June 26, 2026 |
Share on

ഗാസ പുനര്‍നിര്‍മ്മാണം; ഏഴംഗ സമാധാന സമിതി, ട്രംപ് ചെയര്‍മാന്‍, ടോണി ബ്ലെയറും മാര്‍ക്കോ റൂബിയോയും അംഗങ്ങള്‍

ഗാസ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടമെന്ന നിലയിലാണ് പുതിയ ഭരണ സമിതി രൂപീകരിച്ചിരിക്കുന്നത്

യുദ്ധം തകര്‍ത്ത ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനും ഭരണത്തിനും മേല്‍നോട്ടം വഹിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഒരു ‘സമാധാന സമിതി’ (ബോര്‍ഡ് ഓഫ് പീസ്) രൂപീകരിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ സമിതിയില്‍ അംഗങ്ങളാണ്.

ട്രംപ് ചെയര്‍മാനായ ഈ ഏഴംഗ ഭരണസമിതിയിലെ മറ്റ് അംഗങ്ങള്‍ ഇവരാണ്; മാര്‍ക്കോ റൂബിയോ(യുഎസ് സ്റ്റേറ്റ് സെക്രട്ടറി), ടോണി ബ്ലെയര്‍ (മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി), സ്റ്റീവ് വിറ്റ്കോഫ് (ട്രംപിന്റെ പ്രത്യേക പ്രതിനിധി), അജയ് ബംഗ(ലോക ബാങ്ക് പ്രസിഡന്റ്), ജാരെഡ് കുഷ്‌നര്‍(ട്രംപിന്റെ മരുമകനും മുന്‍ ഉപദേശകനും).

ഭരണപരമായ ശേഷി വര്‍ദ്ധിപ്പിക്കല്‍, പ്രാദേശിക ബന്ധങ്ങള്‍, പുനര്‍നിര്‍മ്മാണം, നിക്ഷേപം ആകര്‍ഷിക്കല്‍, വന്‍തോതിലുള്ള ഫണ്ട് സമാഹരണം തുടങ്ങിയ ഗാസയുടെ സ്ഥിരതയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ ഈ ബോര്‍ഡ് നിരീക്ഷിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു.

അതേ സമയം സമിതിയില്‍ ടോണി ബ്ലെയറെ ഉള്‍പ്പെടുത്തിയത് വിവാദമായിട്ടുണ്ട്. 2003-ലെ ഇറാഖ് അധിനിവേശത്തില്‍ പങ്കു വഹിച്ച ബ്ലെയര്‍ മിഡില്‍ ഈസ്റ്റില്‍ ഏറെ വിവാദനായകനാണ്. മുന്‍പ് ഇസ്രയേല്‍-പലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ക്കായി നിയോഗിക്കപ്പെട്ട ‘ക്വാര്‍ട്ടറ്റില്‍’ അംഗമായിരുന്നെങ്കിലും, ഇസ്രയേലിനോട് കൂടുതല്‍ അടുപ്പം കാണിക്കുന്നു എന്ന ആരോപണത്തെത്തുടര്‍ന്ന് 2015-ല്‍ അദ്ദേഹം സ്ഥാനം ഒഴിഞ്ഞിരുന്നു. എന്നിരുന്നാലും, ബ്ലെയറെ സമിതിയില്‍ ഉള്‍പ്പെടുത്തുന്നതിനെ ട്രംപ് പിന്തുണച്ചു.

ഗാസയുടെ ദൈനംദിന കാര്യങ്ങള്‍ നടത്തുന്നതിനായി അലി ഷാത്തിന്റെ നേതൃത്വത്തില്‍ 15 അംഗ പലസ്തീന്‍ സാങ്കേതിക സമിതിയെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ, ഗാസയിലെ സുരക്ഷാ മേല്‍നോട്ടത്തിനായി മുന്‍ യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സ് തലവന്‍ മേജര്‍ ജനറല്‍ ജാസ്പര്‍ ജെഫേഴ്‌സിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സുരക്ഷാ സേനയെയും ട്രംപ് ചുമതലപ്പെടുത്തി.

ഒക്ടോബര്‍ 10-ന് ആരംഭിച്ച യുഎസ് പിന്തുണയുള്ള സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ ബോര്‍ഡ് രൂപീകരിച്ചത്. ആദ്യ ഘട്ടത്തില്‍ ഹമാസ് ബന്ദികളെ മോചിപ്പിക്കുകയും വെടിനിര്‍ത്തല്‍ നടപ്പിലാക്കുകയും ചെയ്തിരുന്നു. എങ്കിലും, ഗാസയിലെ സഹായ ദൗര്‍ലഭ്യവും ഒറ്റപ്പെട്ട അക്രമസംഭവങ്ങളും ഇപ്പോഴും വെല്ലുവിളിയായി തുടരുന്നു.

അതേസമയം, ഹമാസ് ഇതുവരെ പൂര്‍ണ്ണമായും ആയുധം വയ്ക്കാന്‍ തയ്യാറായിട്ടില്ല. യുദ്ധം പൂര്‍ണ്ണമായും അവസാനിച്ചതിന് ശേഷം മാത്രമേ സമാധാനം കെട്ടിപ്പടുക്കാന്‍ സാധിക്കൂ എന്ന് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം റോസ ഡെലൗറോ പ്രതികരിച്ചു. ട്രംപിന്റെ വിദേശനയങ്ങളെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ സേത്ത് മസ്‌കെറ്റും രംഗത്തെത്തിയിട്ടുണ്ട്.

Content Summary; Gaza board of peace Donald Trump appointed Marco Rubio Tony Blair.for next phase of reconstruction and governance

Leave a Reply

Your email address will not be published. Required fields are marked *

×