June 04, 2026 |
Share on

തെരഞ്ഞെടുപ്പിന് മുമ്പായി ബിജെപിക്ക് ടാറ്റ ഗ്രൂപ്പ് വക സംഭാവന 758 കോടി

കേന്ദ്ര സര്‍ക്കാരിന്റെ സെമി കണ്ടക്ടര്‍ യൂണിറ്റ് പ്രോത്സാഹനം
ബിജെപിക്ക് പണം വരുന്ന വഴിയാകുന്നു

മോദി സര്‍ക്കാരില്‍ നിന്ന് സെമികണ്ടക്ടര്‍ സബ്സിഡി ലഭിച്ചതിനു പിന്നാലെ ടാറ്റാ ഗ്രൂപ്പ് ബിജെപിക്ക് സംഭാവനയായി നല്‍കിയത് 758 കോടി രൂപ. സ്‌ക്രോള്‍ ഡോട് ഇന്‍ ആണ് ഈ നിര്‍ണായക വിവരം പുറത്തു കൊണ്ടുവന്നിരിക്കുന്നത്.

രാജ്യത്ത് സെമികണ്ടക്ടര്‍ വ്യവസായം കെടിപ്പടുക്കുക എന്ന കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായാണ് 2024 ഫെബ്രുവരി 29 ന് പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭ മൂന്നു സെമി കണ്ടക്ടര്‍ യൂണിറ്റുകള്‍ക്ക് അംഗീകാരം നല്‍കിയത്. ഇതില്‍ രണ്ടെണ്ണവും ടാറ്റ ഗ്രൂപ്പിനാണ് നല്‍കിയതെന്നു സ്‌ക്രോള്‍ പറയുന്നു.

സെമികണ്ടക്ടര്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി, യൂണിറ്റ് നിര്‍മാണത്തിനുള്ള ചെലവിന്റെ പകുതി സബ്‌സിഡിയായി കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. ടാറ്റാ ഗ്രൂപ്പിന്റെ രണ്ട് യൂണിറ്റുകള്‍ക്കായി സബ്സിഡി ഇനത്തില്‍ അനുവദിക്കുന്ന തുക 44,203 കോടി രൂപ വരും.

മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച് നാലാഴ്ച്ച കഴിഞ്ഞപ്പോഴാണ് ടാറ്റാ ഗ്രൂപ്പ് ബിജെപിക്ക് 758 കോടി രൂപ സംഭാവന നല്‍കിയത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ആയാണ് ഇത്. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിവരങ്ങള്‍ പ്രകാരം, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിക്ക് കിട്ടിയ ഏറ്റവും വലിയ രാഷ്ട്രീയ സംഭാവനയാണിത്.

മൊത്തത്തില്‍, ടാറ്റാ ഗ്രൂപ്പിന്റെ 15 സ്ഥാപനങ്ങള്‍ 2024-25 കാലയളവില്‍ ഏകദേശം 915 കോടി രൂപ രാഷ്ട്രീയ സംഭാവനയായി നല്‍കിയിട്ടുണ്ട് എന്നാണ് സ്‌ക്രോള്‍ പറയുന്നത്. ഗ്രൂപ്പിന്റെ പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റ് വഴിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ കൈമാറിയത്. ടാറ്റാ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഏറ്റവും കൂടുതല്‍ തുക നല്‍കിയത്; 308 കോടി രൂപ.

ബിജെപി കഴിഞ്ഞാല്‍ ടാറ്റ ഗ്രൂപ്പ് രണ്ടാമതായി വലിയ തുക സംഭാവന നല്‍കിയത് കോണ്‍ഗ്രസിനായിരുന്നു. അവര്‍ക്ക് കൊടുത്തത് വെറും 77.3 കോടിയായിരുന്നുവെന്ന് മാത്രം. അതായത് ബിജെപിക്ക് കൊടുത്തതിന്റെ ഏകദേശം പത്തിലൊന്ന്. മറ്റ് എട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂടി ടാറ്റ് ഗ്രൂപ്പില്‍ നിന്ന് 10 കോടി രൂപ വീതം ലഭിച്ചിട്ടുണ്ട്.

ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം, ശിവസേന, ബിജു ജനതാ ദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ജനതാദള്‍ (യുണൈറ്റഡ്), ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്), ഭാരത് രാഷ്ട്ര സമിതി എന്നിവര്‍ക്കാണ് 10 കോടി രൂപ വീതം ലഭിച്ചത്.

2001 നും 2024 നും ഇടയിലായി ടാറ്റാ ഗ്രൂപ്പിന്റെ പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സംഭാവന നല്‍കിയിട്ടില്ലായിരുന്നു. എന്നാല്‍ 2024 ഏപ്രിലില്‍, ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പായി അവര്‍ 758 കോടി രൂപ ബിജെപിക്ക് കൊടുക്കുകയും ചെയ്തു.

പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റ് വഴിയാണ് ഈ ഇടപാടുകള്‍ നടത്തിയത്. ട്രസ്റ്റിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായ ജഹാംഗീര്‍ നരിമാന്‍ മിസ്ത്രി, ടാറ്റാ സണ്‍സില്‍ ഭൂരിപക്ഷം ഓഹരികള്‍ കൈവശം വെക്കുന്ന നിരവധി ടാറ്റാ ട്രസ്റ്റുകളുടെ ബോര്‍ഡുകളിലും അംഗമാണ്.

ട്രസ്റ്റ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍ അനുസരിച്ച്, ടാറ്റാ സണ്‍സ്, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ടാറ്റാ സ്റ്റീല്‍ എന്നിവയുള്‍പ്പെടെ ടാറ്റാ ഗ്രൂപ്പിന്റെ 15 സ്ഥാപനങ്ങള്‍ 2024 ഏപ്രില്‍ 2-ന് പ്രോഗ്രസീവിന് 915 കോടി രൂപ സംഭാവന നല്‍കി. ട്രസ്റ്റ് 10 രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 914.9 കോടി രൂപ സംഭാവന നല്‍കിയിട്ടുണ്ട്. മൊത്തം സംഭാവനയുടെ 82%, ബിജെപിക്കായിരുന്നു നല്‍കിയത്.

ട്രസ്റ്റിന്റെ വെളിപ്പെടുത്തല്‍ പ്രകാരം സംഭാവനകളുടെയും സംഭാവന സ്വീകരിച്ചതിന്റെയും തീയതി 2025 ഒക്ടോബര്‍ 24 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റത്തിലെ ഒരു തകരാറ് കാരണമാണ് തീയതി തെറ്റായി രേഖപ്പെടുത്തിയതെന്ന് ട്രസ്റ്റ് വിശദീകരിക്കുന്നത്.

ടാറ്റാ ഗ്രൂപ്പ് അവസാനമായി പ്രോഗ്രസീവ് ട്രസ്റ്റ് വഴി രാഷ്ട്രീയ സംഭാവനകള്‍ നല്‍കിയത് 2018-19 ലാണ്. ആ വര്‍ഷത്തെ വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ലഭ്യമല്ല, എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, കോണ്‍ഗ്രസ്, ബിജെപി എന്നിവയുടെ സംഭാവന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആ വര്‍ഷം ഗ്രൂപ്പ് കുറഞ്ഞത് 478 കോടി രൂപ സംഭാവന നല്‍കിയിട്ടുണ്ട്. ഇതില്‍ 356 കോടി രൂപ ബിജെപിക്കാണ് ലഭിച്ചത്.

2014-15 നും 2017-18 നും ഇടയില്‍, തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വെളിപ്പെടുത്തലുകളില്‍ ട്രസ്റ്റിന്റെ സംഭാവനകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. 2019-20 ലെ ട്രസ്റ്റിന്റെ വെളിപ്പെടുത്തല്‍ പൊതുവിടത്തില്‍ ലഭ്യമല്ല. ആ വര്‍ഷം ട്രസ്റ്റ് സംഭാവന നല്‍കിയതായി രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവന റിപ്പോര്‍ട്ടുകളിലും പറയുന്നില്ല. 2021-22 നും 2023-24 നും ഇടയില്‍ ട്രസ്റ്റ് സംഭാവനകളൊന്നും നല്‍കിയിട്ടില്ല.

ടാറ്റാ സണ്‍സിന്റെ വക്താവിന് സംഭാവനകളുടെ സമയത്തെക്കുറിച്ച് ചോദ്യങ്ങള്‍ അയച്ചെങ്കിലും പ്രസിദ്ധീകരിക്കുന്ന സമയത്ത് പ്രതികരണം ലഭിച്ചിട്ടില്ലെന്നാണ് സ്‌ക്രോള്‍ പറയുന്നത്. ഇന്ത്യയുടെ സെമികണ്ടക്ടര്‍ വ്യവസായം കൈകാര്യം ചെയ്യുന്ന ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് അയച്ച ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിച്ചില്ലെന്നും, മറുപടി ലഭിക്കുകയാണെങ്കില്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുമെന്നും സ്‌ക്രോള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് മഹാമാരി ഇന്ത്യയിലെ ഓട്ടോമൊബൈല്‍ മേഖലയില്‍ വെല്ലുവിളിയുണ്ടാക്കിയതോടെയാണ് തദ്ദേശതലത്തില്‍ ഈ മേഖലയില്‍ കൂടുതല്‍ സജീവമാകാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. കോവിഡ് കാലം ടാറ്റാ മോട്ടോഴ്സ് പോലുള്ള സ്ഥാപനങ്ങളെ സാരമായി ബാധിച്ചിരുന്നു. ചൈനയില്‍ നിന്നും തായ്വാനില്‍ നിന്നുമുള്ള സെമികണ്ടക്ടര്‍ ഇറക്കുമതിയെയായിരുന്നു ഇന്ത്യന്‍ സ്ഥാപനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത്.

സെമികണ്ടക്ടര്‍ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനായി 2021-ല്‍ മോദി സര്‍ക്കാര്‍ ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ പ്രകാരം നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചു. ഈ മേഖലയിലേക്ക് കോര്‍പ്പറേറ്റുകള്‍ക്ക് ആയിരക്കണക്കിന് കോടി രൂപയുടെ സര്‍ക്കാര്‍ സബ്സിഡിയാണ് മിഷന്‍ വാഗ്ദാനം ചെയ്തത്. സെമികണ്ടക്ടര്‍ യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള മൂലധനച്ചെലവിന്റെ 50% കേന്ദ്ര സബ്സിഡിയും സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള അധിക സാമ്പത്തിക സഹായവും ഇതില്‍ ഉള്‍പ്പെടുന്നു.

പ്രധാനമന്ത്രി മോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയ മൂന്ന് സെമികണ്ടക്ടര്‍ യൂണിറ്റുകളില്‍ രണ്ടെണ്ണം ഗുജറാത്തിലും ഒരെണ്ണം അസമിലും ആയികരുന്നു. ഈ രണ്ടു സംസ്ഥാനങ്ങളും ബിജെപി ഭരിക്കുന്നവയാണ്.

ഗുജറാത്തിലും അസമിലുള്ള രണ്ട് യൂണിറ്റുകളാണ് ടാറ്റ ഗ്രൂപ്പിന് ലഭിച്ചത്. ഗുജറാത്തിലെ ധോലേരയില്‍ അനുവദിച്ചിരിക്കുന്നത് അസംസ്‌കൃത സിലിക്കണ്‍ വേഫറുകള്‍ ഫിനിഷ്ഡ് ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകളാക്കി മാറ്റുന്നതിനുള്ള ഒരു കേന്ദ്രമാണ്. ഇത് തായ്വാന്‍ ആസ്ഥാനമായുള്ള പവര്‍ചിപ്പ് സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കോര്‍പ്പുമായി ചേര്‍ന്നാണ് സ്ഥാപിക്കുന്നത്.

അസമിലെ മൊറിഗാവില്‍ ചിപ്പുകള്‍ അസംബിള്‍ ചെയ്യുകയും ടെസ്റ്റ് ചെയ്യുകയും പാക്കേജ് ചെയ്യുകയും ചെയ്യുന്നതിനുള്ള ഒരു യൂണിറ്റാണ് രണ്ടാമത്തേത്.

സര്‍ക്കാരിന്റെ കണക്കനുസരിച്ച്, ടാറ്റാ ഗ്രൂപ്പ് രണ്ട് യൂണിറ്റുകളിലായി 1.18 ലക്ഷം കോടി രൂപ നിക്ഷേപിക്കുകയും 46,000 വരെ നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഈ നിക്ഷേപത്തിന്റെ ഒരു ഭാഗം കേന്ദ്ര സര്‍ക്കാരിന്റെ സബ്സിഡിയില്‍ ഉള്‍പ്പെടുന്നതാണ്. ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് അനുസരിച്ച് 44,203 കോടി രൂപ വരും സബ്‌സിഡി. അസമിലെ സംസ്ഥാന സര്‍ക്കാര്‍ ടാറ്റാ ഗ്രൂപ്പിന് അധിക ആനുകൂല്യങ്ങള്‍ നല്‍കുമെന്നാണ് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ഇനിയമുണ്ട് ഇത്തരം പ്രത്യേക സംഭാവനകളുടെ വിവരങ്ങള്‍.

സെമി കണ്ടക്ടര്‍ യൂണിറ്റ് അനുവദിച്ചതിന് ടാറ്റ ഗ്രൂപ്പ് മാത്രമല്ല, ബിജെപിക്ക് പ്രത്യുപകാരം നല്‍കിയത്. ടാറ്റ ഗ്രൂപ്പിനെ കൂടാതെ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ അംഗീകരിച്ച മൂന്നാമത്തെ സെമികണ്ടക്ടര്‍ യൂണിറ്റ് സ്ഥാപിക്കുന്നത് തമിഴ്നാട് ആസ്ഥാനമായുള്ള മുരുഗപ്പ ഗ്രൂപ്പാണ്. അതിന്റെ ചെലവിന്റെ 50 ശതമാനം, അതായത് 3,501 കോടി രൂപ സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും.

ഈ അംഗീകാരം ലഭിച്ച് ദിവസങ്ങള്‍ക്ക് ശേഷം, മുരുഗപ്പ ഗ്രൂപ്പ് ബിജെപിക്ക് 125 കോടി രൂപ സംഭാവന നല്‍കിയിരുന്നതായി സ്‌ക്രോള്‍’ ഈ വര്‍ഷം ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്.

കേന്‍സ് ടെക്‌നോളജി മാനേജിംഗ് ഡയറക്ടര്‍ രമേഷ് കുഞ്ഞി കണ്ണന്‍ 2023-24 കാലയളവില്‍ ബിജെപിക്ക് സംഭാവനയായി നല്‍കിയത് 12 കോടി രൂപയാണ്. പാര്‍ട്ടിയുടെ സംഭാവന റിപ്പോര്‍ട്ടില്‍ തന്നെ പറയുന്ന കാര്യമാണ്. 2024 സെപ്റ്റംബറില്‍, രമേഷിന്റെ സ്ഥാപനമായ കേന്‍സ് സെമികോണ്‍ പ്രൈവറ്റ് ലിമിറ്റഡിന് ഗുജറാത്തിലെ സനന്ദില്‍ ഒരു സെമികണ്ടക്ടര്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന് അംഗീകാരം ലഭിച്ചിരുന്നു.

Disclaimer; സ്‌ക്രോള്‍ ഡോട്ട് ഇന്‍ പ്രസിദ്ധീകരിച്ച ഒറിജിനല്‍ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം. അഴിമുഖം അതില്‍ നിന്നും എടുത്ത ഭാഗങ്ങളാണ് സ്വതന്ത്ര വിവര്‍ത്തനമായി നല്‍കിയിരിക്കുന്നത്.How Tata Group became BJP’s biggest donor weeks after Modi cabinet cleared its semiconductor units

Content Summary: Tata Group donates Rs 758 crore to BJP after Modi government grants semiconductor unit

Leave a Reply

Your email address will not be published. Required fields are marked *

×