UPDATES

സയന്‍സ്/ടെക്നോളജി

വിവാദങ്ങളും മാപ്പ് പറച്ചിലുകളും തുടരുമ്പോഴും വരുമാനവും ലാഭവും വര്‍ദ്ധിപ്പിച്ച് ഫേസ്ബുക്ക്

മൂന്ന് ബില്യൺ ഉപയോക്താക്കളുമായി 20 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് മെറ്റ

                       

2004-ല്‍, ബ്രോഡ്ബാന്‍ഡിന്റെ കടന്നുവരവോടെയാണ് ഇന്റര്‍നെറ്റ് വേഗത്തിലാവുകയും മൊബൈല്‍ ഫോണുകള്‍ ജനപ്രിയമാവുകയും ചെയ്യുന്നത്. ഇതിനെ എങ്ങനെ ഉപയോഗിക്കണമെന്നോ, എങ്ങനെ ഉപയോഗപ്പടുത്താമെന്നതിനെ കുറിച്ചോ ആളുകള്‍ക്ക് വലിയ ധാരണയില്ലാതിരുന്ന കാലത്താണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരുന്ന ഒരു 19 കാരനും കോളേജിലെ അവന്റെ ഹോസ്റ്റല്‍ സഹമുറിയനും ഫെബ്രുവരി 4 ന് ‘ദി ഫേസ്ബുക് ‘ എന്ന പേരില്‍ ഒരു സോഷ്യല്‍ നെറ്റ്വര്‍ക്ക് ആരംഭിച്ചത്. അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ സര്‍വ്വകലാശാലകളില്‍ വിതരണം ചെയ്ത ഫിസിക്കല്‍ സ്റ്റുഡന്റ് ഡയറക്ടറിയില്‍ നിന്നാണ് ഫേസ്ബുക്ക് എന്ന പേരിടാന്‍ ഈ സുഹൃത്തുക്കള്‍ തീരുമാനിക്കുന്നത്. പുസ്തകത്തില്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങളും പേരുകളും പ്രസിദ്ധീകരിച്ചിരുന്നു. ‘ഫേസ്ബുക്ക്’ എന്ന് പേരിട്ട ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗിലൂടെ അവരുദ്ദേശിച്ചതും ഫിസിക്കല്‍ സ്റ്റുഡന്റ് ഡയറക്ടറിയുടെ ഡിജിറ്റല്‍ പതിപ്പായിരുന്നു. ആരംഭിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, തന്നെ ആളുകളെ ഓണ്‍ലൈനില്‍ കണക്ട് ചെയ്യാനുമുള്ള ഈ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമിന്റെ വളര്‍ച്ച കണ്ണഞ്ചിപ്പിക്കുന്ന തരത്തിലായിരുന്നു.

മൂന്ന് ബില്യണ്‍ ഉപയോക്താക്കളുമായി, ലോകത്തിന്റെ ഏറ്റവും ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം അതിന്റെ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ 20 വര്‍ഷത്തെ അസ്തിത്വത്തിനിടയില്‍ നിരവധി ഡാറ്റാ സ്വകാര്യത, ഉപഭോക്തൃ സുരക്ഷ പ്രശ്‌നങ്ങള്‍ നേരിട്ട ഒരു സമൂഹ മാധ്യമവും ഫേസ്ബുക് ആയിരിക്കും. യുഎസിലെ വ്യക്തിഗത വോട്ടര്‍മാരുടെ പ്രൊഫൈലുകള്‍ നിര്‍മിക്കുന്നതിനായി 2014-ന്റെ തുടക്കത്തില്‍ ബ്രിട്ടീഷ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക 87 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നത് 2018-ല്‍ നടന്ന ഫേസ്ബുക്കിനെതിരെയുള്ള ഏറ്റവും ശ്രദ്ധേയമായ ആരോപണങ്ങളിലൊന്ന്. വാഷിംഗ്ടണ്‍ ഡിസിയിലെ ക്യാപിറ്റോള്‍ ഹില്ലില്‍ നടന്ന തന്റെ ആദ്യ കോണ്‍ഗ്രസ് ഹിയറിംഗില്‍ സക്കര്‍ബര്‍ഗ് പങ്കെടുത്തിരുന്നു, അവിടെവച്ച് ഫേസ്ബുക്കിന്റെ ഡാറ്റാ സ്വകാര്യതാ രീതികളെക്കുറിച്ച് ചോദ്യം ചെയ്യപ്പെട്ടിരുന്നു. മെറ്റയുടെ ബോസ് പിഴ അടയ്ക്കാന്‍ സമ്മതിക്കുകയും പ്ലാറ്റ്ഫോമിലെ സ്വകാര്യത നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു.

2024 ജനുവരി 31-ന്, ടിക്ടോക്ക്, എക്സ്, മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ സിഇഒമാര്‍ക്കൊപ്പം സക്കര്‍ബര്‍ഗിനോടും യുഎസ് സെനറ്റ് ജുഡീഷ്യറി കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും കോട്ടം തട്ടുന്നതിന് പ്ലാറ്റ്ഫോമുകള്‍ വലിയ രീതിയില്‍ പങ്കുവഹിക്കുന്നുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നു വന്നിരുന്നു. ഇതു തടയാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നായിരുന്നു സെനറ്റ് ആരോപണം. ഈ വിഷയത്തില്‍ പരിഹാരഹം കണ്ടെത്തുന്നതിന് കമ്മിറ്റി അംഗങ്ങള്‍ നിര്‍ദ്ദേശിച്ച നിയമങ്ങളെ സിഇഒ-മാര്‍ പിന്തുണക്കണമെന്നുള്ള ആവിശ്യവും സെനറ്റിനുണ്ടായിരുന്നു. ഫേസ്ബുക് മൂലം ദുരുപയോഗപ്പെടുകയോ മരണപ്പെടുകയോ ചെയ്ത കുട്ടികളുടെ മാതാപിതാക്കളോട് സക്കര്‍ബര്‍ഗ് ക്ഷമാപണം നടത്തിയതും അവിടെവച്ചാണ്. ”നിങ്ങള്‍ക്കു കടന്നു പോകേണ്ടി വന്ന എല്ലാ അവസ്ഥകള്‍ക്കും ഞാന്‍ ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ കുടുംബങ്ങള്‍ക്കു നേരിടേണ്ടി വന്ന സാഹചര്യങ്ങളിലൂടെ ഇനി ആരും കടന്നുപോകരുത്, കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മെറ്റ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും” അദ്ദേഹം വാഗ്ദനം നല്‍കിയിരുന്നു.

ഈ പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടി വന്നിട്ടും വ്യാഴ്ചയോടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 40.1 ബില്യണ്‍ ഡോളര്‍ വരുമാനവും 14 ബില്യണ്‍ ഡോളര്‍ ലാഭവുമാണ് നേടിയത്. വര്‍ഷത്തിലെ അവസാന മൂന്ന് മാസങ്ങളില്‍ നിന്നുളള വരുമാനമാണിത്. ഫേസ്ബുക് നേടുമെന്ന് വിദഗ്ധര്‍ പ്രവചിച്ചിരുന്നതിലും കൂടുതലായിരുന്നു ഈ തുക.

Share on

മറ്റുവാര്‍ത്തകള്‍