ഗുജറാത്തില്‍ അമിത് ഷാ മത്സരിക്കുന്ന ഗാന്ധിനഗര്‍ സീറ്റില്‍ മറ്റ് സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദത്തിലാക്കിയും മത്സരിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്ന വാര്‍ത്ത ദ സ്‌ക്രോള്‍ പുറത്തു കൊണ്ടു വന്നിരുന്നു. സമാനമായ കാര്യങ്ങളാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ മണ്ഡലത്തിലും നടക്കുന്നതെന്നാണ് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ 29 ന് ഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അക്ഷയ് കാന്തി ബാം തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഈ സംഭവം അറിഞ്ഞതോടെ ഇന്‍ഡോറില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും അപകടം മണത്തിരുന്നു. തങ്ങളും നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് അവര്‍ക്കു മനസിലായിരുന്നു. അതുകൊണ്ടാണ് മുന്‍ വ്യോമയാന ഉദ്യോഗസ്ഥന്‍ കൂടിയായ ധര്‍മേന്ദ്ര സിംഗ് ജാല ചില മുന്‍കരുതലുകളെടുത്തത്. വൈകുന്നേരം മൂന്നു മണി കഴിഞ്ഞാണ് തന്റെ ചിഹ്നം വാങ്ങിക്കാന്‍ ധര്‍മേന്ദ്ര കളക്ടര്‍ ഓഫിസിലേക്ക് പോകാനിറങ്ങിയത്. നാമനിര്‍ദേശ പതിക്ര പിന്‍വലിക്കാനുള്ള സമയം അപ്പോഴേക്കും കഴിയും. എന്നാല്‍ കളക്ടര്‍ ഓഫിസിലെത്തിയപ്പോഴാണ് ധര്‍മേന്ദ്രയ്ക്ക് മനസിലായത്, തന്റെ പത്രിക തള്ളിപ്പോയിരിക്കുന്നുവെന്ന്. വ്യാജ ഒപ്പ് എന്നതായിരുന്നു കാരണം. Indore lok sabha constituency
‘ വൈകിട്ട് മൂന്നു മണിക്ക് ഞാന്‍ കളക്‌ട്രേറ്റിലേക്ക് ഫോണ്‍ ചെയ്തു, ഞാന്‍ എന്റെ തെരഞ്ഞെടുപ്പ് ചിഹ്നം വാങ്ങാന്‍ വരികയാണെന്ന് അവരോട് പറഞ്ഞു. വന്നോളാന്‍ അവര്‍ പറഞ്ഞു, ഞാന്‍ പത്രിക പിന്‍വലിച്ചിരുന്നോ എന്നുമവര്‍ ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോള്‍ പോന്നോളാന്‍ പറഞ്ഞു’ ധര്‍മേന്ദ്ര സിംഗ് വയറിനോട് പറയുന്ന കാര്യങ്ങളാണ്. നാലരയോടെ ഞാന്‍ ഓഫിസിലെത്തിയപ്പോള്‍ കണ്ടത് കളക്‌ട്രേറ്റിന്റെ ഗേറ്റ് അടഞ്ഞു കിടക്കുന്നതാണ്. തെരഞ്ഞെടുപ്പ് ചിഹ്നം വാങ്ങാന്‍ വന്നതാണെന്നു പറഞ്ഞപ്പോള്‍, കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. അഞ്ചര ആയപ്പോള്‍ അവര്‍ എന്നെ ചില പേപ്പറുകള്‍ കാണിച്ചു, നാമനിര്‍ദേശപത്രിക പിന്‍വലിച്ചവരുടെ പട്ടികയായിരുന്നു അത്. അതില്‍ എന്റെ പേരും ഉണ്ടായിരുന്നു. ഞാന്‍ പത്രിക പിന്‍വലിച്ചിരുന്നില്ല. അവര്‍ ചൂണ്ടിക്കാണിച്ച വ്യാജ ഒപ്പ് ഞാന്‍ ഇട്ടതല്ല. അവര്‍ ഒരു ഫോം കാണിച്ചുകൊണ്ട് പറഞ്ഞത്, എന്റെ പത്തു നാമനിര്‍ദേശകരില്‍ ഒരാളും അതില്‍ ഒപ്പിട്ടിട്ടുണ്ടെന്നാണ്. അവിടുത്തെ സിസിടിവി പരിശോധിക്കാന്‍ ഞാനവരോട് പറഞ്ഞു. ഞാന്‍ ഒപ്പിട്ടതാണെങ്കില്‍ അതില്‍ കാണുമല്ലോ, അവര്‍ പരിശോധിക്കാമെന്നു പറഞ്ഞതല്ലാതെ ഒന്നും ചെയ്തില്ല. എന്റേത് വ്യാജ ഒപ്പാണെങ്കില്‍ എന്നെ നാമനിര്‍ദേശം ചെയ്തയാളുടെ ഒപ്പും വ്യാജമായിരിക്കില്ലേ എന്നു ഞാന്‍ അവരോട് ചോദിച്ചു. മറുപടി തന്നില്ല. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ച നാടകീയ സംഭവങ്ങള്‍ നടന്നതിനു പിന്നാലെയായിരുന്നു ഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേക്കേറുന്നത്.
‘ഗാന്ധി നഗറില്‍ അമിത് ഷായ്ക്കെതിരേ മത്സരിക്കരുത്’
ധര്‍മേന്ദ്ര സിംഗിന് മാത്രമല്ല, മറ്റു രണ്ടു പേര്‍ക്കു കൂടി ഇതേ ദുര്യോഗം ഉണ്ടായി. രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെയും ജനത കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെയും പത്രികകളാണ് ഇന്‍ഡോര്‍ മണ്ഡലത്തില്‍ വ്യാജ ഒപ്പിന്റെ പേരില്‍ തള്ളിക്കളഞ്ഞിരിക്കുന്നത്. ഈ സ്ഥാനാര്‍ത്ഥികള്‍ ദ വയറിനോട് സംസാരിച്ചപ്പോള്‍, മത്സരിക്കാതിരിക്കാന്‍ തങ്ങള്‍ക്ക് ഭീഷണി കോളുകള്‍ വന്നിരുന്നതായി വെളിപ്പെടുത്തുന്നുണ്ട്. കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ത്ഥിയായിരുന്ന മോത്തി സിംഗിന്റെ പത്രികയും തള്ളിയ കൂട്ടത്തിലുണ്ട്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായിരുന്ന അക്ഷയ് കാന്തി ബാമിന്റെ പത്രിക സ്വീകരിച്ചിരുന്നു. ബാം പിന്നീട് പത്രിക പിന്‍വലിച്ച് ബിജെപിയില്‍ പോയതിനു പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയത്. മത്സരിക്കാതിരിക്കാന്‍ ബിജെപിയുടെ ഭാഗത്ത് നിന്നും തനിക്കും സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ടെന്ന് സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്യൂണിസ്റ്റ്) അജിത് സിംഗ് പന്‍വാറും വയറിനോട് പറയുന്നുണ്ട്. പന്‍വാറിന്റെ പത്രിക തള്ളിപ്പോയില്ല.
ഇന്‍ഡോര്‍ ബിജെപിയുടെ ശക്തികേന്ദ്രമാണ്. 1989 മുതല്‍ ഇവിടെ ബിജെപിയാണ് വിജയിക്കുന്നത്. നാലംഘട്ടത്തിന്റെ ഭാഗമായി മേയ് 13 നാണ് ഇന്‍ഡോറില്‍ തെരഞ്ഞെടുപ്പ്. നിലവില്‍ ഒമ്പത് സ്വതന്ത്രര്‍ ഉള്‍പ്പെടെ 14 സ്ഥാനാര്‍ത്ഥികളാണ് ഇന്‍ഡോറില്‍ ജനവിധി തേടുന്നത്. ഒമ്പത് പേരെങ്കിലും പലകാരണങ്ങളാല്‍ നാമനിര്‍ദേശപത്രിക പിന്‍വലിച്ചു മത്സരത്തില്‍ നിന്നും പിന്‍വാങ്ങിയിട്ടുണ്ടെന്നാണ് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ധര്‍മേന്ദ്ര സിംഗ് ജാല പറയുന്നത്, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മാത്രമാണ്, ആരാണ് വ്യാജ ഒപ്പിട്ടതെന്ന് കണ്ടെത്താനാകൂ എന്നാണ്. മത്സരത്തില്‍ നിന്നും പിന്‍വാങ്ങണമെന്ന് ആവശ്യപ്പെട്ട് തനിക്ക് ബിജെപി നേതാക്കളില്‍ നിന്നും ഫോണ്‍ കോളുകള്‍ വന്നിരുന്നുവെന്നും ഒരുകൂട്ടം ആളുകളെ തന്റെ വീടിനു മുന്നില്‍ സംശയാസ്പദമായ രീതിയില്‍ പല ദിവസങ്ങളിലും കണ്ടിരുന്നനുവെന്നും ധര്‍മേന്ദ്ര ആരോപിക്കുന്നുണ്ട്.
സ്വതതന്ത്ര സ്ഥാനാര്‍ത്ഥിയായ ദിലീപ് തക്കറും സമാന ആരോപണം ഉയര്‍ത്തുന്നുണ്ട്. ബിജെപി നേതാക്കളില്‍ നിന്നും നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള ഭീഷണികളും സമ്മര്‍ദ്ദങ്ങളും ഉണ്ടായി എന്നാണ് ദിലീപ് പരാതിപ്പെടുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു ദിലീപ് ഇത്തവണ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഭീഷണി പേടിച്ച് തന്റെ സഹായികളില്‍ ചിലരുമായി ദിലീപ് ഏപ്രില്‍ 26 ന് ഇന്‍ഡോറില്‍ നിന്നും ഒളിച്ചു പോകേണ്ട അവസ്ഥ വന്നു. മൂന്നു ദിവസം ഒളിവില്‍ കഴിയേണ്ടി വന്നു. ഏപ്രില്‍ 27 മുതല്‍ ആരൊക്കെയോ തന്റെ വീട്ടില്‍ വരാന്‍ തുടങ്ങിയെന്നും, അവര്‍ വീടിന്റെയുള്ളില്‍ വരെ കയറി ചെന്നെന്നുമാണ് ദീലീപ് പറയുന്നത്. ഫോണും ഓഫ് ചെയ്ത് ഒളിവില്‍ കഴിഞ്ഞ ദിലീപ് ഏപ്രില്‍ 29 ന് തിരിച്ച് ഇന്‍ഡോറിലെത്തി തന്റെ തെരഞ്ഞെടുപ്പ് ചിഹ്നം വാങ്ങാന്‍ എത്തിയപ്പോഴാണ് അറിയുന്നത്, താന്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതായി ഒപ്പിട്ടു നല്‍കിയെന്ന കാര്യം!
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പാര്‍ട്ടി ഓഫിസില്‍ വരെ വന്നു സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ജനത കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന ഭാവന സംഗേലിയ പറയുന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ തന്നെ ഫോണ്‍ ചെയ്തിരുന്നുവെന്ന് ഭാവന പറയുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന അക്ഷയ് കാന്തി ബാം പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ, കോണ്‍ഗ്രസ് ഭാവനയെ വിളിച്ച് പിന്തുണ അറിയിച്ചിരുന്നുവെന്നും അവര്‍ പറയുന്നു. അതിനു പിന്നാലെ യുവമോര്‍ച്ച നേതാക്കള്‍ തന്നെ വീണ്ടും ഓഫിസില്‍ വന്നു കണ്ട് പത്രിക പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ഭാവന പറയുന്നത്. വലിയ നേതാവ് വിളിക്കുമെന്നാണ് എന്നെക്കാണാന്‍ വന്ന ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞത്. എന്നാല്‍ അങ്ങനെയാരും തന്നെ വിളിച്ചില്ലെന്നാണ് അവര്‍ പറയുന്നത്. പക്ഷേ, ഭാവനയുടെ പാര്‍ട്ടിയില്‍ നിന്നു തന്നെ നിര്‍ദേശം വന്നതിന്‍ പ്രകാരം അവര്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയാണുണ്ടായത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എവിടെ?
കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ത്ഥിയായിരുന്ന മോത്തി സിംഗ് തന്റെ പത്രിക എന്തുകാരണം കൊണ്ടാണ് തള്ളിപ്പോയതെന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെന്നാണ്. കോണ്‍ഗ്രസ് രണ്ടു സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു, അതില്‍ ഒരാളുടെ പത്രിക സ്വീകരിക്കുകയും മറ്റേയാളുടേത് തള്ളുകയും ചെയ്യുന്നതെങ്ങനെയാണെന്നാണ് മോത്തി സിംഗ് ചോദിക്കുന്നത്.
ഈ ആരോപണങ്ങളില്‍ വിശദീകരണങ്ങള്‍ തേടി ബിജെപി നേതാക്കളെയും മധ്യപ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫിസറെയും ഇന്‍ഡോര്‍ കളക്ടറെയും ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും കിട്ടിയിട്ടില്ലെന്നാണ് ദ വയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Content summary; Indore lok sabha constituency candidates allege bjp threatening them to withdraw nomination