June 04, 2026 |
Share on

ഈ ഫ്രണ്ട്ഷിപ്പ് തുടങ്ങിയിട്ട് പതിനയ്യായിറത്തിലേറേ വര്‍ഷങ്ങള്‍!

പുതിയ പഠനത്തിലാണ് ഗവേഷണത്തിലാണ് മനുഷ്യനും നായ്ക്കളും തമ്മിലുള്ള അഭേദ്യബന്ധത്തിന്റെ അത്ഭുതകരമായ വിവരങ്ങളുള്ളത്‌

മനുഷ്യന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആരാണ് എന്നു ചോദിച്ചാല്‍; നായ്ക്കള്‍ എന്നായിരിക്കും ഏറ്റവും ഉചിതമായ ഉത്തരമല്ലേ! ഇപ്പോള്‍ പുറത്തു വന്നൊരു പഠനവും അത് ഉറപ്പിക്കുകയാണ്.

നേച്ചര്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണത്തിലാണ് മനുഷ്യനും നായ്ക്കളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ ചരിത്രം പറയുന്നത്. ഗവേഷണത്തില്‍ പറയുന്നത്, പുരാതന ഡിഎന്‍എ വിശകലനത്തിലൂടെ കണ്ടെത്തിയത് മനുഷ്യനും നായ്ക്കളും തമ്മിലുള്ള ബന്ധത്തിന് 15,000 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ്. പുതിയ പഠനം നായ്ക്കളെ മെരുക്കി വളര്‍ത്തിയതിന്റെ ഏറ്റവും പഴയ ജനിതക തെളിവുകളെ 5,000 വര്‍ഷം കൂടി പിന്നിലേക്ക് എത്തിച്ചിരിക്കുകയാണ് എന്നതാണ് ഇതിലെ ശ്രദ്ധേയമായ കാര്യം. കൃഷി വ്യാപിക്കുന്നതിനും വളരെ മുന്‍പ് തന്നെ വേട്ടയാടി ജീവിച്ചിരുന്ന മനുഷ്യര്‍ തങ്ങളുടെ സഹായികളായ മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുകയും അവ ചത്താല്‍ ആചാരപരമായി ശവസംസ്‌കാരം നടത്തുകയും ചെയ്തിരുന്നുവെന്ന് ഈ പഠനം വെളിപ്പെടുത്തുന്നത്.

തുര്‍ക്കിയിലെ അനറ്റോളിയയില്‍ മനുഷ്യ അവശിഷ്ടങ്ങള്‍ക്കൊപ്പം അടക്കം ചെയ്ത 15,800 വര്‍ഷം പഴക്കമുള്ള അവശിഷ്ടമാണ് ഇത്തരത്തില്‍ കണ്ടെത്തിയതില്‍ ഏറ്റവും പഴയത്. രണ്ടാമത്തെ പഴക്കമേറിയ അവശിഷ്ടം സോമര്‍സെറ്റിലെ ഗോഫ്‌സ് ഗുഹയില്‍ നിന്ന് കണ്ടെത്തിയ 14,300 വര്‍ഷം പഴക്കമുള്ള താടിയെല്ലാണ്. നരഭോജന ആചാരങ്ങള്‍ക്ക് പേരുകേട്ട ഒരു ഗോത്രവര്‍ഗ്ഗമായിരുന്നു അക്കാലത്ത് ഇവിടെ താമസിച്ചിരുന്നത്.

മ്യൂണിക്കിലെ ലുഡ്വിഗ് മാക്‌സിമിലിയന്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. ലാച്ചി സ്‌കാര്‍സ്ബ്രൂക്ക് പറയുന്നതനുസരിച്ച്, 15,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സോമര്‍സെറ്റ് മുതല്‍ സൈബീരിയ വരെയുള്ള യൂറേഷ്യന്‍ മേഖലകളില്‍ വ്യത്യസ്ത വംശാവലിയില്‍പ്പെട്ട നായ്ക്കള്‍ ഉണ്ടായിരുന്നു. മറ്റ് സസ്യങ്ങളോ മൃഗങ്ങളോ മെരുക്കപ്പെടുന്നതിനും 10,000 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതായത് അവസാന മഞ്ഞുയുഗത്തില്‍ തന്നെ നായ്ക്കളെ മെരുക്കി വളര്‍ത്തുന്ന പ്രക്രിയ ആരംഭിച്ചിരിക്കാം എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

മുന്‍പ് ലഭ്യമായ പുരാവസ്തു തെളിവുകള്‍ പ്രകാരം 12,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാരനിറത്തിലുള്ള ചെന്നായ്ക്കളില്‍ നിന്നാണ് നായ്ക്കള്‍ ഉണ്ടായതെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പഴയ അസ്ഥികളിലെ ഡിഎന്‍എ കഷണങ്ങള്‍ വളരെ ചെറുതായതിനാല്‍ അവ നായയുടേതാണോ ചെന്നായയുടേതാണോ എന്ന് തിരിച്ചറിയാന്‍ പ്രയാസമായിരുന്നു. അതിനാല്‍ തന്നെ ഇവയെ മെരുക്കിയ കാലഘട്ടത്തെക്കുറിച്ചും സ്ഥലത്തെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലായിരുന്നു. അസ്ഥികളെ മാത്രം നോക്കി വര്‍ഗ്ഗീകരിക്കുന്നത് അത്ര വിശ്വസനീയമല്ലെന്ന് ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയിലെ ഡോ. ആന്‍ഡേഴ്‌സ് ബെര്‍ഗ്സ്‌ട്രോം ചൂണ്ടിക്കാട്ടുന്നു.

രണ്ട് അന്താരാഷ്ട്ര ടീമുകള്‍ നടത്തിയ ഈ പുതിയ കണ്ടെത്തലുകള്‍, മനുഷ്യരും നായ്ക്കളും തമ്മിലുള്ള കൂട്ടുകെട്ടിന്റെ വേരുകളെക്കുറിച്ച് സമാനതകളില്ലാത്ത വിവരങ്ങളാണ് നല്‍കുന്നത്. ബുള്‍ഡോഗ് മുതല്‍ ലാബ്രഡോര്‍ വരെയുള്ള ആധുനിക യൂറോപ്യന്‍ ഇനങ്ങള്‍ക്ക് യൂറോപ്പിലെ പുരാതന വേട്ടയാടല്‍ സംഘങ്ങള്‍ക്കൊപ്പം ജീവിച്ചിരുന്ന നായ്ക്കളുമായി അടുത്ത വംശബന്ധമുണ്ടെന്ന് ഇത് കാണിക്കുന്നു. അന്നത്തെ നായ്ക്കള്‍ ചെറിയ ചെന്നായ്ക്കളെപ്പോലെ ഇരിക്കുന്നവയും, കുറച്ചുകൂടി ചെറിയ താടിയെല്ലുകളും മുഖവുമുള്ളവയുമായിരുന്നു.

ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെട്ട സംഘം ആധുനിക സീക്വന്‍സിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് പുരാതന ഡിഎന്‍എ കഷണങ്ങള്‍ കൂട്ടിയോജിപ്പിച്ച് പൂര്‍ണ്ണമായ ജനിതകഘടന പുനര്‍നിര്‍മ്മിച്ചു. ഇതാദ്യമായാണ് ഇത്രയും കൃത്യമായ വര്‍ഗീകരണം സാധ്യമാകുന്നത്. തുര്‍ക്കിയില്‍ നിന്ന് കണ്ടെത്തിയ അസ്ഥികളുടെ വിശകലനത്തില്‍, മനുഷ്യര്‍ കഴിച്ചിരുന്ന അതേ മത്സ്യാഹാരം തന്നെയാണ് നായ്ക്കളും കഴിച്ചിരുന്നതെന്ന് കണ്ടെത്തി. ഇത് മനുഷ്യര്‍ അവയ്ക്ക് ഭക്ഷണം നല്‍കിയിരുന്നു എന്നതിന്റെ തെളിവാണ്.

നായ്ക്കളോടുള്ള വൈകാരികമായ അടുപ്പത്തിന്റെ തെളിവുകളും ഗവേഷകര്‍ക്ക് ലഭിച്ചു. തുര്‍ക്കിയിലെ പിനാര്‍ബാസിയില്‍ ഒരു മനുഷ്യന്റെ കാലുകള്‍ക്ക് മുകളിലായി മൂന്ന് നായ്ക്കുട്ടികളെ അടക്കം ചെയ്ത നിലയില്‍ കണ്ടെത്തി. ഇത് മനുഷ്യര്‍ക്ക് നല്‍കുന്നതിന് സമാനമായ ആദരവോടെയുള്ള ശവസംസ്‌കാര ചടങ്ങായിരുന്നു. അതേസമയം, ഗോഫ്‌സ് ഗുഹയില്‍ കണ്ടെത്തിയ താടിയെല്ലില്‍ മനഃപൂര്‍വ്വം സുഷിരങ്ങള്‍ ഉണ്ടാക്കിയതായി കണ്ടു. ഒരുപക്ഷേ നായ്ക്കള്‍ ചത്തതിന് ശേഷം അവയുടെ ഇറച്ചി ഭക്ഷണമാക്കിയിരിക്കാം എന്നും ഗവേഷകര്‍ കരുതുന്നു.

വിവിധ സ്ഥലങ്ങളില്‍ നിന്ന് ലഭിച്ച നായ്ക്കളുടെ ജനിതക സാമ്യം സൂചിപ്പിക്കുന്നത്, മെരുക്കപ്പെട്ടതിന് ശേഷം ഇവ യൂറോപ്പിലുടനീളം അതിവേഗം വ്യാപിച്ചുവെന്നാണ്. മനുഷ്യര്‍ നായ്ക്കളെ കൈമാറ്റം ചെയ്തിരിക്കാനും സാധ്യതയുണ്ട്. വേട്ടയാടല്‍ എളുപ്പമാക്കുന്നതിനും മറ്റ് വന്യമൃഗങ്ങളുടെ ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുന്നതിനും ഈ നായ്ക്കള്‍ മനുഷ്യരെ സഹായിച്ചിട്ടുണ്ടാകാം എന്ന് പ്രൊഫസര്‍ ലോറന്റ് ഫ്രാന്റ്‌സ് അഭിപ്രായപ്പെട്ടു. വെറുമൊരു ഓമനമൃഗം എന്നതിലുപരിയായി മനുഷ്യജീവിതത്തില്‍ വലിയൊരു പങ്ക് നായ്ക്കള്‍ അക്കാലം മുതല്‍ക്കേ വഹിച്ചിരുന്നുവെന്ന് ഈ പഠനം ഉറപ്പിക്കുന്നു.

Content Summary: Bond between dogs and humans dates back more than 15,000 years, study report

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×