തൃണമൂല്‍ കോണ്‍ഗ്രസ് പൂര്‍ണ തകര്‍ച്ചയിലേക്ക്. ഭരണം നഷ്ടമായതിനു പിന്നാലെ ഇപ്പോള്‍ പാര്‍ട്ടിയും മമത ബാനര്‍ജിയുടെ കൈയില്‍ നിന്നും പോവുകയാണ്. മറുവശത്ത് ബംഗാളിന്റെ അധികാരം കിട്ടിയ ബിജെപിക്ക് ഇപ്പോള്‍ പാര്‍ലമെന്റിലും അതിന്റെ ഗുണം ലഭിക്കുകയാണ്. തൃണമൂല്‍ പിളര്‍പ്പിലേക്ക് നീങ്ങുമ്പോള്‍ ആഹ്ലാദിക്കുന്നത് ബിജെപിയാണ്.
ടിഎംസിയിലെ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുകയാണ്. പാര്‍ട്ടി വന്‍ പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ ആകെ 28 ലോക്സഭാ എംപിമാരില്‍ കുറഞ്ഞത് 20 പേരെങ്കിലും മമത ബാനര്‍ജിയുമായി തെറ്റിപ്പിരിഞ്ഞ് പ്രത്യേക ഗ്രൂപ്പായി മാറാനും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യവുമായി സഹകരിക്കാനും തീരുമാനിച്ചതായി വിമത വിഭാഗം അവകാശപ്പെട്ടു. കഴിഞ്ഞ മാസം നടന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പൂര്‍ണ്ണമായ തകര്‍ച്ച നേരിടുന്നത്. പശ്ചിമ ബംഗാള്‍ നിയമസഭയിലെ ടിഎംസി നിയമസഭാ കക്ഷിയുടെ നിയന്ത്രണം ഇതിനകം തന്നെ മമതയ്ക്ക് നഷ്ടപ്പെട്ടിരുന്നു.
തിങ്കളാഴ്ച ഡല്‍ഹിയില്‍ നാടകീയമായ രാഷ്ട്രീയ നീക്കങ്ങളാണ് അരങ്ങേറിയത്. മുതിര്‍ന്ന നേതാവ് കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലുള്ള വിമത സംഘം തങ്ങള്‍ക്ക് 20 എംപിമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടു. ഇതില്‍ 14 എംപിമാര്‍ കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവിന്റെ വസതിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കൊപ്പം നടന്ന യോഗത്തില്‍ പങ്കെടുത്തു. കാകോലി ഘോഷ് ദസ്തിദാര്‍, ശതാബ്ദി റോയ്, ബാപി ഹാല്‍ദാര്‍, അരൂപ് ചക്രവര്‍ത്തി, ജൂണ്‍ മാലിയ, ദീപക് അധികാരി (ദേവ്), കാളിപദ സറൈന്‍, ജഗദീഷ് ബസൂനിയ, അസിത് മാല്‍, മുഹമ്മദ് അബു താഹെര്‍ ഖാന്‍, ഖലീലൂര്‍ റഹ്‌മാന്‍, ഷര്‍മിള സര്‍ക്കാര്‍, പ്രസൂന്‍ ബാനര്‍ജി, പാര്‍ത്ഥ ഭൗമിക് എന്നിവരാണ് ഈ യോഗത്തില്‍ പങ്കെടുത്തത്. പിന്നീട് ഇവരില്‍ എട്ട് എംപിമാര്‍ ശതാബ്ദി റോയിയുടെ വസതിയിലും സുവേന്ദു അധികാരിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു. കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വിമതര്‍ക്ക് കുറഞ്ഞത് 19 എംപിമാരുടെയെങ്കിലും പിന്തുണ ആവശ്യമുണ്ട്.
ലോക്സഭയില്‍ പിളര്‍പ്പ് പൂര്‍ത്തിയാക്കുന്നതിന് തൊട്ടുമുന്‍പായി രാജ്യസഭയിലും മമതയ്ക്ക് കനത്ത പ്രഹരമേറ്റു. മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ സുഖേന്ദു ശേഖര്‍ റേ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും എംപി സ്ഥാനത്തു നിന്നും രാജിവെച്ചു. അദ്ദേഹത്തിന്റെ രാജി രാജ്യസഭാ ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന്‍ സ്വീകരിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യങ്ങള്‍ കാരണമാണ് താന്‍ രാജിവെച്ചതെന്നും, 59 വര്‍ഷത്തെ രാഷ്ട്രീയ പാരമ്പര്യമുള്ളതിനാല്‍ ആത്മപരിശോധനയ്ക്ക് ശേഷം ഭാവികാര്യങ്ങളില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റൊരു രാജ്യസഭാ എംപി കൂടി ഉടന്‍ രാജിവെച്ചേക്കുമെന്നാണ് സൂചനകള്‍. മമത ബാനര്‍ജിയും അനന്തരവനും ലോക്സഭയിലെ തൃണമൂല്‍ നേതാവുമായ അഭിഷേക് ബാനര്‍ജിയും പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിയുടെ യോഗത്തില്‍ പങ്കെടുക്കുന്ന സമയത്താണ് ഡല്‍ഹിയില്‍ വിമതര്‍ യോഗം ചേര്‍ന്നത്.
തങ്ങള്‍ ലോക്സഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാന്‍ അനുവദിക്കണമെന്ന് കാണിച്ച് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് ബരാസത് എംപിയായ കാകോലി ഘോഷ് ദസ്തിദാര്‍ അവകാശപ്പെട്ടു. ഈ പ്രത്യേക വിഭാഗം എന്‍ഡിഎയെ ഔദ്യോഗികമായി പിന്തുണയ്ക്കുമെന്നും ബംഗാളിന്റെ വികസനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പ് എന്ന നിലയിലാണ് താന്‍ കത്തില്‍ ഒപ്പിട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം മമതയുടെ നിര്‍ദ്ദേശപ്രകാരം കല്യാണ്‍ ബാനര്‍ജിയെ ചീഫ് വിപ്പായി നിയമിച്ചിരുന്നെങ്കിലും പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ തനിക്ക് തന്നെയാണതിന്റെ ചുമതലയെന്നാണ് കാകോലി പറയുന്നത്. പശ്ചിമ ബംഗാളിന്റെ വികസനത്തിന് എന്‍ഡിഎയെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്ന് ബര്‍ധമാന്‍ പുര്‍ബ എംപി ഷര്‍മിള സര്‍ക്കാരും വ്യക്തമാക്കി. എന്നാല്‍ കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സ്പീക്കറുടെ ഓഫീസ് നല്‍കുന്ന വിവരം.
അതേസമയം, വിമതര്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലെന്നും അവരുടെ അവകാശവാദങ്ങള്‍ വ്യാജമാണെന്നുമാണ് മമത പക്ഷത്തിന്റെ വാദം. ഭൂപേന്ദര്‍ യാദവിന്റെ വസതിയില്‍ നടന്ന യോഗത്തില്‍ 12 ലോക്സഭാ എംപിമാരും ഒരു രാജ്യസഭാ എംപിയും ഉള്‍പ്പെടെ 13 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നും മറ്റാരും കത്തില്‍ ഒപ്പിട്ടിട്ടില്ലെന്നും ബര്‍ധമാന്‍-ദുര്‍ഗാപൂര്‍ എംപി കീര്‍ത്തി ആസാദ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. കല്യാണ്‍ ബാനര്‍ജിയെ ചീഫ് വിപ്പായി നിയമിച്ചുകൊണ്ട് മമത ബാനര്‍ജി മെയ് 20-ന് സ്പീക്കര്‍ക്ക് അയച്ച കത്തിന്റെ പകര്‍പ്പും അദ്ദേഹം പങ്കുവെച്ചു. തൃണമൂല്‍ ടിക്കറ്റില്‍ ജയിച്ചവര്‍ എന്‍ഡിഎയെ പിന്തുണയ്ക്കുന്നത് വഞ്ചനയാണെന്നും ധൈര്യമുണ്ടെങ്കില്‍ എംപി സ്ഥാനം രാജിവെച്ച് ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ വിമതര്‍ തയ്യാറാകണമെന്നും പ്രമുഖ നേതാവ് മഹുവ മൊയ്ത്ര വെല്ലുവിളിച്ചു.
ലോക്സഭയിലെ മൂന്നാമത്തെ വലിയ പ്രതിപക്ഷ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിലെ ഈ ആഭ്യന്തര തകര്‍ച്ച പാര്‍ലമെന്റില്‍ ബിജെപിക്ക് വലിയ മുന്‍തൂക്കം നല്‍കും. കഴിഞ്ഞ ആഴ്ച പശ്ചിമ ബംഗാള്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവായി സോവന്‍ദേബ് ചട്ടോപാധ്യായയെ നിയമിക്കാനുള്ള മമതയുടെ തീരുമാനത്തെ 80 എംഎല്‍എമാരില്‍ 60 പേരും പരസ്യമായി തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ ലോക്സഭാ എംപിമാരും കൂട്ടത്തോടെ പാര്‍ട്ടി വിടുന്നത്.
Content Summary; In a massive blow to Mamata Banerjee, the Trinamool Congress (TMC) faces a major split as 20 Lok Sabha MPs decide to form a separate bloc and support the NDA
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.