മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട ആശങ്കള്‍ക്ക് പരിഹാരമെന്നോണം പാര്‍ലമെന്റില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ഔദ്യോഗിക വിശദീകരണം നിയമപരമായ വ്യക്തതയ്ക്കപ്പുറം, രാഷ്ട്രീയമായ ഒരു മയക്കുവിദ്യയായിരുന്നുവെന്നാണ് പരാതി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ അധികാരം നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. ഈ പ്രതിഷേധത്തെ തണുപ്പിക്കാന്‍ ആഭ്യന്തരമന്ത്രി നിരത്തിയത് കൃത്യമെന്ന് തോന്നിക്കുന്ന, എന്നാല്‍ കലര്‍പ്പ് കലര്‍ന്ന ചില കണക്കുകളാണ്. ആഭ്യന്തരമന്ത്രിയുടെ പ്രസംഗത്തിലെ അവകാശവാദങ്ങളെ ഓരോന്നായി പൊളിച്ചെഴുതുകയാണ് ദി വയര്‍ പ്രസിദ്ധികീരിച്ച ഈ റിപ്പോര്‍ട്ടില്‍.
അവകാശവാദം 1: ‘എല്ലാ സംസ്ഥാനങ്ങളിലും 50% സീറ്റ് വര്‍ദ്ധനവ് ഉണ്ടാകും… തമിഴ്നാടിന് ഒന്നും നഷ്ടപ്പെടില്ല… കേരളത്തിന് 30 എംപിമാരുണ്ടാകും.’
വസ്തുത: ഇത് നിയമപരമായ ഒരു മിഥ്യയും ഗണിതശാസ്ത്രപരമായി അസാധ്യവുമാണ്.
എല്ലാ സംസ്ഥാനങ്ങളിലും 50% സീറ്റ് വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, 2026-ലെ ഡീലിമിറ്റേഷന്‍ ബില്ലിലോ ഭരണഘടനാ ഭേദഗതി ബില്ലിലോ ഇത്തരമൊരു ഫോര്‍മുലയെക്കുറിച്ച് പരാമര്‍ശമില്ല. നിയമത്തില്‍ ഇങ്ങനെയൊന്ന് നിലവിലില്ല. പുതിയ ഡീലിമിറ്റേഷന്‍ ബില്ലിലെ സെക്ഷന്‍ 8 പ്രകാരം, സീറ്റുകള്‍ വിഭജിക്കേണ്ടത് ‘ഏറ്റവും പുതിയ സെന്‍സസ് കണക്കുകള്‍’ പ്രകാരമായിരിക്കണം. അതേസമയം, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 81(2)(എ) പ്രകാരം, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ജനസംഖ്യയും സീറ്റുകളും തമ്മിലുള്ള അനുപാതം തുല്യമായിരിക്കണം. 1971-ന് ശേഷം ഉത്തര്‍പ്രദേശിലെ ജനസംഖ്യ കുതിച്ചുയരുകയും കേരളത്തിന്റേത് സ്ഥിരത കൈവരിക്കുകയും ചെയ്തു. ഇരു സംസ്ഥാനങ്ങള്‍ക്കും ഒരേപോലെ 50% സീറ്റ് വര്‍ദ്ധിപ്പിച്ചാല്‍, കേരളത്തിലെ ഒരു എംപി പ്രതിനിധീകരിക്കുന്നതിനേക്കാള്‍ ലക്ഷക്കണക്കിന് ആളുകള്‍ യുപിയിലെ ഒരു എംപിക്ക് കീഴില്‍ വരും. ഇത് ആര്‍ട്ടിക്കിള്‍ 81-ന്റെ നഗ്‌നമായ ലംഘനമാണ്.
അവകാശവാദം 2: ‘നിലവില്‍ തമിഴ്നാടിന്റെ പ്രാതിനിധ്യം 7.18 ശതമാനമാണ്, അത് 7.23 ശതമാനമായി വര്‍ദ്ധിക്കും… ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആകെ പ്രാതിനിധ്യം 24 ശതമാനമായി തുടരും.’
വസ്തുത: സെന്‍സസുമായി ബന്ധമില്ലാത്ത ഒരു കൃത്രിമ ഫോര്‍മുലയാണിത്.
816 സീറ്റുകളുള്ള ഭാവി പാര്‍ലമെന്റില്‍ ദക്ഷിണേന്ത്യയുടെ അധികാരം കുറയില്ലെന്ന് സ്ഥാപിക്കാന്‍ മന്ത്രി ദശാംശ സംഖ്യകള്‍ നിരത്തുന്നു. എന്നാല്‍ ഈ കണക്ക് 2011-ലെ സെന്‍സസ് പ്രകാരമല്ല. 1971 മുതല്‍ 2011 വരെയുള്ള കാലയളവില്‍ ദേശീയ ജനസംഖ്യയിലെ തെക്കിന്റെ പങ്ക് കുറയുകയാണ് ചെയ്തത്. ആഭ്യന്തരമന്ത്രി 7.23% എന്ന സംഖ്യയിലെത്തിയത് നിലവിലെ 39 സീറ്റുകളെ 1.5 കൊണ്ട് ഗുണിച്ചാണ് (39 x 1.5 = 58.5, ഇത് റൗണ്ട് ചെയ്താല്‍ 59). എന്നിട്ട് 59-നെ 816 കൊണ്ട് ഹരിച്ചപ്പോള്‍ ലഭിച്ചതാണ് 7.23%. ഇത് വലിയൊരു ചതിയാണ്. അമിത് ഷാ സഭയില്‍ പറയുന്ന ഈ ‘1.5 ഗുണന രീതി’ അദ്ദേഹം തന്നെ അവതരിപ്പിച്ച നിയമത്തില്‍ എവിടെയുമില്ല. നിയമത്തില്‍ ‘പുതിയ സെന്‍സസ്’ മാത്രമാണ് മാനദണ്ഡം.
അവകാശവാദം 3: ‘ഈ ബില്ലിന്റെ ചുമതലയുള്ള മന്ത്രി എന്ന നിലയില്‍ ഞാന്‍ നല്‍കുന്ന ഔദ്യോഗിക വ്യാഖ്യാനങ്ങളാണിവ.’
വസ്തുത: മന്ത്രിമാരുടെ പ്രസംഗങ്ങള്‍ നിയമത്തെ മാറ്റിയെഴുതില്ല. ഭരണഘടനാപരമായ തര്‍ക്കങ്ങള്‍ വരുമ്പോള്‍ കോടതികളും ഡീലിമിറ്റേഷന്‍ കമ്മീഷനും പരിശോധിക്കുന്നത് ഔദ്യോഗിക ഗസറ്റിലെ വരികളാണ്, അല്ലാതെ മന്ത്രിയുടെ പ്രസംഗമല്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ 24% പ്രാതിനിധ്യം നിലനിര്‍ത്തണമെന്ന് സര്‍ക്കാരിന് ആത്മാര്‍ത്ഥമായ താല്പര്യമുണ്ടെങ്കില്‍, ‘സീറ്റുകളുടെ അനുപാതം 1971-ലെ രീതിയില്‍ തുടരും’ എന്ന ഒരു വരി ഭരണഘടനാ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയായിരുന്നു. സര്‍ക്കാര്‍ അത് ബോധപൂര്‍വ്വം ഒഴിവാക്കി.
അവകാശവാദം 4: ‘സീറ്റുകളുടെ എണ്ണം 850 ആക്കുന്നത് വനിതാ സംവരണം നടപ്പിലാക്കുമ്പോള്‍ ജനറല്‍ സീറ്റുകള്‍ കുറയാതിരിക്കാനാണ്.’
വസ്തുത: വനിതാ അവകാശങ്ങളെ അധികാരം പിടിച്ചെടുക്കാനുള്ള കവചമായി ഉപയോഗിക്കുന്നു.
വനിതാ സംവരണം എന്ന പുരോഗമനപരമായ ആവശ്യത്തെ ഒരു വൈകാരിക കവചമായി സര്‍ക്കാര്‍ ഉപയോഗിക്കുകയാണ്. സീറ്റുകള്‍ 850 ആയി വര്‍ദ്ധിപ്പിക്കുന്നത് വഴി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ സീറ്റുകളുടെ എണ്ണം കുറഞ്ഞില്ല എന്ന് സമാധാനിക്കാം. ഉദാഹരണത്തിന് കേരളത്തിന് 20-ല്‍ നിന്ന് 30 സീറ്റുകള്‍ കിട്ടിയേക്കാം. പക്ഷേ, പാര്‍ലമെന്റിലെ അധികാരം എന്നത് സീറ്റുകളുടെ എണ്ണമല്ല, മൊത്തം സീറ്റുകളിലെ ശതമാനമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന വന്‍ സീറ്റ് വര്‍ദ്ധനവില്‍ ദക്ഷിണേന്ത്യയുടെ മൊത്തത്തിലുള്ള രാഷ്ട്രീയ സ്വാധീനം അപ്രസക്തമാകും. ഇതിനെ ‘രാഷ്ട്രീയ വിച്ഛേദനം’ എന്ന് വിളിക്കാം.
അവകാശവാദം 5: ‘ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ആക്റ്റില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല, അതില്‍ കൃത്രിമം കാണിക്കില്ല.’
വസ്തുത: ഭരണഘടനയുടെ മാറ്റത്തിലൂടെ തന്നെ കൃത്രിമം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു.
ഡീലിമിറ്റേഷന്‍ കമ്മീഷന്റെ ഘടനയില്‍ മാറ്റമില്ല എന്നത് ഒരു കപടവാദമാണ്. കമ്മീഷന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശത്തിലാണ് അപകടം ഒളിഞ്ഞിരിക്കുന്നത്. 1971-ലെ ജനസംഖ്യാ നിയന്ത്രണം നീക്കം ചെയ്യുന്നതിലൂടെ ഉത്തരേന്ത്യയിലേക്ക് അധികാരം കൈമാറാനുള്ള വഴി ഭരണഘടനാ ഭേദഗതിയിലൂടെ തന്നെ സര്‍ക്കാര്‍ തുറന്നു കഴിഞ്ഞു. കമ്മീഷന്‍ അത് നടപ്പിലാക്കുന്ന ഒരു ഉപകരണം മാത്രമാണ്. കൂടാതെ, മുന്നൂറോളം പുതിയ മണ്ഡലങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ ഭരണകക്ഷിക്ക് അനുകൂലമായ രീതിയില്‍ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണ്ണയിക്കുക എന്നത് വളരെ എളുപ്പമാകും.
വോട്ടിന്റെ മൂല്യം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മാറ്റം വരുത്തുമ്പോള്‍ ദക്ഷിണേന്ത്യന്‍ വോട്ടുകളുടെ മൂല്യം കുറയുകയാണ് ചെയ്യുക. ചുരുക്കത്തില്‍, ആഭ്യന്തരമന്ത്രിയുടെ പ്രസംഗം ഒരു വിശദീകരണമായിരുന്നില്ല, മറിച്ച് കൃത്യമായി തയ്യാറാക്കപ്പെട്ട ഒരു രാഷ്ട്രീയ കപടതയായിരുന്നു.
Content Summary: Fact-check: Home Minister Amit Shah’s claims on delimitation. Amit Shah made numerous assurances in Parliament
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.