വെളിപ്പെടുത്തലുകളുമായി ശ്രീശാന്ത്
ട്വന്റി-20 ലോകകിരീടവും, ഏകദിന ലോക കിരീടവും ഇന്ത്യ സ്വന്തമാക്കുമ്പോള്‍, ടീമില്‍ നിര്‍ണായക സാന്നിധ്യമായിരുന്ന കളിക്കാരനാണ് ശ്രീശാന്ത്. 2005 ല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നാഗ്പൂരില്‍ നടന്ന മത്സരത്തിലൂടെയാണ് മലയാളി താരമായ എസ് ശ്രീശാന്ത് ഇന്ത്യന്‍ ദേശീയ ടീമില്‍ അരങ്ങേറ്റം നടക്കുന്നത്. ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും കളിച്ചു കേരളത്തിന്റെ അഭിമാനമായി ഇന്ത്യന്‍ ടീമില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് വാതുവയ്പ്പ് ആരോപണങ്ങളില്‍ കുടുങ്ങുന്നത്. തെറ്റുകാരനല്ലെന്നു സുപ്രിം കോടതി വിധിച്ചെങ്കിലും, ആ കാലത്തിനിടയില്‍ ശ്രീയുടെ കരിയര്‍ അവസാനിച്ചിരുന്നു. ക്രിക്കറ്റ് മൈതാനത്തില്ലെങ്കിലും ക്രിക്കറ്റുമായി ബന്ധപ്പെട്ട് സജീവമായി തന്നെ നില്‍ക്കുകയാണിപ്പോഴും ശ്രീശാന്ത്. Sreesanth
തന്റെ ക്രിക്കറ്റ് കരിയറിലെ ചില മോശം അനുഭവങ്ങള്‍ അടുത്തിടെ ശ്രീ തുറന്നു പറഞ്ഞിട്ടുണ്ട്. രണ്‍വീര്‍ ഷോയിലൂടെ നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കാവുന്നതാണ്. വംശീയമായ ചില പരാതികളാണ് ശ്രീശാന്ത് പറയുന്നത്. തന്റെ കരിയറിന്റെ തുടക്കകാലം മുതല്‍ ‘ മദ്രാസി’ എന്ന പരിഹാസ വിളി കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ തുറന്നു പറയുന്നത്. ദക്ഷിണേന്ത്യക്കാരെ പരിഹസത്തോടെ അടയാളപ്പെടുത്താന്‍ ഉത്തരേന്ത്യക്കാര്‍ ഉപയോഗിക്കുന്ന പ്രയോഗമാണ് ‘ മദ്രാസി. തമിഴ്‌നാട്ടുകാരെയാണ് പ്രധാനമായും ഉദ്ദേശിക്കുന്നതെങ്കിലും പണ്ടുകാലം മുതല്‍ മലയാളികളെയും തമിഴ്‌നാട്ടുകാരായി പരിഗണിച്ചായിരുന്നു ഉത്തരന്ത്യേന്‍ സവര്‍ണ മനോഭാവം കേരളത്തില്‍ നിന്നുള്ളവരെയും ‘ മദ്രാസി’ കളാക്കിയത്.
‘ ഞാനത് കാലങ്ങളോളം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ബോംബെക്കാരല്ലാത്തവരെല്ലാം മദ്രാസികളായിരുന്നു. അണ്ടര്‍ 13 കളിക്കുമ്പോഴും, അണ്ടര്‍ 14 കളിക്കുമ്പോഴും അണ്ടര്‍ 16 കളിക്കുമ്പോഴും അണ്ടര്‍ 19 കളിക്കുമ്പോഴുമെല്ലാം ഞാനതേ വിളി കേട്ടിരുന്നു എന്നാണ് ശ്രീശാന്ത് പറയുന്നത്.
ട്രാന്‍സ്ഫര്‍ മുതല്‍ ലൈംഗീക ചൂഷണം വരെ; ജീവനെടുക്കുന്ന ബാങ്ക് ഉദ്യോഗം
ഐപിഎല്ലില്‍ കേരളത്തിന്റെ പ്രതിനിധിയായിരുന്നു കൊച്ചി ടസ്‌കേഴ്‌സ് കേരള-യെക്കുറിച്ചും രണ്‍വീര്‍ ഷോയില്‍ ശ്രീശാന്ത് പറയുന്നുണ്ട്. കൊച്ചി ടസ്‌കേഴ്‌സിനു വേണ്ടി കളിക്കുമ്പോള്‍ രാജ്യത്തിനു വേണ്ടി വീണ്ടും കളിക്കുന്ന അനുഭവമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. അതോടൊപ്പം മറ്റൊരു കാര്യം കൂടി അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. കൊച്ചി ടസ്‌കേഴ്‌സില്‍ കളിച്ചതിന് തനിക്ക് ഇതുവരെ പ്രതിഫലം ലഭിച്ചിട്ടില്ലെന്നാണ് ശ്രീ പറയുന്നത്. 2011 എഡിഷനിലാണ് കൊച്ചി ടസ്‌കേഴ്‌സ് ഐപിഎല്ലില്‍ കളിച്ചത്. ആ വര്‍ഷം ശ്രീശാന്ത് ടസ്‌കേഴ്‌സിലായിരുന്നു. അടുത്ത സീസണില്‍ ടസ്‌കേഴ്‌സ് ഐപിഎല്ലില്‍ നിന്നും പുറത്താക്കപ്പെടുകയായിരുന്നു. രണ്ടു ഫ്രാഞ്ചൈസികളെയായിരുന്നു 2011 സീസണില്‍ പുതിയതായി അംഗീകരിച്ചത്. കൊച്ചി ടസ്‌കേഴ്‌സിന് പുറമെ പൂനെ വാരിയേഴ്‌സ് ആയിരുന്നു രണ്ടാമത്തെ ടീം. ഓഹരി ഉടമകള്‍ തമ്മിലുള്ള തര്‍ക്കമായിരുന്നു കേരളത്തിന്റെ അഭിമാനമാകേണ്ടിയിരുന്ന ടീമിന്റെ ആസന്ന മരണത്തിന് കാരണമായത്. ഫ്രാഞ്ചൈസി ഫീസിന്റെ ഭാഗമായി ബിസിസിഐയ്ക്ക് നല്‍കേണ്ട 10 ശതമാനം ബാങ്ക് ഗ്യാരണ്ടി അടയ്ക്കാന്‍ പരാജയപ്പെട്ടതോടെയാണ്, അന്തിമ അവസരവും നഷ്ടപ്പെടുത്തിയതിനു ശേഷം ബിസിസിഐ ഫ്രാഞ്ചൈസി അംഗീകാരം റദ്ദ് ചെയ്തത്.
‘ അവര്‍ കുറെ പണം നല്‍കാനുണ്ട്, അവര്‍ക്കിപ്പോഴതിന് കഴിയില്ല. മുത്തയ്യ മുരളീധരന്‍, മഹേള ജയവര്‍ദ്ധനേ, ബ്രണ്ടന്‍ മക്കല്ലം, രവീന്ദ്ര ജഡേജ എന്നിവരൊക്കെ ടസ്‌കേഴ്‌സിന്റെ ഭാഗമായിരുന്നുവരാണെന്നും അവരോടെല്ലാം ഇതേ കാര്യം ചോദിക്കാമെന്നും ഷോയില്‍ ശ്രീശാന്ത് പറയുന്നുണ്ട്. ‘ ബിസിസിഐ നിങ്ങള്‍ക്ക് (ടീമിന്) പണം നല്‍കിയിട്ടുണ്ടെന്നും ദയവ് ചെയ്തു ഞങ്ങളുടെ പണം തരാനും ശ്രീശാന്ത് പറയുന്നുണ്ട്. പണം തരികയാണെങ്കില്‍ 18 ശതമാനം പലിശയുടെ കാര്യം കൂടി ഓര്‍ക്കണമെന്നും അദ്ദേഹം പറയുന്നു. ചിലപ്പോള്‍ എന്റെ കുഞ്ഞ് കല്യാണം കഴിക്കാറാകുമ്പോള്‍ ആ പണം കിട്ടിയേക്കുമെന്നാണ് പരിഹാസത്തോടെ ഷോയില്‍ ശ്രീശാന്ത് പറയുന്നത്. ടീമിനെ ആദ്യവര്‍ഷം തന്നെ പുറത്താക്കിയതിനെ കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നും, കളിക്കാര്‍ മാത്രം പരസ്പരം കാണുമ്പോള്‍ ഇക്കാര്യം പറയാറുണ്ടെന്നും, അന്താരാഷ്ട്ര തലത്തിലൊന്നും ഇതൊരു ചര്‍ച്ചയായില്ലെന്നും ശ്രീശാന്ത് പറയുന്നുണ്ട്.
Contant Summary; Sreesanth, former indian cricketer reveals kochi tuskers kerala team is yet to be pay his salary and he was called madrasi all his career