UPDATES

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എവിടെ?

സൂറത്തിലെ തെരഞ്ഞെടുപ്പ് നാടകം

                       

ലോകസഭ തെരഞ്ഞെടുപ്പിന്റെ ഫലം വരും മുൻപ്, എന്തിനേറെ തെരെഞ്ഞെടുപ്പ് കഴിയും മുൻപ് തന്നെ ഒരു സ്ഥാനാർഥി വിജയിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ്. സൂറത്തിലെ വോട്ടർമാർ 73 വർഷത്തിന് ശേഷം ആദ്യമായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപെടുത്താതിരിക്കുന്നത്. ഒരൊറ്റ സ്ഥാനാർഥി മാത്രമാണ് മണ്ഡലത്തിൽ തെരെഞ്ഞെടുപ്പിലുള്ളത്. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും സ്വാതന്ത്രരായും പത്തോളം സ്ഥാനാർത്ഥികൾ നാമനിർദേശം നൽകിയെങ്കിലും ബിജെപി സ്ഥാനാർഥി എതിർ സ്‌ഥാനാർത്ഥികളുടെ അഭാവത്തിൽ എളുപ്പത്തിൽ വിജയിച്ചു. റിസോർട്ട് രാഷ്ട്രീയം പോലെ, ഈ സാഹചര്യവും മനഃപൂർവം സൃഷ്ടിക്കപെട്ടതാണെന്ന ആരോപണങ്ങൾ പല കോണിൽ നിന്ന് ഉയർന്നുവന്നു. എന്നാൽ ശക്തമായ രാഷ്ട്രീയ ആരോപണവുമായി ആരും രംഗത്തെത്തിയില്ല. ബിജെപി സ്ഥാനാർത്ഥിക്ക് പുറമെ മത്സരിച്ച ബാക്കി പത്തോളം സ്ഥാനാർത്ഥികൾ എന്തുകൊണ്ട് നിശബ്ദരായി ? എന്തുകൊണ്ടാണ് അവർക്ക് മത്സരിക്കാൻ കഴിയാതിരുന്നത് ? സൂറത്തിലെ രാഷ്ട്രീയ നാടകം തെരെഞ്ഞെടുപ്പോളം എത്തിയതെങ്ങനെ ?

ഏപ്രിൽ 22 ന് ഭാരതീയ ജനതാ പാർട്ടിയുടെ മുകേഷ് ദലാൽ മണ്ഡലത്തിൽ നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തൻ്റെ ജീവിതത്തിലെ ആദ്യ തെരഞ്ഞെടുപ്പായിരുന്നു അത്. കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാനി സമർപ്പിച്ച നാമനിർദ്ദേശ പത്രികകൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ഏപ്രിൽ 21 ന് നിരസിച്ചതിനെത്തുടർന്നാണ് ബിജെപി സ്ഥാനാർഥി മത്സരമില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. നിലേഷ് കുംഭാനിയുടെ പത്രികയിലെ മൂന്ന് നിർദ്ദേശകരുടെ ഒപ്പ് വ്യാജമാണെന്ന് കാണിച്ചാണ് തള്ളിയത്. നിർദ്ദേശിച്ചവരിൽ രണ്ട് പേർ കുംഭാനിയുടെ ബന്ധുക്കളാണ്: ജഗദീഷ് സാവലിയ അദ്ദേഹത്തിൻ്റെ അളിയനും ധ്രുവിൻ ധമേലിയ അദ്ദേഹത്തിൻ്റെ മരുമകനുമാണ്. മൂന്നാമത്തെ പ്രൊപ്പോസർ, രമേഷ് പോളറ, കുംഭാനിയുടെ സുഹൃത്തും കൺസ്ട്രക്ഷൻ ബിസിനസിലെ പങ്കാളിയുമാണ്. കോൺഗ്രസിൻ്റെ ബാക്കപ്പ് സ്ഥാനാർത്ഥിയായ സുരേഷ് പൽസാദയുടെ നാമനിർദ്ദേശവും അദ്ദേഹത്തിൻ്റെ അനന്തരവൻ ഭൗട്ടിക് കൊളാഡിയയുടെ വ്യാജ ഒപ്പിട്ടതിൻ്റെ പേരിൽ തള്ളി.

നിരസിക്കപ്പെട്ട പ്രകടന പത്രിക കൂടാതെ, സൂറത്തിൽ ഒമ്പത് സ്ഥാനാർത്ഥികളായിരുന്നു മത്സരിക്കുന്നുണ്ടായിരുന്നത്. നാല് സ്വതന്ത്രരും ബി.ജെ.പി, ബഹുജൻ സമാജ് പാർട്ടി എന്നിവയിൽ നിന്നുള്ള സ്ഥാനാർത്ഥികളും അധികം അറിയപ്പെടാത്ത പാർട്ടികളിൽ നിന്നുള്ള മൂന്ന് സ്ഥാനാർത്ഥികളും. ഏപ്രിൽ 22 ഓടെ ദലാൽ ഒഴികെയുള്ളവർ നാമനിർദ്ദേശ പത്രിക പൊടുന്നനെ പിൻവലിച്ചു. ഇതോടെ മണ്ഡലത്തിൽ
ബിജെപി സ്ഥാനാർഥി അനായാസം വിജയിച്ചു. തിങ്കളാഴ്ച വോട്ടെടുപ്പിൽ നിന്ന് പിന്മാറിയ സൂറത്തിലെ എട്ട് സ്ഥാനാർത്ഥികളുമായി സ്ക്രോൾ ബന്ധപ്പെടാൻ ശ്രമിച്ചതായി പറയുന്നു. ബഹുജൻ സമാജ് പാർട്ടിയുടെ പ്യാരേലാൽ ഭാരതി ഒഴികെ നാമനിർദേശ പത്രിക പിൻവലിച്ച മറ്റുള്ളവരുടെ ഫോൺ സ്വിച്ച് ഓഫ് ആണ്.

‘ബിജെപിയെ പ്രവർത്തകൻ എന്നെ സന്ദർശിച്ചിരുന്നു’

ബിജെപിയുമായി ബന്ധമുള്ള ഒരാൾ ഏപ്രിൽ 21 ന് തന്നെ കാണുകയും പിൻവലിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തതായി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സ്റ്റോക്ക് ബ്രോക്കർ കിഷോർ ദയാനി പറഞ്ഞതായി സ്‌ക്രോൾ റിപ്പോർട്ട് ചെയ്യുന്നു. “സൂറത്തിൽ വളരെ മോശമായ ട്രാഫിക് പ്രശ്‌നമുണ്ട്, ആ പ്രശ്നം ജനമധ്യത്തിൽ ഉന്നയിക്കാനും പരിഹരിക്കാനും ഞാൻ ആഗ്രഹിച്ചു. എന്നാൽ തിങ്കളാഴ്‌ച, ബിജെപി അനുഭാവിയായി അറിയപ്പെടുന്ന വ്യക്തി എന്നെ സന്ദർശിക്കാൻ വന്നിരുന്നു മെട്രോ പോലുള്ളവ നടപ്പിലാക്കി നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കാൻ പാർട്ടി പദ്ധതിയിടുന്നതായി പറഞ്ഞു, അതിനാൽ ഇനി ഗതാതഗത പ്രശ്നം പരിഹരിക്കാൻഞാൻ ഓടേണ്ടതില്ല.” അദ്ദേഹം സ്ക്രോളിനോട് പറഞ്ഞു. വ്യക്തികളുടെ പേരുകൾ വെളിപ്പെടുത്താൻ ദയാനി വിസമ്മതിച്ചു, എന്നാൽ ഒരു കോൺഗ്രസ് പ്രവർത്തകൻ തന്നെ കാണാൻ വന്നതായും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും പിന്മാറാതിരിക്കാനും തന്നെ പ്രേരിപ്പിച്ചുവെന്നും കൂട്ടിച്ചേർത്തു. “ഞാൻ അതിനെക്കുറിച്ച് ആലോചിച്ചിരുന്നു, പക്ഷെ പിൻവലിക്കാൻ തന്നെ തീരുമാനിച്ചു,” അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീലിൻ്റെ മേൽനോട്ടത്തിൽ പ്രാദേശിക ബിജെപി രാഷ്ട്രീയക്കാർ സൂറത്തിലെ ലെ മെറിഡിയൻ ഹോട്ടലിൽ വച്ചാണ് സ്ഥാനാർത്ഥിത്വം പിൻവലിച്ചതെന്ന് ദൈനിക് ഭാസ്‌കർ ഏപ്രിൽ 23ന് റിപ്പോർട്ട് ചെയ്തു. 2022ൽ പാർട്ടി പിളർന്നപ്പോൾ മഹാരാഷ്ട്രയിൽ നിന്നുള്ള വിമത എംഎൽഎമാരെ ഈ ഹോട്ടലിലാണ് പാർപ്പിച്ചിരുന്നത്. എന്നാൽ ഹോട്ടൽ സന്ദർശിക്കാൻ ദയാനി തയ്യാറായില്ല. “ഞാൻ ലെ മെറിഡിയനിലേക്ക് പോയിട്ടില്ല, എനിക്ക് സമ്മർദ്ദം ഉണ്ടായിരുന്നില്ല,” അദ്ദേഹം പറഞ്ഞു.

‘കോൺഗ്രസ് പോരാടത്തൊരിടത്ത് ഞാൻ എന്തിന് ഒറ്റയാൾ പോരാട്ടം നടത്തണം?’

കോൺഗ്രസ് തെരഞ്ഞെടുപ്പിൽ നിന്ന് പുറത്താണെന്ന വാർത്ത അറിഞ്ഞതിന് പിന്നാലെയാണ് താൻ പിന്മാറിയതെന്ന് ഗ്ലോബൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ജയേഷ് മേവാഡ പറഞ്ഞു. “ഈ രാജ്യത്തിൻ്റെ ദരിദ്രാവസ്ഥ മാറ്റാൻ ഞാൻ ആഗ്രഹിച്ചു,” അദ്ദേഹം പറഞ്ഞു. “എന്നാൽ കോൺഗ്രസ് അതിൻ്റെ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടുന്നില്ലെങ്കിൽ, ഞാൻ എന്തിന് പോരാടണം? നമ്മുടെ രാജ്യത്തെ മാറ്റാൻ ദീർഘവീക്ഷണമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുവദിക്കുന്നതാണ് നല്ലത്.

‘മത്സരിച്ചിട്ട് കാര്യമില്ല’

അഖിൽ ഭാരതീയ ഹിന്ദു മഹാസഭയുമായി തനിക്ക് ബന്ധമുണ്ടെന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായ അജിത്‌സിംഗ് ഉമത്ത് പറഞ്ഞു. താൻ പത്രിക പിൻവലിച്ചതിൽ ബിജെപിക്ക് പങ്കില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. “ഞാൻ അടിസ്ഥാനപരമായി കോൺഗ്രസ് പ്രത്യയശാസ്ത്രത്തിനെതിരെ പോരാടുകയായിരുന്നു,അവർ മത്സരത്തിൽ നിന്ന് പുറത്തായി, ഇനി മത്സരിക്കുന്നതിൽ അർത്ഥമില്ലെന്ന് തോന്നിയത് കൊണ്ടാണ് പിന്മാറിയത്.”

‘വിഷാദത്തിലേക്ക് കൂപ്പ് കുത്തി’

മറ്റൊരു സ്വതന്ത്ര സ്ഥാനാർത്ഥിയായ ഭരത് പ്രജാപതിക്ക് മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാൻ വ്യക്തിപരമായ കാരണങ്ങളുണ്ടായിരുന്നു. “ഞാൻ വിഷാദാവസ്ഥയിലായി, അതുകൊണ്ടാണ് മത്സരത്തിൽ നിന്ന് പിന്മാറിയത്,” പ്രജാപതി പറഞ്ഞു. ഞായറാഴ്ച ലെ മെറിഡിയനിൽ പോയിരുന്നോ എന്ന് ചോദ്യത്തിന് അദ്ദേഹം കോൾ കട്ട് ചെയ്തതായും സ്ക്രോൾ റിപ്പോർട്ട് ചെയ്യുന്നു.

‘അമ്മയുടെ പരിക്ക്’

തൊണ്ണൂറുകാരിയായ അമ്മ കഴിഞ്ഞയാഴ്ച വീണ് പരിക്കേറ്റത്‌കൊണ്ടാണ് താൻ പിൻവാങ്ങിയതെന്ന് ടെക്സ്റ്റൈൽ ബിസിനസ് നടത്തുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയായ രമേഷ് ബരയ്യ പറഞ്ഞു. “ഞാൻ എൻ്റെ ഗ്രാമത്തിലേക്ക് മടങ്ങുകയാണ്,” അദ്ദേഹം പറഞ്ഞു.

‘രാഷ്ട്രീയത്തിൻ്റെ ജീർണാവസ്ഥ’

മറ്റ് രണ്ട് സ്ഥാനാർത്ഥികളായ അലഹബാദ് ആസ്ഥാനമായുള്ള ലോഗ് പാർട്ടിയുടെ സോഹെൽ ഷെയ്‌ക്കും മുംബൈ ആസ്ഥാനമായുള്ള സർദാർ വല്ലഭായ് പട്ടേൽ പാർട്ടിയുടെ അബ്ദുൾ ഹമീദ് ഖാനും തങ്ങളുടെ പിൻവലിക്കലിനെ കുറിച്ച് സംസാരിക്കാൻ തയ്യാറായില്ല. “ഞാൻ അങ്ങനെ തന്നെ പിൻവാങ്ങി,” ഷെയ്ഖ് പറഞ്ഞു. തൻ്റെ തീരുമാനത്തിന് ഒരു കാരണവുമില്ലെന്ന് ഖാൻ പറഞ്ഞു. വിരമിച്ച ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഓഫീസർ വിജയ് ശങ്കർ പാണ്ഡെയുടെ നേതൃത്വത്തിലുള്ള ലോഗ് പാർട്ടി ആദ്യം ടിക്കറ്റ് ഖാനെ ഏൽപ്പിച്ചിരുന്നു. “എന്നാൽ അയാൾക്ക് ഉറപ്പില്ലെന്ന് തോന്നി, അതിനാൽ ഞങ്ങൾ അത് സോഹലിന് നൽകി.”പാണ്ഡെ സ്ക്രോളിനോട് പറഞ്ഞു.

ഞായറാഴ്ച, കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക നിരസിക്കപ്പെട്ടുവെന്ന വാർത്ത കേട്ടപ്പോൾ, സൂറത്തിൽ ബിജെപിക്കെതിരായ ആരോപണത്തിന് നേതൃത്വം നൽകാനുള്ള നല്ല അവസരമായാണ് പാണ്ഡെ കണ്ടത്. “ഞാൻ ഉടൻ സോഹെലിനെ വിളിച്ചെങ്കിലും അവൻ്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു,” അദ്ദേഹം പറഞ്ഞു. “സൂറത്തിലെ ഞങ്ങളുടെ അഭിഭാഷകനും ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിഞ്ഞില്ല.” ഷെയ്ഖ് പാർട്ടിയുമായി കൂടിയാലോചിച്ചിട്ടില്ലെന്നും പിൻവലിക്കാനുള്ള അദ്ദേഹത്തിൻ്റെ തീരുമാനം ഏകപക്ഷീയമാണെന്നും പാണ്ഡെ കൂട്ടിച്ചേർത്തു. “ഞങ്ങളെയെല്ലാം ഇരുട്ടിൽ നിർത്തിയിരിക്കുന്നു. ഇത് കേവല അവസരവാദമാണെന്നും അദ്ദേഹം പറഞ്ഞു. “ഇതാണ് നമ്മുടെ രാജ്യത്തെ രാഷ്ട്രീയത്തിൻ്റെ ശോചനീയാവസ്ഥ.”

‘അദ്ദേഹം എവിടെയാണെന്ന് ആർക്കും അറിയില്ല’

ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നത് സൂറത്ത് മണ്ഡലത്തിലെ ചെറിയ മത്സരാർത്ഥികൾ മാത്രമല്ല. ഞായറാഴ്ച മുതൽ കോൺഗ്രസ് സ്ഥാനാർത്ഥി കുംഭാനിയും ഈ റഡാറിൽ നിന്ന് പുറത്തായിരുന്നു. കുംഭാനിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന സ്ഥാപനമായ കുബേർ പബ്ലിസിറ്റിയിലെ യാഷ് മായാനി തൻ്റെ ക്ലയൻ്റുമായി മൂന്ന് ദിവസമായി സംസാരിക്കാൻ കഴിയുന്നില്ലെന്ന് സ്ക്രോളിനോട് പറഞ്ഞു. “ഞാൻ ജോലി ചെയ്തതിന്റെ പണം എനിക്ക് ലഭിച്ചിട്ടില്ല, എന്നാൽ ആർക്കും അദ്ദേഹത്തെ സമീപിക്കാനോ എവിടെയാണെന്ന് അറിയാനോ കഴിഞ്ഞിട്ടില്ല.” മായാനി പറയുന്നു. അതുപോലെ, കുംഭാനിയുടെ നിർദ്ദേശകരിലൊരാളായ രമേഷ് പോളാരയുടെ കുടുംബാംഗങ്ങൾക്ക് ഞായറാഴ്ച മുതൽ അദ്ദേഹത്തിന്റെ യാതൊരു വിവരവുമില്ല. “അദ്ദേഹം ഒരു ബിൽഡറാണ്, വർഷങ്ങളായി കുംഭനിയുടെ സുഹൃത്താണ്,” രമേഷ് പോളാരയുടെ ബന്ധു ധർമേഷ് പോളാര പറഞ്ഞു. “എന്നാൽ മൂന്ന് ദിവസമായി അദ്ദേഹത്തിന്റെയും ഫോൺ ഓഫായിരുന്നു, രമേശ് എവിടെയാണെന്നോ എങ്ങനെയാണെന്നോ ഞങ്ങൾക്ക് ആർക്കും അറിയില്ല.” അദ്ദേഹം പറയുന്നു.

English Summary; BJP Candidate In Gujarat’s Surat Wins Unopposed, other candidates withdrew from the election on various reasons

Share on

മറ്റുവാര്‍ത്തകള്‍