ഇറാനിലെ പവര്‍ പ്ലാന്റുകള്‍ക്ക് നേരെയുള്ള ബോംബാക്രമണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണിയില്‍ വന്‍ ചലനം. ട്രംപിന്റെ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നടന്ന കോടിക്കണക്കിന് രൂപയുടെ വിദേശ നിക്ഷേപങ്ങളും വ്യാപാരങ്ങളും ആഭ്യന്തര വിവരങ്ങള്‍ ചോര്‍ത്തി ലാഭമുണ്ടാക്കലാണെന്ന ആരോപണങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
ഇന്നലെ ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യല്‍’ പ്ലാറ്റ്ഫോമിലൂടെ ഇറാനുമായി ഉല്‍പ്പാദനക്ഷമമായ ചര്‍ച്ചകള്‍ നടന്നുവെന്നും ആക്രമണം അഞ്ച് ദിവസത്തേക്ക് വൈകിപ്പിക്കുകയാണെന്നും അറിയിച്ചു. ഈ സന്ദേശം വരുന്നതിന് വെറും 15 മിനിറ്റ് മുമ്പ്, ന്യൂയോര്‍ക്ക് സമയം രാവിലെ 6.49-നും 6.50-നും ഇടയില്‍ ക്രൂഡ് ഓയില്‍ ഫ്യൂച്ചറുകളില്‍ ഏകദേശം 5,441 കോടി രൂപയുടെ (580 മില്യണ്‍ ഡോളര്‍) വന്‍തോതിലുള്ള വ്യാപാരം നടന്നു.
പ്രഖ്യാപനം വന്നതോടെ എണ്ണവില കുത്തനെ ഇടിയുകയും ഓഹരി വിപണികള്‍ കുതിച്ചുയരുകയും ചെയ്തു. വെറും 20 മിനിറ്റിനുള്ളില്‍ വ്യാപാരികള്‍ ഏകദേശം 938 കോടി രൂപയുടെ ലാഭമുണ്ടാക്കിയതായാണ് വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കൃത്യമായ പ്ലാനിംഗോടെ എണ്ണവില കുറയുമെന്നും ഓഹരി വില കൂടുമെന്നും മുന്‍കൂട്ടി കണ്ടാണ് ഈ പന്തയങ്ങള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്.
ട്രംപിന്റെ പ്രഖ്യാപനം ആഗോള വിപണികളില്‍ വലിയ ആശ്വാസമാണ് നല്‍കിയത്. അമേരിക്കയുടെ ഡൗ ജോണ്‍സ് 1,100 പോയിന്റിലധികം (2.5%) ഉയര്‍ന്നു. എസ് ആന്റ് പി 500 സൂചിക 2.2 ശതമാനം നേട്ടമുണ്ടാക്കി. ജര്‍മ്മനിയുടെ ഡാക്‌സ് 1.2 ശതമാനവും ഫ്രാന്‍സിന്റെ സിഎസി 0.9 ശതമാനവും ഉയര്‍ന്നു. ഇന്ന് വ്യാപാരത്തില്‍ ജപ്പാനിലെ നിക്കി 1.43 ശതമാനം ഉയര്‍ന്ന് 52,252.28 ലും ദക്ഷിണ കൊറിയയുടെ കോസ്പി 2.7 ശതമാനം ഉയര്‍ന്ന് 5,553.92 ലും ക്ലോസ് ചെയ്തു.
അമേരിക്കയുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയവും പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാക്കര്‍ ഖാലിബാഫും വ്യക്തമാക്കി. വിപണികളെ കൃത്രിമമായി നിയന്ത്രിക്കാനും നിലവിലെ പ്രതിസന്ധികളില്‍ നിന്ന് രക്ഷപ്പെടാനുമുള്ള അമേരിക്കയുടെ വ്യാജ വാര്‍ത്താ തന്ത്രമാണിതെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.
അതേസമയം, ഇന്‍സൈഡര്‍ ട്രേഡിംഗ് ആരോപണങ്ങള്‍ വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി തള്ളി. അമേരിക്കന്‍ ജനതയുടെ നന്മയ്ക്ക് വേണ്ടിയാണ് ഭരണകൂടം പ്രവര്‍ത്തിക്കുന്നതെന്നും ഔദ്യോഗിക വിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെളിവില്ലാത്ത റിപ്പോര്‍ട്ടുകള്‍ നിരുത്തരവാദപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓണ്‍ലൈന്‍ പ്രവചന വിപണിയായ പോളിമാര്‍ക്കറ്റും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. യുഎസ്-ഇറാന്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് സംശയാസ്പദമായ രീതിയില്‍ വലിയ തുകകള്‍ വാതുവച്ച എട്ട് അക്കൗണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പലതും ക്രിപ്‌റ്റോ വാലറ്റുകള്‍ വഴി ഐഡന്റിറ്റി മറച്ചുവച്ചാണ് പ്രവര്‍ത്തിക്കുന്നത്.
മാര്‍ച്ച് 21 ന് സൃഷ്ടിക്കപ്പെട്ട എട്ട് അക്കൗണ്ടുകള്‍ യുഎസ്-ഇറാന്‍ വെടിനിര്‍ത്തലിനായി ഏകദേശം 65.7 ലക്ഷം രൂപ വാതുവെച്ചു. മാര്‍ച്ച് 31-ന് മുമ്പ് കരാറുണ്ടായാല്‍ ഇവര്‍ക്ക് 7.7 കോടി രൂപ ലാഭം ലഭിക്കും. ഇതിന് മുമ്പ്, ഫെബ്രുവരി 28-ന് ഇറാനെതിരായ യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പും സമാനമായ രീതിയില്‍ നിഗൂഢമായ വാതുവെപ്പുകള്‍ നടന്നിരുന്നു.
ജനുവരിയില്‍ വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഒരു വ്യാപാരി ഏകദേശം 3.85 കോടി രൂപ വാതുവെച്ച് വന്‍ ലാഭമുണ്ടാക്കിയിരുന്നു. ക്രിപ്റ്റോ വാലറ്റുകള്‍ ഉപയോഗിച്ച് വാലറ്റ് വിഭജിച്ചും ഐഡന്റിറ്റി മറച്ചുവെച്ചും നടത്തുന്ന ഇത്തരത്തിലുള്ള നീക്കങ്ങള്‍ ആഭ്യന്തര വിവരങ്ങള്‍ ചോര്‍ന്നതിന്റെ തെളിവാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
വിവാദങ്ങള്‍ ശക്തമായതോടെ, രഹസ്യ വിവരങ്ങള്‍ ഉപയോഗിച്ചുള്ള വ്യാപാരങ്ങള്‍ കര്‍ശനമായി നിരോധിച്ചുകൊണ്ട് പോളിമാര്‍ക്കറ്റ് തങ്ങളുടെ നിയമങ്ങള്‍ പരിഷ്‌കരിച്ചു. അധികാരസ്ഥാനത്തിരിക്കുന്നവര്‍ക്ക് ഇത്തരം വാതുവെപ്പുകളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും കമ്പനി അറിയിച്ചു.
Content Summary: Oil prices plunge as Trump postpones Iran strike: massive gains spark insider trading probe