അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് തക്ക മറുപടിയുമായി കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ. വേണ്ടി വന്നാല്‍ അമേരിക്കയ്‌ക്കെതിരേ പൊരുതാന്‍ താനും ആയുധമെടുക്കാന്‍ തയ്യാറാണെന്നാണ് മുന്‍ ഗറില്ല നേതാവ് കൂടിയായ പെട്രോ വെല്ലുവിളിച്ചിരിക്കുന്നത്.
വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കാന്‍ യുഎസ് സൈന്യം വെനിസ്വേലയില്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് അമേരിക്കയും കൊളംബിയയും തമ്മിലുള്ള വാക്‌പോര് മുറുകിയത്. കൊളംബിയക്കെതിരെയും സമാനമായ സൈനിക നടപടി സ്വീകരിക്കുമെന്ന ട്രംപിന്റെ ഭീഷണിയോടെയാണ് കാര്യങ്ങള്‍ വഷളായത്.
ഞായറാഴ്ച എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് കൊളംബിയക്കെതിരെ ആഞ്ഞടിച്ചത്. കൊളംബിയ ഒരു ‘രോഗാതുരമായ’ രാജ്യമാണെന്നും, കൊക്കെയ്ന്‍ നിര്‍മ്മിച്ച് അമേരിക്കയിലേക്ക് വില്‍ക്കുന്ന ഒരു ‘രോഗിയായ’ മനുഷ്യനാണ് രാജ്യം ഭരിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. കൊളംബിയയില്‍ കൊക്കെയ്ന്‍ മില്ലുകളും ഫാക്ടറികളുമുണ്ടെന്നും ഇത് അധികകാലം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊളംബിയയില്‍ സൈനിക ഇടപെടലിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ‘അത് നല്ല കാര്യമായി എനിക്ക് തോന്നുന്നു’ എന്നാണ് ട്രംപ് പ്രതികരിച്ചത്.
ട്രംപിന്റെ ആരോപണങ്ങളെ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ശക്തമായി തള്ളിക്കളഞ്ഞു. താന്‍ അനധികൃതമായി അധികാരത്തില്‍ വന്നവനല്ലെന്നും ലഹരിക്കടത്തുകാരനല്ലെന്നുമാണ് എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെ ട്രംപിന് മറുപടി നല്‍കിയത്.
‘ട്രംപ് അറിവില്ലാതെയാണ് സംസാരിക്കുന്നത്. എന്നെ അപകീര്‍ത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കൂ. അമേരിക്ക ബോംബിട്ടാല്‍ രാജ്യത്തെ കര്‍ഷകര്‍ മലനിരകളില്‍ ആയിരക്കണക്കിന് ഗറില്ലകളായി മാറും. രാജ്യം സ്‌നേഹിക്കുന്ന പ്രസിഡന്റിനെ തടങ്കലിലാക്കിയാല്‍ ജനങ്ങളുടെ പ്രത്യാക്രമണമുണ്ടാകും.’ – ഗുസ്താവോ പെട്രോ പറഞ്ഞു.
ഒരു കാലത്ത് ഇടതുപക്ഷ ഗറില്ലാ ഗ്രൂപ്പായ എം-19ല്‍ അംഗമായിരുന്ന പെട്രോ, 1990-കളില്‍ ആയുധം ഉപേക്ഷിച്ചതാണ്. തുടര്‍ന്ന് രാജ്യത്തിന്റെ ഭരണഘടനാ നിര്‍മ്മാണത്തിലും നിയമനിര്‍മ്മാണത്തിലും പ്രധാന പങ്ക് വഹിച്ച അദ്ദേഹം ബൊഗോട്ട മേയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതൃരാജ്യത്തിനായി വീണ്ടും ആയുധമെടുക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപിന്റെ ഭീഷണിയുടെ സാഹചര്യത്തില്‍ പ്രസിഡന്റ് പെട്രോയുടെ സുരക്ഷാ വ്യൂഹം ശക്തമാക്കിയതായി കൊളംബിയന്‍ പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചിട്ടുണ്ട്.
നിയമവിരുദ്ധമായ ഉത്തരവുകള്‍ അനുസരിക്കരുതെന്ന് അമേരിക്കന്‍ സൈനികരോട് പെട്രോ ആഹ്വാനം ചെയ്തതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ വിസ അമേരിക്ക റദ്ദാക്കിയിരുന്നു. പെട്രോയ്ക്കും കുടുംബാംഗങ്ങള്‍ക്കും സാമ്പത്തിക ഉപരോധവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊളംബിയയിലെ പ്രതിപക്ഷത്തുള്ള വലതുപക്ഷ പാര്‍ട്ടികള്‍ ട്രംപിനെ അനുകൂലിക്കുന്നുണ്ടെങ്കിലും, രാജ്യത്തിന് നേരെയുള്ള അമേരിക്കയുടെ സൈനിക ഭീഷണിയെ രാഷ്ട്രീയ ഭേദമന്യേ ഭൂരിഭാഗം നേതാക്കളും അപലപിച്ചു.
ലോകത്തിലെ ഏറ്റവും വലിയ കൊക്കെയ്ന്‍ ഉത്പാദക രാജ്യമാണ് കൊളംബിയ എങ്കിലും, പ്രസിഡന്റ് പെട്രോയ്ക്ക് ലഹരിക്കടത്തില്‍ പങ്കുണ്ടെന്നതിന് തെളിവുകളൊന്നുമില്ല. ഗള്‍ഫ് ക്ലാന്‍, ഇഎല്‍എന്‍ തുടങ്ങിയ സായുധ സംഘങ്ങളാണ് കൊളംബിയയിലെ ലഹരിക്കടത്ത് നിയന്ത്രിക്കുന്നത്. മുന്‍പ് ലഹരിക്കടത്തിനെതിരായ പോരാട്ടത്തില്‍ അമേരിക്കയുടെ അടുത്ത പങ്കാളിയായിരുന്ന കൊളംബിയയുമായുള്ള ബന്ധം ട്രംപ് അധികാരമേറ്റതോടെയാണ് വഷളായത്.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.