July 14, 2026 |
Share on

ഗ്യാൻവാപി, മഥുര, സംഭൽ… ബാബറി മസ്ജിദിൽ തുടങ്ങി ഇന്ത്യയെ വീണ്ടും വിഭജിക്കുന്ന ആരാധനാലയ തർക്കങ്ങൾ

2019-ലെ സുപ്രീം കോടതി വിധിയിലൂടെ അയോധ്യയിലെ തർക്കത്തിന് നിയമപരമായ അവസാനമുണ്ടായെങ്കിലും, അതോടെ ആരാധനാലയ തർക്കങ്ങൾ അവസാനിച്ചില്ല. മറിച്ച് അവ വാരാണസിയിലെ ഗ്യാൻവാപി, മഥുരയിലെ ശ്രീകൃഷ്ണ ജൻമഭൂമി, സംഭലിലെ ഷാഹി ജമാ മസ്ജിദ് എന്നീ മൂന്ന് കേന്ദ്രങ്ങളിലേക്ക് വ്യാപിച്ചു.

1992 ഡിസംബർ 6. ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും മതേതര ചരിത്രത്തിന്റെയും ഗതിമാറ്റിയ ഒരു ദിവസം. അയോധ്യയിലെ ബാബറി മസ്ജിദ് ആയിരക്കണക്കിന് കർവസേവകർ തകർത്തു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടത്തിനും ദേശീയ രാഷ്ട്രീയത്തിന്റെ പുനർനിർമാണത്തിനും മതപരമായ ധ്രുവീകരണത്തിനും തുടക്കമായ സംഭവമായിരുന്നു അത്.
2019-ലെ സുപ്രീം കോടതി വിധിയിലൂടെ അയോധ്യയിലെ തർക്കത്തിന് നിയമപരമായ അവസാനമുണ്ടായെങ്കിലും, അതോടെ ആരാധനാലയ തർക്കങ്ങൾ അവസാനിച്ചില്ല. മറിച്ച് അവ വാരാണസിയിലെ ഗ്യാൻവാപി, മഥുരയിലെ ശ്രീകൃഷ്ണ ജൻമഭൂമി, സംഭലിലെ ഷാഹി ജമാ മസ്ജിദ് എന്നീ മൂന്ന് കേന്ദ്രങ്ങളിലേക്ക് വ്യാപിച്ചു.
ഈ മൂന്ന് കേസുകളും വെറും ഭൂമിതർക്കങ്ങൾ മാത്രമല്ല. ചരിത്രം, പുരാവസ്തുശാസ്ത്രം, ഭരണഘടന, മതസ്വാതന്ത്ര്യം, 1991-ലെ ആരാധനാലയ നിയമം, രാഷ്ട്രീയം എന്നിവയെ ഒരുമിച്ച് പരീക്ഷിക്കുന്ന നിയമയുദ്ധങ്ങൾ കൂടിയാണ്.

ബാബറി മസ്ജിദ്: ഇന്ത്യയുടെ ചരിത്രത്തെ രണ്ടായി വിഭജിച്ച സംഭവം

അയോധ്യ ശ്രീരാമന്റെ ജന്മസ്ഥലമാണെന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. 16-ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി ബാബറിന്റെ സേനാനായകനായ മിർ ബാഖി ഇവിടെ ബാബറി മസ്ജിദ് നിർമിച്ചുവെന്നാണ് ചരിത്രരേഖകൾ പറയുന്നത്. ഹിന്ദുത്വ സംഘടനകളുടെ വാദം ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിർമിച്ചതെന്നാണ്. മുസ്ലിം വിഭാഗം ഈ വാദം ചരിത്രപരമായും നിയമപരമായും തള്ളിക്കളയുന്നു.
1850-കളിൽ ആരാധനാവകാശത്തെച്ചൊല്ലി തർക്കം ആരംഭിച്ചു. 1949-ൽ മസ്ജിദിനകത്ത് ശ്രീരാമന്റെ വിഗ്രഹങ്ങൾ കണ്ടെത്തിയതോടെ സർക്കാർ സ്ഥലം പൂട്ടി. തുടർന്ന് പതിറ്റാണ്ടുകളോളം കേസ് കോടതികളിൽ തുടർന്നു. 1980-കളിൽ വിശ്വഹിന്ദു പരിഷത്തും ബിജെപിയും മുന്നോട്ടുവച്ച രാമജന്മഭൂമി പ്രസ്ഥാനം ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിച്ചു. 1990-ൽ എൽ.കെ. അദ്വാനിയുടെ രഥയാത്ര ഈ പ്രസ്ഥാനത്തിന് വൻ രാഷ്ട്രീയ പിന്തുണ സൃഷ്ടിച്ചു.

അയോധ്യയിലെ ബാബറി മസ്ജിസ് കർസേവകർ തകർക്കുന്നു


1992 ഡിസംബർ 6-ന് ആയിരക്കണക്കിന് കർസേവകർ ബാബറി മസ്ജിദ് പൊളിച്ചു. ഈ സംഭവത്തിന് പിന്നാലെ രാജ്യവ്യാപകമായി ഉണ്ടായ കലാപങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. പിന്നീട് രൂപീകരിച്ച ലിബർഹാൻ കമ്മീഷൻ വർഷങ്ങളോളം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു.

സുപ്രീം കോടതി വിധി

അയോധ്യ കേസിൽ 2019 നവംബർ 9-ന് സുപ്രീം കോടതി ഏകകണ്ഠമായ വിധി പ്രസ്താവിച്ചു. 1992-ലെ ബാബറി മസ്ജിദ് തകർക്കൽ നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തീരുമാനം ചരിത്രരേഖകൾ, തെളിവുകൾ, ദീർഘകാല ആരാധനാരീതികൾ എന്നിവയുടെ അടിസ്ഥാനത്തിലാണെന്നും വ്യക്തമാക്കി. തർക്കഭൂമി ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് നൽകണമെന്നും മുസ്ലിം വിഭാഗത്തിന് അഞ്ച് ഏക്കർ ഭൂമി അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു.

അയോധ്യയിലെ രാമക്ഷേത്രം


2020-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിനായി ഭൂമിപൂജ നിർവഹിച്ചു. ഇന്ന് അയോധ്യയിലെ ശ്രീരാമ ക്ഷേത്രം രാജ്യത്തെ ഏറ്റവും വലിയ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്.

പുതിയ തർക്കഭൂമികൾ

അയോധ്യ വിധിക്ക് ശേഷം ഹിന്ദുത്വ സംഘടനകൾ ശ്രദ്ധ കേന്ദ്രീകരിച്ചത് മൂന്ന് സ്ഥലങ്ങളിലാണ്.
ഗ്യാൻവാപി (വാരാണസി)
ശ്രീകൃഷ്ണ ജൻമഭൂമി (മഥുര)
ഷാഹി ജമാ മസ്ജിദ് (സംഭൽ)

മൂന്നിടങ്ങളിലും ക്ഷേത്രം നിലനിന്ന സ്ഥലത്ത് മുഗൾ ഭരണകാലത്ത് മസ്ജിദ് നിർമിക്കപ്പെട്ടു എന്ന വാദമാണുള്ളത്.

ഗ്യാൻവാപി: ചരിത്രവും ആരാധനാലയ നിയമവും

വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം പൊളിച്ചാണ് ഔറംഗസേബ് ഗ്യാൻവാപി മസ്ജിദ് നിർമിച്ചതെന്നാണ് ഹിന്ദു ഹർജിക്കാരുടെ വാദം. മുസ്ലിം വിഭാഗം ഇത് അംഗീകരിക്കുന്നില്ല. ഇപ്പോൾ സമുച്ചയത്തിന്റെ ഒരു ഭാഗത്ത് ഹിന്ദുക്കൾ ആരാധന നടത്തുകയും മറ്റൊരു ഭാഗത്ത് മുസ്ലിംകൾ നമസ്‌കാരം നടത്തുകയും ചെയ്യുന്നു.
2023-24 കാലഘട്ടത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) നടത്തിയ ശാസ്ത്രീയ സർവേയിൽ മുൻകാല ഹിന്ദു ആരാധനാലയവുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. എന്നാൽ അതിന്റെ നിയമപരമായ പ്രസക്തിയെക്കുറിച്ച് ഇരുകക്ഷികളും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നത്.

ഗ്യാൻവാപി മസ്ജിദ്‌


1991-ലെ ആരാധനാലയ നിയമം (Places of Worship (Special Provisions) Atc) അനുസരിച്ച്, 1947 ഓഗസ്റ്റ് 15-ന് നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം മാറ്റാൻ പാടില്ല. അയോധ്യ കേസ് മാത്രമാണ് ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. മുസ്ലിം വിഭാഗം ഈ നിയമത്തെ അടിസ്ഥാനമാക്കിയാണ് കേസ് വാദിക്കുന്നത്.
അതേസമയം ഹിന്ദു ഹർജിക്കാർ പറയുന്നത് 1947-ന് മുമ്പുണ്ടായിരുന്ന ആരാധനാവകാശം പുനഃസ്ഥാപിക്കണമെന്നാണ്. അതുകൊണ്ട് ഗ്യാൻവാപി കേസ് ഒരു ഭൂമിതർക്കം മാത്രമല്ല; 1991-ലെ ആരാധനാലയ നിയമത്തിന്റെ ഭാവി നിർണയിക്കുന്ന കേസ് കൂടിയാണ്.

മഥുര: ചരിത്രവും 1968-ലെ കരാറും തമ്മിലുള്ള പോരാട്ടം

മഥുരയിലെ 13.37 ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന കത്ര കേശവ് ദേവ് ക്ഷേത്ര സമുച്ചയവും ഷാഹി ഈദ്ഗാഹ് മസ്ജിദുമാണ് തർക്കത്തിന്റെ കേന്ദ്രം. ഹിന്ദുത്വ സംഘടനകൾ പറയുന്നത് മുഗൾ ചക്രവർത്തി ഔറംഗസേബ് ശ്രീകൃഷ്ണ ക്ഷേത്രം പൊളിച്ചാണ് പള്ളി നിർമിച്ചതെന്നാണ്. ഈ വാദം മുസ്ലിം വിഭാഗം അംഗീകരിക്കുന്നില്ല.
1968-ൽ ക്ഷേത്ര ട്രസ്റ്റും പള്ളി കമ്മിറ്റിയും തമ്മിൽ ഒരു കരാർ ഉണ്ടാക്കിയിരുന്നു. അതനുസരിച്ച് പള്ളി നിൽക്കുന്ന സ്ഥലത്തിന്റെ കൈകാര്യാവകാശം പള്ളി കമ്മിറ്റിക്കായിരുന്നു. മുസ്ലിം വിഭാഗം ഈ കരാറാണ് പ്രധാന നിയമരേഖയായി ഉയർത്തിക്കാട്ടുന്നത്. എന്നാൽ ഹിന്ദു ഹർജിക്കാർ പറയുന്നത് ഈ കരാർ നിയമവിരുദ്ധമാണെന്നാണ്.


അതിനിടെ എ.എസ്.ഐക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കേസിൽ കക്ഷിചേരാൻ അലഹബാദ് ഹൈക്കോടതി അനുമതി നൽകി. ഇത് സുപ്രീം കോടതി ശരിവെയ്ക്കുകയും ചെയ്തു. ഇതോടെ കേസിൽ ചരിത്രരേഖകൾക്കും പുരാവസ്തു തെളിവുകൾക്കും കൂടുതൽ പ്രാധാന്യം ലഭിക്കാനുള്ള സാഹചര്യം വന്നു.

സംഭൽ: ഏറ്റവും പുതിയ സംഘർഷഭൂമി

മൂന്ന് കേസുകളിൽ ഏറ്റവും പുതിയതും ഏറ്റവും കൂടുതൽ അക്രമത്തിന് വഴിവെച്ചതുമാണ് സംഭൽ കേസ്. ഹിന്ദു പരാതിക്കാർ പറയുന്നത് പുരാതന ശ്രീ ഹരിഹര ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണ് 1526-ൽ ഷാഹി ജമാ മസ്ജിദ് നിർമിച്ചതെന്നാണ്. ഇവിടെ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് കേസ് കോടതിയിലെത്തി. 2024 നവംബറിൽ സിവിൽ കോടതി സർവേയ്ക്ക് അനുമതി നൽകിയതോടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് വിഷയം സുപ്രീം കോടതിയിലെത്തി. സർവേയുമായി ബന്ധപ്പെട്ട തുടർനടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു.

സംഭൽ ജമാ മസ്ജിദ്‌

പരാജയപ്പെട്ട മധ്യസ്ഥ ശ്രമം

ഈ മൂന്ന് കേസുകളിലും മധ്യസ്ഥതയിലൂടെ പരിഹാരം കാണാനുള്ള സാധ്യതകൾ സുപ്രീം കോടതി പരിശോധിച്ചിരുന്നു. സ്‌പെഷ്യൽ ലോക് അദാലത്തിലൂടെ തർക്കങ്ങൾ പരിഹരിക്കാനായി ഇരുകക്ഷികൾക്കും നോട്ടീസ് നൽകി. എന്നാൽ ഹിന്ദു-മുസ്ലിം കക്ഷികൾ ലോക് അദാലത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. ഇക്കാര്യത്തിൽ ഇരുകൂട്ടരുടെയും നിലപാട് ഒന്നായിരുന്നു, കോടതി തന്നെ കേസുകൾ കേട്ട് അന്തിമവിധി പറയണം. ഈ തർക്കങ്ങളിൽ ഒത്തുതീർപ്പിനേക്കാൾ നിയമവിധിക്കാണ് കക്ഷികൾ പ്രാധാന്യം നൽകുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഇന്ത്യയുടെ ഭാവിയെ സ്വാധീനിക്കുന്ന വിധികൾ

ഗ്യാൻവാപി, മഥുര, സംഭൽ കേസുകളിലെ വിധികൾ ഇന്ത്യയുടെ ഭാവിയെ തന്നെ സ്വാധീനിക്കുന്നവയായിരിക്കും. ഈ മൂന്ന് കേസുകളിലും ക്ഷേത്രം പൊളിച്ച് മസ്ജിദ് നിർമിച്ചുവെന്ന വാദമാണ് ഉയരുന്നത്. മൂന്ന് കേസുകളിലും എ.എസ്.ഐ റിപ്പോർട്ടുകളും ചരിത്രരേഖകളും കോടതികളിൽ നിർണായക തെളിവുകളായിരിക്കും. 1991-ലെ ആരാധനാലയ നിയമത്തിന്റെ വ്യാഖ്യാനം ഈ കേസുകളെ മാത്രമല്ല, ഭാവിയിലെ എല്ലാ ആരാധനാലയ തർക്കങ്ങളെയും ബാധിക്കും. ഈ കേസുകൾ കോടതിക്കുള്ളിൽ മാത്രമല്ല, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പൊതുചർച്ചകളിലും വലിയ സ്വാധീനം ചെലുത്തുന്ന വിഷയങ്ങളുമാണ്.
ഈ കേസുകളിൽ സുപ്രീം കോടതി ഭൂമിയുടെ ഉടമസ്ഥാവകാശം മാത്രമല്ല തീരുമാനിക്കേണ്ടത്. ചരിത്രരേഖകളുടെ വിശ്വാസ്യത,
പുരാവസ്തു തെളിവുകളുടെ നിയമസാധുത, 1991-ലെ Places of Worship Act-ന്റെ വ്യാഖ്യാനം എന്നിവ കൂടിയാണ് കോടതിക്ക് പരിശോധിക്കേണ്ടി വരുന്നത്.
ഈ കേസുകളിലെ അന്തിമവിധികൾ വെറും മൂന്ന് ആരാധനാലയങ്ങളുടെ ഭാവി മാത്രമല്ല നിർണയിക്കുക. ചരിത്രപരമായ അവകാശവാദങ്ങളും നിലവിലെ നിയമപരമായ സംരക്ഷണങ്ങളും തമ്മിൽ ഇന്ത്യൻ നീതിന്യായവ്യവസ്ഥ എങ്ങനെ സന്തുലനം കണ്ടെത്തുന്നു എന്നതിന് മാതൃകയാകുന്ന വിധികളായിരിക്കും അവ. അതുകൊണ്ടുതന്നെ ഗ്യാൻവാപി, മഥുര, സംഭൽ കേസുകൾ ഇന്ത്യയിലെ ആരാധനാലയ തർക്കങ്ങളുടെ അടുത്ത അധ്യായം മാത്രമല്ല, രാജ്യത്തിന്റെ ഭരണഘടനാപരമായ ഭാവിദിശ നിർണയിക്കുന്ന നിർണായക നിയമപരീക്ഷണവുമാണ്.

Content Summary: how the Babri Masjid dispute evolved into the Gyanvapi, Mathura and Sambhal legal battles, and why these cases could redefine India’s constitutional and religious landscape.

Leave a Reply

Your email address will not be published. Required fields are marked *

×