June 17, 2026 |
Share on

ഗുരുവിനെ വീഴ്ത്തിയ ശിഷ്യന്‍, ബിജെപിയുടെ ‘പ്രതീക്ഷ’; സുവേന്ദു ഇനി ബംഗാളിന്റെ അധികാരി

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളായ ബിജെപി പശ്ചിമ ബംഗാളിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത് ഇതാദ്യമായാണ്

പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു മാറ്റം രൂപപെട്ടിരിക്കുകയാണ്. ബംഗാളിന്റെ സര്‍വ്വാധികാരിയായി ഒന്നര പതിറ്റാണ്ട് ഭരിച്ച മമതാ ബാനര്‍ജിയെ, വിശ്വസ്തനും ശിഷ്യനുമായിരുന്ന സുവേന്ദു അധികാരി അധികാരഭ്രഷ്ടയാക്കി ബംഗാളിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുകയാണ്. ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ, സുവേന്ദു അധികാരി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുകയാണ്.

തിങ്കളാഴ്ച പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലത്തില്‍ ആകെയുള്ള 294 സീറ്റുകളില്‍ 207 എണ്ണവും സ്വന്തമാക്കിയാണ് ബിജെപി ബംഗാളില്‍ ചരിത്രവിജയം കുറിച്ചത്. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ 15 വര്‍ഷം നീണ്ട ഭരണത്തിന് ഇതോടെ അന്ത്യമായി. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളായ ബിജെപി പശ്ചിമ ബംഗാളിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത് ഇതാദ്യമായാണ്. ഡല്‍ഹിയിലെ രാഷ്ട്രീയ കേന്ദ്രങ്ങളേക്കാള്‍ ഉപരിയായി ഗ്രാമീണ മേഖലകളിലും താഴെത്തട്ടിലുമുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് സുവേന്ദു ബിജെപിയുടെ ഏറ്റവും കരുത്തുറ്റ മുഖമായി മാറിയത്.

രാഷ്ട്രീയ വളര്‍ച്ച

1970-ല്‍ പൂര്‍ബ മേദിനിപ്പൂര്‍ ജില്ലയിലെ പ്രശസ്തമായ രാഷ്ട്രീയ കുടുംബത്തിലാണ് സുവേന്ദുവിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവ് ശിശിര്‍ അധികാരി ദീര്‍ഘകാലം എം.പിയായിരുന്നു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ച സുവേന്ദു, പിന്നീട് ഇടതുപക്ഷ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. 2007-ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കല്‍ വിരുദ്ധ പ്രക്ഷോഭമാണ് സുവേന്ദുവിനെ ബംഗാള്‍ രാഷ്ട്രീയത്തിലെ മുന്‍നിര നേതാവാക്കി മാറ്റിയത്. അന്ന് ഇടതുപക്ഷ സര്‍ക്കാരിനെ താഴെയിറക്കാന്‍ മമതയെ സഹായിച്ച ഈ പ്രക്ഷോഭത്തിന്റെ മുഖ്യ ആസൂത്രകന്‍ സുവേന്ദുവായിരുന്നു.

വര്‍ഷങ്ങളോളം മമതയുടെ വലംകൈയായി പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് ഇരുവരും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തു. മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിക്ക് പാര്‍ട്ടിയില്‍ അമിത പ്രാധാന്യം ലഭിച്ചു തുടങ്ങിയതും അതിലൊരു കാരണമായിരുന്നു. 2020 2016-ല്‍ നാരദ സ്റ്റീങ് ഓപ്പറേഷനില്‍ ഉള്‍പ്പെട്ടതടക്കമുള്ള വിവാദങ്ങള്‍ അദ്ദേഹത്തെ തളര്‍ത്താന്‍ ശ്രമിച്ചെങ്കിലും രാഷ്ട്രീയ ചടുലതയോടെ അദ്ദേഹം അത് അതിജീവിച്ചു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സുവേന്ദു നാടകീയമായി ബിജെപിയില്‍ ചേരുന്നത്. ആ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മമതയെ നേരിട്ട് പരാജയപ്പെടുത്തിയതോടെ ബിജെപിയിലെ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കപ്പെട്ടു. 2026-ല്‍ സുവേന്ദു തന്റെ കരുത്ത് ഒന്നുകൂടി തെളിയിച്ചു. നന്ദിഗ്രാമിനൊപ്പം മമതയുടെ കോട്ടയായ ഭവാനിപ്പൂരിലും മത്സരിച്ച് വിജയിച്ചതോടെ ബംഗാളിലെ അനിഷേധ്യ നേതാവായി അദ്ദേഹം മാറി.

ബിജെപിയുടെ ‘പ്രതീക്ഷ’

ബിജെപി നിയമസഭാ കക്ഷിയോഗത്തില്‍ കേന്ദ്ര നിരീക്ഷകനായി എത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായാണ് സുവേന്ദുവിനെ മുഖ്യമന്ത്രിയായി തീരുമാനിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ബംഗാളിന്റെ മണ്ണില്‍ ബിജെപിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച പോരാളിയെന്ന നിലയിലും, ഭരണരംഗത്തെ അനുഭവപരിചയവും കണക്കിലെടുത്താണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നാണ് പാര്‍ട്ടി ഭാഷ്യം.

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ത്തിക്കാട്ടിയ പ്രധാന വാഗ്ദാനങ്ങളായ ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പിലാക്കുക, ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റം പൂര്‍ണ്ണമായും അവസാനിപ്പിക്കുക തുടങ്ങിയ കടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ സുവേന്ദുവിനെപ്പോലെ കരുത്തനായ ഒരു നേതാവ് ആവശ്യമാണെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ‘ഇനി ബംഗാളില്‍ നുഴഞ്ഞുകയറ്റവും പശുക്കടത്തും അസാധ്യമാകും’ എന്ന അമിത് ഷായുടെ പ്രസ്താവന പുതിയ സര്‍ക്കാരിന്റെ നയം വ്യക്തമാക്കുന്നതാണ്.

ബംഗാളിന്റെ മണ്ണറിയുന്ന ഒരു ‘ബംഗാളി’ തന്നെ മുഖ്യമന്ത്രിയാകുമെന്ന് വാഗ്ദാനം നല്‍കിയ ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ‘പുറത്തുള്ളവര്‍’ എന്ന പ്രചാരണത്തിന് സുവേന്ദുവിനെ മുന്‍നിര്‍ത്തി തക്കതായ മറുപടിയാണ് നല്‍കിയിരിക്കുന്നത്. മമതാ ബാനര്‍ജിയെപ്പോലെ തന്നെ തെരുവിലെ പോരാട്ടങ്ങളിലൂടെ വളര്‍ന്നുവന്ന നേതാവായ സുവേന്ദുവിന് ഭരണയന്ത്രം ശക്തമായി ചലിപ്പിക്കാന്‍ കഴിയുമെന്ന് ബിജെപിയും ആര്‍എസ്എസും വിശ്വസിക്കുന്നു. സനാതന ധര്‍മ്മത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും ഹിന്ദു പുനരുജ്ജീവനത്തിനായുള്ള പോരാട്ടങ്ങളും ആര്‍എസ്എസിനെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചു. നന്ദിഗ്രാമില്‍ മമതയെ നേരിട്ടതും പിന്നീട് നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ അടിപതറാതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം നിന്നതും സുവേന്ദുവിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചു.

വിവാദങ്ങളും വെല്ലുവിളികളും

സുവേന്ദുവിന്റെ രാഷ്ട്രീയ പ്രസംഗങ്ങള്‍ പലപ്പോഴും വിവാദങ്ങള്‍ക്കും കാരണമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നടത്തിയ വര്‍ഗീയ ചുവയുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു. മുസ്ലീം എം.എല്‍.എമാരെ സഭയില്‍ നിന്ന് പുറത്താക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും സസ്‌പെന്‍ഷനിലേക്കും വഴിമാറി. എന്നിരുന്നാലും, തന്റെ രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് ബിജെപി അണികളെ ആവേശഭരിതരാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ഭരണമേല്‍ക്കുമ്പോള്‍ വലിയ വെല്ലുവിളികളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് പടരുന്ന അക്രമസംഭവങ്ങള്‍ അടിച്ചമര്‍ത്തുക എന്നതാണ് പ്രഥമ ദൗത്യം. കഴിഞ്ഞ ബുധനാഴ്ച അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചത് രാഷ്ട്രീയ അന്തരീക്ഷത്തെ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. സാമ്പത്തിക മേഖലയിലെ മുരടിപ്പും തൊഴിലില്ലായ്മയുമാണ് മറ്റ് പ്രധാന പ്രശ്‌നങ്ങള്‍. ബിജെപിയുടെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനൊപ്പം നിക്ഷേപകരെ ആകര്‍ഷിക്കാനും ക്രമസമാധാനം ഉറപ്പാക്കാനും സുവേന്ദുവിന് കഠിനപ്രയത്‌നം വേണ്ടിവരും. ഒരു ജനകീയ പോരാളി എന്ന നിലയില്‍ നിന്ന് പക്വതയുള്ള ഒരു ഭരണാധികാരി എന്ന നിലയിലേക്കുള്ള സുവേന്ദു അധികാരിക്ക് മാറ്റം ഉണ്ടാകുമോയെന്നറിയണം.

പുതിയ സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളികളും ചില്ലറയല്ല. തൃണമൂല്‍ സര്‍ക്കാരിന്റെ കാലത്തെ അഴിമതികളെക്കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്നും പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്നും സുവേന്ദു വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ പല പ്രതിപക്ഷ നേതാക്കളും നിയമനടപടികള്‍ നേരിടേണ്ടി വരും. ഇതിനുപുറമെ, സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനത്തെ കരകയറ്റുക എന്നതും വലിയ ഉത്തരവാദിത്തമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 7-ാം ശമ്പള കമ്മീഷന്‍ നടപ്പിലാക്കുമെന്നും കുടിശ്ശികയുള്ള ഡിഎ 45 ദിവസത്തിനകം നല്‍കുമെന്നും ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി മാത്രം ഏകദേശം 42,000 കോടി രൂപ അധികമായി കണ്ടെത്തേണ്ടതുണ്ട്.

സ്ത്രീകള്‍ക്ക് പ്രതിമാസം 3,000 രൂപ ധനസഹായം നല്‍കുന്ന പദ്ധതി, തൊഴിലില്ലാത്ത യുവാക്കള്‍ക്ക് 3,000 രൂപ വീതം സഹായം, അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു കോടി തൊഴിലവസരങ്ങള്‍ തുടങ്ങിയവയും പുതിയ സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയിലുണ്ട്. തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന അക്രമസംഭവങ്ങള്‍ അടിച്ചമര്‍ത്തുക എന്നതും സുവേന്ദു സര്‍ക്കാരിന്റെ പ്രധാന ദൗത്യമാണ്. സുവേന്ദുവിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ട സംഭവം ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.

ഗുരു-ശിഷ്യ ബന്ധത്തില്‍ നിന്നും കടുത്ത എതിരാളികളായി മാറിയ രണ്ടു പേരാണ് ഇന്ന് മമതയും സുവേന്ദുവും. അതിലൊരാള്‍ മുഖ്യമന്ത്രി കസേരയിലും മറ്റൊരാള്‍ പ്രതിപക്ഷത്തേക്കും മാറുമ്പോള്‍ ബംഗാള്‍ രാഷ്ട്രീയം പ്രവചനാതീതമാകും.

Content Summary: Suvendu Adhikari is set to be sworn in as the new Chief Minister of West Bengal following BJP’s historic victory. Mamta Banerjee

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×