July 03, 2026 |
Share on

വിമതര്‍ക്ക് മുന്നില്‍ വാതിലടച്ച് വത്തിക്കാന്‍; കത്തോലിക്കാ സഭയില്‍ വീണ്ടും പിളര്‍പ്പ്

മാര്‍പ്പാപ്പയുടെ വിലക്ക് ലംഘിച്ച് ബിഷപ്പുമാരെ വാഴിച്ച തീവ്ര യാഥാസ്ഥിതിക വിഭാഗത്തെ സഭയില്‍ നിന്നു പുറത്താക്കി

റോമന്‍ കത്തോലിക്കാ സഭയെ വെല്ലുവിളിച്ച തീവ്ര യാഥാസ്ഥിതിക വിഭാഗമായ സൊസൈറ്റി ഓഫ് സെന്റ് പയസ് ടെന്‍തിനെ(എസ്എസ്പിഎക്‌സ്) സഭയില്‍ നിന്ന് പുറത്താക്കി. ലിയോ മാര്‍പ്പാപ്പയുടെ വിലക്കുകളും മുന്നറിയിപ്പുകളും അവഗണിച്ച്, വത്തിക്കാന്റെ അനുമതിയില്ലാതെ ബിഷപ്പുമാരെ വാഴിച്ചതിനെ തുടര്‍ന്നാണ് വത്തിക്കാന്‍ ഈ വിമത വിഭാഗത്തിന് ആഗോളതലത്തില്‍ സഭാഭ്രഷ്ട് കല്‍പ്പിച്ചത്.

ബുധനാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിലെ എക്കോണ്‍ ഗ്രാമത്തില്‍ നടന്ന ചടങ്ങിലാണ് വത്തിക്കാനെ വെല്ലുവിളിച്ച് പുതിയ ബിഷപ്പുമാരുടെ വാഴിക്കല്‍ നടന്നത്. ഇതിനെ ‘അങ്ങേയറ്റം ഗുരുതരമായ പാപമെന്നും’ സഭയെ പിളര്‍ത്തുന്ന നടപടിയെന്നും വിശേഷിപ്പിച്ച ലിയോ മാര്‍പ്പാപ്പ, ചടങ്ങില്‍ നിന്ന് പിന്മാറാന്‍ അവസാനവട്ട ശ്രമം നടത്തിയിരുന്നു. എന്നാല്‍ കത്തോലിക്കാ സഭയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ തങ്ങള്‍ക്ക് ഈ ബിഷപ്പ് വാഴിക്കല്‍ ഒരു ‘വിശുദ്ധ കടമ’ ആണെന്നായിരുന്നു വിമത വിഭാഗത്തിന്റെ നിലപാട്.

ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച വത്തിക്കാന്റെ വിശ്വാസ തിരുസംഘം തലവന്‍ കാര്‍ദിനാല്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് പുറത്താക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചത്. കാനന്‍ നിയമപ്രകാരം സ്വയം സഭാഭ്രഷ്ട് വരിക്കേണ്ടി വരുന്ന തരത്തിലുള്ള പ്രവര്‍ത്തികളാണ് സംഘടന നടത്തിയതെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ബിഷപ്പുമാരെ മാത്രമല്ല, ഈ സംഘടനയിലെ മുഴുവന്‍ വൈദികരെയും ഇവരെ ഔദ്യോഗികമായി പിന്തുണയ്ക്കുന്ന എല്ലാ കത്തോലിക്കാ വിശ്വാസികളെയും സഭയില്‍ നിന്ന് പുറത്താക്കിയതായി വത്തിക്കാന്‍ അറിയിച്ചു. കൂടാതെ, മുന്‍പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈ വിഭാഗത്തിന് നല്‍കിയിരുന്ന ചില പ്രത്യേക ഇളവുകള്‍ വത്തിക്കാന്‍ റദ്ദാക്കി. ഇതോടെ ഈ വിമത വൈദികര്‍ നടത്തുന്ന കുമ്പസാരം, വിവാഹം തുടങ്ങിയ കൂദാശകള്‍ക്കൊന്നും ഇനി കത്തോലിക്കാ സഭയില്‍ സാധുതയുണ്ടാവില്ല.

തീവ്ര നിലപാടുകളിലൂടെ ശ്രദ്ധേയരായ എസ്എസ്പിഎക്‌സ് ഗ്രൂപ്പ് 1970-ല്‍ ആര്‍ച്ച് ബിഷപ്പ് മാര്‍സെല്‍ ലെഫെവ്രെ ആണ് സ്ഥാപിച്ചത്. 1962-65 കാലഘട്ടത്തില്‍ നടന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചരിത്രപരമായ പരിഷ്‌കാരങ്ങളെ ഇവര്‍ പൂര്‍ണ്ണമായും എതിര്‍ക്കുന്നു. ലത്തീന്‍ ഭാഷയ്ക്ക് പകരം പ്രാദേശിക ഭാഷകളില്‍ കുര്‍ബാന ചൊല്ലുന്നത് അനുവദിക്കില്ലെന്നതാണ് ഇവരുടെ പ്രധാന വാശി. മറ്റ് മതങ്ങളുമായുള്ള സംവാദങ്ങളെയും മറ്റ് ക്രിസ്ത്യന്‍ സഭകളെയും ഇവര്‍ അംഗീകരിക്കുന്നില്ല. ആഗോളതലത്തില്‍ ഏതാണ്ട് ഒന്നര ലക്ഷത്തോളം അനുയായികളും 1,500 ഓളം വൈദികരും മാത്രമുള്ള ചെറിയൊരു ഗ്രൂപ്പാണെങ്കിലും, യു.എസ്, ഫ്രാന്‍സ്, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളില്‍ ഇവര്‍ക്ക് ശക്തമായ സാന്നിധ്യമുണ്ട്.

കഴിഞ്ഞ വര്‍ഷം മേയില്‍ അധികാരമേറ്റ ലിയോ മാര്‍പ്പാപ്പ, മുന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കാലത്ത് യാഥാസ്ഥിതിക വിഭാഗങ്ങളുമായി വിയോജിപ്പിലായ സഭയെ ഒന്നിപ്പിക്കാന്‍ ഏറെ ശ്രമിച്ചിരുന്നു. ലിയോ മാര്‍പ്പാപ്പ പരമ്പരാഗത വസ്ത്രധാരണ രീതികളിലേക്ക് മടങ്ങിയതും മാര്‍പ്പാപ്പമാരുടെ വേനല്‍ക്കാല വസതിയായ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോ സന്ദര്‍ശിച്ചതും കണ്ട് അദ്ദേഹം തങ്ങളോട് മൃദുസമീപനം സ്വീകരിക്കുമെന്ന് എസ്എസ്പിഎക്‌സ് കരുതിയിരുന്നു. എന്നാല്‍ സഭാ നിയമങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന വത്തിക്കാന്റെ നിലപാടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലോകമെമ്പാടും തീവ്രവലതുപക്ഷ ആശയങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണ തങ്ങള്‍ക്കും വളരാന്‍ സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് വിമത ഗ്രൂപ്പ് ഇപ്പോള്‍ ഈ കടുംകൈയ്ക്ക് മുതിര്‍ന്നതെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന ചടങ്ങില്‍ ഇറ്റലിയിലെ നവഫാസിസ്റ്റ് പാര്‍ട്ടികളിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 16,500 ഓളം പേര്‍ പങ്കെടുത്തത് ഇതിന്റെ സൂചനയാണ്.

വത്തിക്കാന്റെ കടുത്ത നടപടിയിലൂടെ ഈ വിഭാഗത്തിലെ വൈദികരും വിശ്വാസികളും തങ്ങളുടെ തെറ്റ് തിരുത്തി മാതൃസഭയിലേക്ക് മടങ്ങിവരുമെന്നാണ് വത്തിക്കാന്‍ പ്രതീക്ഷിക്കുന്നത്. ആഗോളതലത്തില്‍ 140 കോടി കത്തോലിക്കാ വിശ്വാസികളുള്ള സഭയില്‍ ഈ ചെറിയ വിഭാഗത്തിന്റെ പിളര്‍പ്പ് ലിയോ മാര്‍പ്പാപ്പയുടെ പദവിക്കോ സഭയ്‌ക്കോ വലിയ ആഘാതം ഉണ്ടാക്കില്ലെന്നാണ് വത്തിക്കാന്‍ നിരീക്ഷകരും സാമ്പത്തിക-രാഷ്ട്രീയ വിദഗ്ദ്ധരും വിലയിരുത്തുന്നത്. നേരത്തെ 1988-ലും ഈ ഗ്രൂപ്പിന്റെ സ്ഥാപകനെ വത്തിക്കാന്‍ പുറത്താക്കിയിരുന്നെങ്കിലും പിന്നീട് 2009-ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ ആ വിലക്ക് നീക്കുകയായിരുന്നു. എന്നാല്‍ വീണ്ടുമൊരു പിളര്‍പ്പിലേക്ക് പോയതോടെ വത്തിക്കാന്‍ ഇവര്‍ക്കെതിരെ പൂര്‍ണ്ണമായ വാതില്‍ കൊട്ടിയടച്ചിരിക്കുകയാണ്.

Content Summary; The Vatican has excommunicated the ultra-conservative Catholic group SSPX after they defied Pope Leo by ordaining bishops without papal consent, creating a new schism

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×