UPDATES

ഉത്തരകാലം

‘ബിജെപിക്ക് ആര്‍എസ്എസ്സിന്റെ സഹായം ഇപ്പോള്‍ ആവശ്യമില്ല’

പഴയകാലമല്ല ഇപ്പോഴെന്നും പാര്‍ട്ടി വളര്‍ന്നുവെന്നും ദേശീയാധ്യക്ഷന്‍ ജെ പി നഡ്ഡ

                       

രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ(ആര്‍എസ്എസ്) സഹായമില്ലാതെ നില്‍ക്കാന്‍ ബിജെപി ഇപ്പോള്‍ പ്രാപ്തമാണെന്ന് ദേശീയാധ്യക്ഷന്‍ ജെ പി നഡ്ഡ. ആര്‍എസ്എസ് എന്നത് ഒരു പ്രത്യശസാസ്ത്ര മുന്നണിയാണെന്നും, അത് അതിന്റെതായ കര്‍ത്തവ്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ നഡ്ഡ പറയുന്നു. bjp-rss ties jp nadda

അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് നിന്നും ഇന്നത്തെ സാഹചര്യത്തിലേക്ക് എത്തുമ്പോള്‍ ആര്‍എസ്എസ്സിന്റെ സാന്നിധ്യം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന ചോദ്യത്തിനുള്ള മറുപടിയിലാണ്, സംഘത്തിന്റെ പിന്തുണയില്ലാതെ നിലനില്‍ക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്ന് അധ്യക്ഷന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ‘ തുടക്കത്തില്‍ ഞങ്ങള്‍ ചെറുതും ദുര്‍ബലരുമായിരുന്നു, ആ സമയത്ത് ആര്‍എസ്എസ്സിന്റെ പിന്തുണ ആവശ്യമായിരുന്നു. ഇന്ന് ഞങ്ങള്‍ വളര്‍ന്നു, പ്രാപ്തിയുള്ളവരായി, ബിജെപി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നു, അതാണ് വ്യത്യാസം’ ഇതായിരുന്നു നഡ്ഡയുടെ മറുപടി.

ആര്‍എസ്എസ്സിന്റെ സഹായം ബിജെപിക്ക് ഇപ്പോള്‍ വേണ്ടേ? എന്ന ചോദ്യത്തോടുള്ള നഡ്ഡയുടെ പ്രതികരണം ഇങ്ങനെയായിരുന്നു; ‘പാര്‍ട്ടി ഇപ്പോള്‍ വളര്‍ന്നിരിക്കുന്നു, ഓരോരുത്തര്‍ക്കും അവരവരുടെതായ വേഷങ്ങളും ചുമതലകളുമുണ്ട്. ആര്‍എസ്എസ് ഒരു സാമൂഹിക-സാംസ്‌കാരിക സംഘടനയാണ്. അവിടെയൊരു ചോദ്യത്തിന്റെ ആവശ്യമില്ല. അതൊരു പ്രത്യയശാസ്ത്ര മുന്നണിയാണ്. അവര്‍ അവരുടെ പ്രത്യയശാസ്ത്രപരമായ ജോലി ചെയ്യുന്നു, ഞങ്ങള്‍ ഞങ്ങളുടേതും. ഞങ്ങള്‍ കാര്യങ്ങള്‍ സ്വന്തം നിലയില്‍ കൈകാര്യം ചെയ്യുന്നു, അങ്ങനെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യേണ്ടതും’.

ഞായറാഴ്ച്ച പ്രസിദ്ധീകരിക്കുന്ന അഭിമുഖത്തില്‍ പ്രധാനമന്ത്രി രാജ്യത്ത് നടത്തിയിരിക്കുന്ന വികസനങ്ങളെക്കുറിച്ചും, തെക്കേയിന്ത്യയിലെ ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങളെക്കുറിച്ചുമെല്ലാം ജെ പി നഡ്ഡ വിശദീകരിക്കുന്നുണ്ടെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്. ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രധാനമായ ഭരണഘടന, പ്രതിപക്ഷ രാഷ്ട്രീയക്കാരെ ഉന്നം വയ്ക്കുന്ന അന്വേഷണ ഏജന്‍സികള്‍ എന്നിവയെക്കുറിച്ചും അഭിമുഖത്തില്‍ നഡ്ഡയ്ക്ക് മറുപടി പറയേണ്ടി വന്നിട്ടുണ്ട്.

അഭിമുഖത്തില്‍ നഡ്ഡ ചൂണ്ടിക്കാണിക്കുന്ന പ്രധാനമായൊരു വസ്തുത, മഥുര, കാശി എന്നിവിടങ്ങളിലെ തര്‍ക്കസ്ഥലങ്ങളില്‍ ക്ഷേത്രം നിര്‍മിക്കാനുള്ള ആലോചന ബിജെപിക്ക് ഇല്ലെന്നാണ്. ‘ അത്തരം ആഗ്രഹങ്ങളോ ആലോചനകളോ ബിജെപിക്കില്ല. അത്തരം വിഷയങ്ങളില്‍ ചര്‍ച്ചയുടെ ആവശ്യവുമില്ല. പാര്‍ലമെന്ററി ബോര്‍ഡിലാണ് പാര്‍ട്ടി കാര്യങ്ങളുടെ ചര്‍ച്ച നടക്കുന്നത്. ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ക്ക് അന്തിമ തീരുമാനം ഉണ്ടാകുന്നത് ദേശീയ കൗണ്‍സിലിലാണ്. അങ്ങനെയാണ് ഘടന നിശ്ചയിച്ചിരിക്കുന്നത്’ നഡ്ഡ പറയുന്നു. bjp-rss ties jp nadda

‘പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരിക്കുന്നത് പാവപ്പെട്ടവരുടെ, ചൂഷിതരുടെ, ദളിതരുടെ, സ്ത്രീകളുടെ, കര്‍ഷകരുടെ, സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ കാര്യത്തില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ്. മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ മുഖ്യധാരയിലേക്കു വരണം, അവര്‍ കൂടുതല്‍ ശക്തിപ്പെടണം’ പാര്‍ട്ടി അധ്യക്ഷന്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെയും അസമിലെയും ബിജെപി മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥും ഹിമന്ത് ബിശ്വ ശര്‍മയും തെരഞ്ഞെടുപ്പ് റാലികളില്‍ ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നത് മഥുരയിലും കാശിയിലും ക്ഷേത്രങ്ങള്‍ നിര്‍മിക്കുമെന്നാണ്. ഇക്കാര്യം അഭിമുഖത്തില്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ നഡ്ഡ പറയുന്നത്, ‘ അതിലൊന്നും അവ്യക്തതയുടെ കാര്യമില്ല. 1989 ജൂണിലെ പാലമ്പൂര്‍ പ്രമേയത്തില്‍ രാമക്ഷേത്രം വേണമെന്ന ആവശ്യം ബിജെപി ഉള്‍പ്പെടുത്തിയിരുന്നു. നീണ്ടകാലത്തെ പ്രയത്‌നത്തിനൊടുവില്‍ ക്ഷേത്രം യാഥാര്‍ത്ഥ്യമായി. അത് ഞങ്ങളുടെ അജണ്ടയുടെ ഭാഗമായിരുന്നു. ചില കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആളുകള്‍ വികാരഭരിതരാവുകയും ആവേശം കൊള്ളുകയുമൊക്കെ ചെയ്യും. ഞങ്ങളുടെത് വലിയൊരു പാര്‍ട്ടിയാണ്, ഓരോ നേതാവിനും അവരുടെതായൊരു സംസാരശൈലിയുണ്ടാകും’. bjp-rss ties jp nadda

Content Summary;  Bjp-rss ties, jp nadda says party grown and capable to runs its own affairs

Share on

മറ്റുവാര്‍ത്തകള്‍