July 16, 2026 |
Share on

മാര്‍പാപ്പയെ വെല്ലുവിളിച്ച് മെത്രാന്മാരെ വാഴിക്കാന്‍ തീവ്രവലതുപക്ഷം; പിളരുമോ കത്തോലിക്കാ സഭ?

തീവ്ര വലതുപക്ഷ കത്തോലിക്കാ വിഭാഗമായ ‘സൊസൈറ്റി ഓഫ് സെന്റ് പയസ് ടെന്‍ത്’ (എസ്എസ്പിഎക്‌സ്) ആണ് വത്തിക്കാനെ വെല്ലുവിളിക്കുന്നത്

വത്തിക്കാന്റെ അനുമതിയില്ലാതെ സ്വന്തം നിലയ്ക്ക് മെത്രാന്മാരെ വാഴിക്കാന്‍ ഒരു വിഭാഗം ഒരുങ്ങുന്നത് ആഗോള കത്തോലിക്ക സഭയ്ക്കും ലിയോ പതിനാലാമന്‍ മാര്‍പാപ്പായ്ക്കും തലവേദനയാകുന്നു. തീവ്ര വലതുപക്ഷ കത്തോലിക്കാ വിഭാഗമായ ‘സൊസൈറ്റി ഓഫ് സെന്റ് പയസ് ടെന്‍ത്’ (എസ്എസ്പിഎക്‌സ്) ആണ് വത്തിക്കാനെ വെല്ലുവിളിക്കുന്നത്. ജൂലൈ ഒന്നിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഈ മെത്രാന്‍ അഭിഷേകം ആഗോള കത്തോലിക്കാ സഭയെ വലിയൊരു പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. സ്ഥാനമേറ്റ് ഒരു വര്‍ഷം പിന്നിടുന്ന ലിയോ മാര്‍പാപ്പയുടെ ഭരണത്തിന് കീഴില്‍ വത്തിക്കാനും പരമ്പരാഗത വാദികളായ വലതുപക്ഷ കത്തോലിക്കാ വിഭാഗങ്ങളും തമ്മിലുള്ള ബന്ധം ഇതോടെ കൂടുതല്‍ വഷളായിരിക്കുകയാണ്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ (1962-1965) ലിബറല്‍ പരിഷ്‌കാരങ്ങളെ എതിര്‍ത്തുകൊണ്ട് 1970-ല്‍ സ്വിറ്റ്സര്‍ലന്‍ഡിലാണ് എസ്.എസ്.പി.എക്‌സ് രൂപീകൃതമായത്. നിലവില്‍ അമേരിക്ക, ഫ്രാന്‍സ്, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളില്‍ ഈ വിഭാഗത്തിന് ശക്തമായ സ്വാധീനമുണ്ട്. അമേരിക്കയിലെ കന്‍സാസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ കീഴില്‍ ലോകമെമ്പാടുമായി അഞ്ചുലക്ഷത്തിലധികം അനുയായികളും ആയിരത്തഞ്ഞൂറോളം വൈദികരും വൈദിക വിദ്യാര്‍ത്ഥികളുമുണ്ട്. വത്തിക്കാന്റെ കാനന്‍ നിയമപ്രകാരം മാര്‍പാപ്പയുടെ അനുമതിയില്ലാതെ മെത്രാന്മാരെ വാഴിക്കുന്നത് സഭയില്‍ നിന്ന് ഉടനടി പുറത്താക്കപ്പെടാന്‍ (ഭ്രഷ്ട്) കാരണമാകുന്ന കുറ്റമാണ്. എന്നാല്‍, രണ്ട് ഫ്രഞ്ച് വംശജരെയും ഒരു സ്വിസ്, ഒരു അമേരിക്കന്‍ പൗരനെയും പുതിയ മെത്രാന്മാരായി വാഴിക്കുമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് എസ്.എസ്.പി.എക്‌സ്. സഭയ്ക്കുള്ളില്‍ സമാന്തര അധികാരം സ്ഥാപിക്കാനല്ല, മറിച്ച് പ്രായോഗിക ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നാണ് സംഘടനയുടെ അവകാശവാദം.

വിഷയത്തില്‍ അനുരഞ്ജന ശ്രമങ്ങളുമായി ലിയോ മാര്‍പാപ്പ രംഗത്തെത്തിയിരുന്നു. ‘സഭയുമായി ചേര്‍ന്നുപോകാന്‍ ഞാന്‍ അവരോട് വീണ്ടും അഭ്യര്‍ത്ഥിക്കുകയാണ്. എന്നാല്‍ സഭ വിട്ടുപോകണോ എന്നത് അവരുടെ തീരുമാനമാണ്. അവര്‍ ആ പാതയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ദുഃഖത്തോടെ സഭയ്ക്ക് മുന്നോട്ട് പോകേണ്ടിവരും,’ എന്ന് മാര്‍പാപ്പ മാധ്യമങ്ങളോട് വ്യക്തമാക്കി. വത്തിക്കാനും ഈ വിഭാഗവും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതിനുമുമ്പ് 1988-ല്‍ വത്തിക്കാന്റെ അനുമതിയില്ലാതെ എസ്.എസ്.പി.എക്‌സ് മെത്രാന്മാരെ വാഴിച്ചപ്പോള്‍, സ്ഥാപകനായ മാര്‍സെല്‍ ലെഫെബ്രെ ഉള്‍പ്പെടെയുള്ളവരെ വത്തിക്കാന്‍ സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് 2009-ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കത്തോലിക്കാ സഭയിലെ പരമ്പരാഗത ലാറ്റിന്‍ കുര്‍ബാനയ്ക്ക് കൂടുതല്‍ അനുമതി നല്‍കുകയും ഇവരുടെ പുറത്താക്കല്‍ നടപടി പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഇവരുമായുള്ള ചര്‍ച്ചകള്‍ക്കായി രൂപീകരിച്ച കമ്മീഷന്‍ നിര്‍ത്തലാക്കുകയാണുണ്ടായത്.

പഴയ ലാറ്റിന്‍ കുര്‍ബാന ശൈലി മാത്രം പിന്തുടരുന്ന എസ്.എസ്.പി.എക്‌സ് കടുത്ത സ്ത്രീവിരുദ്ധ നിലപാടുകളുടെയും തീവ്ര ആശയങ്ങളുടെയും പേരിലാണ് അറിയപ്പെടുന്നത്. സ്ത്രീകള്‍ പള്ളിയില്‍ വരുമ്പോള്‍ തല മറയ്ക്കണമെന്നും പാന്റ്‌സ് ധരിക്കരുതെന്നും ഇവര്‍ നിര്‍ബന്ധം പിടിക്കുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മുന്നോട്ടുവെച്ച ഇതര ക്രൈസ്തവ സഭകളുടെ ഐക്യം, മതസ്വാതന്ത്ര്യം, ജൂതവിരുദ്ധത അവസാനിപ്പിക്കല്‍ തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളെല്ലാം വലിയ തെറ്റാണെന്നാണ് ഈ വിഭാഗം വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ വെറുമൊരു ലാറ്റിന്‍ കുര്‍ബാനയുടെ അനുമതി കൊണ്ട് മാത്രം പരിഹരിക്കാന്‍ കഴിയുന്നതല്ല ഈ തര്‍ക്കമെന്ന് ദൈവശാസ്ത്രജ്ഞനായ പ്രൊഫസര്‍ മാസിമോ ഫാജിയോളി ദി ഗാര്‍ഡിയനോട് പറയുന്നത്.

നാസി കുറ്റവാളികളെ സംരക്ഷിച്ചതുള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളും എസ്.എസ്.പി.എക്‌സിനെതിരെ മുന്‍പുണ്ടായിട്ടുണ്ട്. 1989-ല്‍ ഫ്രാന്‍സിലെ ഇവരുടെ ഒരു ആശ്രമത്തില്‍ വെച്ചാണ് നാസി പടയാളി പോള്‍ തുവിയറെ അറസ്റ്റ് ചെയ്തത്. കൂടാതെ ജൂത കൂട്ടക്കൊലയെ തള്ളിപ്പറഞ്ഞും മറ്റൊരു നാസി കുറ്റവാളിയായ എറിക് പ്രീബ്‌കെയ്ക്ക് സംസ്‌കാര ചടങ്ങുകള്‍ നടത്തിയും ഈ സംഘടന മുന്‍പ് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ജൂതവിരോധമില്ലെന്നാണ് ഇവരുടെ ഔദ്യോഗിക വിശദീകരണം. അമേരിക്കയിലെ പ്രബലരും സമ്പന്നരുമായ വലതുപക്ഷ കത്തോലിക്കര്‍ വത്തിക്കാന്റെ കുടിയേറ്റ-വിദേശ നയങ്ങളെ എതിര്‍ത്ത് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് വത്തിക്കാനെ വെല്ലുവിളിച്ചുകൊണ്ട് ഈ മെത്രാന്‍ അഭിഷേകം നടക്കാന്‍ പോകുന്നത്. വത്തിക്കാന്‍ ഇവരെ പുറത്താക്കുകയാണെങ്കില്‍, കത്തോലിക്കാ സഭയിലെ മറ്റ് വലതുപക്ഷ യാഥാസ്ഥിതിക വിഭാഗങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലാണ് ആഗോള കത്തോലിക്കാ നേതൃത്വം.

Content Summary; Pope Leo faces a potential crisis as the far-right Catholic sect Society of St Pius X (SSPX) plans to ordain its own bishops, risking immediate excommunication and a church schism.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×