യുക്രെയ്‌ന്റെ കാര്യത്തില്‍ സമാധാനത്തില്‍ എത്താനുള്ള യുഎസ്- റഷ്യ ചര്‍ച്ച ലക്ഷ്യം കണ്ടില്ല. ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന സമാധാന കരാര്‍ ചര്‍ച്ചയില്‍ പുരോഗതിയ ഉണ്ടായിട്ടില്ലെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ അടുത്ത അനുയായി വ്യക്തമാക്കിയത്. യൂറോപ്പുമായി യുദ്ധത്തിന് റഷ്യ തയ്യാറാണെന്ന പുടിന്റെ ഭീഷണി വന്ന് മണിക്കൂറുകള്‍ക്കകം തന്നെയാണ്, അമേരിക്കയുമായുള്ള ചര്‍ച്ചയും പരാജയപ്പെട്ടെന്ന വിവരം പുറത്തു വന്നത്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും, ട്രംപിന്റെ മരുമകന്‍ ജറേഡ് കുഷ്‌നറുമാണ് അമേരിക്കന്‍ ഭാഗത്ത് നിന്നും ചര്‍ച്ചയില്‍ പങ്കെടുത്തത്. യുക്രെയ്ന്‍ പ്രതിസന്ധി പരിഹരിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയില്ലെന്നും, ചെയ്യാന്‍ ഇനിയും കാര്യങ്ങള്‍ ബാക്കിയുണ്ടെന്നുമാണ്, ക്രെംലിന്‍ പ്രതിനിധി യൂറി യുഷകോവ് റഷ്യന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ചര്‍ച്ച പൂര്‍ണമായി തള്ളിക്കളയാന്‍ റഷ്യ തയ്യാറായിട്ടില്ല. വളരെ ഉപകാരപ്രദവും ഗൗരവമുള്ളതുമായിരുന്നുവെന്നാണ് യുഷകോവ് പ്രതികരിച്ചത്. എന്നാല്‍ യുക്രെയ്‌നുമായുള്ള പ്രാദേശിക നിയന്ത്രണ രേഖകള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഒരു തീര്‍പ്പിലെത്താന്‍ ചര്‍ച്ചയില്‍ സാധിച്ചില്ലെന്നാണ് റഷ്യന്‍ പ്രതിനിധി പറയുന്നത്.
അമേരിക്കയുടെ പ്രത്യേക നിര്‍ദ്ദേശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തില്ല, എന്തൊക്കെയാണ് അവര്‍ തയ്യാറാക്കിയിരിക്കുന്ന കരാറുകളുടെ സാരാംശം എന്നതിനെ കുറിച്ച് സംസാരിച്ചു. ചില കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് യോജിക്കാന്‍ കഴിയും അതേസമയം അവരുടെ പല നിര്‍ദ്ദേശങ്ങളില്‍ ഞങ്ങള്‍ക്കുള്ള വിമര്‍ശനവും വിയോജിപ്പും പ്രസിഡന്റ് തുറന്നു പറയുകയു ചെയ്തു, യുഎസ് പക്ഷം അവതരിപ്പിച്ച സമാധാന പദ്ധതിയെക്കുറിച്ച് ഉഷാക്കോവ് പറഞ്ഞ കാര്യങ്ങളാണ്.
ചര്‍ച്ചയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ റഷ്യന്‍ പ്രതിനിധി തയ്യാറായില്ലെങ്കിലും, ഉടനൊന്നും പുടിന്‍-ട്രംപ് കൂടിക്കാച്ച നടക്കാന്‍ സാധ്യതയില്ലെന്ന് യുഷകോവ് വ്യക്തമാക്കിയിട്ടുണ്ട്.
യൂറോപ്യന്‍ ശക്തികള്‍ യുക്രെയ്നിലെ സമാധാനം തകര്‍ക്കുകയാണെന്നും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ‘യൂറോപ്യന്‍ ആവശ്യങ്ങള്‍’ ‘റഷ്യയ്ക്ക് സ്വീകാര്യമല്ല’ എന്നുമായിരുന്നു പുടിന്റെ വെല്ലുവിളി. റഷ്യന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ് വന്നതിനു പിന്നാലെയായിരുന്നു വിറ്റ്‌കോഫും കുഷ്നറും ക്രെംലിനില്‍ ചര്‍ച്ചകള്‍ക്കായി എത്തിയത്.
യുക്രെയ്‌നില്‍ സമാധാനം കൈവരിക്കുന്നതില്‍ നിന്ന് യുഎസ് ഭരണകൂടത്തെ യൂറോപ്പ് തടയുകയാണ് എന്നാണു പുടിന്‍ ആരോപിച്ചത്. റഷ്യ യൂറോപ്പിനെതിരെ പോരാടാന്‍ ഉദ്ദേശിക്കുന്നില്ല, പക്ഷേ യൂറോപ്പ് അതിനു ശ്രമിച്ചാല്‍ ഞങ്ങളതിന് മുമ്പേ തന്നെ തയ്യാറാണ് എന്ന് മനസിലാക്കണം എന്നായിരുന്നു പുടിന്റെ ഓര്‍മപ്പെടുത്തല്‍.
അവര്‍ യുദ്ധത്തിന്റെ പക്ഷത്താണ് എന്നായിരുന്നു യൂറോപ്യന്‍ ശക്തികളെ കുറ്റപ്പെടുത്തിക്കൊണ്ട് പുടിന്‍ പറഞ്ഞത്. എന്നാല്‍ യൂറോപ്പിന്റെ എന്തൊക്കെ നിലപാടുകളാണ് റഷ്യയെ ചൊടിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാന്‍ വ്‌ളാഡിമിര്‍ തയ്യാറായില്ല.
Content Summary; Vladimir Putin says Russia is ready for war with Europe, Russia-US peace talks on Ukraine issue fail