തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും (ടി.എം.സി) കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ അട്ടിമറി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട എം.എല്‍.എ ഋതബ്രത ബാനര്‍ജി, ഭൂരിപക്ഷം എം.എല്‍.എമാരുടെയും പിന്തുണയോടെ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരിക്കുകയാണ്. തൃണമൂലിന്റെ ആകെയുള്ള 80 എം.എല്‍.എമാരില്‍ 59 പേരുമായാണ് ബുധനാഴ്ച ഋതബ്രത നിയമസഭയിലെത്തിയത്. തന്നെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം സ്പീക്കര്‍ രതീന്ദ്ര ബോസ് അംഗീകരിച്ചതോടെ മമത ബാനര്‍ജി ക്യാമ്പ് രാഷ്ട്രീയമായി കനത്ത പ്രതിരോധത്തിലായി.
പാര്‍ട്ടി ലെറ്റര്‍പാഡിന് പകരം വെള്ളക്കടലാസിലാണ് വിമത എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. മമത ബാനര്‍ജിയെ പാര്‍ട്ടിയുടെ പരമോന്നത നേതാവായും ഋതബ്രത ബാനര്‍ജിയെ സഭയിലെ പ്രതിപക്ഷ നേതാവായും കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ സിയുലി സാഹ, ജാവേദ് ഖാന്‍, സബീന യാസ്മിന്‍ എന്നിവരെ സഭയിലെ ഡെപ്യൂട്ടി ലീഡര്‍മാരായും കത്തില്‍ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നു. സൊബന്‍ദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഔദ്യോഗിക കത്തിലെ തങ്ങളുടെ ഒപ്പുകള്‍ വ്യാജമാണെന്ന് കാണിച്ച് ഋതബ്രത ബാനര്‍ജിയും സന്ദീപന്‍ സാഹയും സ്പീക്കര്‍ക്ക് പരാതി നല്‍കിയതായി മുഖ്യമന്ത്രി സുവേന്ദു അധികാരി വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് മമത ക്യാമ്പ് ഇവരെ പുറത്താക്കിയത്. എന്നാല്‍, ഈ പുറത്താക്കല്‍ നടപടിയെ എം.എല്‍.എമാരുടെ വന്‍ പിന്തുണയോടെ ഋതബ്രത മറികടക്കുകയായിരുന്നു.
സി.പി.എമ്മിലെ യുവതുര്‍ക്കിയില്‍ നിന്ന് തൃണമൂലിലേക്ക്
കൊല്‍ക്കത്തയിലെ സൗത്ത് പോയിന്റ് ഹൈസ്‌കൂള്‍, അശുതോഷ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം 2000-ത്തിന്റെ തുടക്കത്തില്‍ ഒരു വിദ്യാര്‍ത്ഥി നേതാവായാണ് ഋതബ്രത ബാനര്‍ജി രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാകുന്നത്. സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി എട്ട് വര്‍ഷത്തോളം അദ്ദേഹം പ്രവര്‍ത്തിച്ചു. മുതിര്‍ന്ന ഇടത് നേതാവും സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന അന്തരിച്ച സീതാറാം യെച്ചൂരിയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ഋതബ്രതയ്ക്ക്, യുവനേതാക്കളെ പ്രൊമോട്ട് ചെയ്യാന്‍ മടിച്ചിരുന്ന സി.പി.എമ്മില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് ഉണ്ടായത്. വെറും 34-ാം വയസ്സില്‍ പാര്‍ട്ടി അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയച്ചു.
എന്നാല്‍ ഈ വേഗത്തിലുള്ള വളര്‍ച്ച അധികകാലം നീണ്ടുനിന്നില്ല. 2017-ല്‍ പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ക്ക് നിരക്കാത്ത ആഡംബര ജീവിതശൈലി നയിച്ചു എന്നാരോപിച്ച് (ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് ധരിച്ചതുമായി ബന്ധപ്പെട്ട വിവാദം) സി.പി.എം അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് പുറത്താക്കുകയും ചെയ്തു. സി.പി.എമ്മിലെ പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി പക്ഷങ്ങള്‍ തമ്മിലുള്ള ആഭ്യന്തര തര്‍ക്കങ്ങളുടെ ഇരയായിരുന്നു ഋതബ്രതയെന്നും അന്ന് വിലയിരുത്തപ്പെട്ടിരുന്നു. പുറത്താക്കപ്പെടുന്നതിന് തൊട്ടുമുമ്പ് പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം എന്നിവര്‍ക്കെതിരെ അദ്ദേഹം പരസ്യമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഒരു ഗവേഷക വിദ്യാര്‍ത്ഥിനി നല്‍കിയ പീഡനാരോപണവും വിവാദ വിഡിയോ കോളുകളും അദ്ദേഹത്തെ പാര്‍ട്ടിക്കുള്ളില്‍ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തി.
‘മമത’ തേടി ടിംഎംസിയിലേക്ക്
സി.പി.എം പുറത്താക്കിയതിനെത്തുടര്‍ന്ന് 2018-ല്‍ ഋതബ്രത തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ ട്രേഡ് യൂണിയന്‍ വിഭാഗത്തിന്റെ തലവനായ അദ്ദേഹം, മമത ബാനര്‍ജിയാണ് യഥാര്‍ത്ഥ ഇടതുപക്ഷ നേതാവെന്ന് പരസ്യമായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ജവഹര്‍ സിര്‍ക്കര്‍ രാജ്യസഭാംഗത്വം രാജിവെച്ച ഒഴിവിലേക്ക് 2024-ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഋതബ്രതയെ വീണ്ടും പാര്‍ലമെന്റിലെത്തിച്ചു. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബി.ജെ.പി വന്‍ മുന്നേറ്റം നടത്തുകയും പ്രമുഖ തൃണമൂല്‍ നേതാക്കള്‍ പരാജയപ്പെടുകയും ചെയ്തപ്പോഴും, ഉലുബേരിയ പൂര്‍ബ മണ്ഡലത്തില്‍ നിന്ന് ഋതബ്രത മികച്ച വിജയം സ്വന്തമാക്കി.
എന്നാല്‍ വിജയത്തിന് തൊട്ടുപിന്നാലെ ഡല്‍ഹിയിലെ ബംഗാ ഭവനില്‍ വെച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി അദ്ദേഹം സൗഹൃദം പങ്കിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് മമത ബാനര്‍ജിയെ ചൊടിപ്പിച്ചു. അത് കേവലം രാഷ്ട്രീയ മര്യാദ മാത്രമാണെന്നായിരുന്നു ഋതബ്രതയുടെ വിശദീകരണം. തൊട്ടുപിന്നാലെയാണ് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ ഒപ്പ് വിവാദമുണ്ടാകുന്നതും പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കുന്നതും.
ഡല്‍ഹി ഗൂഢാലോചനയെന്ന് മമത
പാര്‍ട്ടി മീറ്റിങ്ങുകളില്‍ പങ്കെടുക്കാതിരിക്കുകയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു എന്ന് ചൂണ്ടിക്കാണിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഋതബ്രതയ്ക്കും സന്ദീപന്‍ സാഹയ്ക്കും കത്ത് നല്‍കിയത്. ഋതബ്രതയുടെ പേര് പരാമര്‍ശിക്കാതെ, മുന്‍പ് സി.പി.എമ്മിലായിരുന്ന ഒരാളാണ് ഇതിനെല്ലാം പിന്നിലെന്നും മറ്റുള്ളവരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയാണ് അദ്ദേഹത്തിന് സീറ്റ് നല്‍കിയതെന്നും അതില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയെ തകര്‍ക്കാന്‍ ഡല്‍ഹിയില്‍ നിന്ന് വന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും മമത ആരോപിച്ചു.
ഇടതുപക്ഷത്തുനിന്ന് തുടങ്ങി വെറും ഒരു പതിറ്റാണ്ടിനുള്ളില്‍ രാജ്യസഭയിലും പിന്നീട് നിയമസഭയിലും എത്തി, ഒടുവില്‍ സ്വന്തം പാര്‍ട്ടിയെത്തന്നെ പിളര്‍ത്തി പ്രതിപക്ഷ നേതാവായി മാറിയ ഋതബ്രത ബാനര്‍ജിയുടെ ഈ നീക്കം പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്നുറപ്പാണ്.
Content Summary: Massive blow to Mamata Banerjee as expelled MLA Ritabrata Banerjee claims support of 59 TMC MLAs and is recognized as the new Leader of the Opposition in Bengal
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.