പഴയ ഒരു സിനിമയിലെ രംഗമാണ്. നമ്മളില്‍ പലരും കണ്ടിട്ടുണ്ടാകും. നടന്‍ ജയന്‍ നസീറിനെ ഇടിച്ചു വീഴ്ത്തുന്നു. വീണ് കിടക്കുന്ന നസീറിനോട് വീണ് കിടക്കുന്നയാളെ ഇടിക്കാന്‍ പാടില്ല എന്ന് തന്റെ അച്ഛന്‍ പറഞ്ഞിട്ടുണ്ടെന്ന് പറയുന്ന ജയന്‍, നസീറിനോട് ഗെറ്റ് അപ്പ് എന്ന് പറയുന്നു. എഴുന്നേറ്റ് വന്ന നസീര്‍ ആശ്ചര്യത്തോടെ എസ് ഐ കൃഷ്ണന്‍ നായര്‍ എന്ന് ചോദ്യരൂപത്തില്‍ പറയുന്നു. അച്ഛനാണ് എന്ന് ജയന്റെ മറുപടി. ശേഷം ചേട്ടാ, അനിയാ വിളി. ആശ്ലേഷം.
ഈ സിനിമാക്കഥ ഇവിടെ പറയുന്നതിന് കാരണമുണ്ട്. കഴിഞ്ഞദിവസം ഇതേപോലെ കേരളത്തിലെ രണ്ട് മതാതിഷ്ധിത സംഘടനകള്‍ തമ്മില്‍ ഇങ്ങനെ ആശ്ലേഷിക്കുകയുണ്ടായി. കേരളത്തിലെ സ്‌കൂളുകളില്‍ കുട്ടികളുടെ വ്യായാമത്തിനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി സൂംബാ ഡാന്‍സ് നടപ്പാക്കാന്‍ തീരുമാനിച്ചതിന് പിറകേ അത്യന്തം വിരുദ്ധ മത നിലപാടുകളില്‍ നില്‍ക്കുന്ന വിസ്ഡം എന്ന സംഘടനയും ഭാരതീയ വിചാര കേന്ദ്രവുമാണ് ഇതിനെ എതിര്‍ക്കാനായി ഐക്യപ്പെട്ടത്. പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യം വിലക്കുന്ന കാര്യത്തില്‍ ആറാം നൂറ്റാണ്ടില്‍ നിന്നു വണ്ടി കിട്ടാത്തവരും ”ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി” എന്ന് പറയുന്നവരും ഒന്നിക്കുന്നു.
ഏതാണീ സംഘടനകള്‍?
വിസ്ഡം എന്ന സംഘടനയുടെ മുഴുവന്‍ പേര് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ എന്നാണ്. 1950 കളില്‍ രൂപീകരിക്കപ്പെട്ട കേരള നദ്വത്തുല്‍ മുജാഹിദീന്‍ (കെഎന്‍എം) എന്ന സംഘടനയിലാണ് വിസ്ഡത്തിന്റെ വേരുകള്‍. 2015 ല്‍ ഒരു ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്ത വിസ്ഡത്തിന്റെ ലക്ഷ്യങ്ങളായി അവര്‍ പറയുന്നത് ഇവയൊക്കെയാണ്.
”ഇസ്ലാമിന്റെ സന്ദേശം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുക, ഇസ്ലാമിനെയും മുസ്ലീങ്ങളെയും കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ദുരീകരിക്കുക, ആത്മീയ ചൂഷണത്തിനും ഭീകരതയ്ക്കും എതിരെ അവബോധം വളര്‍ത്തുക, ഇന്ത്യയുടെ മതേതര നിലപാട് നിലനിര്‍ത്തുക, സാമുദായിക ഐക്യം നിലനിര്‍ത്തുന്നതിനുള്ള സന്ദേശം പ്രചരിപ്പിക്കുക എന്നിവയ്ക്കായി സമയബന്ധിതമായ പ്രസക്തമായ പ്രമേയങ്ങളിലൂടെ ബഹുജന പ്രചാരണ പരിപാടികള്‍ നടത്തുക എന്നതാണ് ഈ സംഘടനയുടെ പ്രധാന പ്രവര്‍ത്തനം.”
1982 ലാണ് ഭാരതീയ വിചാരകേന്ദ്രം സ്ഥാപിതമായത്. ഹിന്ദുത്വ നേതാവും, കേരളത്തിലെ ആര്‍ എസ് എസ് സൈദ്ധാന്തികനുമായിരുന്ന പി. പരമേശ്വരന്‍ ആണ് ഭാരതീയ വിചാര കേന്ദ്രത്തിന്റെ സ്ഥാപകന്‍. തിരുവനന്തപുരം ആസ്ഥാനമായി, ആര്‍ എസ് എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണിത്.
”1982-ല്‍ സ്ഥാപിതമായ ഭാരതീയ വിചാര കേന്ദ്രം ”ആഴത്തിലുള്ള പഠനങ്ങള്‍, ഗവേഷണം, വിദ്യാഭ്യാസം എന്നിവയിലൂടെ ഈ വെല്ലുവിളികളെ ഫലപ്രദമായി ഏറ്റെടുക്കുന്നതിനായി ഒരു ബൗദ്ധിക-വിദ്യാഭ്യാസ, സാംസ്‌കാരിക സ്ഥാപനമായാണ് സ്ഥാപിതമായത്. നിങ്ങളുടെ സഹായത്തോടെ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ ഒരു മാറ്റമുണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.” എന്ന് പറയുന്ന ഈ സ്ഥാപനം എന്നും പൂര്‍ണമായും ആര്‍ എസ് എസ് നിയന്ത്രണത്തിലായിരുന്നു. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ആര്‍ എസ് എസ് സൈദ്ധന്തികനായിരുന്ന ദത്തോപാന്ത് ഠേംഗ്ഡി സ്ഥാപക അംഗമായിരുന്നു.
ഒരു ജനത, അതായത് ഹിന്ദു; ഒരു സംസ്‌കാരം (സംസ്‌കൃതി), അതായത് ഹിന്ദു; ഒരു രാഷ്ട്രം (രാഷ്ട്രം), അതായത് ഹിന്ദു; ഒരു രാജ്യം (ദേശ), അതായത് അഖണ്ഡ ഭാരതം; ഒരു ക്രമം (വ്യവസ്ഥ), അതായത് ധര്‍മ്മരാജ്യം എന്നിങ്ങനെയുള്ള ആശയങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ച ആളായിരുന്നു ഭാരതീയ വിചാര കേന്ദ്രത്തിന്റെ സ്ഥാപക അംഗം.
ഇനി ഇപ്പോള്‍ എന്താണിവരുടെ പ്രശ്‌നം?
എല്‍ ഡി എഫ് സര്‍ക്കാര്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തില്‍ ആരോഗ്യവും ശാരീരിക വ്യായാമവും ഒരു പ്രധാന ഘടകമാണെന്ന് പറയുകയും, വിദ്യാര്‍ത്ഥികളിലെ സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളുകളില്‍ സൂംബ ആരംഭിക്കുകയും ചെയ്തു. തുടക്കത്തില്‍ വിസ്ഡവും പിന്നീട് ഭാരതീയ വിചാര കേന്ദ്രവും ഇതിനെതിരെ രംഗത്തെത്തി. പിന്നീട് ഓരോ വിഷപാമ്പുകള്‍ അവിടിവിടെയായി തലപൊക്കി.
എന്താണ് സൂംബ?
1990 ല്‍ കൊളമ്പിയയില്‍ ആല്‍ബട്രോ ബേട്രോ പേരെസ് എന്ന ഫിറ്റ്‌നസ് കോച്ച് എയ്‌റോബിക്ക് ക്ലാസ്സില്‍ ലാറ്റിന്‍ മ്യൂസിക് ഉപയോഗിക്കുകയുണ്ടായി. ഒരു ദിവസം, പെരസ് തന്റെ പതിവ് എയറോബിക്‌സ് മ്യൂസിക് ടേപ്പ് മറന്നുപോയി, തന്റെ കൈയ്യിലുണ്ടായിരുന്ന ലാറ്റിന്‍ മ്യൂസിക് ടേപ്പുകളുടെ ഉപയോഗിച്ച് ക്ലാസ് ചിട്ടപ്പെടുത്തി. ഇതില്‍ നിന്നായിരുന്നു സൂംബയുടെ തുടക്കം.
സൂംബയുടെ ഗുണങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ?
ഉണ്ട്. യു എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പ്രസിദ്ധീകരിച്ച പഠനം ഇങ്ങനെ പറയുന്നു
”എയറോബിക് ശേഷി മെച്ചപ്പെടുത്താന്‍ കഴിയുന്ന ഒരു ഫലപ്രദമായ ശാരീരിക പ്രവര്‍ത്തനമായി സൂംബ ഫിറ്റ്‌നസിനെ കണക്കാക്കാം. ശരീരഭാരം കുറയ്ക്കുന്നതിനും മറ്റ് ശരീര അളവുകള്‍ക്കും ചെറുതെങ്കിലും പോസിറ്റീവ് ഗുണങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ, സൂംബ ഫിറ്റ്‌നസ് ഇടപെടലുകള്‍ക്ക് ശേഷം ജീവിത നിലവാരത്തില്‍ മാനസികവും സാമൂഹികവുമായ നേട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് ഫലങ്ങള്‍ കണ്ടെത്തി.”
സൂംബ അംഗീകരിക്കപ്പെട്ടിട്ടുണ്ടോ?
ഉണ്ട്. 2017 ലെ ലോകാരോഗ്യ ദിനാഘോഷത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭയില്‍ സൂംബ ഫീച്ചര്‍ ചെയ്യപ്പെട്ടു. WHO യുടെ വിദഗ്ധര്‍ ഉള്‍പ്പെട്ട ഒരു പാനല്‍ ചര്‍ച്ചയും സൂംബ മാസ്റ്റര്‍ ക്ലാസും അടങ്ങുന്നതായിരുന്നു സെഷന്‍. സൂംബ പോലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ മാനസികാരോഗ്യത്തെ എങ്ങനെ പോസിറ്റീവായി സ്വാധീനിക്കുമെന്ന് തെളിയിക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം.
ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന് നിയന്ത്രണ, കുറ്റകൃത്യ പ്രതിരോധ ഓഫീസ് (UNODC) ന്റെ 2021 ലെ ദോഹ ഡിക്ലറേഷന്റെ ഭാഗമായി സമാധാനത്തിനുള്ള ഒരു മാര്‍ഗ്ഗമായി സ്‌പോര്‍ട്‌സിനെ അടിസ്ഥാനമാക്കി ഒരു ആഗോള യുവജന കുറ്റകൃത്യ പ്രതിരോധ സംരംഭം ആരംഭിച്ചിരുന്നു. സ്‌പോര്‍ട്‌സിന് സാമൂഹ്യവിരുദ്ധ പെരുമാറ്റം, അക്രമം, കുറ്റകൃത്യം മയക്കുമരുന്ന് ഉപയോഗം എന്നിവയിലേക്ക് യുവാക്കള്‍ എത്തിച്ചേരുന്നത് തടയാനാവും എന്ന് UNODC പറയുന്നു. 5 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ ഒരു ദിവസം കുറഞ്ഞത് 60 മിനിറ്റ് ഫിസിക്കല്‍ ആക്റ്റിവിറ്റിയില്‍ ഏര്‍പ്പെടണം എന്ന് WHO യും പറയുന്നു. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ മുന്‍നിറുത്തി, കുട്ടികളുടെ ഭാവി ശോഭനമാക്കുന്ന വളരെ ശാസ്ത്രീയമായ, ഒരു സുപ്രധാന ചുവടുവയ്പ്പ് ഒരു സര്‍ക്കാര്‍ എടുക്കുമ്പോള്‍ അതിനെയെങ്ങനെ മുളയിലേ നുള്ളാം എന്നാണ് ചില മതനിയന്ത്രിത സംഘടനകള്‍ ആലോചിക്കുന്നത്.
എന്തായാലും ഇങ്ങനെയുള്ള വിസ്ഡം ഒട്ടുമില്ലാത്ത ഫത്വകളിലും, ആര്‍ എസ് എസ് നിയന്ത്രിത സ്ഥാപനത്തിന്റെ എതിര്‍പ്പിലും മുട്ട് മടക്കാതെ സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞിരിക്കുന്നു. കുട്ടികളിലെ സമ്മര്‍ദം കുറയ്ക്കാന്‍ സ്‌കൂളിലെ അവസാന അര മണിക്കൂര്‍ സൂംബാ ഡാന്‍സ് അടക്കം കായിക വിനോദങ്ങള്‍ക്ക് മാറ്റിവയ്ക്കണമെന്നും മാറിയ കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്‌കരണത്തിന് ഒപ്പം ഇക്കാര്യം പരിശോധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. മനുഷ്യരൂപം മാത്രമുള്ള ജീവികളായി കുട്ടികള്‍ മാറുന്നത് ഒഴിവാക്കണമെന്നും പറയുന്ന മുഖ്യമന്ത്രി കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളില്‍ കുട്ടികളുടെ മാനസികസംഘര്‍ഷത്തെ അഡ്രസ്സ് ചെയ്യുകയും പരിഹാരമാര്‍ഗ്ഗം തേടുകയും ചെയ്യുന്ന ഭരണാധികാരികളുണ്ടെന്നു ഇതിനെ എതിര്‍ക്കുന്ന വി മുരളീധരന്‍ ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.
വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ ദുരന്തബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങായി കേരളം നടപ്പാക്കിയ പദ്ധതിയെ കഴിഞ്ഞദിവസം യൂണിസെഫ് അഭിനന്ദിച്ചിരുന്നു.
”’ഏതൊരു ദുരന്തത്തിലും ദുര്‍ബലരാകുന്നത് കുട്ടികളാണ്. വയനാടിലെ ദുരന്തബാധിതരായ കുട്ടികളോടുള്ള കേരളത്തിന്റെ സമീപനം പ്രശംസനീയമാണ്. ദുരന്തത്തെ അതിജീവിക്കുന്ന, ശിശുസൗഹൃദ കേരളം കെട്ടിപ്പടുക്കുന്നതില്‍ സംസ്ഥാനത്തെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത യൂണിസെഫ് ഉറപ്പിക്കുന്നു.” എന്നാണ് യൂണിസെഫ് അറിയിച്ചത്.
ഉരുള്‍പ്പൊട്ടലുണ്ടായപ്പോള്‍ യൂണിസെഫിന്റെ സാമ്പത്തിക സഹായത്തോടെ പ്രകൃതി ദുരന്തം നേരിട്ട് അനുഭവിച്ച 400 കുട്ടികളെ കണ്ടെത്തുകയും ഇവര്‍ക്കായി 14 പ്രത്യേക പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങള്‍ സജ്ജമാക്കിക്കൊണ്ട് കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി, പ്രത്യേക പരിശീലനം ലഭിച്ച കൗണ്‍സിലര്‍മാരെ ഉപയോഗിച്ച് കൗണ്‍സിലിംഗ് ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. അങ്ങനെ കുട്ടികളില്‍ ഉണ്ടായ മാനസിക സാമൂഹിക പ്രശ്നങ്ങളില്‍ നേരിട്ട് ഇടപെടുകയും പരിഹാര നിര്‍ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുകയും, ആവശ്യമുള്ള കുട്ടികള്‍ക്ക് അക്കാദമിക പിന്തുണയും ഉറപ്പാക്കിയെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. ഈ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചാണ് യൂണിസെഫ് രംഗത്തെത്തിയത്.
ഐക്യരാഷ്ട്ര സഭയുടെ മാര്‍ഗ നിര്‍ദേശങ്ങളില്‍ അധിഷ്ഠിതമായ ശാസ്ത്രീയമായ സമീപനമാണ് കായികപ്രവര്‍ത്തനങ്ങള്‍ കുട്ടികളിലെ ക്രിമിനല്‍ വാസനയെ കുറയ്ക്കും എന്നത്. രാജ്യത്ത് തന്നെ ആദ്യമായി ഒരു സംസ്ഥാനം അത്തരമൊരു ചുവടുവയ്ക്കുമ്പോള്‍ ഇതൊന്നും അടിച്ചേല്പിക്കരുത് എന്ന കേവല പ്രീണനത്തിനായുള്ള പ്രസ്താവനകളിറക്കുന്ന പ്രതിപക്ഷ നേതാവിനെ ഓര്‍ത്തുവയ്ക്കുക, ചിലര്‍ സ്വയം വെളിപ്പെടുകയാണ്. വിദ്യാഭ്യാസ രംഗത്തെ പുരോഗമന നിലപാടുകളെ ഇവിടെ എന്നും യാഥാസ്തിതികത്വം എതിര്‍ത്തിരുന്നു. മതപ്രമാണികളുടെ വിലക്ക് ലംഘിച്ച് പഞ്ചമിയെ പള്ളിക്കൂടത്തില്‍ എത്തിച്ച നാടാണ്. വിസ്ഡം ഇല്ലാത്ത വിസ്ഡത്തെയും വിചാരം ഇല്ലാത്ത ഭാരതീയ വിചാരകേന്ദ്രത്തെയും കേരളം അതിജീവിക്കുക തന്നെ ചെയ്യും. zumba dance; a government that redefines education
Reference
1.https://pubmed.ncbi.nlm.nih.gov/27317918/
2.https://www.movetoempower.org/world-health-day#:~:text=United%20Nations&text=Partnering%20with%20the%20UN’s%20Department,on%20how%20exercise%20combats%20depression.&text=Elevating%20the%20joyfulness%20of%20the,and%20Zumba%C2%AE%20Master%20Class.
3.https://news.un.org/en/audio/2017/04/626112#:~:text=It’s%20not%20every%20day%20the,there%20and%20has%20the%20details.
4.https://www.unodc.org/dohadeclaration/en/topics/crime-prevention-through-sports.html
5.https://www.who.int/news-room/fact-sheets/detail/physical-activity
Content Summary: zumba dance; a government that redefines education