തെക്കൻ ബ്രസീലിയൻ സംസ്ഥാനമായ റിയോ ഗ്രാൻഡെ ഡോ സുളിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 37 പേർ മരിച്ചു, 74 പേരെ കാണാതായി. ശക്തമായ വെള്ളപ്പൊക്കത്തിൽ നഗരങ്ങൾക്ക് കാര്യമായ കേടുപാടുകൾ ഉണ്ടാക്കുകയും, ആയിരക്കണക്കിന് ജനങ്ങളെ വീടുകളിൽ നിന്ന് മാറ്റിപാർപ്പിക്കേണ്ട അവസ്ഥ ഉണ്ടാക്കുകയും ചെയ്തു. ജൂലൈ, സെപ്റ്റംബർ, നവംബർ മാസങ്ങളിലായി 75 പേരുടെ മരണത്തിനിടയാക്കിയ വെള്ളപൊക്കം ഉണ്ടായി ഒരു വർഷം തികയുന്നതിന് മുന്നെയാണ് അടുത്ത ദുരന്തം ബ്രസീലിയൻ ജനതയെ തേടിയെത്തിയത്. brazil flood
ബ്രസീലിയൻ ജിയോളജിക്കൽ സർവീസിന്റെ റിപോർട്ടുകൾ പ്രകാരം , ഇപ്പോഴുണ്ടായിരിക്കുന്ന വെള്ളപ്പൊക്കം 1941 ലെ പ്രളയത്തിനേക്കാൾ ശക്തിയേറിയതാണ്. ഏകദേശം 150 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഇത്ര വലിയ വെള്ളപ്പൊക്കത്തിന് ബ്രസീൽ സാക്ഷ്യം വഹിക്കുന്നത്.
മെയ് രണ്ട് വ്യഴാഴ്ച, ബെൻ്റോ ഗോൺകാൽവ്സിനും കോട്ടിപോറയ്ക്കും ഇടയിലുള്ള ജലവൈദ്യുത നിലയത്തിലെ ഒരു അണക്കെട്ട് ഭാഗികമായി തകർന്നിരുന്നു, ടാക്വറി നദീതടത്തിൽ സ്ഥിതി ചെയ്യുന്ന നഗരങ്ങളായ ലജിയാഡോയും എസ്ട്രേലയും പൂർണ്ണമായും വെള്ളത്തിൽ മുങ്ങുകയും ചെയ്തു. അഞ്ച് ലക്ഷത്തിലേറെ ജനതക്ക് ശുദ്ധ ജലവും വൈദ്യുതിയും ലഭിക്കാത്ത അവസ്ഥയാണ് ബ്രസീലിൽ. കനത്ത മഴയ്ക്ക് പിന്നാലെ വെള്ളം കയറിയ മേഖലയിലേക്കാണ് ആറര അടി ഉയരമുള്ള ചെറു അണക്കെട്ട് തകർന്ന് ജലം കുതിച്ചെത്തിയത്. സംസ്ഥാനത്തിന്റെ തലസ്ഥാനമായ പോർട്ടോ അലെഗ്രെയിൽ നിന്ന് 50 മൈൽ (80 കിലോമീറ്റർ) അകലെയുള്ള ഫെലിസ് പട്ടണണവും അയൽ നഗരമായ ലിൻഹ നോവയുമായി ബന്ധിപ്പിക്കുന്ന പാലം വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോവുകയും ചെയ്തിരുന്നു.
സംസ്ഥാനത്തുടനീളം വൈദ്യുതി, വാർത്താവിനിമയം, വെള്ളം തുടങ്ങിയവ വിശ്ചേദിക്കപ്പെട്ടതായി അതികൃതർ അറിയിച്ചു. സിവിൽ ഡിഫൻസ് ഏജൻസിയുടെ കണക്കുകളനുസരിച്ച് 23,000-ത്തിലധികം ആളുകൾക്ക് അവരുടെ വീടുകൾ വിട്ടുപോകേണ്ടതായി വന്നിട്ടുണ്ട്. ഇൻ്റർനെറ്റ്, ടെലിഫോൺ, വൈദ്യുതി സേവനങ്ങൾ വിച്ഛേദിക്കപ്പെട്ടതിനാൽ, പുറംലോകവുമായി ബന്ധപ്പെടാനാകാതെ പല കുടുംബങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. കുട്ടികളുമായി ഒറ്റപ്പെട്ട അവസ്ഥയിലുളള കുടുംബങ്ങളെയടക്കം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി ഹെലികോപ്റ്ററുകൾ വഴിയുളള രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്ന് കൊണ്ടിരിക്കുകയാണ്.
ഏപ്രിൽ 29 തിങ്കളാഴ്‌ച ആരംഭിച്ച മഴ മെയ് രണ്ട് ശനിയാഴ്ച വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് നാഷണൽ സെൻ്റർ ഫോർ മോണിറ്ററിംഗ് ആൻഡ് അലേർട്ട്‌സ് ഓഫ് എൻവിയോൺമെൻറ് വിഭാഗത്തിലെ ചീഫ് മെറ്റീരിയോളജിസ്റ്റ് ആയ മാർസെലോ സെലൂച്ചി ബ്രസീലിലെ പബ്ലിക് ടെലിവിഷൻ നെറ്റ്‌വർക്കിനോട് പറഞ്ഞത്. വ്യാഴാഴ്ച രാത്രി ഗവർണർ എഡ്വേർഡോ ലൈറ്റ്, സംസ്ഥാനത്തെ ജനങ്ങളെ മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാൽ മുന്നറിയിപ്പ് നൽകിയിരുന്നു. അതോടൊപ്പം പോർട്ടോ അലെഗ്രെയിലെ സ്ഥിതി ഗതികൾ കൂടുതൽ വഷളാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
‘ഒരു മനുഷ്യനെന്ന നിലയിൽ, എല്ലാവരെയും പോലെ ഞാനും ഉള്ളിൽ തകർന്നിരിക്കുകയാണ്. എന്നാൽ ഗവർണർ എന്ന നിലയിൽ, ഞാൻ ഇവിടെ നിങ്ങളോടപ്പം ഉണ്ടാകും, തളരില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുകയാണ്. സർക്കാരിന്റെ ഭാഗത്ത് നിന്ന് ചെയ്യാൻ സാധിക്കുന്നതെല്ലാം ഉറപ്പായും ചെയ്യും. ശ്രദ്ധയോടെയും ,അച്ചടക്കത്തോടെയും, ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാനുള്ള ദൃഢനിശ്ചയത്തോടെയാണ് ഓരോരുത്തരും പ്രവർത്തിക്കുന്നത്.’ എന്നാണ് എഡ്വേർഡോ ലൈറ്റ് പറഞ്ഞത്.
തെക്കേ അമേരിക്കയിലുടനീളമുള്ള കാലാവസ്ഥയെ എൽ നിനോ പ്രതിഭാസം ശക്തമായി ബാധിക്കുന്നു എന്നതിന്റെ സൂചനയാണ് വെള്ളപ്പൊക്കം. എൽ നിനോ പ്രതിഭാസം വടക്കൻ ബ്രസീലിൽ വരൾച്ചയ്ക്കും തെക്കൻ ബ്രസീലിൽ തീവ്രമായ മഴയ്ക്കും കാരണമായിരിക്കുകയാണ്.
2024 ൽ എൽ നിനോയുടെ ആഘാതം തീർത്തും നാടകീയമായ രീതിയിലാണ് ലോകത്തെ ബാധിച്ച് കൊണ്ടിരിക്കുന്നത്. എൽ നിനോ മൂലം ആമസോണിൽ വരൾച്ച ഉണ്ടായിരുന്നു. പ്രകൃതിയിൽ മനുഷ്യനുണ്ടാക്കുന്ന ആഘാതങ്ങൾ മൂലമാണ് പ്രകൃതി അസന്തുലിതമായ അവസ്ഥയിൽ തുടരുന്നതെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കിയിരുന്നു.
content summary: dam collapses in torrential rains sinks in brazil.