July 23, 2026 |
Share on

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാര്‍

പരിക്ഷാ ക്രമക്കേടിലെ വീഴ്ച്ച സമ്മതിച്ചതാണെന്നും എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുവെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വാദം

ജന്തര്‍ മന്തറില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം രാജ്യം ഏറ്റെടുക്കുമ്പോഴും വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന നിലപാടില്‍ നില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെച്ചൊല്ലി വിദ്യാര്‍ത്ഥി സംഘടനകളും പ്രതിപക്ഷവും ആവശ്യപ്പെടുന്നത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണ്. എന്നാല്‍ മന്ത്രി രാജി വെക്കണമെന്ന ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്നും അതിന് വഴങ്ങേണ്ടതില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. പാര്‍ലമെന്റിലേക്ക നടന്ന മാര്‍ച്ച് പൊലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് വലിയ പ്രതിഷേധത്തിന് വഴിയൊരുക്കുകയും രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ സമര രംഗത്ത് ഇറങ്ങുകയും ചെയ്തത് സര്‍ക്കാരിന് തലവേദനയായെങ്കിലും മന്ത്രിയെ കൈവിടാന്‍ തയ്യാറാല്ലെന്നാണ് മുതിര്‍ന്ന സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നീറ്റ് പരീക്ഷയിലെ വീഴ്ചകള്‍ പരിഹരിച്ചിട്ടുണ്ടെന്നും, മന്ത്രിയുടെ രാജി എന്ന ആവശ്യത്തിന് മുന്നില്‍ വഴങ്ങില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

പരീക്ഷാ നടത്തിപ്പില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന കാര്യം സര്‍ക്കാര്‍ നിഷേധിക്കുകയോ ഉത്തരവാദിത്തത്തില്‍ നിന്ന് ഓടിയൊളിക്കുകയോ ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ‘ഒരു പ്രശ്‌നമുണ്ടായിരുന്നു എന്നത് ഞങ്ങള്‍ ഔദ്യോഗികമായി സമ്മതിക്കുകയും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിട്ടുള്ളതാണ്. സര്‍ക്കാര്‍ ഇതില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നില്ല,’ എന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു മുതിര്‍ന്ന സര്‍ക്കാര്‍ പ്രതിനിധി ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. നിലവില്‍ പ്രശ്‌നങ്ങള്‍ ഭരണപരമായി പരിഹരിച്ചതിനാല്‍ അക്കാദമിക് വര്‍ഷം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ പ്രധാന പ്രവേശന പരീക്ഷകളായ നീറ്റ് റീ-ടെസ്റ്റ്, സിയുഇടി, ജെ.ഇ.ഇ മെയിന്‍ എന്നിവ വഴിയുള്ള പ്രവേശന നടപടികള്‍ കൃത്യമായ പാതയിലാണെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍. ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ക്ലാസുകളിലേക്ക് മടങ്ങിയെത്തിക്കഴിഞ്ഞു. ഡല്‍ഹി സര്‍വ്വകലാശാലയില്‍ എഴുപത്തിരണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയത് അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായതിന്റെ തെളിവാണെന്ന് അധികൃതര്‍ വാദിക്കുന്നു. നിലവില്‍ പ്രതിഷേധവുമായി തെരുവിലുള്ളവര്‍ പരീക്ഷകള്‍ നേരിട്ട് ബാധിക്കുന്നവരല്ലെന്നാണ് സര്‍ക്കാറിന്റെ അഭിപ്രായം.

ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ആരാണ് ഈ വിഷയം ഉന്നയിക്കുന്നത്, എങ്ങനെയാണ് ഉന്നയിക്കുന്നത്, ഇതിന് പിന്നില്‍ ആരാണ് പ്രവര്‍ത്തിക്കുന്നത് എന്നതെല്ലാം രാഷ്ട്രീയ ചോദ്യങ്ങളാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെയും ഇത്തരത്തിലാണ് സര്‍ക്കാര്‍ പ്രതിരോധിക്കുന്നത്.

‘ഞങ്ങള്‍ വിശ്വസിച്ച സിസ്റ്റത്തിനുള്ളിലെ ആളുകള്‍ തന്നെ സിസ്റ്റത്തെ തകര്‍ക്കുകയാണുണ്ടായത്. ഞങ്ങള്‍ പേപ്പര്‍ മാഫിയയല്ല. വിശ്വസിച്ച ആളുകളില്‍ നിന്ന് വീഴ്ച സംഭവിച്ചു. എന്നാല്‍ ഞങ്ങള്‍ ആ ചോര്‍ച്ച മറച്ചുവെക്കാന്‍ ശ്രമിച്ചില്ല, പകരം ഉത്തരവാദിത്തം ഏറ്റെടുക്കുകയും സിസ്റ്റത്തിലെ തകരാറുകള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്തത്,’ സര്‍ക്കാര്‍ പ്രതിനിധി പറയുന്നു. രാജി ആവശ്യത്തിന് വഴങ്ങില്ലെങ്കിലും വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതില്‍ സര്‍ക്കാറിന് എതിര്‍പ്പില്ലെന്നും ജനപ്രതിനിധികളുടെ ഏത് ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ ഭരണകൂടം പൂര്‍ണ്ണ സജ്ജമാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

Content Summary; The Center has rejected demands for Education Minister Dharmendra Pradhan’s resignation over the NEET leak controversy, calling it political, but remains open to a Parliament debate

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×