കേരളത്തിലെ പ്രൊഫഷണല്‍ കോളേജുകളില്‍ ദളിത്-പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ജാതീയ അധിക്ഷേപങ്ങളും റാഗിംഗും വര്‍ദ്ധിച്ചുവരുന്നത് വിദ്യാഭ്യാസ വകുപ്പിന്റെയും സര്‍ക്കാരിന്റെയും ഗുരുതരമായ വീഴ്ചയെയാണ് സൂചിപ്പിക്കുന്നത്. അഞ്ചരക്കണ്ടി ദന്തല്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം വെറുമൊരു ആത്മഹത്യയല്ല, മറിച്ച് വ്യവസ്ഥാപിതമായ കൊലപാതകമാണ്. ഇതിന് മുമ്പും പല സ്വാശ്രയ കോളേജുകളിലും സമാനമായ രീതിയില്‍ ആത്മഹത്യകള്‍ നടന്നിട്ടുണ്ട്. ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍ എന്ന് പറയാവുന്ന തരത്തിലുള്ള കൊലപാതകങ്ങള്‍ തന്നെയാണ് നടന്നിട്ടുള്ളത്.
2004 ല്‍ ആയിരുന്നു അടൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ രജനി എസ് ആനന്ദ് ജാതിവിവേചനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. കോളേജ് മാറുന്നതിനായി പ്രവേശന കമ്മീഷണറെ സമീപിച്ചിട്ടും അധികൃതര്‍ ടി.സി നല്‍കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് ആ കുട്ടിക്ക് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കേണ്ടി വന്നത്. അക്കാലത്ത് വലിയ രീതിയിലുള്ള സാമൂഹിക-രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഈ സംഭവം വഴിതുറന്നു. എസ്.എഫ്.ഐ, കെ.എസ്.യു തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ വലിയ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. രജനി എസ്. ആനന്ദിന്റെ മരണത്തെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ ചൂഷണത്തിന്റെ ഇര എന്ന നിലയിലായിരുന്നു എസ്.എഫ്.ഐ അന്ന് ഉയര്‍ത്തിക്കാട്ടിയത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിപുലമായ അന്വേഷണത്തിനായി ഒരു കമ്മീഷനെയും നിയോഗിച്ചിരുന്നു.
2006 ല്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ വിഷയത്തെക്കുറിച്ച് പഠിക്കാന്‍ ഖാലിദ് കമ്മീഷനെ നിയോഗിച്ചു. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും, അത് ഗൗരവമായി ചര്‍ച്ച ചെയ്യാനോ അതിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനോ സര്‍ക്കാര്‍ തയ്യാറായില്ല. ക്യാമ്പസുകളിലെ ഇത്തരം വിവേചനങ്ങള്‍ തടയുന്നതിനായി കമ്മീഷന്‍ മുന്നോട്ടുവെച്ച കാര്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ നയപരമായ തീരുമാനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു.
കേരളത്തില്‍ 2000-ത്തിന് ശേഷമാണ് സ്വാശ്രയ കോളേജുകള്‍ വ്യാപകമാകുന്നത്. ഈ മാറ്റത്തിന്റെ തുടക്കകാലത്താണ് രജനി എസ്. ആനന്ദിന്റെ ദാരുണമായ മരണം സംഭവിക്കുന്നതും അത് അന്വേഷിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കുന്നതും. എന്നാല്‍, കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങളെ ഗൗരവത്തോടെ സമീപിക്കാനോ ഫലപ്രദമായ ഇടപെടലുകള്‍ നടത്താനോ വിദ്യാഭ്യാസ വകുപ്പ് ഇപ്പോഴും തയ്യാറായിട്ടില്ല എന്നതിന്റെ തെളിവുകൂടിയാണിത്.
തുടര്‍ന്ന് 2016 ജനുവരി ആറിനാണ് പാമ്പാടി നെഹ്റു കോളേജിലെ ഒന്നാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയെ ക്യാമ്പസിലെ ഇടിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത്തരം ദാരുണമായ സംഭവങ്ങള്‍ കാലാകാലങ്ങളായി കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍, ഇതുപോലുള്ള അനിഷ്ട സംഭവങ്ങള്‍ ഇനിയുണ്ടാകരുത് എന്ന് ആഗ്രഹിക്കുന്ന ഒരു ഭരണകൂടം ഇവിടെ നിലവിലില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സര്‍ക്കാരിനില്ല എന്ന് വേണം ഇതില്‍ നിന്നും മനസ്സിലാക്കാന്‍.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനോ, പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ സമിതികള്‍ രൂപീകരിക്കാനോ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സജീവമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല. ക്യാമ്പസുകളിലെ ഇത്തരം സമിതികളില്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പ്രാതിനിധ്യം ഉറപ്പാക്കുന്നുണ്ടോ എന്നും, ലഭിക്കുന്ന പരാതികളില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ള അധികൃതര്‍ സ്വീകരിക്കുന്ന നടപടികള്‍ എന്താണെന്നും പരിശോധിക്കാനുള്ള ഫലപ്രദമായ സംവിധാനങ്ങള്‍ നിലവിലില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഈ നിരീക്ഷണ സംവിധാനങ്ങളുടെ അഭാവമാണ് ക്യാമ്പസുകളില്‍ മരണങ്ങള്‍ ആവര്‍ത്തിക്കാന്‍ പ്രധാന കാരണം.
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജെ.എസ്. സിദ്ധാര്‍ത്ഥ് ഏകദേശം ഒരു വര്‍ഷത്തോളം ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ക്യാമ്പസില്‍ അതിഭീകരമായ റാഗിംഗ് നടക്കുകയും ഒടുവില്‍ സിദ്ധാര്‍ത്ഥിന്റെ മരണം സംഭവിക്കുകയും ചെയ്തത്. സിദ്ധാര്‍ത്ഥിന്റേത് കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്ന കാര്യത്തില്‍ ഇന്നും ദുരൂഹതകളും അവ്യക്തതകളും നിലനില്‍ക്കുന്നുണ്ട്.
ക്യാമ്പസുകളില്‍ അതിക്രമങ്ങള്‍ നേരിടുന്നവരില്‍ ഭൂരിഭാഗവും ദളിത്-പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. ഇത്തരം വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ നിരന്തരം ഇരയാക്കപ്പെട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര ഗൗരവമായ ഇടപെടലുകളോ നടപടികളോ ഉണ്ടാകാത്തത് ശ്രദ്ധേയമാണ്. ഇരയാക്കപ്പെടുന്നത് ഒരു സവര്‍ണ്ണ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നെങ്കില്‍ ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും സമീപനം മറ്റൊന്നാകുമായിരുന്നു. ദളിത്-പിന്നാക്ക വിഭാഗങ്ങളോടുള്ള സര്‍ക്കാരിന്റെ ഈ വിവേചനപരമായ നിലപാടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പ്രധാന കാരണം. ഇത് ആ സമുദായത്തോടുള്ള മൊത്തത്തിലുള്ള അവഗണനയാണ് വെളിപ്പെടുത്തുന്നത്. അല്ലാത്തപക്ഷം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് എന്നേ ശാശ്വതമായ പരിഹാരം കാണുമായിരുന്നു.
എസ്.സി/എസ്.ടി ആക്ട് പ്രകാരം (അതിക്രമങ്ങള്‍ തടയല്‍) ഇരയാക്കപ്പെടുന്നവര്‍ക്ക് ശക്തമായ നിയമപിന്തുണ ലഭിക്കേണ്ടതുണ്ട്. എന്നാല്‍, എഫ്.ഐ.ആറില്‍ ഈ വകുപ്പുകള്‍ ഉള്‍പ്പെടുത്തുമ്പോള്‍ തന്നെ പ്രതികള്‍ തങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതാണ് പതിവ് രീതി. നിതിന്‍ രാജിന്റെ മരണത്തിലും ഇത്തരം ഇടപെടലുകള്‍ ദൃശ്യമാണ്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പേ തന്നെ, മരണകാരണം ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ടതാണെന്ന പ്രചരണം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായി. കേസിന്റെ ഗതി മാറ്റി വിടാനും പ്രതികളെ സംരക്ഷിക്കാനുമുള്ള പോലീസിന്റെ ആദ്യഘട്ട നീക്കമായി വേണം ഇതിനെ കാണാന്‍.
ഈ കേസില്‍ പ്രതിഭാഗത്തുനിന്നും കോളേജ് മാനേജ്മെന്റില്‍നിന്നും വലിയ രീതിയിലുള്ള ഇടപെടലുകള്‍ നടക്കുന്നുണ്ടെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. നിതിന്‍ രാജിന്റെ മരണം നടന്ന ആദ്യ ദിനങ്ങളില്‍ നിശബ്ദരായിരുന്ന സഹപാഠികള്‍, പിന്നീട് പ്രതിയായ ഡോ. എം.കെ. റാമിനെതിരെയും കോളേജിലെ പീഡനമുറകളെക്കുറിച്ചും മാധ്യമങ്ങളോട് വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. ഈ മൊഴികളെല്ലാം പബ്ലിക് ഡോക്യുമെന്റുകളായി. എന്നാല്‍ ഇത്തരം വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നതിന് തൊട്ടുതലേന്നാണ്, കേസ് അട്ടിമറിക്കാനുള്ള ശ്രമമെന്നോണം ലോണ്‍ ആപ്പുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പോലീസ് ബോധപൂര്‍വ്വം വ്യാപകമാക്കിയത്.
എസ്.സി/എസ്.ടി അതിക്രമ നിരോധന നിയമം നിലവിലുണ്ടെങ്കിലും, അതില്‍ നിന്നും രക്ഷപ്പെടാനായി പ്രതികള്‍ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ഭരണസംവിധാനത്തെ വഴിവിട്ട് സഹായിക്കുന്നു. ഇതിന്റെ ഫലമായി ദളിത്-പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത് വളരെ കുറവാണ്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പോലും വെറും രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ മാത്രമാണ് ശിക്ഷാവിധി ഉണ്ടാകുന്നത്. ബാക്കി 98 ശതമാനത്തോളം കേസുകളും തെളിവുകളുടെ അഭാവത്താല്‍ തള്ളിപ്പോകുകയോ സ്വാധീനങ്ങള്‍ക്ക് വഴങ്ങി ഒത്തുതീര്‍പ്പിലാകുകയോ ആണ് പതിവ്.
നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട എഫ്.ഐ.ആറില്‍ ഇതുവരെയും എസ്.സി/എസ്.ടി ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ വകുപ്പുകള്‍ ചേര്‍ക്കുമെന്ന് മാധ്യമങ്ങളിലൂടെ പോലീസ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും, പ്രായോഗികമായി അതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അഞ്ചരക്കണ്ടി ദന്തല്‍ മെഡിക്കല്‍ കോളേജ് മാനേജ്മെന്റിനെയും അവിടുത്തെ അധ്യാപകരെയും നിയമനടപടികളില്‍ നിന്ന് സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ഈ നീക്കം വ്യക്തമാക്കുന്നു.
Content Summary: Nithin Raj murder: casteism and ragging in self-financing colleges: a failure of Kerala’s education department