July 17, 2026 |
Share on

ടിഎംസി പിളര്‍പ്പില്‍ പ്രതീക്ഷ, ഡിഎംകെയും സഹകരിച്ചാല്‍ ബിജെപിക്ക് ലക്ഷ്യങ്ങള്‍ നേടാം

മണ്ഡലപുനര്‍നിര്‍ണയം, ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നീ ബില്ലുകള്‍ വിജയിപ്പിച്ചെടുക്കാമെന്നാണ് ബിജെപി ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്‌

ബംഗാളില്‍ ഭരണം പിടിച്ചതിനെക്കാള്‍ ബിജെപിയെ ഇപ്പോള്‍ ആഹ്ലാദിപ്പിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസിലെ പിളര്‍പ്പാണ്. സംസ്ഥാന ഭരണത്തിന് സഹായകമാകുമെന്നതുകൊണ്ടല്ല. നിയമസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തുന്ന ബി.ജെ.പിക്ക് മറ്റ് പാര്‍ട്ടികളുടെ പിന്തുണ ആവശ്യമില്ല. എന്നിട്ടും 80 അംഗങ്ങളുള്ള ടി.എം.സിയിലെ ആഭ്യന്തര ഭിന്നതകളെ അതീവ താല്പര്യത്തോടെയാണ് പാര്‍ട്ടി നിരീക്ഷിക്കുന്നത്. കാരണം പാര്‍ലമെന്റിലെ തങ്ങളുടെ ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ ബംഗാളിലെ രാഷ്ട്രീയമാറ്റങ്ങള്‍ ബിജെപിക്ക് ഗുണം ചെയ്യും.

തൃണമൂല്‍ പിളരുന്നതിലൂടെ പാര്‍ലമെന്റില്‍ നേട്ടം ലഭിക്കുക ബിജെപിക്ക്് തന്നെയാണ്. നിര്‍ണായകമായ ഭരണഘടനാ ഭേദഗതി ബില്ലുകള്‍ സുഗമമായി പാസാക്കാന്‍ ആവശ്യമായ ഭൂരിപക്ഷം നിലവില്‍ പാര്‍ലമെന്റില്‍ എന്‍.ഡി.എ സഖ്യത്തിനില്ല. തൃണമൂല്‍ കോണ്‍ഗ്രസ് വിഘടിക്കുന്നതോടെ, അവരുടെ എം.പിമാര്‍ പ്രത്യേക ഗ്രൂപ്പായി മാറി കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന നിയമനിര്‍മ്മാണങ്ങളെ പിന്തുണയ്ക്കുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

മമത ബാനര്‍ജി നിര്‍ദ്ദേശിച്ച മുതിര്‍ന്ന നേതാവ് സൊബന്‍ദേബ് ചതോപാധ്യായയെ മറികടന്ന്, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനര്‍ജി ബുധനാഴ്ച ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായി അംഗീകരിക്കപ്പെട്ടത് തൃണമൂലിന് വലിയ തിരിച്ചടിയാണ്. പാര്‍ട്ടിയുടെ 80 എം.എല്‍.എമാരില്‍ 58 പേരുടെ പിന്തുണ തനിക്കുണ്ടെന്ന് അവകാശപ്പെട്ട ഋതബ്രത, വിമത ക്യാമ്പില്‍ ചുരുങ്ങിയത് 60 പേരുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തൃണമൂലില്‍ ആസന്നമായ പിളര്‍പ്പ് പാര്‍ലമെന്റില്‍ എന്‍.ഡി.എ സര്‍ക്കാരിന് അനുകൂലമായ ഒരു പുതിയ പ്രതിപക്ഷ ചേരി രൂപപ്പെടാന്‍ സഹായിക്കുമെന്നാണ് ഒരു ബി.ജെ.പി എം.പി സൂചിപ്പിച്ചതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മമതയുടെ പുതിയ എതിരാളി, ബംഗാളിന്റെ പ്രതിപക്ഷ നേതാവ്; ആരാണ് ഋതബ്രത ബാനര്‍ജി?

മഹാരാഷ്ട്രയില്‍ ശിവസേനയിലും എന്‍.സി.പിയിലും ഉണ്ടായ പിളര്‍പ്പുകളോടും, അടുത്തിടെ ആം ആദ്മി പാര്‍ട്ടിയില്‍ (എ.എ.പി) ഉണ്ടായ ഭിന്നതയോടുമാണ് ബംഗാളിലെ സംഭവവികാസങ്ങളെ ബി.ജെ.പി വൃത്തങ്ങള്‍ ഉപമിക്കുന്നത്. എ.എ.പിയുടെ 10 രാജ്യസഭാ എം.പിമാരില്‍ രാഘവ് ചദ്ദയുടെ നേതൃത്വത്തിലുള്ള 7 പേര്‍ ബി.ജെ.പി പാളയത്തില്‍ എത്തിയതോടെ 245 അംഗ ഉപരിസഭയില്‍ എന്‍.ഡി.എയുടെ ബലം 141 ആയി ഉയര്‍ന്നിരുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാത്തതിന്റെ കറ മായ്ക്കാന്‍ ഇത്തരം പ്രാദേശിക പാര്‍ട്ടികളിലെ പിളര്‍പ്പുകളിലൂടെ സാധിക്കുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍.

ലക്ഷ്യം മണ്ഡലപുനര്‍നിര്‍ണ്ണയ ബില്ലും ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും’

ലോക്‌സഭയിലെ പരമാവധി സീറ്റുകളുടെ എണ്ണം 545-ല്‍ നിന്ന് 850 ആയി ഉയര്‍ത്താനും മണ്ഡല അതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയിക്കാനും ലക്ഷ്യമിട്ടുള്ള 131-ാം ഭരണഘടനാ ഭേദഗതി ബില്‍ (ഡിലിമിറ്റേഷന്‍ ബില്‍) കഴിഞ്ഞ ഏപ്രിലില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടിരുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ ഈ തിരിച്ചടി മറികടക്കാന്‍ ബില്‍ വീണ്ടും കൊണ്ടുവരാനും, ഒപ്പം ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്‍ 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാസാക്കാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

സമീപകാല നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിട്ട തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ എന്നീ പാര്‍ട്ടികളിലേക്ക് ബി.ജെ.പി നേതൃത്വം ചര്‍ച്ചകള്‍ക്കായി ഇതിനകം നീങ്ങിയിട്ടുണ്ട്. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സി. ജോസഫ് വിജയ്യുടെ ടി.വി.കെ സര്‍ക്കാരിന്റെ ഭാഗമാകാന്‍ തീരുമാനിച്ചതോടെ ഡി.എം.കെയും ആടിയുലയുകയാണ്. ഈ സാഹചര്യത്തില്‍ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന സൂചന ഡി.എം.കെ നല്‍കിയതായാണ് വിവരം. പ്രാദേശിക പാര്‍ട്ടികള്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം മണ്ഡലപുനര്‍നിര്‍ണ്ണയ ബില്ലിന്റെ പുതിയ കരട് തയ്യാറാക്കുകയാണ്.

കഴിഞ്ഞ ഏപ്രിലില്‍ ബില്‍ ലോക്‌സഭയില്‍ വന്നപ്പോള്‍ കോണ്‍ഗ്രസ്, ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരടങ്ങുന്ന ഇന്‍ഡ്യാ സഖ്യം ഒന്നിച്ച് 230 വോട്ടുകളോടെ ബില്ലിനെ എതിര്‍ത്തിരുന്നു. എന്‍.ഡി.എയ്ക്ക് അന്ന് 298 വോട്ടുകളാണ് ലഭിച്ചത്. ലോക്‌സഭയില്‍ ഡി.എം.കെയ്ക്ക് 22-ഉം തൃണമൂലിന് 28-ഉം എം.പിമാരുണ്ട്. വനിതാ സംവരണ നിയമം നടപ്പാക്കുന്നതുമായി മണ്ഡല പുനര്‍നിര്‍ണ്ണയത്തെ ബന്ധിപ്പിക്കുന്നതിനെതിരെയും, ഇത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാധാന്യം കുറയ്ക്കുമെന്നും ആരോപിച്ചാണ് പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തത്.

എന്നാല്‍, ഡി.എം.കെ പിന്തുണയ്ക്കാന്‍ തയ്യാറായാല്‍ എന്‍.ഡി.എയ്ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് വെറും 42 വോട്ടുകള്‍ കൂടി മതിയാകും. ഇതിന് പുറമെ, തൃണമൂലില്‍ നിന്ന് പിളര്‍ന്നുമാറുന്ന 15 മുതല്‍ 25വരെ അടങ്ങുന്ന എം.പിമാരുടെ ഒരു സംഘം കൂടി എത്തിയാല്‍ ബി.ജെ.പിക്ക് ലക്ഷ്യം വളരെ എളുപ്പമാകും. നിലവില്‍ ബി.ജെ.പി നേതാവ് പി. പി. ചൗധരി അധ്യക്ഷനായ 39 അംഗ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയുടെ (ജെപിസി) പരിശോധനയിലുള്ള ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്‍ എത്രയും വേഗം പാസാക്കി, 2029-ഓടെ ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇതിനായി ബംഗാളിലെ രാഷ്ട്രീയ പിളര്‍പ്പിനെ അതീവ പ്രാധാന്യത്തോടെയാണ് ബി.ജെ.പി തങ്ങളുടെ ഫ്‌ലോര്‍ മാനേജ്‌മെന്റിനായി ഉപയോഗപ്പെടുത്തുന്നത്.

Content Summary: BJP closely watches the TMC split in West Bengal, eyeing crucial MP support in Parliament to pass major Constitutional amendments like the Delimitation Bill

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×