ഇന്ന് അയ്യങ്കാളി ജയന്തി. ‘ഞങ്ങളുടെ കുട്ടികളെ പഠിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പാടം കൊയ്യില്ല’ എന്ന് പ്രഖ്യാപിച്ച, കേരളത്തിലെ ജാതി വ്യവസ്ഥയ്ക്ക് എതിരെ നേര്‍ക്ക് നേര്‍ പോരാടിയ വ്യക്തിത്വം. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി, അധകൃതരെന്ന് ആരോപിച്ച് ജാതി വ്യവസ്ഥ അടിച്ചമര്‍ത്തിയ ജന വിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും വേണ്ടി അധികാരികളെ കായികമായിതന്നെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു കേരളത്തിന്റ നവോത്ഥാന നായകന്‍ എന്ന നിലയിലേക്ക് മഹാത്മാ അയ്യങ്കാളി ഉയര്‍ന്ന് വന്നത്.
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ പെരുങ്കാറ്റു വിളയിലെ പ്ലാവറ വീട്ടില്‍ 1863 ഓഗസ്റ്റ് 28ന് അയ്യന്‍-മാല ദമ്പതികളുടെ മകനായാണ് അയ്യങ്കാളിയുടെ ജനനം. അക്കാലത്ത് എല്ലാതരത്തിലും സമൂഹത്തില്‍ ബഹിഷ്‌കൃതരായിരുന്ന പുലയ സമുദായത്തിലായിരുന്നു അയ്യങ്കാളിയുടെ ജനനം. അയിത്താചാരം മൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിയ്ക്കാനും വിദ്യ നേടുന്നതിനും പുലയരുള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗക്കാര്‍ക്ക് അക്കാലത്ത് അവകാശമുണ്ടായിരുന്നില്ല. ഇതിനെതിരെ പ്രതികരിച്ചുകൊണ്ടായിരുന്നു അയ്യങ്കാളി പോരാട്ടത്തിനിറങ്ങിയത്.
മുപ്പതാം വയസിലാണ് അദ്ദേഹം ഇത്തരം വിവേചനങ്ങള്‍ക്കെതിരേ രംഗത്തെത്തുന്നത്. ജന്മികളെ കായികമായി നേരിടാന്‍ ഒരുകൂട്ടം ചെറുപ്പക്കാരെ പോലും അദ്ദേഹം പരിശീലിപ്പിച്ചു. വിലക്കുകള്‍ ലംഘിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണ രീതി. അയ്യങ്കാളിയുടെ നടപടികളെ ധിക്കാരമായിക്കണ്ടു ജന്മിമാര്‍ അദ്ദേഹത്തെയും കൂട്ടരെയും എങ്ങനെയും അടിച്ചൊതുക്കാനായിരുന്നു ശ്രമിച്ചത്. 1898-99 കാലഘട്ടങ്ങളില്‍ ബാലരാമപുരം, കഴക്കൂട്ടം, കണിയാപുരം തുടങ്ങി അദ്ദേഹത്തിന്റെ സ്വാധീനമേഖലകളിലെല്ലാം മാടമ്പികളുമായി ശക്തമായ ഏറ്റുമുട്ടലുകളുണ്ടായി. തെരുവുകളില്‍ ചോരയൊഴുകി, പക്ഷേ സ്വസമുദായത്തിലും ഇതര അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്കിടയിലും അയ്യങ്കാളി ആരാധ്യ പുരുഷനായി മാറുകയായിരുന്നു ഇക്കാലയളവില്‍.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യ കര്‍ഷക പണിമുടക്കിന് അഹ്വാനം ചെയ്തത് അയ്യങ്കാളിയായിരുന്നു. മെച്ചപ്പെട്ട വേതനത്തിനും കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനുമായി പണിക്കിറങ്ങാതിരുന്ന തൊഴിലാളികളെ കൃഷിഭൂമി തരിശിച്ച് ജന്മികള്‍ നേരിട്ടു. ദുരിതക്കയത്തിലായെങ്കിലും സമരത്തില്‍നിന്ന് പിന്മാറിയില്ല. ഒടുവില്‍ അടിയറവ് പറഞ്ഞ ജന്മികള്‍ കര്‍ഷകത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു. ഭൂമി തരിശിടല്‍ സമരത്തിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥയുടെ ഭാഗമായിരുന്നു 1907 -ല്‍ പുലയക്കുട്ടികള്‍ക്കു പള്ളിക്കൂടത്തില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് .
ഇരട്ടക്കാളകളെ പുട്ടിയ അലങ്കരിച്ച വില്ലുവണ്ടിയില്‍ തലപ്പാവണിഞ്ഞ് തിരുവനന്തപുരം വെങ്ങാനൂരില്‍ നിന്ന് ബാലരാമപുരം ആറാലുംമൂട് വഴി പുത്തന്‍കടവ് ചന്തയിലേക്കുള്ള അയ്യങ്കാളി യാത്ര ചരിത്രം പിന്നീട് വില്ലുവണ്ടി സമരം രേഖപ്പെടുത്തി. പൊതുവഴിയിലൂടെ ചക്രത്തില്‍ ഓടുന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് എല്ലാ വിഭാഗക്കാര്‍ക്കുമുള്ള അവകാശങ്ങള്‍ നിഷേധിച്ച പ്രമാണിമാരെ വെല്ലുവിളിച്ചായിരുന്നു 1870 ജൂലൈ 9ന് അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്ര.
മാറ് മറയ്ക്കുന്നതിന്‍ നിന്ന് പിന്നോക്ക വിഭാഗത്തിലെ സ്ത്രീകളെ തടയുന്നതിനെതിരെ മുലക്കച്ചയണിഞ്ഞു നടക്കാന്‍ അയ്യങ്കാളി ആഹ്വാനം ചെയ്തു. അടിമത്തത്തിന്റെ അടയാളമായി കഴുത്തില്‍ കല്ലയും മാലയും കാതില്‍ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുള്ള തിട്ടൂരങ്ങളെ തള്ളിക്കളയാനും അദ്ദേഹം പ്രേരിപ്പിച്ചു. ഇതിനെ തുടര്‍ന്ന് ഏറ്റുമുട്ടലുകളും ഉണ്ടായി. 1915-ല്‍ കൊല്ലം പീരങ്കി മൈതാനത്ത് നടന്ന ചരിത്രപ്രസിദ്ധമായ മഹാസഭയില്‍വച്ച് ജാതീയതയുടെ അടയാളമായ കഴുത്തിലെ കല്ലയും മാലയും ഉപേക്ഷിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. കല്ലുമാല സമരം എന്ന പേരിലാണ് ഈ സമരം അറിയപ്പെടുന്നത്.
1907 -ല്‍ പുലയക്കുട്ടികള്‍ക്കു പള്ളിക്കൂടത്തില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഉണ്ടായിട്ടും അയിത്തജാതിക്കുട്ടികള്‍ക്ക് സ്വാഭാവികമായി വിദ്യാലയങ്ങളില്‍ പ്രവേശനം ലഭിച്ചിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ അയിത്തജാതികളില്‍പ്പെട്ട കുട്ടികളുടെ പള്ളിക്കൂട പ്രവേശന നിയമം അധികൃതര്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചു 1914-ല്‍ വിദ്യഭ്യാസ ഡയറക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചു. ഈ ഉത്തരവിന്റെ പിന്‍ബലത്തില്‍ തെന്നൂര്‍കോണത്ത് പൂജാരി അയ്യന്‍ എന്നയാളുടെ എട്ടു വയസുള്ള മകള്‍ പഞ്ചമിയെയും കൂട്ടി അയ്യങ്കാളിയും സംഘവും നെയ്യാറ്റിന്‍കര താലൂക്കിലെ ഊരൂട്ടമ്പലം പെണ്‍പള്ളിക്കൂടത്തില്‍ എത്തുകയും അദ്ധ്യാപകന്റെ തടസ്സത്തെ വകവെക്കാതെ പഞ്ചമിയെ പള്ളിക്കൂടത്തിനുള്ളിലെ ബെഞ്ചില്‍ കൊണ്ടിരുത്തുകയും ചെയ്തു. പഞ്ചമിയെന്ന പുലയപ്പെണ്‍കുട്ടി തൊട്ട ഊരൂട്ടമ്പലം പള്ളിക്കൂടം അന്ന് രാത്രി തന്നെ തീ വെച്ച് നശിപ്പിച്ചായിപുന്നു സവര്‍ണര്‍ അതിനോട് പ്രതികരിച്ചത്.
ഇതിന് പിന്നാലെയാണ് മാറ്റിനിര്‍ത്തപ്പെടുന്നവര്‍ക്ക് പ്രത്യേക പള്ളിക്കൂടം എന്നൊരാശയം അയ്യങ്കാളി മുന്നോട്ട് വയ്ക്കുന്നതും ഇക്കാര്യത്തിന് പ്രാമുഖ്യം നല്‍കികൊണ്ട് നിവേദനം തയ്യാറാക്കുകയും മിച്ചല്‍ സായിപ്പിനോ ബോധിപ്പിക്കുകയും ചെയ്യുന്നത്. ഇതിന്റെ ഫലമായി 1914-ല്‍ വെങ്ങാനൂര്‍ പുതുവല്‍വിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 1905-ല്‍ അയ്യങ്കാളിയും കൂട്ടരും കെട്ടിയുയര്‍ത്തിയ കുടിപ്പള്ളിക്കൂടമാണ് ഇപ്രകാരം സര്‍ക്കാര്‍ പള്ളിക്കൂടമായി മാറിയത്.
1907-ല്‍ സാധുജന പരിപാലന യോഗം രൂപവത്കരിച്ച അദ്ദേഹം ഉപജാതികള്‍ക്കു അതീതമായി ചിന്തിക്കുകയും, സമൂഹത്തിലെ ക്രൂരമായ അനാചാരങ്ങളെ എതിര്‍ക്കുകയും ചെയ്യുക, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയിലുന്നിയായിരുന്നു പ്രവര്‍ത്തിച്ചത്. 1911 ഡിസംബര്‍ 5 ന് അയ്യങ്കാളിയെ തിരുവിതാംകോട്ട് ശ്രീമൂലം പ്രജാസഭ മെമ്പര്‍ ആയി നോമിനേറ്റ് ചെയ്തു. 1912 ഫെബ്രുവരി 27 ന് കൂടിയ ശ്രീമൂലം പ്രജാസഭയുടെ എട്ടാമത് യോഗത്തില്‍ അയ്യങ്കാളി പങ്കെടുത്തു സംസാരിച്ചു.
കാസരോഗബാധിതന്‍ ആയിരുന്നു നാല്‍പതു വയസു മുതല്‍ അയ്യങ്കാളിയെന്നാണ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. രോഗബാധയെ അവഗണിച്ചായിരുന്നു അദ്ദേഹം ഒരു ജന വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചത്. 1941 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും 1941 ജൂണ്‍ 18-ാം തിയതി മരണമടയുകയുമായിരുന്നു.
തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ വെങ്ങാനൂരില്‍ അയ്യങ്കാളുയുടെ പോരാട്ട വീര്യത്തിന്റെ സ്മാരകവും സ്‌കൂളും നിലവിലുണ്ട്.
1980 നവംബറില്‍ ഇന്ദിരാഗാന്ധി കവടിയാറില്‍ അയ്യങ്കാളിയുടെ പ്രതിമയും അനാച്ഛാദനം ചെയ്തു. 2002 ഏപ്രില്‍ 12ന് തപാല്‍ സ്റ്റാമ്പില്‍ അയ്യങ്കാളി സ്ഥാനം പിടിച്ചു. തിരുവനന്തപുരത്തെ വി ജെ ടി (വിക്ടോറിയ ജൂബിലീ ടൌണ്‍ ) ഹാള്‍ 2019 ആഗസ്റ്റ് 28 ന് അയ്യങ്കാളി ഹാള്‍ എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. kerala’s prominent social reformer mahatma ayyankali jayanthi
Content Summary; Kerala’s prominent social reformer mahatma ayyankali jayanthi