്ദുക്കള്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ക്കുമെതിരേ നടക്കുന്ന അക്രമങ്ങള്‍ തടയുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടെന്നും അവര്‍ ആരോപിച്ചു. സ്റ്റാലിന്റെ ഭരണത്തിന് കീഴിലാണ് രാമേശ്വരം കഫെയില്‍ സ്‌ഫോടനം നടത്തിയാള്‍ കൃഷ്ണഗിരി വനപ്രദേശങ്ങളില്‍ പരിശീലനം നടത്തിയതെന്ന ആരോപണവും അവര്‍ക്കുണ്ടായിരുന്നു.

കാര്യങ്ങള്‍ കൈവിട്ടെന്ന് കണ്ടതോടെ മാപ്പ് പറച്ചിലുമായി ബിജെപി മന്ത്രി രംഗത്തെത്തി. തന്റെ വാക്കുകള്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നവര്‍ തമിഴരോട് അഭ്യര്‍ത്ഥിച്ചു. ‘ പ്രിയപ്പെട്ട തമിഴ് സഹോദരി-സഹോദരന്മാരെ, എന്റെ വാക്കുകള്‍ നിഴല്‍ വീഴ്ത്താനായിരുന്നില്ല, വെളിച്ചം വീശാനായിരുന്നുവെന്ന് ഞാന്‍ വ്യക്തമാക്കട്ടെ. എങ്കിലും എന്റെ പരാമര്‍ശങ്ങള്‍ ചിലരെ വേദനിപ്പിച്ചതായി ഞാന്‍ മനസിലാക്കുന്നു, അതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. കൃഷ്ണഗിരി വനത്തില്‍ പരിശീലനം നേടിയവരെ കുറിച്ച് മാത്രമായിരുന്നു എന്റെ പരാമര്‍ശങ്ങള്‍’ ശോഭ എക്‌സിലൂടെ നടത്തിയ മാപ്പ് പറച്ചിലാണിത്. തന്റെ മുന്‍ അഭിപ്രായങ്ങള്‍ പിന്‍വലിക്കുകയാണെന്നും, കഫെ സ്‌ഫോടനവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ വേദനിച്ച എല്ലാവരോടും ഹൃദയത്തില്‍ തൊട്ട് ക്ഷമ ചോദിക്കുന്നുവെന്നും അവര്‍ എഴുതി. തമിഴ്‌നാടും കര്‍ണാടകവുമായുള്ള ബന്ധത്തെക്കുറിച്ചും പിന്നീടവര്‍ വികാരം കൊണ്ടു. പക്ഷേ, മാപ്പ് പറച്ചില്‍കൊണ്ടും തമിഴരുടെ രോഷം അടങ്ങിയിട്ടില്ല.

Share on

മറ്റുവാര്‍ത്തകള്‍