June 26, 2026 |
Share on

ഇനി പത്ത് മിനിറ്റ് വാഗ്ദാനമില്ല; സമയപരിധിക്ക് പൂട്ടിട്ട് കേന്ദ്രം

വഴങ്ങി ബ്ലിങ്കിറ്റും സൊമാറ്റോയും

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ’10 മിനിറ്റ് ഡെലിവറി’ എന്ന പരസ്യവാചകം ബ്ലിങ്കിറ്റ് ഒഴിവാക്കുന്നു. വേഗത്തിലുള്ള ഡെലിവറി അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്ന സര്‍ക്കാര്‍ നിരീക്ഷണത്തെത്തുടര്‍ന്നാണ് നടപടി. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യാ ടുഡേയാണ് ഈ സുപ്രധാന മാറ്റം പുറത്തുവിട്ടിരിക്കുന്നത്.

ഡെലിവറി പ്ലാറ്റ്ഫോമുകളിലെ തൊഴിലാളികള്‍ നേരിടുന്ന തൊഴില്‍ സമ്മര്‍ദ്ദവും സുരക്ഷാ പ്രശ്‌നങ്ങളും മുന്‍നിര്‍ത്തി ഡിസംബറില്‍ നടത്തിയ സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് ഈ നടപടിയെ കാണുന്നത്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കമ്പനികള്‍ക്ക് മേല്‍ ഉണ്ടായ സമ്മര്‍ദ്ദമാണ് പുതിയ മാറ്റത്തിന് വഴിവച്ചത്.

ഡെലിവറി സമയം നിശ്ചയിക്കുന്നതില്‍ കമ്പനികള്‍ മാറ്റം വരുത്താന്‍ കാരണം കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ കര്‍ശന നിലപാടാണെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിവേഗ ഡെലിവറി തൊഴിലാളികളെ സമ്മര്‍ദ്ദത്തിലാക്കുന്നു എന്ന പരാതിയില്‍ അദ്ദേഹം ഇടപെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനികള്‍ തങ്ങളുടെ നയങ്ങള്‍ മാറ്റാന്‍ തയ്യാറായത്.

മാറുന്ന പരസ്യതന്ത്രം

സമയപരിധിക്കുള്ളില്‍ വിതരണം പൂര്‍ത്തിയാക്കാനുള്ള സമ്മര്‍ദ്ദം ഡെലിവറി തൊഴിലാളികളുടെ ജീവന് ഭീഷണിയാണെന്ന് യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന്, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ് തുടങ്ങിയ കമ്പനികളുമായി സര്‍ക്കാര്‍ അധികൃതര്‍ ആശയവിനിമയം നടത്തിവരികയാണ്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്ലിങ്കിറ്റ് ഇനി തങ്ങളുടെ പരസ്യങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയ കാമ്പെയ്നുകളില്‍ നിന്നും ’10 മിനിറ്റ് ഡെലിവറി’ എന്ന അവകാശവാദം നീക്കം ചെയ്യും. നിശ്ചിത സമയത്തിനുള്ളില്‍ വിതരണം പൂര്‍ത്തിയാക്കണമെന്ന വാഗ്ദാനം തൊഴിലാളികളെ അനാവശ്യ സമ്മര്‍ദ്ദത്തിലാക്കുന്നു എന്ന ആക്ഷേപം പരിഗണിച്ചാണ് മാറ്റം. ഇതേത്തുടര്‍ന്ന്, പരസ്യങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും നിശ്ചിത സമയപരിധി വ്യക്തമാക്കുന്ന വാഗ്ദാനങ്ങള്‍ നീക്കം ചെയ്യാമെന്ന് എല്ലാ പ്രമുഖ കമ്പനികളും സര്‍ക്കാരിന് ഉറപ്പ് നല്‍കി.

ലക്ഷ്യത്തിലേക്കെത്തിച്ച സമരം

ഡിസംബര്‍ 25 മുതല്‍ 31 വരെ ഗിഗ്-ഡെലിവറി തൊഴിലാളികള്‍ രാജ്യവ്യാപകമായി നടത്തിയ പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് പുതിയ സുരക്ഷാ നടപടികള്‍. സുരക്ഷിതമല്ലാത്ത ഡെലിവറി രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതായും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായും തൊഴിലാളി യൂണിയനുകള്‍ ആരോപിച്ചിരുന്നു.

10 മിനിറ്റ് ഡെലിവറി സുരക്ഷിതമാണെന്നും തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടെന്നുമാണ് സൊമാറ്റോ സിഇഒയും മറ്റും നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ കര്‍ശന നിലപാട് എടുത്തതോടെ കമ്പനികള്‍ക്ക് തങ്ങളുടെ നിലപാട് മാറ്റേണ്ടി വന്നു.

Content Summary: Gig worker safety: Centre directs delivery apps to change branding labels

Leave a Reply

Your email address will not be published. Required fields are marked *

×