June 26, 2026 |
Share on

കേരളത്തെ വിറപ്പിച്ച് തെരുവ് ‘നായാട്ട്’

അഞ്ച് മാസത്തിനിടെ 16 മരണം

ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഭിരാമി… ”സന്ധ്യമയങ്ങിയാല്‍ മനുഷ്യന്മാരെ മാത്രമല്ല, തെരുവ് നായകളെയും സൂക്ഷിക്കണം. മഴ ഉള്ളത് കൊണ്ട് കയ്യില്‍ എപ്പോഴും ഒരു കുട കരുതാറുണ്ട്. കഴിഞ്ഞദിവസം തെരുവ് നായയുടെ കടി ഏല്‍ക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെടാന്‍ ആയുധമാക്കിയതും കുട തന്നെയാണ്, റോഡിലൂടെ നടക്കാന്‍ തന്നെ പേടിയാണ്” ഇടപ്പള്ളി പോണേക്കര സ്വദേശി അഭിരാമി തെരുവ് നായയുടെ ആക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട കാര്യമാണ് അഴിമുഖത്തോട് വിവരിച്ചത്.

അഭിരാമിയുടെ കൂടെ ഉണ്ടായിരുന്ന സിമിമോള്‍ക്കും പറയാനുണ്ടായിരുന്നു സമാന അനുഭവം.
”കലൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസ് കയറാനെത്തിയപ്പോഴാണ് തെരുവ് നായ എനിക്ക് നേരെ പാഞ്ഞു വന്നത്. ആകെ പേടിച്ചു പോയി, അവിടെ ബസ് കാത്തു നിന്ന ചേട്ടന്മാരാണ് പട്ടിയെ പേടിപ്പിച്ച് ഓടിച്ചത്. പണ്ടൊക്കെ പട്ടിയെ പേടിപ്പിച്ചാല്‍ അത് ഓടിപ്പോകുമായിരുന്നു, എന്നാല്‍ ഇപ്പോള്‍ അവയ്ക്കൊന്നും ഒരു പേടിയുമില്ല” സിമിമോള്‍ പറയുന്നു.

കേരളത്തിന്റെ തെരുവോരങ്ങളില്‍ നിന്ന് ഉയര്‍ന്ന് കേട്ടിരുന്ന നിലവിളികള്‍ ഇന്ന് നമ്മുടെ വീട്ടുപടിക്കലോളം എത്തിച്ചേര്‍ന്നിരിക്കുന്നു. ചോരയും കണ്ണീരും വീഴ്ത്തി തുടര്‍ക്കഥയാകുന്ന തെരുവ് നായ ആക്രമണങ്ങളോട് സമൂഹം ഏറെ പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. പത്രത്താളുകളില്‍ നിറയുന്ന മനുഷ്യന്റെ നിസ്സഹായതയുടെ തീരാക്കഥകള്‍ അതിന് തെളിവാണ്.

സിമിമോളെയും അഭിരാമിയെയും പോലുള്ളവര്‍ ഇന്ന് കേരളത്തിലെ തെരുവുനായയുടെ ആക്രമണത്തില്‍ പൊറുതിമുട്ടുന്ന ലക്ഷക്കണക്കിന് ആളുകളുടെ പ്രതിനിധികള്‍ മാത്രമാണ്.

”മക്കള്‍ സ്‌കൂളില്‍ നിന്ന് വരുന്നത് വരെ ആധിയാണ്, വെറുതെ നടന്നു പോയാലും പട്ടികള്‍ പുറകെ ഓടിവരും, പലപ്പോഴും കൂട്ടമായി ഇവ ഓടിവരുമ്പോള്‍ വലിയ ആളുകള്‍ക്ക് തന്നെ നേരിടാന്‍ പറ്റുന്നില്ല, അപ്പോ പിന്നെ പിള്ളേരുടെ കാര്യം പറയണോ” മക്കളെ ചേര്‍ത്ത് നിര്‍ത്തി ജോളി എന്ന വീട്ടമ്മയും അവരുടെ ആശങ്ക പങ്കുവെച്ചു.

street dogs

കുട്ടികളെയും, കാല്‍നടയാത്രക്കാരെയും, സൈക്കിള്‍, ഇരുചക്ര വാഹന യാത്രക്കാര്‍, എന്തിന് സ്വന്തം പറമ്പില്‍ ജോലി ചെയ്യുന്നവരെപ്പോലും തെരുവ് നായക്കൂട്ടങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നമ്മുടെ ഉറക്കം കെടുത്തുകയാണ്. നാട് വിറപ്പിക്കുന്ന ഗുണ്ടാസംഘങ്ങളെ പോലെ നായ്ക്കള്‍ കൂട്ടത്തോടെ സൈ്വരവിഹാരം നടത്തുന്നു.

പേവിഷബാധയെന്ന ഭീകരമായ രോഗത്തിന്റെ നിഴലില്‍ ജീവിക്കുന്ന ഒരു ജനതയും, സന്ധ്യമയങ്ങിയാല്‍ പുറത്തിറങ്ങാന്‍ ഭയക്കുന്ന കുട്ടികളും, വളര്‍ത്തുമൃഗങ്ങളെ പറമ്പിലിറക്കാന്‍ പേടിച്ച് കൂട്ടിലടയ്ക്കുന്ന ഉടമസ്ഥരും, ഇതെല്ലാം കേരളം ഇന്ന് നേരിടുന്ന കടുത്ത യാഥാര്‍ത്ഥ്യങ്ങളാണ്.

ഒരു സാമൂഹിക പ്രശ്‌നത്തിനപ്പുറം, മനുഷ്യജീവന് തന്നെ ഭീഷണിയായി മാറുന്ന ഈ തെരുവ്‌നായക്കൂട്ടങ്ങളെ അഭിമുഖീകരിച്ചു കൊണ്ടാണ് നാം ഇന്ന് മുന്നോട്ടുപോകുന്നത്.

കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും തെരുവില്‍ അലഞ്ഞു തിരിയുന്ന നായകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ നാല് മാസത്തിനിടെ 1,31,244 ആളുകള്‍ക്കാണ് നായയുടെ കടിയേറ്റതെന്ന് ആരോഗ്യ വകുപ്പിന്റെ രേഖകള്‍ കാണിക്കുന്നു.

2024-ല്‍ 316793 പേര്‍ക്കും, 2023-ല്‍ 306427 പേര്‍ക്കും, 2022-ല്‍ 294032 പേര്‍ക്കും, 2021-ല്‍ 221379 പേര്‍ക്കും, 2020-ല്‍ 160483 പേര്‍ക്കും, 2019-ല്‍ 161055 പേര്‍ക്കും, 2018-ല്‍ 148899 പേര്‍ക്കും, 2017-ല്‍ 135749 പേര്‍ക്കും, 2016-ല്‍ 135217 പേര്‍ക്കും, 2015-ല്‍ 121693 പേര്‍ക്കും, 2014-ല്‍ 119191 പേര്‍ക്കും നായ്ക്കളുടെ കടിയേറ്റതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അഞ്ച് മാസത്തിനിടെ  നഷ്ടമായത് 16 ജീവനുകള്‍

2025 ജനുവരി മുതല്‍ മെയ് വരെ മാത്രം 16 ജീവനുകളാണ് തെരുവുനായയുടെ ആക്രമണത്തില്‍ പൊലിഞ്ഞത്. 2024-ല്‍ 26, 2023-ല്‍ 25, 2022-ല്‍ 27, 2021-ല്‍ 11, 2020-ല്‍ 5, 2019-ല്‍ 8, 2018-ല്‍ 9, 2017-ല്‍ 8, 2016-ല്‍ 5, 2015-ല്‍ 10, 2014-ല്‍ 10, 2013-ല്‍ 11, 2012-ല്‍ 13 മരണങ്ങളും നായയുടെ കടിയേറ്റ് സംഭവിച്ചു. ഇതില്‍ 2025 ജനുവരി മുതല്‍ മെയ് വരെ നായ് കടിയേറ്റ് മരിച്ച 16 പേരില്‍ 5 പേര്‍ കുത്തിവയ്പ്പ് എടുത്തവരാണ് എന്നതും ഭീതിയുളവാക്കുന്നതാണ്. ഇന്നും പേ വിഷബാധ പിടിപെട്ടാല്‍ ചികിത്സിച്ചു മാറ്റാന്‍ മരുന്നില്ല. പത്തനംതിട്ടയിലെ കോഴഞ്ചേരി, മലപ്പുറത്തെ തേഞ്ഞിപ്പലം, കൊല്ലത്തെ പത്തനാപുരം എന്നിവിടങ്ങളില്‍ നായയുടെ കടിയേറ്റ് ഒരുമാസത്തിനിടെ മൂന്ന് കുട്ടികള്‍ മരണപ്പെട്ടിരുന്നു. പേവിഷ പ്രതിരോധ വാക്‌സിനുകള്‍ കൃത്യമായ ഡോസുകള്‍ എടുത്തിട്ടും മരണം സംഭവിച്ചു. സംഭവത്തില്‍ വൈറസ് വേഗം ശരീരത്തില്‍ പ്രവേശിച്ചതിനാല്‍ നല്‍കിയ മരുന്നുകള്‍ ഫലപ്രദമായില്ല എന്നതാണ് കാരണം.

നാഡികളിലൂടെ വൈറസ് വേഗം ശരീരത്തില്‍ കടന്നതിനാലാണ് മരണം സംഭവിച്ചതെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്. കുട്ടികളുടെ മരണ കാരണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് നല്‍കിയ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടിയിരുന്നു. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് വൈറസ് വേഗം ശരീരത്തില്‍ പ്രവേശിച്ചതിനാലാണ് മരണം സംഭവിച്ചതെന്ന വിവരമുള്ളത്. വൈറസിന് വേഗം നാഡിയിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്നതിന് സാധിക്കുന്ന ഭാഗങ്ങളായ കഴുത്ത്, തല, കൈ എന്നീ ഭാഗങ്ങളിലാണ് മൂന്ന് കുട്ടികള്‍ക്കും കടിയേറ്റത്.

റാബിസ് വൈറസ്

റാബിസ് വൈറസുകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് മുറിവുകളിലൂടെയോ കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിലെ ശ്ലേഷ്മ സ്തരങ്ങളിലൂടെയോ ആണ്. വേഗത്തില്‍ പടരുന്ന പാമ്പിന്‍ വിഷത്തെപ്പോലെയല്ല ഇവയുടെ പ്രവര്‍ത്തനം, മറിച്ച് അവ നാഡീ ഞരമ്പുകളുടെ ആവരണങ്ങളുമായി ചേര്‍ന്ന് വളരെ സാവധാനം തലച്ചോറിലേക്ക് സഞ്ചരിക്കുന്നു. ഈ സഞ്ചാരത്തിന് മണിക്കൂറുകളോ ദിവസങ്ങളോ ചിലപ്പോള്‍ മാസങ്ങളോ എടുക്കാം. തലച്ചോറിലേക്ക് എത്താനുള്ള സമയം മുറിവേറ്റ ഭാഗം, മുറിവിന്റെ ആഴം, വൈറസുകളുടെ എണ്ണം എന്നിവയെ ആശ്രയിച്ചിരിക്കും.

വൈറസ് വ്യാപനം

തലയോടും മുഖത്തോടും അടുത്ത് കടിയേല്‍ക്കുന്നത് കാലിലോ മറ്റ് ശരീരഭാഗങ്ങളിലോ കടിയേല്‍ക്കുന്നതിനേക്കാള്‍ വേഗത്തില്‍ വൈറസ് തലച്ചോറിലെത്താന്‍ ഇടയാക്കും. കാരണം, തലച്ചോറും മുറിവേറ്റ ഭാഗവും തമ്മിലുള്ള ദൂരം ഇവിടെ കുറവാണ്. ആഴത്തിലുള്ള മുറിവുകള്‍ വൈറസ് പ്രവേശിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും

വൈറസുകളുടെ എണ്ണം

ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസുകളുടെ എണ്ണം രോഗം വരാനുള്ള സാധ്യതയെയും ബാധിക്കും. അതുകൊണ്ട്, തന്നെ നായയുടെ കടിയേറ്റാല്‍ എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

street dogs

പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ പതിമൂന്ന് വയസ്സ് പ്രായമുണ്ടായിരുന്ന പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സ്‌കൂള്‍ ബസ് കത്ത് നില്‍ക്കവെയാണ് അയല്‍വാസിയുടെ വളര്‍ത്ത് നായയില്‍ നിന്നും കടിയേറ്റത്. ഈ പ്രദേശത്ത് കഴിഞ്ഞ ഡിസംബറില്‍ തന്നെ നായകള്‍ക്ക് കുത്തിവയ്പ്പ് നല്‍കിയെങ്കിലും വിദ്യാര്‍ത്ഥിനിയെ കടിച്ച വളര്‍ത്ത് നായയ്ക്ക് കുത്തിവയ്പ്പ് നല്കിയിരുന്നില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഡിസംബര്‍ 13-നാണ് കുട്ടിയെ നായ കടിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 9-ന് കുട്ടി മരണപ്പെട്ടു. മൂന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചു. മലപ്പുറം തേഞ്ഞിപ്പാലത്ത് 6 വയസ്സുള്ള പെണ്‍കുട്ടി വീടിന് അടുത്തുള്ള കടയില്‍ പോകവെയാണ് കഴിഞ്ഞ മാര്‍ച്ച് 29-ന് നായയുടെ കടിയേറ്റത്. ഏപ്രില്‍ 29-ന് മരണം സംഭവിച്ചു. രണ്ട് ആശുപത്രികളില്‍ ചികിത്സ തേടിയ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്.

കൊല്ലം പത്തനാപുരത്ത് എട്ട് വയസ്സുള്ള പെണ്‍കുട്ടി വീടിന് പുറത്ത് കളിച്ചുകൊണ്ട് നില്‍ക്കവെയാണ് കഴിഞ്ഞ ഏപ്രില്‍ 8-ന് നായയുടെ കടിയേല്‍ക്കുന്നത്. മെയ് 5-ന് ചികിത്സയിലിരിക്കെ മരിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നത് സംബന്ധിച്ച് വിവിധ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വകുപ്പ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവിധ വകുപ്പുകള്‍ സംയുക്തമായി നായ്ക്കളുടെ വന്ധ്യവല്‍ക്കരണം നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പേവിഷബാധ ഏല്‍ക്കുന്നവര്‍ക്ക് ആവശ്യമായ ചികിത്സ ഉടന്‍ ലഭ്യമാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിവരുന്നുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിന് അടിയന്തര നടപടികള്‍ നടത്തി വരുന്നതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. പേവിഷബാധ പ്രതിരോധ വാക്‌സിന്റെ ഗുണനിലവാരം അതാത് ഏജന്‍സികള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു.

നായ്ക്കളെ വന്ധ്യകരിക്കുന്നതിനുള്ള പദ്ധതികള്‍ കാര്യക്ഷമമല്ലാത്തതും കുറഞ്ഞ തോതില്‍ നടക്കുന്നതും തെരുവ് നായ ശല്യം രൂക്ഷമാക്കുന്നുണ്ട്. തെരുവുകളില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷണ അവശിഷ്ടങ്ങള്‍ തെരുവ് നായ്ക്കളുടെ എണ്ണം വാര്‍ധിക്കാനുള്ള കാരണമാണ്. പല തെരുവുകളും രാത്രികാലങ്ങളില്‍ പൂര്‍ണ്ണമായും നായ്ക്കളുടെ നിയന്ത്രണത്തില്‍ ആകുന്നു. കാല്‍നട യാത്രക്കാര്‍ക്ക് പുറമേ ഇരുചക്ര വാഹന യാത്രികര്‍ക്കും ഇത് വലിയ ഭീഷണിയാണ്. തെരുവ് നായയുടെ ആക്രമണത്തില്‍ വളര്‍ത്തു മൃഗങ്ങള്‍ അടക്കം ജീവനോപാധികള്‍ നഷ്ടമായവരും കേരളത്തില്‍ അനവധിയുണ്ട്. തെരുവ് നായയുടെ ആക്രമണത്തില്‍ അപകടം സംഭവിക്കുന്നവര്‍ക്കും ധനനഷ്ടം ഉണ്ടാകുന്നവര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് അര്‍ഹമായ നഷ്ടപരിഹാരം ഈടാക്കി നല്‍കാന്‍ ജസ്റ്റിസ് റിട്ടേര്‍ഡ് എസ് സിരിജഗനെ അധ്യക്ഷനാക്കി ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് നിയമ സെക്രട്ടറി എന്ന അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി സംസ്ഥാനത്ത് 2016 പ്രത്യേക കമ്മിറ്റിയെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. ഒരു മനുഷ്യന് തന്റെതല്ലാത്ത കാരണത്താല്‍ അപകടം സംഭവിച്ചാല്‍ സര്‍ക്കാരിന് നഷ്ടപരിഹാരം കൊടുക്കുന്നതില്‍ നിയമ തടസ്സമില്ല. തെരുവ് നായയുടെ ആക്രമണത്തില്‍ മരണപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല. ഓരോ മരണവും ക്യാബിനറ്റില്‍ ചര്‍ച്ച ചെയ്തു നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കാവുന്നതാണ് എന്നാല്‍ വലിയ സാമ്പത്തിക ബാധ്യത വരും എന്നതിനാലാണ് സര്‍ക്കാര്‍ ഇതിനു മുതിരാത്തത്. സാമൂഹ്യക്ഷേമ വകുപ്പും കുടുംബ ആരോഗ്യവകുപ്പും ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ഈ റിപ്പോര്‍ട്ടുകളും പുറത്തേക്ക് വരുന്നില്ല.

തെരുവ് നായ ശല്യവും പേ വിഷബാധയും പൊതുജന ആരോഗ്യ വെല്ലുവിളികള്‍ ആയി തുടരുമ്പോഴും നായ്ക്കളുടെ ശാസ്ത്രീയ നിയന്ത്രണത്തിനായി കാര്യക്ഷമമായ സംവിധാനങ്ങളുടെ അപര്യാപ്തത സംസ്ഥാനത്ത് ദൃശ്യമാണ്. തെരുവ് നായ്ക്കളെ പിടികൂടി നടത്തേണ്ട പ്രജനന നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ പല മേഖലകളിലും പല കാരണങ്ങളാല്‍ മുടങ്ങുകയോ കാലതാമസം നേരിടുകയും ചെയ്യുന്നത് പതിവാണ്. പദ്ധതികള്‍ നടപ്പിലാക്കുന്ന പല തദ്ദേശസ്ഥാപനങ്ങളും ഹ്രസ്വകാല പദ്ധതിയായി മാത്രമാണ് നായ്ക്കളുടെ പ്രജനന നിയന്ത്രണ പ്രവര്‍ത്തനങ്ങളെ പരിഗണിക്കുന്നത്. ഇതില്‍ കാലതാമസം വരുന്നതോടെ വന്ധ്യംകരണം നടത്താത്ത നായ്ക്കളുടെ എണ്ണം പെരുകുന്നു അതോടെ നായകളുടെ എണ്ണം വീണ്ടും ഉയരുന്നു. ഈ ഇടവേളകള്‍ ഇല്ലാതാക്കിയാല്‍ മാത്രമേ നായ്ക്കളുടെ പ്രജനന നിയന്ത്രണം ലക്ഷ്യം കാണുകയുള്ളൂ. തെരുവ് നായ്ക്കളുടെ എണ്ണം കുറയ്ക്കണമെങ്കില്‍ സമീപനങ്ങളില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും ഇന്ത്യന്‍ വെറ്റിനറി അസോസിയേഷന്‍ കേരള ഘടകം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

തെരുവുനായ പ്രശ്‌നത്തിനുള്ള അടിയന്തര പരിഹാരമാര്‍ഗമായി നായ്ക്കളുടെ വന്ധ്യംകരണത്തെ കാണാന്‍ സാധിക്കില്ലെന്നും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഒരു പരിധിവരെ നായ്ക്കളുടെ എണ്ണം വര്‍ധിക്കുന്നത് തടയുന്നതിനും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും ആണ് എബിസി ഉപകാരപ്പെടുക എന്ന സംഘടന പറയുന്നു. വന്ധ്യംകരണം നടത്തുമ്പോള്‍ വംശവര്‍ധനയില്‍ മാത്രമാണ് നിയന്ത്രണം വരിക. അവയുടെ ആക്രമണ സ്വഭാവം മാറില്ല. മാത്രമല്ല നായ്ക്കള്‍ അനിയന്ത്രിതമായി പെരുകിയ സാഹചര്യത്തില്‍ എബിസി പദ്ധതിയുടെ പ്രായോഗികതയും പരിശോധിക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ നായ്ക്കളുടെ വംശവര്‍ധന കുറയണമെങ്കില്‍ ഇനിയുമൊരു പത്തു വര്‍ഷം കൂടെ വേണ്ടിവരും. അപ്പോഴേക്കും റാബീസ് കേസുകള്‍ ക്രമാതീതമായി ഉയരുമെന്നും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. തെരുവുനായ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ നിയമത്തിലെ കര്‍ക്കശ നിയന്ത്രണങ്ങളും പ്രാദേശിക എതിര്‍പ്പുകളാണെന്നും ആക്ഷേപമുണ്ട്. സംസ്ഥാനത്ത് 15 എബിസി കേന്ദ്രങ്ങളാണുള്ളത്. കേന്ദ്ര നിയമ പ്രകാരം സിസിടിവി, ഇന്‍സിനറേറ്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ എബിസി കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. 2023ലെ ഭേദഗതി ചെയ്ത അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ നിയമപ്രകാരം എബിസി ചെയ്യുന്ന ഡോക്ടര്‍ 2000 എബിസി ശസ്ത്രക്രിയ ചെയ്തിട്ടുണ്ടാകണം. ഏഴ് വര്‍ഷം പ്രവര്‍ത്തന പരിചയവും വേണം. ഈ നിബന്ധന വെറ്ററിനറി ഡോക്ടര്‍മാരെ എബിസി കേന്ദ്രങ്ങളില്‍ നിയമിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു.

street dogs

കൂടാതെ നായ പിടുത്തക്കാര്‍ക്ക് നല്‍കുന്നത് തുച്ഛമായ വേതനമായതുകൊണ്ട് തന്നെ ആളെ കിട്ടാത്തതും പ്രതിസന്ധിക്ക് കാരണമാണ്. 2024 സെപ്തംബര്‍ മുതല്‍ കഴിഞ്ഞ മാര്‍ച്ച് 31 വരെ 11,169 നായകളെ വന്ധ്യംകരിച്ചു. 90,503 തെരുവുനായകള്‍ക്ക് വാക്സിനും നല്‍കി. 2024-25 സാമ്പത്തികവര്‍ഷം തെരുവുനായകള്‍ക്കുള്ള വാക്സിനേഷന്‍, എബിസി പദ്ധതി, റാബീസ് ഫ്രീ കേരള പരിപാടികള്‍ക്കായി 47.60 കോടി രൂപ തദ്ദേശ സ്ഥാപനങ്ങള്‍ക്കായി നീക്കിവച്ചിരുന്നു. ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും പദ്ധതി ഉള്‍പ്പെടുത്തി. എന്നാല്‍ പ്രാദേശിക എതിര്‍പ്പുകാരണം ഷെല്‍ട്ടര്‍ തുടങ്ങാന്‍ കഴിഞ്ഞില്ല.

തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഏറ്റവും വലിയ തടസം കേന്ദ്രസര്‍ക്കാരിന്റെ ആനിമല്‍ ബെര്‍ത്ത് കണ്ട്രോള്‍ റൂള്‍സ് (എബിസി ചട്ടങ്ങള്‍) ആണെന്നാണ് തദേശസ്വയം ഭരണ മന്ത്രി എം. ബി രാജേഷ് പറയുന്നത്. അപ്രായോഗികമായിട്ടുള്ള ഈ ചട്ടങ്ങളാണ് വന്ധ്യംകരണത്തെ ഏറെക്കുറെ അസാധ്യമാക്കുന്നത്. 2016 നും 2022 നുമിടയില്‍ 79,426 തെരുവുപട്ടികളെ അതിലൂടെ വന്ധ്യംകരിക്കുകയും ചെയ്തിരുന്നു. ഒരു ലക്ഷത്തോളം തെരുവുപട്ടികള്‍ക്ക് വാക്‌സിനേഷനും നല്‍കി. അപ്പോഴാണ് കേന്ദ്രചട്ടങ്ങള്‍ പ്രകാരമുള്ള സൗകര്യങ്ങളില്ലാത്തവയാണ് എബിസി കേന്ദ്രങ്ങളെന്ന് പറഞ്ഞ് ഹൈക്കോടതിയില്‍ കേസ് നല്‍കുന്നതും കോടതി കുടുംബശ്രീയുടെ എബിസി കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടുന്നതും. നിലവിലെ തെരുവുനായ ആക്രമണങ്ങളില്‍ കേന്ദ്രം നിഷ്‌കര്‍ഷികുന്ന അപ്രായോഗികമായ ചട്ടങ്ങളും വില്ലനാകുന്നു എന്നാണ് മന്ത്രി പറഞ്ഞുവെക്കുന്നത്.Stray dog vaccination is no cure, 16 deaths in five months 

Content Summary: Stray dog vaccination is no cure, 16 deaths in five months

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×