July 03, 2026 |
Share on

‘ഒരുപാട് സമയം വൈകിപ്പിച്ചു, അതിനുള്ള വില ഇനി നല്‍കേണ്ടി വരും’: ഇറാനെ ഭീഷണിപ്പെടുത്തി ട്രംപ്‌

ഇപ്പോള്‍ തുടരുന്ന ആക്രമണപ്രത്യാക്രമണങ്ങളോടെ സമാധാന കരാറിന്റെ ഭാവി വീണ്ടും ഇരുളടഞ്ഞു

മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നതിനിടയില്‍ ഇറാന് കടുത്ത മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമാധാന കരാറിലെത്താന്‍ ഇറാന്‍ ഒരുപാട് സമയം വൈകിപ്പിച്ചുവെന്നും, അതിന്റെ വലിയൊരു വില അവര്‍ ഇനി നല്‍കേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴിയാണ് ട്രംപ് ഇറാന്റെ സൈനിക ശേഷിയെ പൂര്‍ണ്ണമായി പരിഹസിക്കുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നത്.

‘ഇറാന്റെ സൈന്യം ഇപ്പോള്‍ പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞ നിലയിലാണ്. അവരുടെ നാവികസേനയും വ്യോമസേനയും ഉള്‍പ്പെടെയുള്ള വലിയൊരു ഭാഗം ഇപ്പോള്‍ നിലവിലില്ല എന്ന് തന്നെ പറയാം; അവര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുന്നു. ഇറാന്‍ വെറുംവാക്കുകള്‍ പറയുന്നതല്ലാതെ പ്രവൃത്തിയില്‍ ഒന്നുമില്ല. മിഡില്‍ ഈസ്റ്റിലെ ഗുണ്ടായിസം ഇതോടെ അവസാനിച്ചിരിക്കുകയാണ്-! തങ്ങള്‍ക്ക് ഏറ്റവും അനുകൂലമാകുമായിരുന്ന ഒരു കരാറിലെത്താന്‍ അവര്‍ ഒരുപാട് സമയം വൈകിപ്പിച്ചു, അതിനുള്ള വില ഇനി അവര്‍ നല്‍കേണ്ടി വരും-!’-ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു.

ഇറാനെതിരെ അടുത്തതായി എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, പേര്‍ഷ്യന്‍ ഗള്‍ഫിന് സമീപമുള്ള ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളും റഡാര്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് യു.എസ് മിലിട്ടറി ഇതിനകം തന്നെ ശക്തമായ വ്യോമാക്രമണങ്ങള്‍ നടത്തിവരികയാണ്.

യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ ഒരുവശത്ത് സജീവമായി നടക്കുകയും, ദിവസങ്ങള്‍ക്കകം ഒരു കരാര്‍ ഒപ്പിടാന്‍ കഴിഞ്ഞേക്കുമെന്ന് ട്രംപ് തന്നെ മുന്‍പ് ആവര്‍ത്തിക്കുകയും ചെയ്തിരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങള്‍. ട്രംപിന്റെ ഈ കടുത്ത നിലപാടും നിലവിലെ യു.എസ് സൈനിക നീക്കങ്ങളും മിഡില്‍ ഈസ്റ്റിലെ സമാധാന ചര്‍ച്ചകളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ വലിയ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

പേര്‍ഷ്യന്‍ ഗള്‍ഫിന് സമീപമുള്ള ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളും റഡാര്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് തങ്ങളുടെ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതായി യു.എസ് മിലിട്ടറി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ഹോര്‍മൂസ് കടലിടുക്കിന് സമീപം അമേരിക്കയുടെ അപ്പാച്ചെ ഹെലികോപ്റ്ററിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് ആനുപാതികമായ മറുപടിയാണ് ഇതെന്നാണ് യു.എസിന്റെ വാദം. എന്നാല്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഇറാന്‍ ഇതുവരെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

വ്യാജമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് അമേരിക്ക തങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് (ഐആര്‍ജിസി) പ്രതികരിച്ചു. ഇതിന് തിരിച്ചടിയായി ബഹ്‌റൈനിലെ യു.എസ് നാവിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തുകയും, ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ മിസൈലുകള്‍ വര്‍ഷിക്കുകയും ചെയ്തു. ഇറാന്‍ തൊടുത്തുവിട്ട അഞ്ച് മിസൈലുകള്‍ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി ജോര്‍ദാന്‍ മിലിട്ടറി അറിയിച്ചു. അമേരിക്കന്‍ വ്യോമാക്രമണങ്ങള്‍ക്കായി ഉപയോഗിക്കുന്ന തന്ത്രപ്രധാനമായ മുവാഫഖ് സാല്‍റ്റി ബേസ് ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം. കൂടാതെ ബഹ്‌റൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളും തങ്ങളുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ കടന്ന ഇറാന്റെ ഡ്രോണുകളും മിസൈലുകളും വിജയകരമായി പ്രതിരോധിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ താവളങ്ങള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ വരുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ഇറാന്റെ അവകാശവാദമെങ്കിലും ഇതില്‍ വ്യക്തത വന്നിട്ടില്ല.

അതേസമയം, ദക്ഷിണ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ സിരിക് കൗണ്ടിയിലുള്ള കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് യു.എസ് ആക്രമണം ഉണ്ടായതെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ മാധ്യമമായ ഐ.ആര്‍.ഐ.ബി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ഈ മേഖലയിലെ ആയിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ള വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. തകര്‍ന്ന കുടിവെള്ള പദ്ധതിയുടെ ദൃശ്യങ്ങള്‍ ദ ന്യൂയോര്‍ക്ക് ടൈംസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് തയ്യാറായിട്ടില്ല.

അമേരിക്കയുടെ ഈ നീക്കങ്ങള്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയായതായി ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് വ്യക്തമാക്കി. അനുകൂലമായ ഒരു സാഹചര്യം നിലവിലില്ലാതെ ചര്‍ച്ചകളുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനില്‍ നടത്തിയ ആക്രമണത്തോടെയാണ് മിഡില്‍ ഈസ്റ്റില്‍ ഇപ്പോഴത്തെ യുദ്ധസാഹചര്യം ഉടലെടുത്തത്. സമാധാന ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് ട്രംപ് ആവര്‍ത്തിച്ചു പറയുമ്പോഴും, നിലവിലെ സൈനിക നീക്കങ്ങള്‍ മേഖലയെ വീണ്ടും വലിയൊരു യുദ്ധഭീതിയിലേക്കാണ് തള്ളിവിടുന്നത്.

Content Summary; US President Donald Trump warns Iran will ‘pay the price’ for delaying peace negotiations, as US military strikes Iranian air defense targets amid escalating Middle East tensions

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×