UPDATES

‘ഒരാഴ്ച്ചയ്ക്കുള്ളില്‍ പരസ്യമായി മാപ്പ് പറഞ്ഞിരിക്കണം’

രാംദേവിനെ രക്ഷപെടാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സുപ്രിം കോടതി

                       

ബാംബ രാംദേവിനെ ‘രക്ഷപ്പെടാന്‍’ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സുപ്രിം കോടതി. അലോപ്പതിയെ കുറ്റം പറഞ്ഞുകൊണ്ട്, തങ്ങളുടെ മരുന്നുകള്‍ മറാരോഗങ്ങളും മാറ്റുമെന്ന് പരസ്യം കൊടുത്ത കേസില്‍ കര്‍ശനമായ നിലപാടിലാണ് സുപ്രിം കോടതി. രാംദേവും പതഞ്ജലി ആയുര്‍വേദ് മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയും ഒരാഴ്ച്ചയ്ക്കുള്ളില്‍ പരസ്യമായി മാപ്പ് പറഞ്ഞിരിക്കണമെന്നാണ് പരമോന്നത കോടതിയുടെ നിര്‍ദേശം.

”യോഗയ്ക്കു വേണ്ടി നിങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങളില്‍ ഞങ്ങള്‍ ബഹുമാനം ഉണ്ട്, അതുകൊണ്ട് നിങ്ങള്‍ക്ക് ആലോപ്പതിയെ തരംതാഴ്ത്താന്‍ കഴിയില്ല’ ജസ്റ്റീസുമാരായ ഹിമ കോഹ്‌ലിയും അഹ്‌സനുദ്ദീനും അടങ്ങിയ ഡിവിഷന്‍ ബഞ്ച് ഓര്‍മിപ്പിച്ചു. കഴിഞ്ഞാഴ്ച്ച കേസ് പരിഗണിച്ചപ്പോഴും അതിരൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്. ഹരിദ്വാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരേ(പതഞ്ജലി) എന്തുകൊണ്ട് നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാരിനോടും കോടതി ചോദിച്ചിരുന്നു.

കഴിഞ്ഞാഴ്ച്ച കോടതിയില്‍ ഹാജരായ രാംദേവും ബാലകൃഷ്ണയും കോടതിയില്‍ നിരുപാധികം മാപ്പ് അപേക്ഷിക്കാന്‍ തയ്യാറായെങ്കിലും കോടതി അംഗീകരിച്ചില്ല. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതില്‍ നിരുപാധികം ക്ഷമാപണം നടത്തി സമര്‍പ്പിച്ച സത്യവാങ്മൂലം സ്വീകരിക്കാന്‍ സുപ്രിം കോടതി വിസമ്മതിക്കുകയായിരുന്നു. തങ്ങള്‍ അന്ധരല്ലെന്നും ഉദാരത കാണിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് മാപ്പപേക്ഷ നിരസിച്ചത്. കടലാസിലുള്ള ക്ഷമാപണം മാത്രമാണിതെന്നും ഇത് സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ലെന്നും കോടതി വ്യക്തമാക്കി. കോടതിക്കു നല്‍കുന്നതിനു മുന്‍പായി മാപ്പപേക്ഷ മാധ്യമങ്ങള്‍ക്ക് അയച്ചെന്നും കോടതി കണ്ടെത്തിയിരുന്നു.

പരസ്യമായി തന്നെ മാപ്പ് പറയണമെന്ന നിലപാടിലാണ് കോടതി. അല്ലാത്ത പക്ഷം കോടതിയലക്ഷ്യത്തിന് നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഉറപ്പായതോടെയാണ് പരസ്യമായ മാപ്പ് പറച്ചലിന് തയ്യാറാണെന്ന് ഇരുവരും അറിയിച്ചത്. ഇന്നത്തെ വാദത്തിലും രാംദേവും ബാലകൃഷ്ണയും നേരിട്ട് ഹാജരായിരുന്നു. കൂടുതല്‍ വാദം കേള്‍ക്കാനായി കേസ് ഏപ്രില്‍ 23 ലേക്ക് മാറ്റിയിരിക്കുകയാണ്. അന്നും ഇരുവരും ഹാജരാകണം. അടുത്ത വാദത്തിനു മുമ്പായി പരസ്യമായി മാപ്പ് പറഞ്ഞിരിക്കണമെന്നാണ് കോടതി അന്ത്യശാസനം നല്‍കിയിരിക്കുന്നത്.

ഇന്നത്തെ വാദത്തിനിടയിലും സുപ്രിം കോടതി രൂക്ഷമായ പ്രതികരണങ്ങളാണ് നടത്തിയത്. നിങ്ങള്‍ സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കരുതെന്നാണ് കോടതി രാംദേവിനോടും ബാലകൃഷ്ണയോടും പറഞ്ഞത്. നിങ്ങള്‍ അത്ര നിഷ്‌കളങ്കരല്ലെന്നും കോടതി ഇരുവരെയും ഓര്‍മിപ്പിച്ചു. നിങ്ങള്‍ക്കൊന്നും അറിയില്ലന്ന് വീണ്ടും വീണ്ടും പറയേണ്ട കാര്യമില്ല, നിങ്ങള്‍ അത്ര നിഷ്‌കളങ്കരൊന്നുമല്ല’ കോടതിയുടെ വാക്കുകള്‍. ഞങ്ങള്‍ നിങ്ങളോട് ക്ഷമിച്ചിട്ടില്ല, നിങ്ങളുടെ ചരിത്രം സമാനമാണ്, ഞങ്ങള്‍ നിങ്ങളോട് ഇതുവരെ ക്ഷമിച്ചിട്ടില്ല, അതിനെക്കുറിച്ച് ഞങ്ങള്‍ ആലോചിക്കും’ ഡിവിഷന്‍ ബഞ്ച് പറഞ്ഞു. മു്മ്പ് എന്തൊക്കെ നടന്നുവെന്ന കാര്യം മനസിലുണ്ടെന്നും, കോടതിയില്‍ എന്താണ് നടക്കുന്നതെന്നറിയാത്ത വിധം നിര്‍ദോഷികളല്ല നിങ്ങളെന്നും ഡിവിഷന്‍ ബഞ്ച് ഇരുവരെയും ഓര്‍മിപ്പിച്ചു.

മറ്റ് മരുന്നകളെ നിങ്ങള്‍ മോശപ്പെടുത്തിയെന്നും മാറാരോഗങ്ങള്‍ക്കെന്ന പേരില്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ക്ക് പരസ്യം കൊടുത്തുവെന്നും പതഞ്ജലിയുടെ നടപടിയെ കുറ്റപ്പെടുത്തിക്കൊണ്ട് കോടതി പറഞ്ഞു. തികച്ചും നിരുത്തരവാദപരമായാണ് നിങ്ങള്‍ പ്രവര്‍ത്തിച്ചത്, ഭേദമാക്കാനാകാത്ത രോഗങ്ങള്‍ക്ക് ചികിത്സിക്കാനുള്ള മരുന്നുകളെന്ന പേരില്‍ നിങ്ങള്‍ പരസ്യങ്ങള്‍ നല്‍കി. ഇതുവരെ ആരും ചെയ്യാത്ത കാര്യങ്ങള്‍. കോടതിയുടെ ഉത്തരവുണ്ടായിട്ടും നിങ്ങള്‍ വ്യാജ പരസ്യങ്ങള്‍ ചെയ്തു. ചരക മഹര്‍ഷിയുടെ കാലം മുതലുള്ളതാണ് ആയുര്‍വേദം. നിങ്ങളുടെ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി എന്തിനാണ് മറ്റ് ചികിത്സ രീതികളെ നിങ്ങള്‍ അവമതിക്കുന്നത്? കോടതി ചോദിച്ച കാര്യങ്ങളാണ്.

തങ്ങള്‍ സുപ്രിം കോടതിയുടെ മഹത്വം ഇടിച്ചു താഴ്ത്താന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നാണ് രാംദേവ് കോടതിയില്‍ പറഞ്ഞത്. തങ്ങളുടെ പ്രവര്‍ത്തിയെ നീതീകരിക്കുന്നില്ലെന്നും, ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാണെന്നും രാംദേവ് വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും ഭാവിയില്‍ ശ്രദ്ധിച്ചോളാമെന്നും കോടതിയോട് അറിയിച്ചു. അലോപ്പതിയെ അപമാനിക്കാന്‍ ഒരിക്കലും ബോധപൂര്‍വം ഉദ്ദേശിച്ചിരുന്നില്ലെന്നും അവര്‍ കോടതിയോടു പറഞ്ഞു.

ഫെബ്രുവരി മാസത്തില്‍ ഹര്‍ജി പരിഗണിച്ച കോടതി പതഞ്ജലിയുടെ പരസ്യങ്ങള്‍ കര്‍ശനമായി വിലക്കിയിരുന്നു. ‘ഔഷധ ഫലപ്രാപ്തി അവകാശപ്പെടുന്നതോ ഏതെങ്കിലും ഔഷധ സമ്പ്രദായത്തിന് എതിരായോ ഉള്ള യാദൃശ്ചിക പ്രസ്താവനകള്‍ ഒരു തരത്തിലും മാധ്യമങ്ങള്‍ക്ക് നല്‍കില്ല.’ എന്ന് പതഞ്ജലി 2023 നവംബറില്‍ കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നിട്ടും അലോപ്പതി മരുന്നുകളെ നേരിട്ട് ആക്രമിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പതഞ്ജലിയുടെ നടപടിയെ അന്ന് ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു.

പതഞ്ജലിക്കെതിരായ ആരോപണങ്ങള്‍?

‘അലോപ്പതി വഴി തെറ്റിദ്ധാരണകള്‍ പടരുന്നു: ഫാര്‍മയും മെഡിക്കല്‍ വ്യവസായവും പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണകളില്‍ നിന്ന് നിങ്ങളെയും രാജ്യത്തെയും രക്ഷിക്കൂ’എന്ന തലക്കെട്ടില്‍ പതഞ്ജലി ഒരു പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. പരസ്യ വാചകത്തില്‍ മോഡേണ്‍ മെഡിസിനെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് വാദിച്ച് 2022 ഓഗസ്റ്റിലാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സുപ്രിം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നത്. ഐഎംഎ സമര്‍പ്പിച്ച ഹര്‍ജിയില്‍ രാംദേവ് അലോപ്പതിയെ ‘വിഡ്ഢിത്തവും പാപ്പരത്തവുമായ ശാസ്ത്രം’ എന്ന് വിശേഷിപ്പിച്ച മറ്റ് സംഭവങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ അലോപ്പതി മെഡിസിന്‍ കോവിഡ് മരണങ്ങള്‍ക്ക് വഴിവാക്കുന്നതായും രാംദേവ് ആരോപിച്ചിരുന്നു. ഇത്തരം വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചതിലൂടെ പതഞ്ജലിയും കോവിഡ് മഹാമാരിക്കാലത്ത് ആളുകള്‍ പ്രതിരോധ വാക്സിന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനു കാരണക്കാരായിട്ടുണ്ടെന്നു ഐഎംഎ വാദിച്ചിരുന്നു. തങ്ങളുടെ ഉല്‍പ്പന്നങ്ങളിലൂടെ രോഗങ്ങള്‍ സുഖപ്പെടുത്താനാവുമെന്ന അടിസ്ഥാനരഹിതമായ അവകാശവാദങ്ങളാണ് പതഞ്ജലി ഉന്നയിക്കുന്നത്. കൂടാതെ ആധുനിക വൈദ്യശാസ്ത്രത്തിനെതിരേ വ്യവസ്ഥാപിതമായ രീതിയില്‍ തുടരെ തുടരെ വ്യാജ വിവരങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആക്രണമങ്ങള്‍ നടത്തുന്നുവെന്നും ഐഎംഎ ആരോപിക്കുന്നുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍