June 15, 2026 |
Share on

‘ഇസ്രയേലിനെ രക്ഷിച്ചത് ഞാന്‍’ , റഷ്യയ്ക്കും ചൈനയ്ക്കും നന്ദി; സമാധാന കരാറും ട്രംപിന്റെ അവകാശവാദങ്ങളും

ഒത്തുതീര്‍പ്പില്‍ എത്തിയെന്ന് പറയുമ്പോഴും ഇറാന് മുന്നറിയിപ്പുകളും കൊടുക്കുന്നുണ്ട് യുഎസ് പ്രസിഡന്റ്

ഇറാനും അമേരിക്കയും തമ്മില്‍ സമാധാന കരാറില്‍ എത്തിയെന്ന വാര്‍ത്തകള്‍ക്കിടയില്‍ തന്നെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പല അവകാശവാദങ്ങളും ചില മുന്നറിയിപ്പുകളും ലോകത്തെ ആകാംക്ഷയിലും ആശങ്കയിലും ആഴ്ത്തുന്നുണ്ട്. പരസ്പര ധാരണകളിലെത്തിയെന്നു പറയുമ്പോഴും ജൂണ്‍ 19 ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ വച്ച് ഒപ്പിടുമെന്നു പറയുന്ന കരാറിന്റെ ഭാവിയെ സംശയത്തിലാക്കുന്ന പരാമാര്‍ശങ്ങളാണ് ട്രംപില്‍ നിന്നുണ്ടായിരിക്കുന്നത്. ഇറാന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പുകള്‍ മാത്രമല്ല, ഇസ്രയേലിനെതിരേ നടത്തിയിരിക്കുന്ന ആക്ഷേപങ്ങളും ഈ ഭയത്തിന് കാരണങ്ങളാണ്. ലെബനനില്‍ വെടിനിര്‍ത്തല്‍ കൂടി കരാറില്‍ ഉണ്ടാകണമെന്നത് ഇറാന്റെ നിര്‍ബന്ധമായിരുന്നു. ഇസ്രയേലാകട്ടെ ഇതിനെ ശക്തമായി എതിര്‍ത്തു. ആ എതിര്‍പ്പിനെ മറികടക്കുകയാണ് ട്രംപ് ചെയ്തത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വാക്കുകളില്‍ തന്നെ ഇസ്രയേലിനെ അമേരിക്കയുടെ സഹായം കൊണ്ട് മാത്രം ശത്രുക്കള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നവരാക്കി ചിത്രീകരിക്കുകയും ചെയ്തു. മറ്റൊരു കൗതുകകരമായ കാര്യം, ചൈനയെയും റഷ്യയെയും ഇറാന്‍ സമാധാന കരാറിന്റെ പേരില്‍ പ്രശംസിക്കുമ്പോള്‍ തന്നെയാണ് ഇസ്രയേലിനെ കുറ്റപ്പെടുത്തുകയും ചെയ്തിരിക്കുന്നതെന്നതാണ്.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കടുത്ത എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് താന്‍ നടത്തിയ നീക്കങ്ങള്‍ ഇസ്രായേലിനെ ആണവ വിനാശത്തില്‍ നിന്നാണ് രക്ഷിച്ചതെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് വൈറ്റ് ഹൗസില്‍ നിന്നും നടത്തിയ 28 മിനിറ്റ് നീണ്ട ഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സമധാന ചര്‍ച്ചകള്‍ വിജയകരമാക്കാന്‍ സഹായിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ എന്നിവരെ അദ്ദേഹം പ്രശംസിച്ചു. നാവിക ഉപരോധം ലംഘിക്കാന്‍ ചൈന തങ്ങളുടെ യുദ്ധക്കപ്പലുകള്‍ അയച്ചില്ലെന്നും, ഷി ജിന്‍പിംഗ് തികഞ്ഞ മാന്യത കാണിച്ചുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സമാധാന ചര്‍ച്ചകള്‍ തകര്‍ക്കാന്‍ ശ്രമിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. നെതന്യാഹു കഠിനനായ മനുഷ്യനാണെന്നും അമേരിക്കയോട് നന്ദിയുള്ളവനായിരിക്കണമെന്നും പറഞ്ഞ ട്രംപ്, അമേരിക്ക ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഇറാന്റെ ആണവായുധങ്ങള്‍ക്ക് മുന്നില്‍ ഇസ്രയേല്‍ രണ്ട് മണിക്കൂര്‍ പോലും തികച്ചു നില്‍ക്കില്ലായിരുന്നുവെന്നും ഓര്‍മ്മിപ്പിച്ചു.

വെള്ളിയാഴ്ച സ്വിറ്റ്സര്‍ലന്‍ഡില്‍ ആരംഭിക്കാനിരിക്കുന്ന അന്തിമ ആണവ ചര്‍ച്ചകളില്‍ ഇറാന്‍ പരാജയപ്പെടുകയാണെങ്കില്‍, ടെഹ്റാനില്‍ സൈനിക ആക്രമണങ്ങള്‍ പുനരാരംഭിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അല്ലാത്തപക്ഷം, മിഡില്‍ ഈസ്റ്റിന്റെ വരുമാനത്തിന്റെ 20 ശതമാനം വാങ്ങി അമേരിക്കയെ മേഖലയുടെ കാവല്‍ക്കാരാക്കി മാറ്റുമെന്ന ഒരു വാണിജ്യ നിര്‍ദ്ദേശവും ട്രംപ് മുന്നോട്ടുവെച്ചു. ഗള്‍ഫ് സഖ്യകക്ഷികളുമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടേയുള്ളൂ എന്നും, ഇറാന്‍ ഒരു ശത്രുവായി തുടര്‍ന്നാല്‍ മാത്രമേ ഈ സുരക്ഷാ കരാര്‍ നടപ്പാക്കൂ എന്നും അദ്ദേഹം സൂചന നല്‍കി.

ഇറാനുമായി താന്‍ ഉണ്ടാക്കിയ സമാധാന ധാരണയിലൂടെ ഹൊര്‍മുസ് കടലിടുക്ക് എന്നന്നേക്കുമായി ‘നികുതി രഹിതമാക്കാന്‍’ സാധിക്കുമെന്നതാണ് ട്രംപിന്റെ മറ്റൊരു അവകാശവാദം. കഴിഞ്ഞ ഫെബ്രുവരി അവസാന വാരം ഇറാനെതിരെ താന്‍ നടത്തിയ സൈനിക ആക്രമണങ്ങളും, തുടര്‍ന്ന് ഹൊര്‍മുസ് കടലിടുക്ക് അടച്ച ടെഹ്റാന്റെ നടപടിക്ക് മറുപടിയായി യുഎസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധവുമാണ് മിഡില്‍ ഈസ്റ്റിലെ സാഹചര്യം അമേരിക്കയ്ക്ക് അനുകൂലമാക്കി മാറ്റിയതെന്ന് തന്റെ എണ്‍പതാം ജന്മദിനത്തില്‍ സംസാരിക്കവെ ട്രംപ് അവകാശപ്പെട്ടു.

ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി ഉള്‍പ്പെടെയുള്ള നിലവിലെ ഭരണകൂടം കൂടുതല്‍ പ്രായോഗികമായി ചിന്തിക്കുന്നവരാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. യുദ്ധത്തിന്റെ ആദ്യ നാളുകളില്‍ ഇറാന്‍ ജനതയോട് ഭരണകൂടത്തെ അട്ടിമറിക്കാന്‍ ആഹ്വാനം ചെയ്തതില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ ട്രംപ് സ്വീകരിച്ചത്. ഇറാനിലെ പ്രതിഷേധക്കാരെ ഭരണകൂടം വധിക്കുകയാണെങ്കില്‍ അത് ഉപരോധങ്ങള്‍ നീക്കുന്നതിനും മരവിപ്പിച്ച 25 ബില്യണ്‍ ഡോളര്‍ ഫണ്ട് വിട്ടുകിട്ടുന്നതിനും തടസ്സമാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഈ വ്യവസ്ഥ നിലവിലെ പ്രാഥമിക ധാരണാപത്രത്തില്‍ എവിടെയും ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഹൊര്‍മുസ് കടലിടുക്കിലെ നികുതി ഒഴിവാക്കല്‍ വെറും 60 ദിവസത്തേക്ക് മാത്രമാണ് നിലവിലെ കരാര്‍ വ്യവസ്ഥ ചെയ്യുന്നത് എന്നതിനാലും, ഇറാന്‍ മുന്‍പും ഇവിടെ നികുതി ഈടാക്കിയിരുന്നില്ല എന്നതിനാലും ട്രംപ് വിവരിച്ച പല ഇറാന്‍ പരാജയങ്ങളും വരാനിരിക്കുന്ന ചര്‍ച്ചകളിലേക്ക് മാറ്റിവെച്ചവയാണ്.

ഈ പുതിയ ധാരണയെ 2015-ലെ ബരാക് ഒബാമയുടെ ആണവ കരാറുമായി ട്രംപ് ആവര്‍ത്തിച്ച് താരതമ്യം ചെയ്തു. തന്റെ കരാര്‍ ഇറാന്റെ ആണവായുധ നിര്‍മ്മാണത്തെ പൂര്‍ണ്ണമായി തടയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള തങ്ങളുടെ അവകാശം ഇറാന്‍ വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍, 15 മുതല്‍ 20 വര്‍ഷത്തേക്ക് സമ്പുഷ്ടീകരണം നിര്‍ത്തിവെക്കുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയാത്ത വിധം വളരെ കുറഞ്ഞ അളവില്‍ മാത്രമേ ഇറാന്‍ ഇനി യുറേനിയം സമ്പുഷ്ടീകരിക്കുകയുള്ളൂവെന്നും ട്രംപ് ഉറപ്പുനല്‍കി. ഒബാമയുടെ കാലത്തെ കരാറിനേക്കാള്‍ ശക്തമായ നിലപാടാണ് താന്‍ സ്വീകരിച്ചതെന്നും, ഒബാമ പണം നല്‍കി ഇറാനെ സ്വാധീനിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാന്‍ തങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിക്കുന്നത് വരെ ഉപരോധങ്ങളില്‍ ഇളവോ മരവിപ്പിച്ച ഫണ്ടുകളോ നല്‍കില്ലെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്ക മുന്‍പ് നടത്തിയ ബോംബാക്രമണങ്ങളില്‍ തകര്‍ന്ന ഇറാന്റെ ഭൂഗര്‍ഭ ആണവ നിലയങ്ങളില്‍ നിന്ന് ആയുധ നിലവാരത്തിലുള്ള ഇന്ധനം ഉടനടി മാറ്റാന്‍ താന്‍ തിടുക്കം കൂട്ടുന്നില്ലെന്നും, സമയമെടുത്ത് ഇറാനുമായി ചേര്‍ന്ന് ഇത് റിയാക്ടര്‍ നിലവാരത്തിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാമതൊരു ആക്രമണം ഭയന്നാണ് ഇറാന്‍ ഇപ്പോള്‍ ഈ കരാറിന് തയ്യാറായതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാന്റെ പക്കലുള്ള 12 ടണ്‍ സമ്പുഷ്ടീകരിച്ച ആണവ ഇന്ധനവും പൂര്‍ണ്ണമായി നീക്കം ചെയ്യാന്‍ അമേരിക്ക മുന്‍കൈ എടുക്കുമെന്നും, പരിശോധനകള്‍ക്കായി അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് ഉടനടി പ്രവേശനം നല്‍കുന്ന ശക്തമായ നിരീക്ഷണ സംവിധാനം ഈ കരാറിലൂടെ ഉറപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ഫ്രാന്‍സില്‍ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പാണ് ട്രംപിന്റെ ഈ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. അമേരിക്കയുടെ സൈനിക നടപടിയെ ആദ്യം എതിര്‍ത്തിരുന്ന ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ബ്രിട്ടന്‍ എന്നീ യൂറോപ്യന്‍ സഖ്യകക്ഷികള്‍ ഈ പുതിയ സമാധാന കരാറിനെ സ്വാഗതം ചെയ്യുകയും പൂര്‍ണ്ണ പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Content Summary; President Trump defends the US-Iran peace deal, blasting Israeli PM Benjamin Netanyahu while praising Russia and China for their cooperation.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×